പണ്ട്
ഭഗവതിയൊഴിഞ്ഞുപോയ 
തട്ടിൻപുറത്തായിരുന്നു 
വിപ്ളവകാരികൾ കുടിയിരുത്തപ്പെട്ടത്. 
ഉണ്ടുമുറങ്ങിയും 
പുകച്ചു മുറുക്കിയും 
ഓർമ്മകളയവിറക്കി അയവിറക്കി 
അവരൊളിവുദിനങ്ങളോരോന്നും 
കരണ്ടുതിന്നിരുന്നു.. 
അവിടെത്തന്നെയായിരുന്നു 
കുറിഞ്ഞിപ്പൂച്ച കുഞ്ഞുങ്ങളെ 
പെറ്റുകൂട്ടിയിരുന്നതും; 
പൊലീസുകാരെപ്പോലെ 
ഇരതേടി 
പതുങ്ങിപ്പതുങ്ങി 
നടന്നിരുന്നതും...
അബോധത്തിൽ 
അങ്ങനെയൊരു 
തട്ടിൻപുറമുണ്ടായിരുന്നു
ഒളിച്ചു വെയ്ക്കപ്പെട്ട വിപ്ളവങ്ങളെല്ലാം 
അവിടുത്തെ 
ഇരുൾത്തുരങ്കത്തിലേയ്ക്ക് 
ശ്വാസമടക്കിപ്പിടിച്ച് 
നൂഴ്ന്നുകയറി;
പൊലീസുകാരോ
ഒറ്റുകാരോ
മറ്റു ചെരിപ്പനക്കങ്ങളോ
കാലടിച്ചെത്തങ്ങളോ,
(കൊലുസിന്റേയോ ഞൊറിപ്പാവാടയുടേയോ)
മൃദുകവിതകളോ, 
എതാണേതാണെന്ന് 
മിടിച്ചുകൊണ്ടിരുന്നു കാതുകൾ!
പിന്നെ 
സ്വപ്നജീവികളുടെ വംശവൃക്ഷങ്ങളെയെല്ലാം
കടപുഴക്കി
ചോരക്കനൽക്കാലമൊഴുകി വന്നു...
തട്ടുമ്പുറം 
കൊച്ചുപുസ്തകങ്ങൾ
വായിക്കാനുള്ള ഒരൊളിയിടമായി.
അവിടെയുണ്ടായിരുന്നു, 
'സ്റ്റണ്ട്', 'മേള', 'പൗരദ്ധ്വനി' എന്നിങ്ങനെ
പലതരം രതിമദ്ധ്യാഹ്നങ്ങൾ,
കൈപ്പടങ്ങളിലമർന്ന്
തടിച്ച ചുണ്ടുള്ള സീമയോ
ഉള്ളിലേയ്ക്ക് തുളുമ്പി വീഴുന്ന 
ജയഭാരതിയോ...
പുതിയ വീടുവെച്ചപ്പോൾ 
തട്ടിൻപുറമാകെ 
ഓർമ്മയിലേയ്ക്ക് പൊളിച്ചിട്ടു
കഴിഞ്ഞ ജന്മത്തിൽ നിന്നൊളിച്ചെത്തിയ
ശത്രുക്കൾ!
പുതിയ ബാൽക്കണിയിലിരുന്നു
കാണാം
താഴെ അയൽക്കാരന്റെ വീട്ടിലെ 
കറുത്ത സ്കോഡ
നാക്കു നീട്ടിപ്പിടിച്ച ജർമ്മൻ ഷെപ്പേർഡ്
തടിച്ച കഴുത്തുള്ള വൈഫ്...
റാമ്പിലെന്ന വണ്ണം 
ചെടിച്ചട്ടിയിലാടുന്ന,
വാടാത്ത ഓർക്കിഡുകൾ
വെട്ടിപ്പൊളിച്ചിട്ട തട്ടിൻപുറം 
തലയിലേറ്റി 
വയസ്സെണ്ണി വയസ്സെണ്ണി 
ഒരേയിരിപ്പാണിപ്പോഴും 
ഊഞ്ഞാൽക്കസേരയിൽ 
തട്ടുമ്പുറത്തപ്പൻ
 
 
വെട്ടിപ്പൊളിച്ചിട്ട തട്ടിൻപുറം
ReplyDeleteതലയിലേറ്റി
വയസ്സെണ്ണി വയസ്സെണ്ണി
ഒരേയിരിപ്പാണിപ്പോഴും
ഊഞ്ഞാൽക്കസേരയിൽ
തട്ടുമ്പുറത്തപ്പൻ
രസമായിരിക്കുന്നു, തട്ടുമ്പുറത്തപ്പൻ.
എല്ലാം ഓര്‍മയിലെത്തുന്നു മാഷേ
ReplyDeleteപൗരദ്ധ്വനിയില്‍
സത്താര്‍ ഗുരുജിയില്‍നിറഞ്ഞതും,
ഉണ്ടുമുറങ്ങിയും
പുകച്ചു മുറുക്കിയും
ഓർമ്മകളയവിറക്കി അയവിറക്കി
അവരൊളിവുദിനങ്ങളോരോന്നും
കരണ്ടുതിന്നിരുന്നുതും എല്ലാം.. ..
നന്നായിരിക്കുന്നു മാഷേ, bhaavukangal.
നമ്മുടെയൊക്ക ബാല്യം മുതൽ മധ്യവയസ്സു വരെയുള്ള തട്ടിൽ പുറം മുഴുവനുമുണ്ടിതിൽ. ഭഗവതിയും വിപ്ലവവും,കവിതയും പ്രണയവും രതിമോഹങ്ങളും അതിവിപ്ലവവും, നിരാശയും ... ബാൽക്കണിക്കാഴ്ച്ചകളുടെ മോഹവലയത്തിലേക്ക്.. തട്ടിൻപുറത്തപ്പൻ ഊഞ്ഞാലാടി എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും മണ്ടിമണ്ടി ... ഗംഭീരം ഈ കവിത, എത്ര കാലം അനിൽ അൽപ്പം വരികളിൽ ഒതുക്കി!
ReplyDeleteഗംഭീരം അനിലേ..എന്തായാലും സുദേവന്റെ സിനിമാപ്പേരിനു ഇങ്ങനെ ഒരു സ്പാർക്കുണ്ടാക്കി തീപ്പിടിപ്പിക്കാൻ പറ്റിയല്ലോ...
ReplyDeleteറാമ്പിലെന്ന വണ്ണം
ReplyDeleteചെടിച്ചട്ടിയിലാടുന്ന,
വാടാത്ത ഓർക്കിഡുകൾ....
ഒരുപാടോര്‍മ്മകളുടെ തട്ടിന്‍പുറത്തപ്പന്‍...
പത്തായത്തിന്‍പുറത്തപ്പന്മാരേയും ഓര്‍ത്തു പോവുന്നു.
നല്ല കവിത ,ഇഷ്ടമായി..
ReplyDeleteഓർമയിലേക്കു പൊളിച്ചിട്ട തട്ടുംമ്പുറം.....
ReplyDeleteഇഷ്ടപ്പെട്ടു