Tuesday, November 30, 2010

മരണനെല്ലിക്ക

ഒരുവൾ
ഭർത്താവിന്റെ ചിതയ്ക്കരുകിൽ
നെഞ്ച് കത്തിച്ചു വെച്ച്
വിങ്ങിപ്പൊട്ടിക്കരയുമ്പോൾ
കെട്ട്യോൻ ചത്ത്
പതിനെട്ടാണ്ട് കഴിഞ്ഞിട്ടും
ഒറ്റയ്ക്കു പാർക്കുന്ന ശ്യാമളേടത്തി
പ്രേതബാധയൊഴിക്കാൻ
അവളുടെ ശിരസിൽത്തൊട്ട്
ഒരു നാട്ടുമന്ത്രം ചൊല്ലി
'ആദ്യം ചവർക്കും
പിന്നെ മതിരിയ്ക്കും
അത്രേള്ളൂ...'

സ്വതന്ത്ര തർജ്ജമ

ഒരൊറ്റ ചുംബനം കൊണ്ട്
ഞാനവളെ
ഒരാദിമഭാഷയിലേയ്ക്ക്
വിവർത്തനം ചെയ്തു
എനിയ്ക്കോ
അവൾക്കോ
മറ്റൊരാൾക്കോ
വീണ്ടും വായിച്ചു മനസ്സിലാക്കാൻ
കഴിയാത്ത വിധം

അകം പുറം മറിഞ്ഞ ഒരാകാശം

പുറത്ത്
എല്ലാം അടുക്കടുക്കായി
വൃത്തിയായി വെടിപ്പായി
വെച്ചിട്ടുണ്ട്.

കുളിമുറിയിൽ
സോപ്പ്,ഷാമ്പൂ, ഒഡോണിൽ സുഗന്ധം
എല്ലാം ശരിയ്ക്കും
അച്ചടക്കത്തോടെ തന്നെ

അടുക്കളയിൽ ഭാര്യയുണ്ട്
കുളിച്ചും കുറിതൊട്ടും വിയർപ്പിൽ പോലും
സിന്ധൂരരേഖ മാഞ്ഞു പോവാതെയും

അവളുണ്ടെങ്കിൽ
അടുക്കള
സ്കൂൾകുട്ടികളെപ്പോലെ അറ്റൻഷനിലാവും

കിടപ്പറയിലുണ്ട്
രാത്രിമണം വറ്റിത്തീരാത്ത
മടക്കിവെച്ച പുതപ്പുകൾ,
അവസാനിക്കാത്ത രതിസുഖത്തിലെന്നപോലെ
കാറ്റിലിളകിയാടുന്നുണ്ട്
ഹാംഗറിൽ തൂക്കിയിട്ട നൈറ്റി,
പൊടിപോലും കടന്നുവരാൻ പേടിയ്ക്കുന്ന
നിശ്ശബ്ദത.
ഒരു നിമിഷം നിന്നാൽ കേൾക്കാം
ഹൃദയമിടിപ്പ് ഒരു നിമിഷത്തീവണ്ടിയായി
കാതടപ്പിച്ച് കടന്നുപോകുന്നത്...
അല്ലെങ്കിൽ കാണാം
വികാരങ്ങൾ വേലിയേറുന്ന
കടലിരമ്പും പാതിരാ...

പഠനമുറിയിലെ ഷെൽഫിലുണ്ട്
പട്ടാളച്ചിട്ടയിൽത്തന്നെ
പഴയതും പുതിയതുമായ പുസ്തകക്കോമ്രേഡുകൾ

സ്വീകരണമുറിയിലുണ്ട്
എന്തുവേണമെന്നൊരു വിനയത്തിൽ
നടുവളച്ചു നിൽക്കുന്ന ഫ്രഞ്ച് സോഫ ,
ചുമരിനോടുമ്മി നിൽക്കുന്ന
പ്ളാസ്മാ സ്ക്രീനുള്ള ലോകസുന്ദരി
അലങ്കാര പുഷ്പങ്ങൾ
ചുമർച്ചിത്രങ്ങൾ
നീലമത്സ്യങ്ങൾ
എല്ലാറ്റിലുമുണ്ട് മൊസാർട്ടിന്റെ ഒരു സിംഫണി.

മുറ്റത്തെ
വെട്ടിനിർത്തിയ വർണ്ണച്ചെടികൾക്കു പോലുമുണ്ട്
യൂണിഫോമിട്ട
ഒരു ഒരുദ്യാനപാലകന്റെ പ്രൗഢി

പക്ഷേ
ഉള്ളിൽ ഒന്നും അടങ്ങിക്കിടക്കില്ല
ജീവനുള്ളതുപോലെ
ചിതറിക്കിടക്കും ചില ഓർമ്മകൾ

എത്ര അടുക്കിയാലും പെറുക്കിയാലും
വേദപുസ്തകത്തിലേയ്ക്ക് കയറിവരും
ഒഡോണിൽ സുഗന്ധം

മാർക്സിന്റെ മൂലധനം
വേലക്കാരി വിറകുകടലാസാക്കി
വെള്ളം തിളപ്പിച്ചിട്ട്
പുറംചട്ടമാത്രം ഷെൽഫിലേയ്ക്ക് മടക്കിവെയ്ക്കും

ഉണരുമ്പോൾ
മുറ്റത്താകെക്കൊഴിഞ്ഞുവീണ്‌ കിടക്കുന്നുണ്ടാകും
ഒരാകാശം മുഴുവൻ ഇലപൊഴിച്ച്...
പഴയ അടുക്കളഭരണിയിൽ നിന്നും
പുറത്തേയ്ക്ക് ചാടി കടുമാങ്ങയുടെ മണം
തൊടിയിലാകെ പരക്കും...
അടിച്ചുമരിൽ നിന്നിളകിവരും
കരിക്കട്ടച്ചിത്രങ്ങൾ,
കിണറ്റുകരയിലുപേക്ഷിച്ച
കരിക്കലത്തുണിയുടെ
ഒറ്റബട്ടണുള്ള കുഞ്ഞുടുപ്പിൽ നിന്നുയരും
ഒരുണ്ണിക്കരച്ചിൽ...
പുറപ്പെട്ടുപോയ വാക്കിൽ നിന്ന്
മടങ്ങി വരും
അർത്ഥങ്ങളെല്ലാം നഷ്ടപ്പെട്ട് ഒരച്ഛൻ...
അന്യന്റെ മണ്ണിൽ
വിയർക്കുന്നൊരമ്മ

എത്ര വൃത്തിയാക്കിയാലും
അണിഞ്ഞുമൊരുങ്ങിയും മെരുങ്ങുകില്ലെന്ന്
കടുമ്പിടുത്തമിട്ടുണ്ട്
ഒരു പഴയവീട് നനഞ്ഞൊലിയ്ക്കുന്നു...

ഇലചൂടിനില്പുണ്ട്
എവിടെയൊക്കെയോ അലഞ്ഞു തിരിഞ്ഞു നടന്ന
ഒരു നാണമില്ലാക്കാറ്റ്
വിശക്കുന്നൂന്ന് ചൂളം വിളിച്ച്...
പനിച്ചു വിറച്ച് വഴിതെറ്റി വരും
ഒരനുജന്റെ ഗതികിട്ടാ സ്വപ്നങ്ങളുടെ
ഉടൽകീറിമുറിച്ച്
ഒരു നിലവിളി

എനിയ്ക്കു വയ്യിനി
ഒന്നുമടുക്കിപ്പെറുക്കി വെയ്ക്കുവാൻ

Friday, November 26, 2010

ചിത്രകഥകളില്‍ വരാനിടയില്ലാത്ത ഒരു രാജാവ്

കവിയാണെന്നറിഞ്ഞിട്ടാണെന്നു
തോന്നുന്നു
അതിപുരാതന
ചിത്രകഥയില്‍ നിന്നൊരു രാജാവ്
എന്നെക്കാണാന്‍ വന്നു.

എവിടെ ചെങ്കോല്‍?
കിരീടം?
സിംഹാസനം?
മൂന്നു ചോദ്യങ്ങളുടെ ചുവടുകൊണ്ട്
അദ്ദേഹം
എനിയ്ക്കു ചുറ്റുമുള്ള
ഈരേഴ് പതിനാല്‌ ലോകങ്ങളുമളന്നു.

എന്റെ
നിശ്ശബ്ദ നിസ്സഹായത കണ്ടിട്ടാവണം
നിരാശനായി
ചിത്രകഥയിലേയ്ക്കു തന്നെ
തിരിച്ചു നടക്കുമ്പോള്‍
അദ്ദേഹം ആത്മഗതം ചെയ്തു:

'ഞാന്‍ വിചാരിച്ചു
നീയൊരു പ്രജാപതിയാണെന്ന്
വര്‍ണ്ണചിത്രകഥകളില്‍
വരാനിടയില്ലാത്ത
ഒരു രാജാവ്'



*മലയാളനാട് വെബ് പോർട്ടലിൽ പ്രസിദ്ധീകരിച്ചത്

Tuesday, November 23, 2010

ഓ! എന്നാ പറയാനാ മറിയാമ്മച്ചേടത്തീ

ഓ!
എന്നാ പറയാനാ മറിയാമ്മച്ചേടത്തീ

പലരും
ചിരിയ്ക്കുവാൻ ശ്രമിക്കുന്നു
പലരും
കരയുവാൻ ശ്രമിക്കുന്നു
പലരും
കോട്ടുവായിടാൻ ശ്രമിക്കുന്നു

ആരും
പൂർണ്ണമായി വിജയിക്കുന്നില്ല
എന്നല്ലാതെ...

ലഹരിമാർഗ്ഗം

സ്ത്രീയ്ക്കു പലതരത്തിലുള്ള പ്രണയങ്ങൾ
പുരുഷന്‌ പലനിറത്തിലുള്ള ബ്രാൻഡുകൾ

സൗന്ദര്യ സന്ധ്യേ ...

കള്ളച്ചൂതിൽ തോറ്റ
സോഷ്യലിസത്തിന്റെ
പെണ്ണിനെ
പണയം പിടിച്ച മുതലാളിത്തമേ
നീ തന്നെ വസനമുരിയുന്നു
വസനമുടുപ്പിക്കുന്നതും നീ തന്നെ..

നീ തന്നെ ദുശ്ശാസനൻ
നീ തന്നെ കൃഷ്ണനും
നീ തന്നെ
നീ തന്നെ മുതലാളിത്ത ചന്തേ

Saturday, November 20, 2010

ആമ(യ)ജീവിതം

ഒരൊളിയിടം തേടിയലയുകയാണു
ഞാൻ
എന്നിൽ നിന്നെന്നെയൊളിയ്ക്കുവാൻ

പ്രണയ സ്വസ്തിക

ഞാൻ
മണ്ണിൽ പിറന്ന
ഖനിജം;
കറുത്തവൻ.

നീ
നിഗൂഢതകളുടെ
മൂടൽ മഞ്ഞുപോലെ
വെളുത്തവൾ

ഞാൻ:
വെറുക്കപ്പെടേണ്ടവയുടെ
പേര്‌ കൊത്തിയ കറുത്ത ശിലാപാളി,
ചെകുത്താന്റെ വിസ്മയ വേദപുസ്തകം
ശൂന്യതയുടെ പാനപാത്രം
നിലംപറ്റി മാത്രം വളരുന്ന വെള്ളരിവള്ളി
ശമനമില്ലാത്ത വികാരങ്ങളുടെ
കാട്ടുതീ
ആഘോഷങ്ങളുടെ കൊടിമരം

നീയോ:
സുന്ദരനിലാവ്‌
തലയുയർത്തിപ്പിടിച്ച
വെളുത്തചിറകുകളുള്ള കൊടുമുടി
സ്ഫടികചഷകത്തിലിട്ട മഞ്ഞുകട്ട
ശാന്തസമുദ്രം പോലെ
ആഴവും പരപ്പും കൊണ്ട്
അപാരതയായവൾ
നിന്റെ അടിത്തട്ടു നിറയെ
പവിഴപ്പുറ്റുകൾ

നമ്മളന്യോന്യ വൈരുദ്ധ്യങ്ങളുടെ
ഉടൽ കെട്ടുപിണഞ്ഞ
രാപ്പകലുകൾ

എങ്കിലും
പ്രണയിയ്ക്കുന്നു നാം
പലയുഗങ്ങളുടെ പാതയോരങ്ങളിൽ
ഒറ്റയൊറ്റയായ മഴമരങ്ങൾക്കു ചുവട്ടിൽ
അരിച്ചരിച്ചെത്തുന്ന തണുപ്പിൽ
നനുനനെയുള്ള മഴയിൽ
കൊഴിയും നിഴൽ മധുരങ്ങളിൽ
ഇരുളും വെളിച്ചവും
കെട്ടുപിണയുന്ന ദിനം പോലെ
അനശ്വരപ്രണയ മിഥുനങ്ങൾ
ഒരിയ്ക്കലും ഒന്നിച്ചുപാർക്കാത്തവർ

ഒരു
പ്രണയ
ദിനസ്വസ്തിക

Wednesday, November 17, 2010

ചില പതിവ്രതകൾ ഭർത്താക്കന്മാരെ വരയ്ക്കുന്നു

ഒന്ന്

സെക്ഷൻ ബി-ടുവിലെ സരസ്വതി
കുറിപ്പെഴുതുന്നതിനിടയിൽ
ബി-ത്രീയിലെ ശാരദയോട് പറഞ്ഞു:
'അദ്ദേഹം ആകെ നരച്ചിട്ടാ
നാല്പത്തിമൂന്നേയുള്ളെങ്കിലും
നാലഞ്ച് വയസെങ്കിലും അധികം തോന്നിപ്പിയ്ക്കും
ഞാനെപ്പോഴും പറയും
ഡൈ ചെയ്യൂന്ന്
കേക്കണ്ടേ മൂപ്പര്‌'

നാലഞ്ചു കസേരകൾക്കപ്പുറം
കരിങ്കാപ്പി പോലെ
കറുകറുത്ത മുടിയുള്ള
നാല്പത്തഞ്ചുകാരൻ
സുകുമാരേട്ടന്റെ ഹൃദയത്തിലേയ്ക്കാണ്‌
സരസ്വതി ഫയലുകൾക്കിടയിലൂടെയിട്ട
ചുവന്ന വര
ഒരു കോരിത്തരിപ്പോടെ
ചെന്നു നിന്നത്

രണ്ട്

അസ്സൈന്മെന്റ് പരിശോധിക്കുന്ന
അലസഗമനങ്ങൾക്കിടയിലാണ്‌
ഒരൊഴിഞ്ഞ കടലാസിൽ
സ്വയംപ്രഭ ടീച്ചറ്
സത്യഭാമ ടീച്ചറെക്കാണിക്കാൻ
ഒരു ചിത്രം വരച്ചത്

'വിശ്വേട്ടന്റെ കഷണ്ടിയിൽ
നെടുകേയും കുറുകേയും ഇടവിട്ടിടവിട്ട്
കറുത്ത വരയിട്ടാൽ
സത്യഭാമയ്ക്ക് ഭൂമിശാസ്ത്രം പഠിപ്പിക്കാൻ
ഒരർദ്ധഗോളമായി...
മുടിഫിക്സ് ചെയ്യാൻ
പതിനായിരം രൂപതരാമെന്ന്
എന്റെ ഡാഡി പറഞ്ഞതാ...
കേൾക്കണ്ടേ വിശ്വട്ടൻ.
ദുരഭിമാനം, അല്ലാണ്ടെന്താ'

ജനലിനപ്പുറത്തുകൂടി ഓടിനടന്ന്
അച്ചടക്കച്ചെടിയ്ക്ക് വെള്ളമൊഴിച്ചും വളമിട്ടും
പരിപാലിയ്ക്കുന്ന
പി.ടി മാഷിന്റെ
തഴച്ച മുടിക്കാടിനുള്ളിൽ
ഒരു നിമിഷം
സ്വയംപ്രഭ ടീച്ചർ
വെറുതേ സ്വപ്നാടകയായി

മൂന്ന്

സ്കൂൾബസ്സിനിയുമെത്തിയിട്ടില്ലല്ലോ
എന്നൊരാധി ചിന്തയിൽ തന്നെ
തറഞ്ഞു കിടക്കുമ്പോഴും
മയൂരയോട് എന്തേലും പറയേണ്ടേന്ന് വിചാരിച്ച്
പലവട്ടം പറഞ്ഞ കാര്യം തന്നെ
മുക്ത പിന്നെയും പറഞ്ഞു:
'കുട്ടിയെ ബസ്സിൽ കേറ്റി വിട്ടിട്ട് വേണം...
ഏട്ടന്‌ ഓഫീസിൽ പോകാൻ വൈകി...
മയൂരകണ്ടിട്ടില്ലേ
അദ്ദേഹം മെലിഞ്ഞൊട്ടി വല്ലാതിരിക്കുന്നത്.
അരസുഖോല്ലാ
പിന്നെന്താ
ഹോർലിക്സും ഡേറ്റ് സിറപ്പും ബദാം പാലും എല്ലാം
ഡൈനിങ്ങ് ടേബിളിൽ തന്നെയിരിയ്ക്കും.
ഒരു സാധനോം തൊട്ടുനോക്കില്ല
അച്ഛനും മക്കളും
ചെന്നിട്ടുവേണം കഴിപ്പിക്കാൻ...

മുക്തയുടെ കള്ളച്ചിരിയ്ക്ക്
മയൂരവെറുതേ മറുചിരി ചിരിക്കുന്നതിനിടയിൽ
ബസ്സെന്താണാവോ
ഇത്രേം വൈകുന്നതെന്നു കൂടിവെളിപ്പെടുന്നതിനിടയിൽ
ഒരുച്ചപ്പടത്തിലെന്നപോലെ
മിന്നിക്കടന്നു പോയ ഫ്ളാറ്റ് വാച്ച് മാൻ
പീതാംബരക്കുറുപ്പിന്റെ
എല്ലുറപ്പുള്ള ബോക്സർ ബോഡി
മുക്തയുടെ മനസ്സിലാകെ
ഒരവ്യക്ത മേഘ വിഷാദം പടർത്തി...
അന്നുമുഴുവൻ ആ ചിത്രം തന്നെ
പലവട്ടം വരച്ച് വരച്ച്
മുക്ത തളർന്നു പോയി

നാല്‌

രാജേട്ടന്റെ വെള്ളമടിയെപ്പറ്റി
സരസ്വതിയോട് പറയുന്നത് കുറച്ചിലല്ലേ
എന്നൊരു ചിത്രം
ശാരദ വരച്ചു മായ്ച്ചതും
പണിയൊന്നുമില്ലാത്ത ഭർത്താവിനെക്കുറിച്ച്
ഇന്നലെ വന്ന സ്വയംപ്രഭ ടീച്ചറോട് പറഞ്ഞ്
സ്വന്തം വിലകളയേണ്ടെന്ന്
സത്യഭാമ ടീച്ചർ
ഒരു പെയിന്റിങ്ങ് ഒളിപ്പിച്ചു വെച്ചതും
സുഭാഷിന്റെ അവിഹിതബന്ധത്തെപ്പറ്റി
മുക്തയോട് പറഞ്ഞാൽപ്പിന്നെ
ഫ്ളാറ്റിലാകെ
സായാഹ്നപത്രമടിച്ചപോലാവുമെന്ന്
കുടുംബചിത്രത്തിൽ നിന്നൊരു കഷ്ണം
മയൂര സെൻസർ ചെയ്തുകളഞ്ഞതും
നമ്മളും
അറിഞ്ഞമട്ട് നടിയ്ക്കണ്ട

എന്നാൽ എതാണ്ടെല്ലാ ചിത്രങ്ങളും തൂക്കിയിട്ട
ഒരാർട്ട് ഗാലറിപോലുള്ള മനസ്സുമായി
ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലേയ്ക്കുള്ള
കമ്പനി വണ്ടി കാത്ത്
വിയർത്തുകുളിച്ചു നിൽക്കുന്ന
മറിയ ജെൻസിനെ
ഏത് തിരക്കിനിടയിലും
കണ്ടില്ലെന്ന് നടിയ്ക്കാനാവില്ല.
ധൃതിപിടിച്ചോടുന്നതിനിടയിൽ
അങ്ങിങ്ങു വീണുപോകുന്ന
അവളുടെ ചായപ്പെൻസിലുകൾ
നമ്മുടെ കാലുകലിൽ വന്നുരുമ്മി നിൽക്കുന്നതും
കാണാതിരിക്കാനാവില്ല...
കൂട്ടുകാരികളില്ലാത്ത അവളും
വണ്ടി കാത്തുനിൽക്കുന്ന
അവളുടെ ഏകാന്തതയും...

Thursday, November 11, 2010

വിശ്വവിഖ്യാതമായ നാക്ക്

കിടക്കാൻ നേരത്ത്
എല്ലാ അവയവങ്ങളും
കൂട്ടിൽ തിരിച്ചു കയറിയ
നായ്ക്കളെപ്പോലെ
അതാതിടങ്ങളിൽ തന്നെയില്ലേ
എന്നു തിരയുകയായിരുന്നു ഞാൻ

പരതിനോക്കുമ്പോൾ
എന്റെ വിശ്വവിഖ്യാതമായ നാവ്
കാണാനില്ല

എവിടെയെവിടെയെന്നൊരാന്തലായി
ഒരു രാത്രി അങ്ങനെതന്നെ
കുത്തിയൊലിച്ചു പോയി
പുലരിവരെ
കണ്ണടയ്ക്കാനാവാതെ...
മിഴിരണ്ടും
ചുവന്ന് ചുവന്ന്....

ഒടുവിൽ
പരാതിയന്വേഷിച്ചു പോയ
പോലീസുകാർ
അതിന്റെ ഒരു തുമ്പ് കിട്ടിയെന്ന് പറഞ്ഞ്
സന്തോഷത്തോടെ തിരിച്ചു വന്നു....
ഏതോ ഒരുവന്റെ
ചെരുപ്പിന്മേൽ
പറ്റിപ്പിടിച്ച്
പതുങ്ങിയിക്കുകയായിരുന്നത്രേ
പാവം
തേഞ്ഞ്...തേഞ്ഞ്....

Saturday, November 6, 2010

മൊട്ടക്കൂണുകൾ

തിളനിലയിലേയ്ക്കെത്താൻ
ഒന്നുരണ്ട് ഡിഗ്രി മാത്രം ബാക്കിയുള്ള
നല്ലവേനൽ പ്രായത്തിൽ
ഉഷ്ണമൊഴിയ്ക്കുവാൻ
പലയിടങ്ങളിലായിരുന്നു കുളി,
പുഴയുടെ പലകടവുകളിൽ
പല കാലടികൾ നനഞ്ഞു കേറിപ്പോകുന്ന
പല പല നേരങ്ങളിൽ


ഏറെപ്പുലർച്ചയ്ക്ക്
കേശവേട്ടന്റെ മോൾ രാധാമണി
എന്റെ സ്വപ്നത്തിൽ നിന്ന്
ഉറക്കച്ചടവോടെ
പടവുകളിറങ്ങി വന്ന്
മേലുടുപ്പുകളഴിച്ചുവെയ്ക്കുമ്പോൾ
താഴത്തെക്കടവിലായിരുന്നു
എന്റെയും കുളി

മരങ്ങൾക്കിടയിലൂടെ നോക്കിയാൽ കാണാം
ശരിയ്ക്കും
ഒറ്റമുണ്ടുടുത്ത് മുങ്ങിനിവരുന്ന പുലരിയെ,
ഇലകൾക്കിടയിലൂടെ
'അമ്പടാ' എന്ന് ചിതറിവീഴുന്ന
പകൽപ്പിശാചിന്റെ വെളിച്ചം
കണ്ണിലേയ്ക്ക്
മൂന്നുകട്ടയുടെ ടോർച്ചടിയ്ക്കും വരെ

വൈകിട്ട്
ശാന്തേച്ചി കുളിയ്ക്കുമ്പോൾ
മേലത്തെക്കടവിലാണ്‌ എന്റേയും കുളി

ജലമേത് ഉടലേതെന്ന്
ഒരത്ഭുതനീരാട്ടമാകും
ശാന്തേച്ചി

ചാഞ്ഞും ചെരിഞ്ഞും
സന്ധ്യയുടെ ചുവന്ന കരവരെ
നീന്തിയെത്തും അവരുടെ തൃഷ്ണകൾ
ഒരല്പവും കിതപ്പറിയാതെ

നിഴലിൽ മുങ്ങിയ
മരക്കൊമ്പിന്റെ പെരുവിരലിലിരുന്നാൽ
ഈറൻ ത്രിസന്ധ്യ
ഉടലിനോടൊട്ടിപ്പോയ വെളിച്ചം പിഴിഞ്ഞ് കളഞ്ഞ്
പടിഞ്ഞാട്ടേയ്ക്ക്
തുള്ളിയും തുളുമ്പിയും മറയുന്നത് കാണാം
ദൂരെദൂരെ മറഞ്ഞാലും
മായാതെ..മായാതെ...

അന്നൊക്കെ
എത്രവട്ടം കുളിച്ചാലും
ശരീരം പിന്നെയും വൃത്തികേടാവുമായിരുന്നു
അന്നൊക്കെ
ഇടവമാസത്തിലെന്ന പോലെ
വിടരാത്ത മൊട്ടക്കൂണുകൾ
ശരീരത്തിൽ ഇടിവെട്ടിമുളച്ചിരുന്നു
തുരുതുരെ...തുരുതുരെ

എഴുതാൻ മറന്ന വാക്ക്...

അവളുടെ ചുണ്ടുകളിൽ
ഞാൻ പതിച്ച
പ്രണയമധുമുദ്രകൾ
മറ്റൊരാളുടെ ഉമിനീരുകൊണ്ട്
കഴുകിക്കളയുകയാണവൾ,
മറവുകളിലെവിടെയോ ഇരുന്ന്
കാറ്റ് ഇതളുകൾ അടർത്തിമാറ്റുന്ന മാതിരി
ചെറുഭയംകൊണ്ട് ഒട്ടൊക്കെ വിറയാർന്ന്...

അവളുടെ ഉടലിന്റെ
വെൺപുറങ്ങളിൽ
ഞാൻ രചിച്ച അരൂപലിപികളിലുള്ള
ഗ്രീഷ്മകവിതകൾ
ഒന്നൊന്നായ് ജലംതൊട്ട് മായ്ച്
അവളെനിയ്ക്ക്
വിശുദ്ധയാക്കപ്പെട്ടവളുടെ
ഒരു വെളുത്ത വസ്ത്രം അയച്ചുതരാൻ മറന്നില്ല,
ഇനിയുള്ള
അവിരാമ ശീതരാത്രികളുടെ
ഏകാന്തതയിൽ
പുതച്ചുറങ്ങുവാൻ.

അതിലവൾ
മറവിയെന്നോ
വെറുപ്പെന്നോ
ഏതോ ഒരു വാക്ക്
എഴുതാൻ മറന്നപോലെ...