Sunday, March 14, 2010

എനിക്ക്‌ പരിചയമുള്ള സ്ത്രീകള്‍

ചില
മരങ്ങളെപ്പോലെയായിരുന്നു
അവര്‍

വളരെ ഉയരമുള്ള
ഓക്കുമരങ്ങളെപ്പോലെ
കാറ്റടിച്ചാല്‍
ബോബ്‌ ചെയ്ത മുടി
ഇടത്തോട്ടും വലത്തോട്ടുമാട്ടി
പച്ചപ്പട്ടുസാരിയുടുത്ത്‌
താഴേയ്ക്കൊന്നുമൊരിക്കലും നോക്കാതെ
മലകളിലേക്കും മേഘങ്ങളിലേക്കും
നോക്കുന്നവര്‍

ചിലരെ
മരമെന്നൊന്നും പറയാനാവില്ല,
ആപ്പിള്‍ച്ചെടിപോലെ
ചുവന്നുതുടുത്ത
ചുണ്ടുകളുണ്ടെങ്കിലും

ചിലരെല്ലാം
പാഴ്മരങ്ങള്‍ പോലെ,
അടുപ്പിക്കുകയേയില്ല.
എപ്പോഴാണ്‌
കൊമ്പൊടിഞ്ഞു വീഴുകയെന്ന്
ആര്‍ക്കും ഭയംതോന്നും.

ചിലര്‍
തമാശക്കാറ്റില്‍
ചിരിച്ചു ചിരിച്ചു തലതല്ലുന്ന
അരയാലുകള്‍
വളരെ വലുതായ്‌ പടര്‍ന്നവര്‍
ചുറ്റിലും
ജീവവായുവിന്റെ
പ്രദക്ഷിണവഴികളുള്ളവര്‍
തീരെ ചെറുപ്പംതോന്നാത്തവര്‍
സൂക്ഷിച്ചു നോക്കിയാല്‍
അമ്മയെക്കാണാവുന്ന കണ്ണാടികള്‍
ഒരവയവം പോലും
പുറത്തേക്ക്‌ തലനീട്ടില്ല
ഇലകളോടൊപ്പം
കളിയും ചിരിയും മാത്രമുള്ള വൃക്ഷങ്ങള്‍

ഒരെണ്ണം
കരിമ്പനപോലെ,
പുറമേക്ക്‌ കടഞ്ഞെടുത്തത്‌
ഉള്ളിലാകെ മധുരവും ലഹരിയും

മറ്റൊന്ന്
നാട്ടുമാവാണ്‌
പടര്‍ന്ന ശാഖകളെത്രയെന്നോ!
വേനല്‍ക്കൊടും ചൂടിലും
വിയര്‍പ്പിന്‌ മദിപ്പിക്കുന്ന മാമ്പൂമണമുണ്ട്‌
ഒരു നാണവുമില്ലാതെ
മാമ്പഴങ്ങള്‍കാട്ടി കൊതിപ്പിക്കും
കുയിലിനെപ്പോലെ പാടും
മഴയത്ത്‌
ഈറനുടുത്തു നില്‍ക്കുമ്പോള്‍
കയ്യിലൊതുങ്ങാത്ത
മാമ്പഴങ്ങള്‍ പൊഴിച്ച്‌
ചുമയും ജലദോഷവും പിടിപ്പിക്കും
എങ്കിലും
കൊമ്പില്‍ നിന്ന് കൊമ്പിലേക്ക്‌
ചവിട്ടിക്കയറിയാല്‍
ആകാശത്തേക്കും
പിന്നെ സ്വര്‍ഗ്ഗലോകത്തേക്കും
കൊണ്ടുപോകും

വേറെ ചിലര്‌
ചേര്‌ മരം പോലെ
മാറിനില്‍ക്കും
വെറുപ്പാണ്
എല്ലാറ്റിനേയും ഭയമാണ്‌
നിഴലൊന്നുമവശേഷിപ്പിക്കാതെ
ഒറ്റക്കൊരിടത്താണ്‌ നില്‍പ്‌.

ആണ്ടറുതികള്‍ക്കു ശേഷം
വേനലും മഴയും മഞ്ഞും വസന്തവും
വന്നുപോയ ശേഷം
എവിടെ വച്ചെങ്കിലും കാണുമ്പോള്‍
ചിലത്‌
തീപ്പെട്ടിക്കൊള്ളിയോ
ശവപ്പെട്ടിയോ ആയിട്ടുണ്ടാവും

ചിലത്‌
ഹോട്ടലിലെ
വലിയ ബില്ലിനോടൊപ്പം
പല്ലിടകുത്താനുള്ള
കൂര്‍ത്ത ഒരവയവമായിട്ടുണ്ടാവും

വീട്ടിലൊരു പീഞ്ഞപ്പെട്ടിയോ
അലമാരയോ
ഓഫീസിലൊരു മേശയോ
കസേരയോ ആയി...

അല്ലെങ്കില്‍
കിടപ്പറയില്‍
കട്ടിലായി മലര്‍ന്നോ
സ്വീകരണമുറിയില്‍
സോഫയായി ചെരിഞ്ഞോ

എവിടെയെങ്കിലും
വാതിലോ ജനലോ ആയി
അടഞ്ഞും തുറന്നുമങ്ങനെ
കഴിയുന്നുണ്ടാവും

വിറകായി
കത്തിയെരിയുന്നുണ്ടാവും

ചിലത്‌
മരമായിത്തന്നെ
കാട്ടിലോ കടലിനപ്പുറത്തോ
കഴിയുന്നുമുണ്ടാവണം

ഏതവസ്ഥയിലും
മരങ്ങളായിത്തന്നെ

Wednesday, March 10, 2010

പഴയ പുസ്തകങ്ങള്‍

ഗ്രന്ഥശാലയിലെ
പ്രായം ചെന്ന പുസ്തകങ്ങള്‍
എത്ര പേര്‍ വായിച്ചുപേക്ഷിച്ചവ.
ഇളകിയാടും പല്ലുകള്‍ പോലെ
കുത്തഴിഞ്ഞ മഞ്ഞച്ച താളുകള്‍...
ജരവീണ്‌
വരവരഞ്ഞ പുറം ചട്ടകള്‍,
തൊണ്ണകാട്ടിച്ചിരിക്കും
നേരമ്പോക്കുകള്‍,
വെള്ളെഴുത്തിന്റെ കട്ടിക്കണ്ണട വെച്ച
മാഞ്ഞുപോയ അക്ഷരങ്ങള്‍ ,
അറയ്ക്കുന്ന വിരലുകള്‍
ചര്‍മ്മം പൊടിഞ്ഞ
പൊടിമണം.

പുസ്തകശാല
വഴിയരുകിലെ വൃദ്ധസദനം

ആരുടെയോ
മുത്തശ്ശന്‍മാരെപ്പോലെ പുസ്തകങ്ങള്‍
റ്റോഫികളും
ചോക്കലേറ്റ്‌ പെട്ടികളുമായി വരുന്ന
കുഞ്ഞുമക്കളെ
കാത്തിരിപ്പുണ്ട്‌.

ഒരു പഴയ പുസ്തകം
എന്നെ ഈ അറയില്‍നിന്ന്
കാറ്റുകൊള്ളാനൊന്ന് മുറ്റത്തേക്കിറക്കൂ
എന്ന് ഞരങ്ങുന്നുണ്ട്‌

റ്റോള്‍ സ്റ്റോയിയുടെ പേരുള്ള
നടു വളഞ്ഞ വിറയ്ക്കുന്ന പുസ്തകം
എന്റെ കണ്ണടയെവിടെയെന്ന്
ആരോടെന്നില്ലാതെ ചോദിക്കുന്നുണ്ട്‌

വഴികാട്ടിയായ ഒരു പുസ്തകം
ഞാനിവിടെ ചാരിവെച്ചിരുന്ന
വടിയെവിടെയെന്ന് ദേഷ്യപ്പെടുന്നുണ്ട്‌.

മറ്റൊന്ന്
അറവാതിലിന്റെ വിടവിലൂടെ
ഓരോശബ്ദവും ശ്രദ്ധാപൂര്‍വം
ചെവിയോര്‍ത്തിരിക്കുകയും
ഇടയ്ക്കിടക്ക്‌
നെടുവീര്‍പ്പിടുകയും ചെയ്യുന്നുണ്ട്‌,

എല്ലാരും
തിരക്കുപിടിച്ച്‌ വായിച്ച ഒരു പുസ്തകം
പെന്‍ഷന്‍കാരുടെ ക്യൂവിലെന്നപോലെ
റാക്കിന്റെ ഒരരുകില്‍
ആരാലും തിരിച്ചറിയപ്പെടാതെ നില്‍പുണ്ട്‌.

വായനമുറിയിലിരുന്ന്
ഏതു പുസ്തകത്തിനും
ഒരവസാനമില്ലേയെന്ന് കരുതി
ചിലര്‍ വായന തുടരുന്നതിനിടയില്‍
ഒരാംബുലന്‍സ്‌ വന്ന് ചിലപുസ്തകങ്ങളെ
ഡിജിറ്റല്‍ ആര്‍ക്വൈസിന്റെ
ഓക്സിജന്‍ മാസ്കിട്ട്‌
പുറത്തേക്ക്‌ കൊണ്ടുപോയി.

അവശേഷിച്ചവ
ആരെയോ പ്രതീക്ഷിച്ച്‌
തലയിണയില്‍ മുഖം ചായ്ച്ച്‌
വെളിയിലേക്ക്‌
കണ്ണുനട്ടിരിക്കുകയായിരുന്നു

അപ്പോഴാണ്‌
തികച്ചും അപ്രതീക്ഷിതമായി
താങ്കള്‍ ഇവിടേക്ക്‌ വന്നത്‌:
പറയൂ
നാട്ടില്‍ എന്തൊക്കെയുണ്ട്‌ വിശേഷങ്ങള്‍?

Friday, March 5, 2010

ഉഭയകക്ഷിചര്‍ച്ച

കാശ്മീര്‍ വിട്ടുതരണമെന്നോ?
പുളിയ്ക്കും.
എന്റെ അച്ഛന്‍
എല്ലുമുറിയെ പണിയെടുത്ത്‌
കഷ്ടപ്പെട്ടുണ്ടാക്കീതാ
അത്‌
നിങ്ങക്ക്‌ കള്ളുകുടിക്കാനും
ധൂര്‍ത്തടിക്കാനും വിട്ടുതരില്ല;
എന്റെ കൊക്കില്‍
ജീവനുള്ളിടത്തോളം കാലം.

ഫ!,
എന്തുപറഞ്ഞെടീ!
സ്ത്രീധനം കിട്ടിയ മുതല്‍
എന്തു ചെയ്യണമെന്ന്
എനിക്കറിയാം.
മിണ്ടാതിരുന്നില്ലെങ്കി
ഒരെണ്ണം
നിന്റെ ഞെഞ്ചത്ത്‌ വെച്ച്‌
പൊട്ടിക്കും,
എന്റെ സ്വഭാവം
നിനക്കറിയില്ല.

പിന്നേ പിന്നേ പൊട്ടിക്കും!
ബോംബ്‌ പൊട്ടിക്കാന്‍ പാകത്തിന്‌
ഞാനിവിടെ
മലര്‍ന്ന് കിടക്ക്വല്ലേ.
പിന്നെ
നിങ്ങടെ സ്വഭാവത്തിന്റെ കാര്യം!
അതു പറയാതിരിക്കുന്നതല്ലേ
മനുഷ്യാ നല്ലത്‌.
ആദ്യം
നിങ്ങളീ അതിര്‍ത്തികടന്നുള്ള
നുഴഞ്ഞു കയറ്റമുണ്ടല്ലോ
അതൊന്നവസാനിപ്പിക്ക്‌
എന്നിട്ടു മതി
ചര്‍ച്ചയും കിര്‍ച്ചയും

പ്രാന്തന്‍ വണ്ടി

ജീവിതം
രണ്ടായ്‌ പിളര്‍ന്നിട്ട
പാളങ്ങളില്‍
നിര്‍ത്താതെ കൂക്കിവിളിച്ച്‌
തലങ്ങും വിലങ്ങും
പായുകയാണ്‌
നീ

വേഗത
കാണുമ്പോഴാണ്‌
തോന്നുന്നത്‌
എന്തൊരു
പ്രാന്താണ്‌ നിനക്ക്‌


(മലയാള കവിതയില്‍ പ്രസിദ്ധീകരിച്ചത്‌)

കവിമാവ്‌

മാവായതുകൊണ്ട്‌
പൂങ്കുലയായും
കണ്ണിമാങ്ങയായും
മാമ്പഴമായും
പലതരത്തില്‍ പൊഴിയണം

കാറ്റിലും
മഴയിലും മഞ്ഞിലും
പൊഴിയണം...

കല്ലേറു കൊണ്ട്‌
കണ്ണു പൊട്ടണം...

വരിയുടയ്ക്കും പോലെ
കണയുള്ള തോട്ടിയിട്ട്‌ പിടിച്ച്‌
ഞെട്ടില്‍ നിന്ന്
മാങ്ങ പൊട്ടിക്കുന്നതിന്റെ
വേദന തിന്നണം...

പിന്നെ കുറേക്കാലം
ഷണ്ഡനായി
ആര്‍ക്കെങ്കിലുമൊക്കെ
വന്നിരിക്കാന്‍ പാകത്തിന്‌
വഴിയോരത്ത്‌
തണലായി നില്‍ക്കണം

(ബൂലോക കവിതയില്‍ പ്രസിദ്ധീകരിച്ചത്‌)