Saturday, October 29, 2011

ട്രാഫിക്

നമ്മൾ
രണ്ടു വാഹനങ്ങളാണ്.
കുത്തിയൊലിയ്ക്കുന്ന തിരക്കുകൾക്കിടയിൽ
നാമിനിയും
പലവട്ടം കണ്ടുമുട്ടേണ്ടി വരും

എന്നെ ഞാനോ
നിന്നെ നീയോ അല്ല
നയിക്കുന്നതെങ്കിലും
കണ്ടുമുട്ടുകയോ
ഒഴിഞ്ഞുമാറുകയോ
പിന്തുടരുകയോ ചെയ്യുന്നത്
എപ്പോഴും
നമ്മൾ തന്നെയാണെന്നോർക്കുക

നിന്റെ ഒരു ചൂളമടിയിൽ
എനിയ്ക്കു കാതോർക്കാതെ വയ്യ

ഏതു തിരക്കിലും
നിന്റെ ശബ്ദം,
നിന്റെ പുകമണം,
നിന്റെ കിതപ്പ്
എന്റെ മുന്നിലോ പിന്നിലോ
അരികിലോ വന്നു നിൽക്കും

നിയമത്തിന്റെ കനത്ത പെൻസിലു കൊണ്ട്
അമർത്തിയമർത്തിക്കറുപ്പിച്ച
ഒരു പാതയിലൂടെയാണ്
നാം വഴിതെറ്റാതെ,വരിതെറ്റാതെ
സിഗ്നലുകൾക്കൊത്ത്
ഓടിക്കൊണ്ടേയിരിക്കുന്നത്

വളവുതിരിവുകളിൽ
നാം മുന്നിലും പിന്നിലുമായി
പലവട്ടം
അറിയാതെ കടന്നു പോയിട്ടുണ്ട്

നിന്റെ ഭ്രാന്തമായ ഹൃദയവേഗങ്ങളോട്
ഭയന്ന ശബ്ദത്തിൽ ഞാൻ
അരുതെന്നു ചിലനേരങ്ങളിൽ
വിലക്കിയിട്ടുമുണ്ട്

ഒരിക്കൽ നാം
അശ്രദ്ധമായ
ഒരു നിയമലംഘനത്തിൽ പെട്ട്
കൂട്ടിയിടിയ്ക്കും.
അതുവരെ നമ്മൾ രണ്ടു വാഹനങ്ങളാണ്;
തിരക്കുകൾക്കിടയിൽ
ഒഴിഞ്ഞൊഴുഞ്ഞുപോകുന്ന
രണ്ടപകടങ്ങൾ.

9 comments:

  1. നമ്മൾ രണ്ടു വാഹനങ്ങളാണ്;
    തിരക്കുകൾക്കിടയിൽ
    ഒഴിഞ്ഞൊഴുഞ്ഞുപോകുന്ന
    രണ്ടപകടങ്ങൾ.....

    ReplyDelete
  2. നിയമം ലംഘിച്ചാതിരുന്നാല്‍ ?? കണ്ടുമുട്ടുകയെ ഇല്ല??
    ആരുടെയെങ്കിലും ശ്രദ്ധ തെറ്റല്‍ മാത്രമാണോ ആധാരം ?

    ReplyDelete
  3. ഒഴിഞ്ഞൊഴിഞ്ഞു പോകാന്‍ നിര്‍ബന്ധിക്കുന്ന ജീവിതവരകളേ...
    കൂട്ടിമുട്ടല്‍ തകര്‍ക്കുന്ന രീതിയിലാവാതിരിക്കട്ടെ..

    ReplyDelete
  4. പദസ്വനം: ഉള്ളിലുള്ളവരെപ്പറ്റിയുള്ള വിചാരമാണ് ഡ്രൈവിങ്ങിന്റെ ശ്രദ്ധയെ നിർണ്ണയിക്കുന്നത്...അപ്പോൾ ശ്രദ്ധതെറ്റിയാൽ കഴിഞ്ഞു.
    മുകിൽ: കൂട്ടിമുട്ടാതിരിക്കില്ലെന്നാണോ പറയുന്നത്?

    ReplyDelete
  5. Different way of approach........Good..........

    ReplyDelete
  6. അശ്രദ്ധ വഴി നിയമങ്ങള്‍ ലംഘിക്കപ്പെടാതിരിക്കട്ടെ.. തിരക്കുകള്‍ ഒഴിയാതിരിക്കട്ടെ.. ഇനിയും കവിതകള്‍ പിറക്കട്ടെ..

    ReplyDelete
  7. അശ്രദ്ധ വഴി നിയമങ്ങള്‍ ലംഘിക്കപ്പെടാതിരിക്കട്ടെ.. തിരക്കുകള്‍ ഒഴിയാതിരിക്കട്ടെ.. ഇനിയും കവിതകള്‍ പിറക്കട്ടെ..

    ReplyDelete
  8. ഇതെന്താ? ഇവിടുത്തെ ആളെവിടെപ്പോയി?

    ReplyDelete
  9. നോവലെഴുത്തും നിര്‍ത്തിയോ?

    ReplyDelete