വറ്റിയ പുഴയുടെ കരയിൽ
മരിച്ചുപോയവന്റെ മകനെപ്പോലെ
ഒരു മരമുണ്ടായിരുന്നു
ഓരോ ഇലകൾക്കുമിടയിലെ
നിശ്ശബ്ദതയിൽ
സങ്കടങ്ങളടക്കിപ്പിടിച്ച്...
എനിയ്ക്ക്
പുണരണമെന്നുണ്ടായിരുന്നു അതിനെ
നെഞ്ചിനോടു ചേർന്നു നിന്നപ്പോൾ
അതിന്റെയുള്ളിൽ
ഒരു പുഴ
തടംതല്ലി ഇരമ്പിയാർക്കുന്നതു കേട്ടു
ഞാനതിന്റെ
നാട്ടുനെല്ലിക്കാ മണമുള്ള തണൽകുടിച്ച്
മലർന്നു കിടന്ന് നോക്കിയപ്പോൾ
വറ്റിപ്പോയ പുഴ
ആകാശത്ത്
ഗതികിട്ടാതെ പലതിരകളിൽ
പല ചുഴികളിൽ
ചുറ്റിത്തിരിയുകയായിരുന്നു
ഉള്ളിലെ പുഴക്കരയിൽ
വെള്ളത്തിലൊലിച്ചുപോയ
അമ്മയെ നോക്കി
ഒരുണ്ണി
വിതുമ്പി വിതുമ്പിക്കരയുന്നുണ്ടായിരുന്നു...
ഞാനവന്റെ നിലവിളിയാണെന്ന്
ഞാനവന്റെ ഉള്ളിലെ വീർപ്പുമുട്ടലാണെന്ന്
ഞാനവനെ പുഴയിലേയ്ക്ക് തള്ളിയിട്ട്
രക്ഷപ്പെടേണ്ടവനാണെന്ന്
കൈകളിൽ വിറ,
കാലുകളിൽ കനലിലെന്നപോലൊരാവേഗം,
ഹൃദയത്തിൽ പുലി നഖങ്ങളാൽ വരഞ്ഞിട്ട
മുറിവുകളിൽ നിന്നൊഴുകി വരുന്ന
അതിവേഗ ശരഗതിയാർന്ന
ഒരു രക്തനദി
സമയം പലനിറങ്ങളായി
പൊട്ടിയൊഴുകിയ
ഒരത്ഭുതനിമിഷത്തിൽ
വറ്റിപ്പോയ പുഴ
മരിച്ചവരുടെ ഒരരൂപശിഖരമായി
അവനവളെ
കാറ്റെന്നുംകുളിരെന്നും പേരുള്ള
എന്റെയമ്മേയെന്നു വിളിച്ചുകൊണ്ട്
ഇരുളിലേയ്ക്ക്
ഇരുളിലേയ്ക്ക്
പിന്നെയുമിരുളിലേയ്ക്ക്
മുങ്ങാങ്കുഴിയിട്ടു
കുളിരുള്ള കാറ്റിന്റെ രൂപമണിഞ്ഞ
ഒരു പുഴ
ഞാനാണു മോനേ
ഞാനാണു മോനേയെന്ന്
പാലുകിനിഞ്ഞൊഴുകുന്ന മുലകളുമായി
അവനു പിന്നാലെ
തിരക്കിട്ടൊഴുകുവാൻ തുടങ്ങി...
മുങ്ങാങ്കുഴിയിട്ടവനേ
പൊങ്ങി വാ
പൊങ്ങി വായെന്ന്
ഒന്ന്... രണ്ട്... മൂന്ന്...
എന്നിങ്ങനെ
ശ്വാസം വിടാതെ ഞാനിപ്പോഴും
എണ്ണിക്കൊണ്ടേയിരിക്കുന്നു...
raktha nadi kollaam
ReplyDeleteശ്വാസം വിടാതെ ഞാന്‍ എണ്ണികൊണ്ടേയിരിക്കുന്നു..
ReplyDeleteഞാനവനെ പുഴയിലേയ്ക്ക് തള്ളിയിട്ട്
ReplyDeleteരക്ഷപ്പെടേണ്ടവനാണെന്ന്
കൈകളിൽ വിറ,
കാലുകളിൽ കനലിലെന്നപോലൊരാവേഗം,
ഹൃദയത്തിൽ പുലി നഖങ്ങളാൽ വരഞ്ഞിട്ട
മുറിവുകളിൽ നിന്നൊഴുകി വരുന്ന
അതിവേഗ ശരഗതിയാർന്ന
ഒരു രക്തനദി
ഇഷ്ടമായ വരികള്‍
വറ്റിയ പുഴയുടെ കരയിൽ
ReplyDeleteമരിച്ചുപോയവളുടെ മകനെപ്പോലെ
ഒരു മരമുണ്ടായിരുന്നു..
മുന്നോട്ടു വായിച്ചപ്പോൾ എനിക്കിങ്ങനെ തിരുത്തി വായിക്കാനാണു തോന്നുന്നത്. ഒരു പൂർണ്ണതയ്ക്ക്. ശരിയല്ലെങ്കിൽ ക്ഷമിക്കുക.
നല്ലത്. നഷ്ടസ്വർഗ്ഗങ്ങൾക്കുമുൻപിൽനിന്നു നമുക്കെണ്ണിക്കൊണ്ടിരിക്കാം ‘ഒന്ന്, രണ്ട്, മൂന്ന്..’
അന്തർധാനം ചെയ്ത പുഴയുടെ, മരത്തിന്റെ പുറകെ നെഞ്ചിടിപ്പോടെ വരികൾ തിരികെ വരികെന്ന് വാവിട്ടു നിലവിളിച്ചോടുന്ന പോലെ!
ReplyDeleteനല്ലൊരു കവിതയാണിത് ട്ടോ.
ReplyDeleteവല്ലാത്തൊരു കവിത മാഷ്..FB യില്‍ വായിച്ചിരുന്നു..ഏറെ ഇഷ്ടമായി..
ReplyDeleteഅനിലൻ മാഷേ ബ്ലോഗ് മീറ്റ് സ്മരണികയിലേക്ക് ഇഷ്ടപ്പെട്ട കവിത ഒരെണ്ണം തരൂ
ReplyDeleteമനസ്സിരുത്തി പോസ്റ്റുകളെല്ലാം വായിക്കാന്‍ ഞാന്‍ വീണ്ടും വരുന്നുണ്ട്...
ReplyDeleteപുഴകള്‍ വറ്റി തുഴകള്‍ തെറ്റി ഇഴകള്‍ വിട്ട് ജീവിതം
ReplyDeleteOru nilavili pole..
ReplyDeleteവറ്റിയ പുഴയുടെ കരയിൽ
ReplyDeleteമരിച്ചുപോയവന്റെ മകനെപ്പോലെ
ഒരു മരമുണ്ടായിരുന്നു
hoo
വിതുമ്പി വിതുമ്പി...
ReplyDeleteകുറെ നാള്‍ ആയല്ലോ, ഇതുവരെ പൊങ്ങി വന്നില്ലേ...
ReplyDeleteബ്ലോഗ്സ്പോട്ടിനെ അനാഥന്‍ ആക്കിയോ മാഷേ.. ?