Sunday, September 11, 2011

റീകോളനൈസേഷൻ


പുറത്ത്
മുതിർന്നവർ
വലിയ നിഴൽ യുദ്ധങ്ങളിൽ
ഏർപ്പെട്ടുകൊണ്ടിരുന്ന
നല്ല മൂർച്ചയുള്ള ഒരു നട്ടുച്ചനേരത്ത്
കുട്ടികൾ മാത്രം താമസിക്കുന്ന വീട്ടിലേയ്ക്ക്
വാസ്കോ ഡി ഗാമ
കയറിവന്നു

അപ്പോൾ
കുട്ടികളൊക്കെ പൂക്കളായി
സോഫയിലും,കസേരയിലും,
ജനൽച്ചതുരങ്ങളിലും
ഗോവണിപ്പടവുകളിലും
പറ്റിപ്പിടിച്ചിരിക്കുകയായിരുന്നു;
ചിലർ ചിത്രശലഭങ്ങളായി
പറന്നുനടക്കുകയും.

ഗാമ
വലിയകണ്ണുകളുള്ള
പക്ഷിവേട്ടക്കാരനായി
അവരെയെല്ലാം വലവീശിപ്പിടിച്ചു.
വാ വാ മക്കളേയെന്നരുമയായപ്പോൾ
അയാളൊരു സാന്റാക്ലോസായി


കളിപ്പാട്ടശാലകളിലകപ്പെട്ട കുട്ടികൾ
തീർത്തും
സാധാരണക്കാരായ പിച്ചക്കാരെപ്പോലെ
ശരീരംകൊണ്ടാകെ യാചിച്ചു

സാന്റാക്ലോസ്
ഉള്ളംകൈയ്യിൽ വെച്ചുകൊടുത്തു
ദൂരദൂരെയുള്ള ദേശങ്ങളിലേയ്ക്ക് കൂകിപ്പായുന്ന
ഒരു തീവണ്ടി!

ജലദേവതകളെ വഹിക്കുന്നതെന്ന്
സംഗീതം പൊഴിയ്ക്കുന്ന ഒരു കപ്പൽ!
യക്ഷദേവകിന്നര ഗന്ധർവന്മാരെയും
ദേവതാരുമരങ്ങളേയും
ആകാശഗംഗയേയും
മറികടന്നു പോകുമെന്നൊരു
കഠിനമിന്നലായി
ഒരു മഹാവിമാനം!

[മുതിർന്നവർ
ഒന്നുമറിയുന്നുണ്ടായിരുന്നില്ല
അവരൊക്കെ
ഓരോ നാട്ടുരാജ്യങ്ങളായിരുന്നല്ലോ]

അയാളുടെ
സാന്താക്ലോസ് ചിരികളിൽ
ഇനിയും അതിസുന്ദരങ്ങളായ ഉൽപ്രേക്ഷകൾ
ഒളിച്ചിരിരിപ്പുണ്ടെന്ന് കുട്ടികൾ
വിചാരിച്ചു.

അയാളപ്പോൾ
യൂറോപ്യൻ കഥകളിലെ
മാന്ത്രികനായ പൈഡ് പൈപ്പറായി.


കടലിലേയ്ക്കയാൾ
നടന്നപ്പോൾ
കുട്ടികൾ ഗംഗയായി യമുനയായി
അതി പ്രശാന്തയായ നിളയായി
കടലിലേയ്ക്കൊഴുകിപ്പോയി

പിന്നെ അവർ
ഏഴുഭൂഖണ്ഡങ്ങളിലും
പറ്റിപ്പിടിച്ചു വളർന്നു


അപ്പോഴും
മുതിർന്നവർ
നിഴൽ യുദ്ധങ്ങളിൽ
മുഴുകിയിരിക്കുകയായിരുന്നു

ചിത്രങ്ങൾക്ക് ഗൂഗിൾ ഇമേജസിനോട് കടപ്പാട്

4 comments:

  1. വളരെ ഇഷ്ടപ്പെട്ടു ഈ എഴുത്ത്..ആശംസകള്‍..

    ReplyDelete
  2. നിറം പൂശിയ മോഹങ്ങളുമായി അവര്‍ വന്നപ്പോള്‍ നാം നമ്മെ മറന്നുപോയി. ഗംഗയായി യമുനയായി
    അതി പ്രശാന്തയായ നിളയായി
    കടലിലേയ്ക്കൊഴുകിപ്പോയി...
    എത്രയോ ശരി.

    ReplyDelete
  3. ആയതിനാൽ നമുക്കൊക്കെ കുട്ടികളായി പാറിപ്പറക്കാം! എനിക്കീ നിഴൽ യുദ്ധവും അല്ലാത്ത യുദ്ധവും ഒന്നും ഇഷ്ടമല്ല. തീവണ്ടീം വിമാനോം കല്ലലും ഒക്കെ വേണം.

    ReplyDelete
  4. കയ്യിലെടുക്കാം നട്ടു നനച്ചാൽ എല്ലാം മറന്നു വളർന്നോളും, കുഞ്ഞുങ്ങൾ..

    ReplyDelete