Saturday, July 31, 2010

പൊടിഞ്ഞ താളുകൾ

പണ്ട്
പാതകളിലൂടെ
നടക്കാനനുവാദമില്ലായിരുന്നു
എന്റെ പൂർവികർക്ക്

ശപിക്കപ്പെട്ട
പാമ്പുകളെപ്പോലെ
അവർ ചെടികൾക്കും
മരങ്ങൾക്കുമിടയിലൂടെ
കരിയിലപ്പഴുതിലൂടെ
പതുമ്മിപ്പതുമ്മി
പുഴയിലേയ്ക്കോ
തൊടിയിലേയ്ക്കോ
ഇഴഞ്ഞിഴഞ്ഞ് പോയിരുന്നു.

പണ്ട്
മഴയും വെയിലും
വരുന്നതുപോലെ
അവർക്ക്
കുളങ്ങളിലേയ്ക്ക്
വന്നിറങ്ങാൻ പാടില്ലായിരുന്നു.
നീർക്കോലിയോ
തവളയോ പരൽമീനോ ആയി
വേറൊരു ജന്മത്തിലാണ്‌
അവർ കുളങ്ങളിൽ മുങ്ങി
നഷ്ടബോധം
കഴുകിക്കളഞ്ഞിരുന്നത്.

കാറ്റും വെളിച്ചവും
പടികടന്നുചെല്ലുന്നതു പോലെ
അവർക്ക് ക്ഷേത്രപ്പടവുകൾ
ചവിട്ടിക്കയറാനാവില്ലായിരുന്നു.
പാറ്റയോ പഴുതാരയോ
പെരുച്ചാഴിയോ എണ്ണപ്പുഴുവോ ആയി
വേറെവേറെ ജന്മങ്ങളിൽ
അവർ
ശ്രീകോവിലിനുള്ളിൽ കടന്നാണ്‌
ദേവനെത്തീണ്ടിയിട്ട്
മടങ്ങിപ്പോയിരുന്നത്

ദാ ഇപ്പോഴില്ലാത്ത
ആ വയൽച്ചാലിലാണ്‌
എന്റെ മുത്തച്ഛന്റെ അച്ഛനെ
തമ്പുരാക്കന്മാർ
പച്ചിലവളമായി
ചവിട്ടിത്താഴ്ത്തിയത്

മരംകൊത്തി തുളച്ച
ആ മണ്ടചീഞ്ഞ
തെങ്ങിൻ ചോട്ടിലാണ്‌
മുത്തച്ഛന്റെ ഒരു മരുമകനെ
ചോദ്യച്ചിഹ്നം പോലെ
കൊളുത്തിയിട്ട്
എളയതമ്പുരാൻ
എണ്ണപാർന്ന്
കത്തിച്ചത്

ദാ
ആ ഇടവഴിയിൽ വെച്ചാണ്‌
കാറ്റത്തിളകുന്ന
പെരുംപന്തൽ പോലെ
അന്തരീക്ഷത്തെ വിറപ്പിച്ചുകൊണ്ട്
കുനുകുനെയുള്ള
കറുത്ത ലിപികളായി
തൊഴിലാളികളുടെ
ആദ്യത്തെ സമരപുസ്തകം
വെട്ടിത്തുറക്കപ്പെട്ടത്

ഇപ്പോൾ
ഓർമ്മ മാത്രമായിക്കഴിഞ്ഞെന്ന്
തോന്നുന്ന
ആ പണ്ടുകാലത്താണ്‌
ഒന്നു പിറക്കാൻ
കഴിഞ്ഞിരുന്നെങ്കിലെന്നാശിച്ച്
മുത്തശ്ശന്റെ തോളിലെ
ശീമക്കൊമ്പിന്റെ തുമ്പത്ത്
ഒരു പ്രതിഷേധചിഹ്നമായി
ഞാനുമുണ്ടായിരുന്നത്

മറ്റൊന്നുമല്ല
ഓർമ്മകളുടെ
ഈ പൊടിഞ്ഞ താളുകൾ
ഇങ്ങനെ പാറിയും പറന്നും
ശ്വാസം
മുട്ടിച്ചു കൊണ്ടിരിക്കുന്നതാണ്‌
ഇപ്പോഴത്തെ
ആസ്മയ്ക്കു കാരണം

Saturday, July 24, 2010

സ്വപ്നലോകം

പാർട്ടിയിൽ നിന്ന്‌
പുറത്താക്കിയപ്പോൾ
സഖാവ്‌ കുഞ്ഞനന്തൻ
മറ്റൊരു ലോകം സാദ്ധ്യമാണോയെന്ന്‌
കള്ളുഷാപ്പിലിരുന്ന്‌ ആലോചിച്ചു.
കള്ളുഷാപ്പും
അവനെപ്പറ്റിത്തന്നെ ആലോചിച്ചു
ആലോചിച്ചാലോചിച്ച്‌
സഖാവ്‌ കുഞ്ഞനന്തനും
കള്ളുഷാപ്പിനും ദേഷ്യം വന്നു

`പാർട്ടിയോട്‌ പോഹാൻ പറ`
കള്ള്‌ ഷാപ്പ്‌ കുഞ്ഞനന്തനോട്‌ പറഞ്ഞു
കുഞ്ഞനന്തൻ
സഖാവിന്റെ പുലിനഖം വിടർത്തി
കള്ളുഷാപ്പിനെ നോക്കി പല്ലിറുമ്മി:

കള്ളുഷാപ്പിനപ്പുറത്തെ വയലോരത്ത്‌
ഫണം വിരുത്തി നിന്ന വർഗ്ഗശത്രുക്കൾ
കുഞ്ഞനന്തന്റെ ഓരോ വാക്കും വരുന്ന വഴി നോക്കി
അക്ഷമരായി കാത്തു കിടന്നു

`പാർട്ടിയെപ്പറ്റി നീയന്താ വിചാരിച്ചട്ക്കണത്‌,
പൊറത്താക്കിയാപ്പിന്നെ പാർട്ടി
ഒരു വഹയ്ക്കും കൊള്ളാത്ത പിണമാണെന്നോ`

കള്ളുഷാപ്പിനും
വർഗ്ഗ ശത്രുക്കൾക്കും
അത്ഭുതം തോന്നി:
എത്രപേർ പുറത്താക്കപ്പെട്ട ശേഷം
ഇവിടെ വന്നിരുന്ന്‌ മൂക്കറ്റം കുടിച്ചിട്ടുണ്ട്‌
സഖാവ്‌ ചാമിയാര്‌, രാഘവൻ നായര്‌,
താമിയേട്ടൻ ഒക്കെ
എല്ലാരും പറഞ്ഞതെന്താ
ഒരു മഹാരാജ്യം
റിപ്പബ്ളിക്കുകളായി പിളർന്നു പോയ പോലെ
ഹൃദയം നുറുങ്ങിപ്പോയീന്ന്,
'ഇങ്ങനെ ഒരു ചതി ഒരിക്കലും പ്രതീക്ഷിച്ചില്ലാന്ന്'
എന്നിട്ടിപ്പോ ഈ തീയച്ചെക്കനെന്താണ്‌ടാ
ഇങ്ങനെ പറയണത്!

`ഓന്‌ വെഷമണ്ടാവും നായരേ`
ഒരു വഴിപോക്കനോട്‌ കള്ളൂഷാപ്പ്‌ പറഞ്ഞു:
'ക്ളാസില്‌ കേറാണ്ടും വീട്ടില്‌ പോവാണ്ടും
കൊറേ കൈല്‌ കുത്തീതല്ലേ
കൊടി പിടിച്ച ചെറുപ്പമല്ലേ
കൊള്ളിമിന്നിയ പ്രസങ്കമല്ലേ
വാളും പരിചേം പിടിച്ച ചേകോനല്ലേ
വെഷമണ്ടാവാതിരിക്കില്ല'

കുഞ്ഞനന്തൻ
പിന്നേം കള്ളുഷാപ്പിനെ തുറിച്ചു നോക്കി
‘അല്ല നിങ്ങളെന്താ പാർട്ടിയെപ്പറ്റി
വിചാരിച്ചട്‌ക്കണത്‌,
ഒരാളെപ്പൊറത്താക്കിയാ
പാർട്ടി കട്ടേം പടോം മടക്കൂന്നോ,
ഇതേ പ്രസ്ഥാനം വേറ്യാ കുട്ട്യോളേ’

കള്ളുഷാപ്പിന്റെ അത്ഭുതം
മേല്ക്കൂരപൊളിച്ച്
പുറത്തേയ്ക്ക് തള്ളി.
കണ്ണു തുറിച്ചും വാ പൊളിച്ചും അതങ്ങനെ നിന്നു.
വർഗ്ഗ ശത്രുക്കൾ നിരാശരായി
പത്തിമടക്കി
മാളത്തിലേയ്ക്കു തന്നെ മടങ്ങി

കുഞ്ഞനന്തൻ
മറ്റൊരുലോകം സാദ്ധ്യമാണോ എന്ന്
കള്ളുഷാപ്പിലിരുന്ന് പിന്നെയും പിന്നെയും ആലോചിച്ചു
ആലോചിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ
ആരൊക്കെയോ വന്ന്
കൈയ്യിലും കാലിലും പിടിച്ച് തൂക്കിയെടുത്ത്
എങ്ങ്ട്ടോ കൊണ്ടോയി

ഒരിടവേളയ്ക്കു ശേഷം
മറ്റൊരു ലോകം
അവനു വേണ്ടി സൃഷ്ടിക്കപ്പെടുകയും
അതിൽ മലർന്നടിച്ചു കിടന്ന്
അവൻ സുഖമായി ഉറങ്ങുകയും ചെയ്തു

Thursday, July 22, 2010

ടോം ആൻഡ് ജെറി ഷോ

മംഗല്യം
കഴിയ്ക്കുന്ന സമയത്ത്
മെയ്ഡ് ഫോർ ഈച്ച് അദർ
എന്നെഴുതിയ,
ചുമർച്ചിത്രങ്ങളിൽ
കാണാറുള്ള മാതിരി
നല്ല ചേർച്ചയുള്ള
രണ്ടു പൂച്ചക്കുട്ടികളായിരുന്നു
അവർ

പിന്നെ
കലാപങ്ങളുടെ
ഗൃഹപാഠങ്ങൾക്കിടയിലെവിടെയോ വെച്ച്
ഒരാൾ പൂച്ചയും
മറ്റേയാൾ എലിയുമായി മാറി

ബോധോദയം

ഒരുറുമ്പിന്റെ
വഴിത്താരപോലുമില്ലാത്ത
ശൂന്യതയിലൂടെ നടക്കുമ്പോൾ
ആർക്കും തോന്നും
മരണം മറ്റെന്തിലേയ്ക്കോ ഉള്ള
വാതിലാണെന്ന്‌;
ശൂന്യതയിൽ നിന്ന്‌
നിറവിലേക്ക്‌
ആരോ വരച്ചുവെച്ച
ഒരു വാതിൽ

ഒടിയൻ

ഞാനെഴുതിയ
ചില കവിതകൾ
നിർത്താതെകുരയ്ക്കുന്ന
പട്ടികളെപ്പോലെയാണ്‌

ഒരു കല്ലെടുത്തെറിയണമെന്ന്
ആർക്കും കൈതരിച്ചു പോകും

എന്നാലും
ചിലർ പതുമ്മിപ്പതുമ്മി
മരമോ മതിലോ മറഞ്ഞ്
അതിനെ
ഒഴിഞ്ഞു പോകുന്നതാണത്ഭുതം

Sunday, July 18, 2010

ആത്മാവിന്റെ ലക്ഷണങ്ങൾ

രാവിലെച്ചായ കുടിച്ച്
പത്രവായനയും കഴിഞ്ഞ്
കണ്ണാടിയുടെ മുൻപിൽ
മീശകറുപ്പിക്കുമ്പോഴും
ദേഹം എണ്ണയിട്ടുഴിയുമ്പോഴും
തീൻ മേശക്കരുകിലെത്തി
വിശക്കുന്നെന്നു
പറയുമ്പോഴും
തീർത്താലും തീരാത്ത
പരാതിയാണവൾക്ക്

'ശരീരം ശരീരം
എന്നൊരു വിചാരമേയുള്ളു
ആത്മാവിനെപ്പറ്റി ഒരു ചിന്തയുമില്ല'

പളുങ്ക് പാത്രത്തിൽ
ഉടൽ പോലെ വടിവൊത്ത
രണ്ടിഡ്ഡലികൾ വെച്ച്
സാമ്പാറും ചട്ട്ണിയുമൊഴിക്കുമ്പോൾ
അവൾ
പച്ചമുളകൊരിത്തിരി
കൊത്തിയരിഞ്ഞിട്ടപോലെ
പറഞ്ഞു.

'എണ്ണതേച്ചും രോമം കറുപ്പിച്ചും
ഉണ്ണികളെപ്പോലെ
പരിപാലിക്കുന്ന ശരീരം
കണ്ണിലും കണ്ണാടിയിലുമേയുള്ളു.
മരിച്ചാൽ
ഇതൊക്കെ അഴുകി
മണ്ണും പൊടിയുമാകും
ആത്മാവ് മാത്രമാണ്‌ സത്യം ,
അതോർത്തോളൂ'

എവിടുന്നു പഠിച്ചു
നീയീ തത്വശാസ്ത്രമെന്ന്
ഞാൻ സ്വാദിന്റെ ഓരോ വിരലും
മാറിമാറിയീമ്പി
ഏമ്പക്കം വിട്ടെഴുന്നേറ്റു

കൈകഴുകി വരുമ്പോൾ
കുടിക്കാനുള്ള പാലും
തുടയ്ക്കാനുള്ള തോർത്തും നീട്ടി
അവൾ
ഒട്ടൊരു ശൃംഗാരം വരുത്തിച്ചോദിച്ചു

എന്നാലുമെന്റെ പൊന്നേ
ഒരു കാര്യം ചോദിച്ചാൽ
സത്യം പറയുമോ?
നിങ്ങളെന്നെങ്കിലും
ആത്മാവിനെപ്പറ്റി
ശരിക്കും ആലോചിച്ചിട്ടുണ്ടോ?
കരിയിലും പുകയിലും മൂടി
മുറ്റമായമുറ്റത്തൊക്കെ ഓടി
അടുക്കളയിലും കുളിമുറിയിലും
കിടപ്പറയിലുമെല്ലാം പരന്ന
സർവ്വവ്യാപിയായ
ആത്മാവിനെപ്പറ്റി

നീയെന്താ
വായിച്ചാൽ മനസ്സിലാകാത്ത
കവിത പോലെ
ഇങ്ങനെ പുലമ്പുന്നതെന്ന്
ഞാനൊരു പുരുഷ വേഷമാടിയപ്പോൾ
അവൾ ധൃതിപിടിച്ച്
അടുക്കളയിലേയ്ക്കു തന്നെ
മറഞ്ഞ്
അരൂപിയായി

അല്ലെങ്കിലും
ഈ വേദാന്തമൊക്കെ
നമ്മൾ ഗൃഹസ്ഥന്മാർക്ക്
പറഞ്ഞിട്ടുള്ളതാണോ.

Saturday, July 17, 2010

ശിലാശാസനം

മൃഗമേ
അടിയന്തിരമായി ചിലതുണ്ട്
നീ അറിയേണ്ടത്:

നിലവിളിക്കരുത്

ഇരകൾക്ക്
പാടില്ല,
നഖങ്ങൾ
നീട്ടിവളർത്തുവാൻ

അരുത് ദംഷ്ട്രകളും

അറിഞ്ഞിരിക്കണം,
വ്യായാമം ചെയ്ത്
കൈകാലുകൾ
ഉരുട്ടിയുറപ്പിച്ചെടുക്കുന്നത്
മുള്ളാണിയിൽ തൂങ്ങി
നൂറുപിഴ മൂളേണ്ട
ഭയങ്കരപാപമാണെന്ന്

പട്ടിണി കിടന്ന്
എല്ലും തോലുമാവാതെ
നോക്കണം

ആഹാരമാകയാൽ
മാംസളമായിരിക്കണം
എപ്പോഴുമുടൽ വടിവുകൾ

ഉത്തരവൊരെണ്ണം
കൂടിയുണ്ട് അവസാനമായി

ഇരകളൊരിയ്ക്കലും
വേട്ടയ്ക്കിറങ്ങരുത്

Saturday, July 10, 2010

കൊതി

ഉച്ചയ്ക്ക്
ഹൗസിങ്ങ് കോളനിയിലെ
വീടിന്റെ
ബാൽക്കണിയിലിരിക്കുമ്പോൾ
ഞാനൊരു
ഡൈനിങ്ങ് ടേബിളായി മാറും,
ചിലപ്പോൾ


അവിടെയിരുന്നാൽ
അടുത്തവീട്ടിലെ
ജനൽ വഴി
കൈ നീട്ടും
ചുവപ്പുവളകളിട്ട
പുതുപ്പെണ്ണിനെപ്പോലെ
നെയ്മീൻ കറിമണം


മറ്റൊരു
മട്ടുപ്പാവിൽ നിന്ന്
ഒളികണ്ണുകൊണ്ടൊരു
ചൂണ്ടയിടും
പട്ടുചേലചുറ്റിയോ
ദാവണിയിട്ടോ
നല്ല കായത്തിന്റെയും
മുരിങ്ങക്കായുടേയും മണമുള്ള
സാമ്പാർ.

വേറൊരു
ലിവിങ്ങ് റൂമിന്റെ
വിടവിലൂടെ
അരിച്ചരിച്ച് പുറത്തേക്കൊഴുകും
തട്ടമിട്ടു വിയർത്ത
ബിരിയാണി ഗന്ധം


ഇനിയൊരു
കിളിവാതിലിലൂടെ
ചെടികളേയും
മരങ്ങളേയും തഴുകി
പെട്ടെന്നു പറന്നെത്തും
കുരുമുളകും
കറുവാപട്ടയും
വെള്ളൂള്ളിയും
നന്നായരഞ്ഞു ചേർന്ന,
കുരിശുമാലയിട്ട്
കുമ്പസാരിച്ചോളാമെന്നു
പ്രലോഭിപ്പിക്കുന്ന,
ഇറച്ചി വറുക്കുന്ന മണം


പിന്നെയുള്ള
എല്ലാ വീടുകളിൽ നിന്നും
ഫ്രിഡ്ജിന്റെ വാതിൽതുറന്നു
മേശപ്പുറത്തേക്കു വരും
എന്റെ വീട്ടിലെ
ചോറിന്റേയും കറിയുടേയും
തണുത്തുപഴകിയ
ഗന്ധങ്ങൾ

Tuesday, July 6, 2010

നീലക്കണ്ണുള്ള പൂച്ച

എത്ര ചവിട്ടിക്കൂട്ടിയിട്ടും
ചുരുട്ടിയെറിഞ്ഞിട്ടും
പുറത്തുപോകാതെ
ഉള്ളിലൊരു പൂച്ചയുണ്ട്
വല്ലാതെ
ശ്വാസം മുട്ടിച്ച്
ശ്വാസം മുട്ടിച്ച്.....

പണ്ട്
സ്കൂളിൽ നിന്നുള്ള
പാതയോരത്ത്
മ്യാവൂ മ്യാവൂ എന്നൊരു
ക്ഷണക്കത്തുമായി
അരുമയായി നില്ക്കുമായിരുന്നു.

വഴിയോരത്തെ
ടാപ്പിൽ നിന്ന്
വെള്ളം കുടിക്കുമ്പോൾ
സ്നേഹത്തിന്റെ നനവു കൊണ്ട്
കാലുരണ്ടും
നക്കിത്തുടയ്ക്കുമായിരുന്നു.

എന്നിരുന്നാലും
പൂച്ചകളെ
എനിക്കിഷ്ടമായിരുന്നില്ല;
അതിന്റെ പതുമ്മിപ്പതുമ്മിയുള്ള വരവും
വല്ലാത്ത അരുമഭാവവും
സ്ത്രീകളുടേതുപോലുള്ള
കൊഞ്ചിക്കുഴഞ്ഞുള്ള കീഴടങ്ങലും
പ്രലോഭിപ്പിക്കുന്ന
വിളയാട്ടങ്ങളും
ഒന്നും

ദേഹത്തുകയറാൻ
വരുമ്പോഴൊക്കെ
ഞാനതിനെ ചുരുട്ടിയെടുത്ത്
ദൂരേയ്ക്കെറിഞ്ഞിട്ടുണ്ട്
അപ്പോഴൊക്കെ
അതിന്റെ നീലക്കണ്ണുകളിൽ
പൂർവജന്മത്തിലെ
ഒരിക്കലും അനുഭവിച്ചുതീരാത്ത
പ്രണയദാഹം
ഓളം വെട്ടിയിരുന്നു.

കാമുകൻ ചതിച്ചുകൊന്ന
ഒരിംഗ്ളീഷ് മദാമ്മയുടെ
ശ്വാസം മുട്ടിക്കുന്ന
ആഴമുണ്ടായിരുന്നു.

എങ്കിലും പൂച്ചകളെ
എനിക്കുവെറുപ്പായിരുന്നു,
പരിഭവത്തിന്റെ ചായം പൂശിയാലും
പൊടുന്നനെ
ആക്രാമകമായി
നീണ്ടുവരുന്ന
പല്ലും നഖങ്ങളും കാരണം,
മീൻമണമോ പാൽമണമോ ഉള്ള
മീശകാരണം

വേശ്വേടത്തിയുടെ
കല്യാണത്തിന്‌
ഉരുളിനിറയെ
വെച്ചുണ്ടാക്കിയപായസത്തിൽച്ചാടി
കല്യാണമാകെ
അലങ്കോലമാക്കിയപ്പോൾ
ചെല്ലപ്പേട്ടൻ
അതിനെ അപ്പോത്തന്നെ
ചാക്കിലിട്ട് കല്ലുകെട്ടി
കുറച്ചകലെയുള്ള
പൊട്ടക്കിണറ്റിലിട്ടു.

വെള്ളത്തിലേക്ക്
വീഴുന്ന വീഴ്ചയിൽ
മ്യാവൂ മ്യാവൂ എന്ന്
കണ്ടുനിന്നവരുടെ കരളിലള്ളിപ്പിടിച്ചു.

അവിടെക്കിടന്ന്
ശ്വാസം മുട്ടി ശ്വാസം മുട്ടി
സ്നേഹത്തിന്റെ നാവുകൊണ്ട്
വെള്ളത്തിന്റെ കാലുകൾ
നക്കിത്തുടച്ചിരിക്കണം.

കല്യാണപ്പുലർച്ചക്ക്
വേശൂനെക്കാണാനില്ല
വേശൂനെക്കാണാനില്ല
എന്ന് കൈകാലുകൾ ഞെട്ടിയുണർന്ന്
മാനത്തും മരത്തിലും
കുണ്ടിലും കുളത്തിലും
ബഹളമയമായി
ചടപടാന്ന് ചാടിനടക്കുമ്പോൾ

വാടിയ പ്രകാശത്തിനു താഴെ
പൊട്ടക്കിണറിനു ചുറ്റും
കണ്ണീരുവീണ്‌ പടർന്ന
മഷിവട്ടം പോലെ
അനേകമാളുകൾ
തിങ്ങിക്കൂടി
നില്പുണ്ടായിരുന്നു

നീലക്കണ്ണുള്ള
ആ പൂച്ചയെ
ഞാനെത്രവട്ടം
കണ്ടിട്ടുള്ളതാണ്‌
വേശ്വേടത്തിയുടെ മടിയിൽ

ഇരുൾമുടികൾ വീണ
ആഴത്തിന്റെ
മടിത്തട്ടിലെവിടെയെങ്കിലുമൂണ്ടോ
ആ നീലക്കണ്ണുള്ള പൂച്ച?

Monday, July 5, 2010

ഹൃദയത്തെപ്പറ്റിയുള്ള പരാതികൾ

ഒളിപ്പിച്ചു
വെയ്ക്കുന്നതൊന്നും
പിന്നെനോക്കിയാൽ കാണില്ല,
ഏതോ ഒരു കള്ളൻ
ഹൃദയത്തിനുള്ളിലുമുണ്ട്‌

അടങ്ങടങ്ങെന്ന്
എത്രവട്ടം പറഞ്ഞിട്ടും
വിജയങ്ങളിൽ
അനുസരണയില്ലാതെ
രക്തത്തിന്റെ തിരമാലകളിലേറി
നീ തുള്ളിയിട്ടും
തുളുമ്പിയിട്ടുമുണ്ട്

അപജയങ്ങളിൽ
ചില അറകളടച്ച്
മൗനത്തിന്റെ
ദീർഘപാതാളങ്ങളിലേക്ക്
വഴുതി വീണിട്ടുമുണ്ട്

എങ്കിലും
ഒളിപ്പിച്ചു വെച്ചതൊന്നും
കാണാതാകുമ്പോൾ
ഞാൻ ശരിക്കും
നിന്നെത്തന്നെ സംശയിക്കുന്നു

ചിലതെല്ലാം
നിനക്ക്
അറകളിലങ്ങുമിങ്ങും
ചിതറിയിടാമായിരുന്നു:

സ്നേഹത്തിന്റെ
അരിഭക്ഷണശകലങ്ങൾ,
ശൂന്യതയുടെ ആഴങ്ങളിൽ നിന്ന്
ജീവിതത്തിന്റെ കരയിലേക്ക്
വലിച്ചു കയറ്റിയ
ബലിഷ്ഠമായ
കൈപ്പത്തികളിയിലെ
സൗഹൃദരേഖകൾ,

കണ്ണുനിറഞ്ഞ് വാങ്ങിയ
നിത്യമായ വീടാക്കടങ്ങൾ,

കുഞ്ഞുകൂട്ടുകാരിയുടെ
ചുവന്ന റിബ്ബണും
പൊട്ടിയ
പച്ചനിറമുള്ള കുപ്പിവളകളും,

പിറക്കാതെ പോയ
പെങ്ങൾക്കു വേണ്ടി
മനസ്സിൽ തുന്നിത്തുന്നിയിട്ട
നിറം മങ്ങാത്ത കുഞ്ഞുടുപ്പുകൾ,

അമ്മയുടെ
വിയർപ്പും കരിമണവുമുള്ള
ഒരുമ്മ,

അച്ഛന്റെ
നിശ്ശബ്ദശാസനകൾ,

അനുജന്റെ ഹൃദയത്തിൽ
പച്ചകുത്തിക്കൊടുത്ത
മരിക്കരുതാത്ത സ്വപ്നങ്ങൾ,

അവളുടെ ചുണ്ടിൽനിന്ന്
ആരുമറിയാതെ കവർന്നെടുത്ത
പ്രണയമധുരങ്ങൾ,

ഒടുവിൽ
വിശപ്പിലും ദാഹത്തിലും
ദഹിപ്പിക്കുന്ന അപകർഷതയിലും
ഉള്ളുപൊള്ളിക്കലങ്ങിയ
തിങ്കൾ മുതൽ തിങ്കൾ വരെയുള്ള
ദിനരാത്രങ്ങൾ

ഒരു തെളിവും ബാക്കി വെയ്ക്കാതെ
എവിടെയാണവയെല്ലാം
നീ കുഴിച്ചു മൂടിയത്?

ഒളിപ്പിച്ചു വെച്ചതെല്ലാമിങ്ങനെ
കാണാതാകുമ്പോൾ
ഹൃദയമേ
ഞാൻ ശരിക്കും
നിന്നെത്തന്നെ സംശയിക്കുന്നു

ആരാണ്‌ നിന്നെ
എനിക്കെതിരെ തിരിച്ചുവിട്ടിരിക്കുന്നത്?