Saturday, October 29, 2011

ട്രാഫിക്

നമ്മൾ
രണ്ടു വാഹനങ്ങളാണ്.
കുത്തിയൊലിയ്ക്കുന്ന തിരക്കുകൾക്കിടയിൽ
നാമിനിയും
പലവട്ടം കണ്ടുമുട്ടേണ്ടി വരും

എന്നെ ഞാനോ
നിന്നെ നീയോ അല്ല
നയിക്കുന്നതെങ്കിലും
കണ്ടുമുട്ടുകയോ
ഒഴിഞ്ഞുമാറുകയോ
പിന്തുടരുകയോ ചെയ്യുന്നത്
എപ്പോഴും
നമ്മൾ തന്നെയാണെന്നോർക്കുക

നിന്റെ ഒരു ചൂളമടിയിൽ
എനിയ്ക്കു കാതോർക്കാതെ വയ്യ

ഏതു തിരക്കിലും
നിന്റെ ശബ്ദം,
നിന്റെ പുകമണം,
നിന്റെ കിതപ്പ്
എന്റെ മുന്നിലോ പിന്നിലോ
അരികിലോ വന്നു നിൽക്കും

നിയമത്തിന്റെ കനത്ത പെൻസിലു കൊണ്ട്
അമർത്തിയമർത്തിക്കറുപ്പിച്ച
ഒരു പാതയിലൂടെയാണ്
നാം വഴിതെറ്റാതെ,വരിതെറ്റാതെ
സിഗ്നലുകൾക്കൊത്ത്
ഓടിക്കൊണ്ടേയിരിക്കുന്നത്

വളവുതിരിവുകളിൽ
നാം മുന്നിലും പിന്നിലുമായി
പലവട്ടം
അറിയാതെ കടന്നു പോയിട്ടുണ്ട്

നിന്റെ ഭ്രാന്തമായ ഹൃദയവേഗങ്ങളോട്
ഭയന്ന ശബ്ദത്തിൽ ഞാൻ
അരുതെന്നു ചിലനേരങ്ങളിൽ
വിലക്കിയിട്ടുമുണ്ട്

ഒരിക്കൽ നാം
അശ്രദ്ധമായ
ഒരു നിയമലംഘനത്തിൽ പെട്ട്
കൂട്ടിയിടിയ്ക്കും.
അതുവരെ നമ്മൾ രണ്ടു വാഹനങ്ങളാണ്;
തിരക്കുകൾക്കിടയിൽ
ഒഴിഞ്ഞൊഴുഞ്ഞുപോകുന്ന
രണ്ടപകടങ്ങൾ.

Tuesday, October 25, 2011

എന്റെ ഒരു പ്രത്യേകത

പച്ചമാങ്ങയെന്നു കേൾക്കുമ്പോൾ
എന്റെ വായിൽ
പുളിരസമുള്ള ഉമിനീരൂറിവരും

പച്ചമാങ്ങ എന്ന വാക്കിനും
പച്ചമാങ്ങയെപ്പോലെ തന്നെ പുളിയുണ്ടോ
എന്നാലോചിച്ചിരിക്കും ഒരു വേള

മാങ്ങയെന്നു കേൾക്കുമ്പോൾ
പുളിയ്ക്കുന്നത് എന്റെ പല്ലിലും
എന്റെ നാവിലും
എന്റെ വായിലുമാണല്ലോ

അപ്പോൾ ഞാനെങ്ങാനുമില്ലാതായാൽ
പച്ചമാങ്ങയെന്ന വാക്കിന്റെ
പുളിയും എന്നോടൊപ്പമില്ലാതാകുമല്ലോ

നോക്കണേ കൂട്ടുകാരാ
എന്റെയൊരു പ്രത്യേകത!

Thursday, September 15, 2011

ഹിംസഗീതം

കണ്ടു കണ്ട്
മടുത്തപ്പോൾ,
നാട്യശാസ്ത്ര വിധിപ്രകാരം
ഒരാളെ
എങ്ങനെയാണ്
കാവ്യാത്മകമായി
കൊല്ലാൻ കഴിയുകയെന്നതായി
എന്റെ ചിന്ത:

ചില കവികൾ
പുണ്ണുപുഴുക്കളുള്ള വാക്കുകളാൽ
തെരുവു വേശ്യാലയങ്ങളിൽ
ദമിതവികാരങ്ങളെ ഹിംസിക്കുന്ന പോലെ
മ്ലേച്ഛമായിട്ടാവരുത്

ചിത്രരേഖകൾക്കുള്ളിൽ
ജലച്ചായം കൊണ്ട്
നിറം കൊടുക്കുമ്പോൾ
ശ്രദ്ധയെ ജലത്തിൽ മുക്കി മുക്കി
ശ്വാസം മുട്ടിയ്ക്കുന്ന മാതിരിയുമാവരുത്

നമ്മുടെ കാലത്ത്
ഒട്ടുമൊഴിവാക്കാനാവാത്ത
ഒരാഢംബരമാകയാൽ
കൊലപാതകങ്ങളെല്ലാം
കുറേക്കൂടി കാവ്യാത്മകമാകേണ്ടതുണ്ട്

കൂടുതൽ നടനചാരുതയോടെ വേണം
കൈകാലുകൾ
വെട്ടിമുറിക്കുവാൻ,
കൊലവിളിയ്ക്ക് ഇത്തിരി കൂടിയാവാം ട്ടോ
വള്ളുവനാടൻ സ്വരശുദ്ധി.

ആഞ്ഞു വെട്ടുമ്പോൾ
ഒരു റാപ്പ് മ്യൂസിക്ക് ആൽബത്തിലേതുപോലെ
വിചിത്രസുന്ദരമായി
അവിചാരതകളിലേയ്ക്ക്
അറ്റുവീണ് ത്രസിക്കണം
കൈ, കാൽ , ഉടൽ ഒക്കെ വെവ്വേറെ

കൂട്ടം ചേർന്നുള്ള
കൊലപാതകമാകുമ്പോൾ
ഒരു വൃന്ദവാദ്യം, ഓർക്കസ്ടേഷൻ, തായമ്പക
ഒക്കെ പരീക്ഷിക്കാവുന്നതേയുള്ളു

വയറും തുടയും കീറിയാണ്
തീർക്കുന്നതെങ്കിൽ
പച്ച വേഷത്തിനു മീതെ
രക്തത്തിന്റെ ഒരു പൂങ്കുല വിടർത്തിക്കെട്ടണം
കഥകളിയിലെ ഭീമനായങ്ങനെ വാഴണം
നൂറു പേരെക്കൊന്നവൻ

സെയിൽസ് എക്സിക്യുട്ടീവിനെപ്പോലെ
മുറ്റത്തു വന്നു നിന്ന്
ഇരകൾക്കു മരണത്തെ വാചാലമായി
പരിചയപ്പെടുത്തിക്കൊടുക്കണം
ഓരോ കൊലയാളിയും,
ഓരോരുത്തർക്കും തോന്നണം
അവനവന്റെ ആർഭാടം നിറഞ്ഞ
മരണങ്ങൾ
നല്ല വിലകൊടുത്തു
വാങ്ങേണ്ടവ തന്നെയാണെന്ന്

നമ്മുടെ കാലത്ത്
പ്രേക്ഷകർക്കുള്ള
വലിയൊരാഢംബരമാകയാൽ
കൊലപാതകങ്ങളെല്ലാം
കുറേക്കൂടി കാവ്യാത്മകമാകണം
നാടൻ പാട്ടുപോലെ ലളിതവും
ഭക്തിഗാനം പോലെ
സുഗന്ധപൂരിതവും

(ബൂലോക കവിത -
അരാജ്യകകവിതകളിൽ പ്രസിദ്ധീകരിച്ചത്)

'ഒരോട്ടോ'ബയോഗ്രഫി

അച്ഛന്റെ
പഴയ 'ലാമ്പട്ര' വിറ്റിട്ടാണ്
ഒരു വഴിത്തിരിവിൽ നിന്ന് ശങ്കരേട്ടൻ
പുതിയ ഒരോട്ടോ വാങ്ങിയത്

അന്നുമുതൽ
ട ട്ട് ട്ട് ട്ട് ട്ട്രാന്ന് ഓടാത്ത ഓട്ടമില്ല
കയറാത്ത കയറ്റമില്ല
ഇറങ്ങാത്ത ഇറക്കമോ
വളയാത്ത വളവുകളോ
കാണാത്ത 'പോം വഴികളോ'
കേൾക്കാത്ത പരിഭവങ്ങളോ
കുണ്ടുകുഴികളിൽ രം നരം നരമെന്നു
ഉരഞ്ഞുപോകാത്ത
രാപ്പകലുകളോ
ഭൂമിമയാളത്തിലില്ല

പണ്ടൊക്കെ ഇതിൽക്കേറുന്നത്
റവന്യൂ ഇൻസ്പെക്ടർ രാഘവൻ നായരോ
വട്ടിപ്പണക്കാരൻ വർക്കിച്ചൻ മുതലാളിയോ
മാത്രമായിരുന്നു
ഉൽസവത്തിനോ ഓണത്തിനോ
കൂലിപ്പണിക്കാരാരെങ്കിലും
ഇപ്പുറത്തു നിന്നു കേറി
അപ്പുറത്തിറങ്ങിയെങ്കിലായി

അപ്പോളൊക്കെക്കാണണം
കുട്ടികളുടെ ഒരുൽസാഹം
ചെവിയിലും കവിളിലും നുള്ളി വേദനിപ്പിയ്ക്കും.
പോകുന്ന പോക്കിൽ,
റബർ പന്തുപോലുള്ള
ഹോണിൽ ഞെക്കിപ്പിടിച്ച് കരയിച്ചിട്ടേ പോകൂ
അശ്രീകരങ്ങൾ.

കുംഭാരന്മാരടവിടത്തെ സജിമോൻ
കല്യാണം കഴിച്ച്
പുതുപ്പെണ്ണിനേം കൊണ്ട് പോന്നത്
ഇതിൽത്തന്നെയായിരുന്നു...
സെന്റടിച്ച് പൂമാലയൊക്കെ
വെച്ചലങ്കരിച്ചങ്ങനെ
കുതിരവണ്ടിയായെന്നൊരാലങ്കാരികമായ ഓർമ്മയിൽ...

പിന്നെപ്പിന്നെ
റോഡടക്കിപ്പിടിച്ച് ശ്വാസം മുറുക്കിപ്പിടിച്ച്
രാധാമണിയേയും കൊണ്ട് ആശുപത്രിയിലേക്ക്...
അവളു പെറ്റതും കേശവേട്ടൻ മരിച്ചതും
ഒക്കെ ഇതിനകത്തുതന്നെയായിരുന്നു

അത്യാസന്ന നേരങ്ങളിൽ
പിടഞ്ഞുപിടഞ്ഞു കിടക്കുന്ന ജീവന്റെ
പലമാംസക്കഷണങ്ങൾ വാരിയെടുത്ത്
കാഷ്വാൽറ്റിയിലേയ്ക്ക്...

വയസായപ്പോൾ
കയറ്റാത്ത ചരക്കുകളില്ലെന്നായി
പച്ചക്കറി പലചരക്ക് പലവ്യഞ്ജനക്കടയാകെ
ആട്ട മുട്ട കോഴി താറാവുകളൊക്കെ
ജൈവവളം,കോഴിക്കാട്ടം, കാലിത്തീറ്റ

മോൾടെ മംഗലത്തിനു
ശങ്കരേട്ടൻ ഓട്ടോവിറ്റതോടെയാണ്
ഉറക്കവും മാനവും ഒരു പോലെ കെട്ടത്

രാത്രിയിൽ എവിടെല്ലാം പോയിക്കിടക്കണം
അകത്തിരുന്ന് കുടിച്ചിട്ട് ഓരോരുത്തന്മാർ
അകത്തേയ്ക്കു തന്നെ
ഛർദ്ദിച്ചിടും
കെട്ടമണമുള്ള കള്ളൂം അഴുകിയ കോഴിറച്ചിയും

രാവുകത്തുന്ന തെരുവിൽ നിന്നു
വന്നുകേറുന്നവർ
പെണ്ണുങ്ങളെ സീറ്റിൽ മലർത്തിക്കിടത്തി
കാണിച്ചുകൂട്ടുന്നതൊക്കെക്കണ്ട്
അറപ്പില്ലാതെ കിടക്കണം

ഇപ്പോളിതാ
മനുഷ്യജന്മങ്ങൾ നാറുന്ന റെയിൽപ്പാളത്തിനരുകിൽ
ആളുകൾ തിരക്കുപിടിച്ച് പോകുന്ന,
അനിശ്ചിതത്വങ്ങൾ പെരുകിപ്പെരികി വിങ്ങിപ്പൊട്ടുന്ന
വഴിയരുകിൽ
മൂക്കുപൊത്തി
കാത്തുകിടക്കുകയണ്

വലിയൊരു കടലാസുപെട്ടി
ഉള്ളിലിട്ടിട്ട്
ഇപ്പോ വരാമെന്നു പറഞ്ഞുപോയ
ചെറുപ്പക്കാരൻ
മൊബൈലിലൂടെ എല്ലാം ശരിയാക്കിയിട്ടുണ്ടെന്ന്
പറഞ്ഞതിന്റെ അർത്ഥമെന്താണ്?

അയാൾ പോയിട്ട് വളരെ നേരമായല്ലോ
പെട്ടിക്കുള്ളിൽ മിടിയ്ക്കുന്നതെന്താണ്?
വടക്കോട്ട് പരശുറാം എക്സ്പ്രസു വരുന്നുണ്ടല്ലോ
തെക്കോട്ട് ഐലന്റ് എക്സ്പ്രസ് പോകുന്നുണ്ടല്ലോ
യാത്രക്കാർ
പലതരം വിചാരങ്ങൾ ചുമന്നുകൊണ്ട്
തിക്കിത്തിരക്കി വരുന്നുണ്ടല്ലോ!
വരാമെന്നു പറഞ്ഞുപോയവനെവിടെ?

ദൈവമേ വല്ലാതെ ശ്വാസം മുട്ടുന്നു
വല്ലാതെ വിയർക്കുന്നു
വല്ലാതെ ദാഹിയ്ക്കുന്നു
വല്ലാതെ ഭയം തോന്നുന്നു

(മലയാളനാട് വെബ് പോർട്ടലിൽ പ്രസിദ്ധീകരിച്ചത്)

Sunday, September 11, 2011

റീകോളനൈസേഷൻ


പുറത്ത്
മുതിർന്നവർ
വലിയ നിഴൽ യുദ്ധങ്ങളിൽ
ഏർപ്പെട്ടുകൊണ്ടിരുന്ന
നല്ല മൂർച്ചയുള്ള ഒരു നട്ടുച്ചനേരത്ത്
കുട്ടികൾ മാത്രം താമസിക്കുന്ന വീട്ടിലേയ്ക്ക്
വാസ്കോ ഡി ഗാമ
കയറിവന്നു

അപ്പോൾ
കുട്ടികളൊക്കെ പൂക്കളായി
സോഫയിലും,കസേരയിലും,
ജനൽച്ചതുരങ്ങളിലും
ഗോവണിപ്പടവുകളിലും
പറ്റിപ്പിടിച്ചിരിക്കുകയായിരുന്നു;
ചിലർ ചിത്രശലഭങ്ങളായി
പറന്നുനടക്കുകയും.

ഗാമ
വലിയകണ്ണുകളുള്ള
പക്ഷിവേട്ടക്കാരനായി
അവരെയെല്ലാം വലവീശിപ്പിടിച്ചു.
വാ വാ മക്കളേയെന്നരുമയായപ്പോൾ
അയാളൊരു സാന്റാക്ലോസായി


കളിപ്പാട്ടശാലകളിലകപ്പെട്ട കുട്ടികൾ
തീർത്തും
സാധാരണക്കാരായ പിച്ചക്കാരെപ്പോലെ
ശരീരംകൊണ്ടാകെ യാചിച്ചു

സാന്റാക്ലോസ്
ഉള്ളംകൈയ്യിൽ വെച്ചുകൊടുത്തു
ദൂരദൂരെയുള്ള ദേശങ്ങളിലേയ്ക്ക് കൂകിപ്പായുന്ന
ഒരു തീവണ്ടി!

ജലദേവതകളെ വഹിക്കുന്നതെന്ന്
സംഗീതം പൊഴിയ്ക്കുന്ന ഒരു കപ്പൽ!
യക്ഷദേവകിന്നര ഗന്ധർവന്മാരെയും
ദേവതാരുമരങ്ങളേയും
ആകാശഗംഗയേയും
മറികടന്നു പോകുമെന്നൊരു
കഠിനമിന്നലായി
ഒരു മഹാവിമാനം!

[മുതിർന്നവർ
ഒന്നുമറിയുന്നുണ്ടായിരുന്നില്ല
അവരൊക്കെ
ഓരോ നാട്ടുരാജ്യങ്ങളായിരുന്നല്ലോ]

അയാളുടെ
സാന്താക്ലോസ് ചിരികളിൽ
ഇനിയും അതിസുന്ദരങ്ങളായ ഉൽപ്രേക്ഷകൾ
ഒളിച്ചിരിരിപ്പുണ്ടെന്ന് കുട്ടികൾ
വിചാരിച്ചു.

അയാളപ്പോൾ
യൂറോപ്യൻ കഥകളിലെ
മാന്ത്രികനായ പൈഡ് പൈപ്പറായി.


കടലിലേയ്ക്കയാൾ
നടന്നപ്പോൾ
കുട്ടികൾ ഗംഗയായി യമുനയായി
അതി പ്രശാന്തയായ നിളയായി
കടലിലേയ്ക്കൊഴുകിപ്പോയി

പിന്നെ അവർ
ഏഴുഭൂഖണ്ഡങ്ങളിലും
പറ്റിപ്പിടിച്ചു വളർന്നു


അപ്പോഴും
മുതിർന്നവർ
നിഴൽ യുദ്ധങ്ങളിൽ
മുഴുകിയിരിക്കുകയായിരുന്നു

ചിത്രങ്ങൾക്ക് ഗൂഗിൾ ഇമേജസിനോട് കടപ്പാട്

Wednesday, September 7, 2011

സ്വപ്നശിശു

എന്റെ സ്വപ്നങ്ങൾ
ഇപ്പോഴും
വിരലീമ്പുന്ന പ്രായം കടന്നിട്ടില്ല

കിടക്കയിൽക്കിടന്ന്
മൂത്രമൊഴിച്ചും
അപ്പിയിട്ടും
അതിപ്പോഴും പരിസരമാകെ നാറ്റിയ്ക്കും

കട്ടിലിൽ നിന്ന്
ഏതോ
ഒരദൃശ്യ ചിത്രശലഭത്തെപ്പിടിക്കാനാഞ്ഞ്
നിരങ്ങിനിരങ്ങിപ്പോയി
തലയടിച്ച് താഴെ വീഴും.
പിന്നെ നിർത്താതെ
കരഞ്ഞുകൊണ്ടിരിയ്ക്കും
ചന്നം പിന്നമെന്നൊരു
പിഞ്ചുമഴ.

പണ്ടാരടങ്ങാൻ
ഒരു സ്വൈര്യവും തരില്ലെന്ന്
വായിലേയ്ക്ക് തിരുകുന്ന മുലക്കണ്ണീമ്പി
കണ്ണുപാതിയടച്ചങ്ങനെ
നിദ്രയുടെ കളിത്തൊട്ടിലിലേയ്ക്ക്
കൈവിട്ടുകളയും
അതിന്റമ്മ.

ഏതുപ്രളയത്തിനും മീതെ
ഒരരയാലിലയിൽ
വിരലീമ്പിക്കൊണ്ടങ്ങനെ കിടക്കും

Saturday, August 13, 2011

അകം പുറങ്ങളുള്ള മഴ, മഞ്ഞ്, വെയിൽ...

കുട്ടിയായിരുന്നപ്പോൾ
എനിയ്ക്കിഷ്ടമായിരുന്നു
കാറ്റിനെ കുളിരിനെ മഴയെ മഞ്ഞിനെ
കാ കാ എന്നു കാക്ക കൊത്തി
താഴേയ്ക്കിടുന്ന വെയിലിനെ

അന്നു കാറ്റിനോ കുളിരിനോ
മഴയ്ക്കോ മഞ്ഞിനോ
അകം പുറങ്ങളുണ്ടായിരുന്നില്ല
അകത്തൊന്നും പുറത്തൊന്നുമെന്ന്
അവ യാതൊന്നുംതന്നെ
ഒളിപ്പിച്ചുവെച്ചിരുന്നില്ല

ഇങ്ങനെ പ്രദർശിപ്പിച്ചു നടക്കുന്നതുകൊണ്ട്
എനിയ്ക്കിഷ്ടമായിരുന്നു
സുതാര്യമായ
കാറ്റിനെ കുളിരിനെ മഴയെ മഞ്ഞിനെ.

ഞാനവരെ
അമ്മേ,ഏട്ടത്തീ,അയൽക്കാരീ, കൂട്ടുകാരീ
എന്നൊക്കെ
പല ഈണങ്ങളിൽ
അർത്ഥഭേദങ്ങളിൽ വിളിച്ചിരുന്നു.

വളർന്നപ്പോളാണ്
മരങ്ങളുടെ മറവിലൂടെ
ഇഴഞ്ഞിഴഞ്ഞു വന്ന ഒരു കാറ്റ്
ആദ്യമായി
മാറിടം വിവൃതമാക്കി
ഒരു നിശബ്ദതയെ കാണിച്ചു തന്നത്

മഞ്ഞു മൂടിയ അചലശൈലങ്ങൾ പോലെ
ഘനീഭവിച്ചതടവറയിൽ അടക്കിപ്പിടിച്ച
കൊടുങ്കാറ്റിനെ അന്നാണു ഞാൻ
നേരിട്ടുകണ്ടത്

പിന്നൊരിക്കൽ പാതിരാക്കുളിര്
ഉള്ളംകൈ വിടർത്തിക്കാണിച്ചപ്പോൾ
ഇളം ചൂടുള്ള ഒരു കമ്പിളിവീടുണ്ടതിനുള്ളിൽ
ഉടുത്തൊരുങ്ങി നിൽക്കുന്നു.

മഴ മറ്റൊരു ഋതുവിലേയ്ക്ക്
പുറം ചെരിഞ്ഞു കിടന്നപ്പോൾ കണ്ടു ഞാൻ
വേനൽ വിയർപ്പു പൊടിഞ്ഞ
പിൻ കഴുത്തിന്റെ നഗ്നത

വെയിലിന്റെ കണ്ണിലുമ്മ വെയ്ക്കുമ്പോൾ
കണ്ടു,
രാത്രിയുടെ ശിരോ വസ്ത്രത്തിനു താഴെ
തണുത്തുറഞ്ഞു പോകുന്നു
പേടിയുടെ ഒരു പുഴ

ശീതഭൂതത്തിന്റെ മഞ്ഞിലൂടെ
വിരലോടിക്കുമ്പോൾ
ഒരു നീരുറവയുടെ ചൂടേറ്റ്
വിരലുകൾ പൊള്ളിപ്പനിക്കുന്നതും കണ്ടു

മരണം തുറന്നു നോക്കുമ്പോൾ
പലലോകങ്ങളെന്ന പോലെ
മഞ്ഞിനും മഴയ്ക്കും
വെയിലിനുമുണ്ട്
അകം പുറങ്ങളുള്ള പലതരം
ജീവിതങ്ങൾ

കാറ്റിലൂടെ വരും പനിച്ചു പനിച്ച് മഴകൾ
കുളിരിലൂടെത്തന്നെ വരും
തുളച്ചുതുളച്ചു കേറുന്ന വെയിൽവിശപ്പുകൾ

കൂട്ടുകാരീ നീയെന്നാണ്
അകം പുറങ്ങൾ മടക്കിവെച്ച്
എന്റെ കുട്ടിക്കാലത്തേയ്ക്കു
മടങ്ങിവരിക?


Friday, May 13, 2011

ചിത്തരോഗികളുടെ ദൈവം

ഞാനായിരുന്നു അവനെങ്കിൽ
പറക്കുന്ന പക്ഷികളെയല്ല
ആകാശത്തിൽ തൂങ്ങി
ചരടിലാടിക്കളിക്കുന്ന
കിളികളേയാവും
സൃഷ്ടിച്ചിട്ടുണ്ടാവുക

എല്ലാവരുടേയും
ഉടലും തലകളൂം മാത്രമല്ല
അവയവങ്ങൾ തന്നെയും
നിമിഷങ്ങൾ തോറും
മാറ്റിവെച്ചുകൊണ്ടിരുന്നേനെ,
(ഞാനത്രമേൽ നീതിമാനാണെന്ന്
നിനക്കറിയാമല്ലോ)

മനുഷ്യന്റെ
കൈയ്യെത്താവുന്ന ദൂരത്തിനും
മുകളിലൂടെ സഞ്ചരിക്കുന്ന
വൃക്ഷങ്ങളേയും
ആകാശത്തേയ്ക്ക്
ലംബരേഖയിൽ നടന്നു പോകുന്ന
മൃഗങ്ങളേയും
നിർമ്മിച്ചേനെ

ദാ ഈ മലയുടെ
ചെരുവിൽക്കോർത്ത്
ഭൂകമ്പം,യുദ്ധം, മരണം, പ്രളയം
മഹാമാരിയെന്നൊക്കെയുള്ള ചിത്തഭ്രമങ്ങളെ
ചങ്ങലക്കിട്ടേനെ

എല്ലാം ഉത്സവങ്ങളും മടുത്തവർക്കായി
ഒരിക്കലും മടങ്ങിവരാൻ കഴിയാത്ത
ഒരിടത്തേയ്ക്കുള്ള
അവസാനമില്ലാത്ത
ഒരിടനാഴി പണിയുമായിരുന്നേനെ

മടുപ്പിൽ നിന്ന്
ഉത്സാഹപൂവം നടന്നുപോകുന്നവരുടെ
നിഴലുകളെ
വട്ടമിട്ടുപിടിച്ചേനെ

ഞാനായിരുന്നു അവനെങ്കിൽ
ചുമരുകളും മതിലുകളും പണിയുന്നവനെ
ആരോരുമില്ലാത്ത
ഒരു തുറസ്സിൽകൊണ്ടു ചെന്നു
തള്ളിയേനെ...
(അവനുമറിയട്ടേ ചുമരുകൾ
ഇണകളാണെന്ന്,
ഉയർന്നുയർന്നു പോകുന്ന
നിശ്ചലമായ പ്രതീക്ഷകളാണെന്ന്)

ഞാനായിരുന്നു അവനെങ്കിൽ
മേഘങ്ങളെ
മധുരമുള്ള പലഹാരങ്ങളായി
താഴേയ്ക്കു പൊഴിച്ചിട്ടേനെ,
ഒരു കുഞ്ഞുങ്ങളും
വിശന്നുകരയാതിരുന്നേനെ

ഞാനായിരുന്നു അവനെങ്കിൽ
ജീവിതത്തേക്കാൾ മനോഹരമായ
ഒരു മരണത്തെ
ആവിഷ്കരിച്ചേനെ
പുഷ്പങ്ങൾക്കു പകരം
ചുണ്ടുകൾക്ക് സുഗന്ധം കൊടുത്തേനെ,
നോട്ടങ്ങളിൽ
ആയിരം വർഷത്തെ പഴക്കമുള്ള
വീഞ്ഞിന്റെ ലഹരികൾ
നിറച്ചേനെ,
ഭൂമിയെ
ഇതിലും ചെറുതാക്കി ചെറുതാക്കി
ഒരു മൺതരിയോളം ചെറുതാക്കി
നാവിൻ തുമ്പിൽ വെച്ചേനെ.

ഞാനായിരുന്നു അവനെങ്കിൽ
ഈവിധം
എന്നെത്തന്നെ
ഉന്മാദലിപികളിൽ
ആവിഷ്കരിക്കാതിരുന്നേനെ

Tuesday, April 19, 2011

ശ്വാനരൻ

അസമയങ്ങളിൽ
വന്നു കയറി
ഉച്ചയുറക്കമോ ഊണോ
രതിലാളനകളോ കളിതമാശകളോ
ദേശകാലങ്ങൾ മറന്നുള്ള
കൂട്ടുകൂടലോ
അലങ്കോലമാക്കും
ചില
തെമ്മാടിക്കവിതകൾ!

അതിനാൽ
ഞാൻ വളർത്തുന്നുണ്ട്
ചില നായ്ക്കളെ

യുക്തിയെ കൊഞ്ഞനംകുത്തി
പ്രാന്തിപ്പൂച്ച മാതിരി
വീട്ടിനുള്ളിലങ്ങുമിങ്ങുമോടി,
എലിയുടേയോ പാറ്റയുടേയോ
ഒരു ബിംബം പോലുമില്ലാത്ത
മുക്കിലും മൂലയിലുമിരുന്ന്
പരിഹാസപൂർവം
എന്നെ നോക്കി ചിരിക്കുന്ന
ചികിൽസയില്ലാത്ത കവിതകളെ
നേരിടാൻ
അരയാൾ പൊക്കത്തിലൊരു
അൾസേഷ്യനെ

ചാരുകസേരയിൽ മയങ്ങുമ്പോൾ
ആൾമാറാട്ടക്കാരിയായി വന്ന്
നെഞ്ചിലൊരു പന്തംകുത്തി
ഫെമിനിസം പറഞ്ഞ്
പുരയെരിക്കുന്ന കവിതകളെ
നേരിടാൻ
ചതഞ്ഞമുഖമുള്ള
ലാബ്രഡോറിനെ

ക്രുദ്ധമായി മുഖം ചോപ്പിച്ച്
വല്ലപ്പോഴും വന്നു കയറി
മുഖത്തേയ്ക്ക് മുറുക്കിത്തുപ്പുന്ന
വിപ്ലവ കവിതകളെ നേരിടാൻ
കൂർമ്മബുദ്ധിയായ
ഡോബർമാനെ,
ഹൊറേഷ്യസ്!

വല്ലാതെ തളർന്നെന്ന
നാട്യത്തിലെത്തി
കണ്ണീരുവീഴ്ത്തി
കൊലയും കവർച്ചയും നടത്തി
ഒന്നുമറിയാത്ത മട്ടിൽ
മടങ്ങിപ്പോകുന്ന ദുരന്തകവിതകളെ
നേരിടാൻ
നിർദ്ദയം
ജർമ്മൻ ഷെപ്പേർഡിനെ

ഇനി
അസമയങ്ങളിൽ വന്നു കയറുന്ന
കവിതകളേ സൂക്ഷിക്കുക,
നായ
അകത്തുണ്ട്

Wednesday, April 6, 2011

ചെന്നായയോടു്‌ പറഞ്ഞ സുവിശേഷം

കാണാതെപോയ
ഒരാട്ടിൻകുട്ടിയെ
തിരഞ്ഞുപോയ
ഇടയന്റെ പ്രേതം
വാതിൽതള്ളിത്തുറന്നു വരുമ്പോൾ
നമ്മൾ
ആട്ടിറച്ചിയുടെ മണമുള്ള പാത്രം
ധൃതിയിൽ
മൂടിവെച്ചിട്ട്
അവനെ
'ഹലോ' എന്നു
വിരുന്നു മേശയിലേയ്ക്ക്
ക്ഷണിയ്ക്കും

അവൻ
വിളറിയനോട്ടം കൊണ്ടെഴുതിയ
ഒരു കുറ്റപത്രം
നമ്മുടെ മുഖത്തു വെയ്ക്കും

പിന്നെ
സൗമ്യഭാഷണങ്ങളുടെ
പുളിപ്പില്ലാത്ത അപ്പത്തിന്റെ ഭാഷയിൽ
അവൻ പറയും
കാണാതെ പോയ
എന്റെ ആട്ടിൻകുട്ടി
നീയാണെന്ന്

തട്ടുമ്പുറത്തപ്പൻ

പണ്ട്
ഭഗവതിയൊഴിഞ്ഞുപോയ
തട്ടിൻപുറത്തായിരുന്നു
വിപ്ളവകാരികൾ കുടിയിരുത്തപ്പെട്ടത്.

ഉണ്ടുമുറങ്ങിയും
പുകച്ചു മുറുക്കിയും
ഓർമ്മകളയവിറക്കി അയവിറക്കി
അവരൊളിവുദിനങ്ങളോരോന്നും
കരണ്ടുതിന്നിരുന്നു..

അവിടെത്തന്നെയായിരുന്നു
കുറിഞ്ഞിപ്പൂച്ച കുഞ്ഞുങ്ങളെ
പെറ്റുകൂട്ടിയിരുന്നതും;
പൊലീസുകാരെപ്പോലെ
ഇരതേടി
പതുങ്ങിപ്പതുങ്ങി
നടന്നിരുന്നതും...

അബോധത്തിൽ
അങ്ങനെയൊരു
തട്ടിൻപുറമുണ്ടായിരുന്നു

ഒളിച്ചു വെയ്ക്കപ്പെട്ട വിപ്ളവങ്ങളെല്ലാം
അവിടുത്തെ
ഇരുൾത്തുരങ്കത്തിലേയ്ക്ക്
ശ്വാസമടക്കിപ്പിടിച്ച്
നൂഴ്ന്നുകയറി;

പൊലീസുകാരോ
ഒറ്റുകാരോ
മറ്റു ചെരിപ്പനക്കങ്ങളോ
കാലടിച്ചെത്തങ്ങളോ,
(കൊലുസിന്റേയോ ഞൊറിപ്പാവാടയുടേയോ)
മൃദുകവിതകളോ,
എതാണേതാണെന്ന്
മിടിച്ചുകൊണ്ടിരുന്നു കാതുകൾ!

പിന്നെ
സ്വപ്നജീവികളുടെ വംശവൃക്ഷങ്ങളെയെല്ലാം
കടപുഴക്കി
ചോരക്കനൽക്കാലമൊഴുകി വന്നു...

തട്ടുമ്പുറം
കൊച്ചുപുസ്തകങ്ങൾ
വായിക്കാനുള്ള ഒരൊളിയിടമായി.
അവിടെയുണ്ടായിരുന്നു,
'സ്റ്റണ്ട്', 'മേള', 'പൗരദ്ധ്വനി' എന്നിങ്ങനെ
പലതരം രതിമദ്ധ്യാഹ്നങ്ങൾ,
കൈപ്പടങ്ങളിലമർന്ന്
തടിച്ച ചുണ്ടുള്ള സീമയോ
ഉള്ളിലേയ്ക്ക് തുളുമ്പി വീഴുന്ന
ജയഭാരതിയോ...

പുതിയ വീടുവെച്ചപ്പോൾ
തട്ടിൻപുറമാകെ
ഓർമ്മയിലേയ്ക്ക് പൊളിച്ചിട്ടു
കഴിഞ്ഞ ജന്മത്തിൽ നിന്നൊളിച്ചെത്തിയ
ശത്രുക്കൾ!

പുതിയ ബാൽക്കണിയിലിരുന്നു
കാണാം
താഴെ അയൽക്കാരന്റെ വീട്ടിലെ
കറുത്ത സ്കോഡ
നാക്കു നീട്ടിപ്പിടിച്ച ജർമ്മൻ ഷെപ്പേർഡ്
തടിച്ച കഴുത്തുള്ള വൈഫ്...
റാമ്പിലെന്ന വണ്ണം
ചെടിച്ചട്ടിയിലാടുന്ന,
വാടാത്ത ഓർക്കിഡുകൾ

വെട്ടിപ്പൊളിച്ചിട്ട തട്ടിൻപുറം
തലയിലേറ്റി
വയസ്സെണ്ണി വയസ്സെണ്ണി
ഒരേയിരിപ്പാണിപ്പോഴും
ഊഞ്ഞാൽക്കസേരയിൽ
തട്ടുമ്പുറത്തപ്പൻ

Sunday, April 3, 2011

വാൻഗോഖിന്റെ വിരലുകൾ

മുറ്റത്തേയ്ക്കു നോക്കി
പൂക്കളെ വരയ്ക്കുവാനുള്ള
ഒരു സൂക്ഷ്മജാഗ്രതയിലായിരുന്നു
ഞാൻ

ഇതളുകളുടെ
അതിസൂക്ഷ്മമായ അരികുകൾ
അവളുടെ
നനുത്ത കവിൾരോമങ്ങൾ പോലെ

വാൻഗോഖിന്റെ പൂക്കളിൽ നിന്ന്
ഓർമ്മകളിൽ നിന്ന്
അവന്റെ മുറിച്ചെവിയിൽ നിന്ന്
രക്തം പഴുത്ത
അനന്തമായ മഞ്ഞ വർണ്ണങ്ങളിൽ നിന്ന്
എന്റെ ബോധത്തിലേക്ക്
മടങ്ങി വരുമ്പോഴേയ്ക്കും
ഒരു പറവ
എന്റെ ബ്രഷും
ജലച്ചായങ്ങളും
കൊത്തിയെടുത്ത്
പറന്നു പോയിരുന്നു..

പടിഞ്ഞാറൊരു
ക്യാൻവാസ് വിടർത്തിക്കെട്ടി
ഇതൾ വിരിച്ചിട്ട സൂര്യകാന്തിപ്പൂക്കൾ കൊണ്ട്
അതിലൊരു ചിത്രം വരച്ചിട്ടു.

പടിഞ്ഞാറെപ്പാടത്ത്
സൂര്യകാന്തിപ്പൂക്കൾക്കു മീതെ
ഞാനെന്റെ സൂര്യന്റെ ചോരച്ചെവി
കടല്പ്പാത്രത്തിലേയ്ക്കു
മുറിച്ചിട്ടു

നിനക്കറിയാമോ
നിന്നെ ഞാൻ അത്രമേലനുരാഗിയായി
പ്രണയിച്ച പോലെ
മറ്റൊരാളും പ്രണയിച്ചിട്ടുണ്ടാവില്ല
മുറിച്ചിട്ടത് ചെവികളല്ല,
നിന്റെ നൂറുനൂറു ചിത്രങ്ങൾ വരച്ചിട്ടും
മതിവരാത്ത
ഹൃദയത്തിന്റെ വിരലുകളാണ്‌

ഇറ്റുവീണ രക്തം കൊണ്ട്
ഞാൻ നിനക്ക്
ഒരു വിശുദ്ധപ്രണയവും
മറവികളില്ലാത്ത കാലത്തിലേയ്ക്കുള്ള
വഴിയടയാളങ്ങളുമിടുന്നു

Saturday, March 19, 2011

പേരറുക്കൽ

അപ്പന്റെ പേര്‌
എഴുതുകയോ പറയുകയോ
ചെയ്യേണ്ടി വരുമ്പോഴെല്ലാം
സതീശൻ
അപ്പനപ്പൂപ്പന്മാരെപ്പറ്റിയോർത്ത്
ചുട്ടുപഴുത്തിരുന്നു.

അപ്പന്റെ പേരുകേൾക്കുമ്പോൾ
ക്ളാസ് മുറിയിൽ
ഹോസ്റ്റലിൽ ഇന്റർവ്യൂ ബോർഡിൽ
ഓഫീസ് മുറിയിൽ
അങ്ങനെ പലയിടങ്ങളിൽ വെച്ച്
ആളുകളുടെ പുരികത്തിനുമീതെ
പുഴുവരിച്ചുപോകുന്നത്
പലവട്ടം കണ്ടതാണ്‌.

അത്തരം ഘട്ടത്തിൽ
നല്ലൊരു പേരുപോലുമില്ലാതിരുന്ന
അപ്പനപ്പൂപ്പന്മാരെപ്പറ്റി
ആർക്കായാലും
അറപ്പുതോന്നുമായിരുന്നു.

അലോഷ്യസെന്നോ
വിജയകുമാരൻ നായരെന്നോ,
നീലകണ്ഠൻ നമ്പൂതിരിയെന്നോ
അസ്ഗാർ അലിയെന്നോ,
പിതൃനാമങ്ങൾ
പലതു കേൾക്കുമ്പോൾ
സ്വന്തമപ്പന്റെ പേര്‌
ഒരു കരിക്കലത്തുണികൊണ്ടെടുത്ത്
മുറ്റത്തിനപ്പുറത്ത്,
തൊടിയിലേയ്ക്ക്
അല്ലെങ്കിൽ മതിലിനപ്പുറത്തേയ്ക്ക്
വലിച്ചെറിയാനാണ്‌ തോന്നുക.

അവിടെക്കിടന്ന്
ചത്തോ ചീഞ്ഞോ വളമായിപ്പോകട്ടെ!
ചിലപേരുകൾ
ചിലനേരങ്ങളിൽ
വൃത്തികെട്ട പൂച്ചകളാണ്‌

ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ
ഗസറ്റിൽക്കൊടുത്ത്
പലതരത്തിലുള്ള അലങ്കാരങ്ങളിട്ട്
അണിയിച്ചൊരുക്കാമായിരുന്നു

മരിച്ചവന്റെ പേരുമാറ്റാൻ
ജീവിച്ചിരിക്കുന്നവർക്ക്
അവകാശമില്ലെന്നു പറയുന്ന
വിചിത്രവാദമാണ്‌
സതീശന്‌ തീരെ മനസ്സിലാവാത്തത്‌.

കുഞ്ഞിന്റെ പേരിടാൻ
അപ്പനവകാശമുണ്ടെങ്കിൽ
മരിച്ചവന്റെ പേര്‌ മാറ്റാൻ
മക്കൾക്കും കുഞ്ഞുമക്കൾക്കുമുണ്ടാകണ്ടേ
എന്തെങ്കിലുമവകാശം?

നല്ലൊരു പേരുപോലും
ബാക്കിവെയ്ക്കാതെ പോയ എന്റെ അപ്പനേ
നിന്നെ ഞാൻ
ഏതുദൈവത്തിൽ മുക്കിയാണ്‌
ഇനി
സംസ്കരിച്ചെടുക്കുക?

Saturday, January 29, 2011

മുങ്ങാങ്കുഴിയിട്ടവനേ പൊങ്ങി വാ... പൊങ്ങി വാ...

വറ്റിയ പുഴയുടെ കരയിൽ
മരിച്ചുപോയവന്റെ മകനെപ്പോലെ
ഒരു മരമുണ്ടായിരുന്നു
ഓരോ ഇലകൾക്കുമിടയിലെ
നിശ്ശബ്ദതയിൽ
സങ്കടങ്ങളടക്കിപ്പിടിച്ച്...

എനിയ്ക്ക്
പുണരണമെന്നുണ്ടായിരുന്നു അതിനെ
നെഞ്ചിനോടു ചേർന്നു നിന്നപ്പോൾ
അതിന്റെയുള്ളിൽ
ഒരു പുഴ
തടംതല്ലി ഇരമ്പിയാർക്കുന്നതു കേട്ടു

ഞാനതിന്റെ
നാട്ടുനെല്ലിക്കാ മണമുള്ള തണൽകുടിച്ച്
മലർന്നു കിടന്ന് നോക്കിയപ്പോൾ
വറ്റിപ്പോയ പുഴ
ആകാശത്ത്
ഗതികിട്ടാതെ പലതിരകളിൽ
പല ചുഴികളിൽ
ചുറ്റിത്തിരിയുകയായിരുന്നു

ഉള്ളിലെ പുഴക്കരയിൽ
വെള്ളത്തിലൊലിച്ചുപോയ
അമ്മയെ നോക്കി
ഒരുണ്ണി
വിതുമ്പി വിതുമ്പിക്കരയുന്നുണ്ടായിരുന്നു...

ഞാനവന്റെ നിലവിളിയാണെന്ന്
ഞാനവന്റെ ഉള്ളിലെ വീർപ്പുമുട്ടലാണെന്ന്
ഞാനവനെ പുഴയിലേയ്ക്ക് തള്ളിയിട്ട്
രക്ഷപ്പെടേണ്ടവനാണെന്ന്
കൈകളിൽ വിറ,
കാലുകളിൽ കനലിലെന്നപോലൊരാവേഗം,
ഹൃദയത്തിൽ പുലി നഖങ്ങളാൽ വരഞ്ഞിട്ട
മുറിവുകളിൽ നിന്നൊഴുകി വരുന്ന
അതിവേഗ ശരഗതിയാർന്ന
ഒരു രക്തനദി

സമയം പലനിറങ്ങളായി
പൊട്ടിയൊഴുകിയ
ഒരത്ഭുതനിമിഷത്തിൽ
വറ്റിപ്പോയ പുഴ
മരിച്ചവരുടെ ഒരരൂപശിഖരമായി

അവനവളെ
കാറ്റെന്നുംകുളിരെന്നും പേരുള്ള
എന്റെയമ്മേയെന്നു വിളിച്ചുകൊണ്ട്
ഇരുളിലേയ്ക്ക്
ഇരുളിലേയ്ക്ക്
പിന്നെയുമിരുളിലേയ്ക്ക്
മുങ്ങാങ്കുഴിയിട്ടു

കുളിരുള്ള കാറ്റിന്റെ രൂപമണിഞ്ഞ
ഒരു പുഴ
ഞാനാണു മോനേ
ഞാനാണു മോനേയെന്ന്
പാലുകിനിഞ്ഞൊഴുകുന്ന മുലകളുമായി
അവനു പിന്നാലെ
തിരക്കിട്ടൊഴുകുവാൻ തുടങ്ങി...

മുങ്ങാങ്കുഴിയിട്ടവനേ
പൊങ്ങി വാ
പൊങ്ങി വായെന്ന്
ഒന്ന്... രണ്ട്... മൂന്ന്...
എന്നിങ്ങനെ
ശ്വാസം വിടാതെ ഞാനിപ്പോഴും
എണ്ണിക്കൊണ്ടേയിരിക്കുന്നു...

Friday, January 21, 2011

തിടുക്കം

പോത്തിന്റെ ചൂര്‌...
കാലനാണെന്നു തോന്നുന്നു...
ഇനിയെങ്കിലും
എല്ലാം മറന്ന്
ആളിക്കത്താതെ വയ്യാ!

സങ്കടകരം

ആഹ്ളാദിക്കേണ്ടി വരുമ്പോഴെല്ലാം
ഈയുള്ളവന്റെ ശരീരം
ഒരു ജഡമാകും..

വേദനിയ്ക്കേണ്ടിവരുമ്പോഴാണ്‌
രക്തം
ശരീരത്തെയാകെ
ഒരു പൂമരമാക്കുന്നത്.

അപ്പോൾ
വസന്തമായെന്ന് തെറ്റിദ്ധരിച്ച്
എണ്ണമറ്റ പറവകൾ
എന്റെ ഇന്ദ്രിയങ്ങളുടെ ചില്ലകളിൽ
പറന്നിറങ്ങും
തുടുത്ത ആപ്പിളിന്റെ
നിറമുള്ള ലിപികളിൽ
പലതരം പ്രശംസകൾ
അവരെന്റെ കവിളിൽ കൊത്തി വെയ്ക്കും
ഞാൻ പിന്നെയും ആഹ്ളാദവാനാകും

അത്തരം സമയങ്ങളിൽ
ശരീരം
എന്നോട് പിണങ്ങി
ഒരു ജഡമാകും

ഒരറബിപ്പാമ്പ്

മുതലാളിത്തത്തിന്റെ കാലുകൾ
എവിടെക്കണ്ടാലും
ആഞ്ഞുകൊത്തി വിഷം കേറ്റിയിരുന്നു
സഖാവ് കണ്ണേട്ടൻ

പാടത്തൊരൊളിപ്പോരാളിയായി
പുല്പടർപ്പുകൾക്കിടയിൽ പുതഞ്ഞുകിടക്കും
തണുപ്പാസ്വദിച്ച് ,
പുന്നെല്ലിന്റെ മണമാസ്വദിച്ച് ,
നെല്ലിൻപാലിന്റെ രുചിയാസ്വദിച്ച് ,
ചാഴിമണം കുടഞ്ഞുകളഞ്ഞ്...

ചിലപ്പോൾ ഉയരമുള്ള കയ്യാല നുഴഞ്ഞുകയറി
വേലിത്തറിവിടവുകൾ വകഞ്ഞു മാറ്റി
ഒരു പൊട്ടക്കിണറ്റിനരുകിലേയ്ക്കോ
ഓവുചാലിലേയ്ക്കോ
പനിച്ചൂടുള്ള ഉറവവെള്ളത്തിലേയ്ക്കോ
അരുവിക്കുളിരിന്റെ വളയങ്ങളിയ്ക്കോ
ഒന്നു മുങ്ങിയമരും

വെഷമുള്ള ജാതിയല്ലേന്ന്
കരുതിയിരിയ്ക്കും
ചുറ്റിലുമുള്ള ജന്തുക്കൾ
അന്നൊക്കെ
ഭയം എല്ലാവർക്കും
ഒരപ്രതീക്ഷിത വിരുന്നുകാരൻ തന്നെ

എന്നിട്ടും
അവരു പോലും
അതിന്റെ ഒരു ഞെട്ടലിലേയ്ക്ക്
ചിലപ്പോൾ കയ്യോ കാലോ തലയോ വെച്ചു കൊടുത്തിരുന്നു

നല്ല ലോഹദ്രവം പോലുള്ള നട്ടുച്ചയ്ക്കോ
ഒരപ്രതീക്ഷിത പാതിരാവിലെ നീലജലാശയത്തിലോ,
നാട്ടുമങ്ങൂഴച്ചാരം മൂടിയ കുണ്ടനിടവഴിയിലോ വെച്ച്
സഖാവ് പത്തിവിരിച്ചവതരിയ്ക്കും

വർഗ്ഗസമരത്തിന്റെ ഒരാട്ടമാടും ,
ഒരാൾപ്പൊക്കത്തിൽ വാലുകുത്തിയുയർന്ന്
ഉണർത്തുപാട്ടിന്റെ ഒരു സീൽക്കാരമിടും

തെരുവുകടകളിലെ വിളക്കുകൾ
ഒന്നൊന്നായി ഇരുട്ടിലേയ്ക്കു തന്നെ തല പിൻവലിയ്ക്കുമ്പോൾ
പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്കാകാശമുണ്ട്
എന്നൊരു റേഡിയോപ്പാട്ട് കേട്ട്
പത്തിതാഴ്ത്തി
തലതാഴ്ത്തി
മാളത്തിലേയ്ക്കു തന്നെ മടങ്ങും.

തൊണ്ണൂറുകളിൽ
ഉദാരവൽക്കരണമെന്നൊരു കൂടയുമായി
പാമ്പുവേലായുധനിറങ്ങിയപ്പോൾ
സമയം പന്തിയല്ലെന്ന്
ആരോ സഖാവിനു
കള്ളിൽ കൈവിഷം കൊടുത്തു

അങ്ങനെ കൂട കിടന്നിടത്ത്
പടം പൊഴിച്ചിട്ട്
കടന്നു കളഞ്ഞു കണ്ണേട്ടൻ

ഏഴാംനാളിൽ പൊങ്ങിയത്
പെട്ടിപൊളിച്ച്
ഉഗ്രവിഷമുള്ളൊരണലിയായി
ഗൽഫിലൊരു മണൽപ്പൊത്തിൽ,
മുതലാളിത്തത്തിന്റെ കയ്യോ കാലോ കണ്ണില്പെടാതിരിക്കാൻ
മണലിലങ്ങനെ പുതച്ചുമൂടി...

അനുരാഗ നഗരം

ഒരപ്രതീക്ഷിത സ്ഫോടനത്തിൽ
വൻ നഗരമാകെ
തകർന്നടിഞ്ഞു.

ഒരാൾ മരിച്ചു
മറ്റേയാൾ
രക്ഷപെട്ടു

രണ്ട് പേർക്കുമാത്രമായി
ഇത്ര വലിയ നഗരമോ
എന്ന്
മറ്റു വാർത്തകൾ
അത്ഭുതംകൂറി നിന്നു

Tuesday, January 11, 2011

അറിയിപ്പ്

ഇന്നലെ രാത്രിയിൽ
മനോഹരമായ
ഒരു പ്രണയമിന്നലിൽ
എന്റെ ഹൃദയവും
ശരീരവും
കത്തിക്കരിഞ്ഞു പോയിരിക്കുന്നു

മരിച്ചടക്കിനു വരുന്നവരേ
ദയവായി
പുഷ്പചക്രങ്ങൾ കൊണ്ടുവരരുത്

ഇനി
ഒരു പൂക്കളുടേയും
സുഗന്ധഭാരം ചുമക്കുവാൻ
എനിയ്ക്കാവതില്ല

Friday, January 7, 2011

കളി

മൊഹാലിയിൽ
ഒരു സെഞ്ച്വറി
ഗ്വാളിയോറിൽ ഡക്കൗട്ട്

സ്റ്റേഡിയം മാറുന്നതുപോലെയാണ്‌
ഒരു പ്രണയത്തിൽ നിന്ന്
മറ്റൊരു പ്രണയത്തിലേയ്ക്ക്
ഒരുവൻ
കളിക്കളം മാറ്റുന്നത്

സ്ലിപ്പിൽ പിടികൊടുത്ത്
സെഞ്ച്വറി നഷ്ടപ്പെടുന്നതിൽ
ദുഃഖഭരിതമാകും
ചില കൂറ്റൻ സ്ട്രോക്കുകൾ,
കൊച്ചിയിലായാലും
മെൽബണിലായാലും.

വരമുറിച്ചുകടന്ന്
അതിർത്തിഭേദിയ്ക്കും
ചിലത്

ആകാശത്തേയ്ക്ക്
നടുവളഞ്ഞുയർന്ന്
മഴവില്ലിന്റെ
നഗ്നമായ ഒരുടൽ വരച്ചു വെയ്ക്കും
വേറെ ചിലത്

ഈഡൻ ഗാർഡനിലോ
പെർത്തിലോ
ഇടവഴിയിലൂടെ നടക്കുമ്പോൾ
അപ്രതീക്ഷിതമായി ഒരാൾ റണ്ണൗട്ടാകും..

സിഡ്നിയെന്നോ
ലാഹോറെന്നോയില്ല
അപ്രതീക്ഷിത ബൗൺസറുകൾ
പിൻകഴുത്തിലുരസ്സി
കീപ്പറുടെ കൈയ്യിലൊതുങ്ങാൻ

ഇരട്ടസെഞ്ച്വറിയുടെ ആഹ്ളാദം
കൈയ്യടിച്ചു തീരും മുൻപേ
ഒരു യോർക്കറിൽ
മിഡിൽ സ്റ്റമ്പ് തെറിപ്പിയ്ക്കും
ചില പ്രണയ ബോളുകൾ

ആളൊഴിഞ്ഞ പവലിയനിൽ
ഒറ്റയ്ക്കിരുന്ന്
മനോഹരമായ ആ ഒരിന്നിങ്ങ്സിനെപ്പറ്റി
എന്റെ പിഴ എന്റെ പിഴ
എന്റെ വലിയ പിഴ എന്ന്
ഒരിയ്ക്കലെങ്കിലും
കരയാതിരിക്കില്ല
വിരമിയ്ക്കുന്നതിൻ മുൻപ്
ഓരോ കളിക്കാരനും