Sunday, March 27, 2016

നാം നിലാവിൽ മുങ്ങി മരിക്കുന്നു ..

ചിലപ്പോൾ നിലയില്ലാത്ത കയത്തിലേക്കുള്ള
ഒരുടന്തടിച്ചാട്ടമാണത്..
മരണത്തിനുള്ളിലൂടെ
ഉന്മാദത്തിനുള്ളിലൂടെ
നേർത്ത വരകൾക്കുള്ളിലൂടെ
ഉള്ള
ഒരൊഴുകലാണ്..
പറയാതെ തൊണ്ടയിൽ കുരുങ്ങിപ്പോയ പ്രണയം നാവിനെ ലാവ പോലെ ദ്രവിപ്പിക്കുന്ന തീഷ്ണവേദനയാണ്...
നിരാംലംബയുടെ  രാത്രി നൃത്തമാണ് ...
പക്ഷേ, ഒരാളും അവളുടെ ആത്മാവിലേക്ക് നോക്കുന്നില്ല.

ഞാൻ മടലേറി മരിക്കുന്ന
ഒരു സംഘകാലകാമുകനാണ്...
എൻ്റെ വ്യഥകൾ ചുറ്റിലും
തീ പടരുന്ന കാടാണ്...
എൻ്റെ ദു:ഖം
കപ്പലുകൾ മുങ്ങിത്താഴുന്ന ഒരു സമുദ്ര ഗർത്തമാണ് ...
പക്ഷേ, ഞാനെന്നിട്ടും
ഗർവിഷ്ടനാണ്.
നിൻ്റെ പ്രണയത്തിനു വേണ്ടി കാത്തിരുന്ന് കാത്തിരുന്ന് ഉരുകിത്തീരുന്ന സൂര്യൻ...

കണ്ണീർ വീണ് എൻ്റെ പാനപാത്രം
ലവണ ജലധിയായിരിക്കുന്നു ...
നീ എന്നെ സ്നേഹിക്കാതെ സ്നേഹിക്കുന്നു.
നിൻ്റെ നോട്ടം
ഒരു തുന്നൽ സൂചി പോലെ എന്നെ ഹൃദയത്തോട് ചേർത്ത് തയ്ച്ചു വെച്ചിരിക്കുന്നു ...

രാത്രിയുടെ രഹസ്യമയമായ കീർത്തനങ്ങളോടൊപ്പം
നീ വരുന്നു ..
എനിക്ക് വേണ്ടി നക്ഷത്രങ്ങളെ ചൂടുന്നു ..
പഴയതിനേക്കാളേറെ നിലാവ് പൊഴിക്കുന്നു ...
അതിലേറെ ചന്ദനവാഹിയായ കാറ്റായി മാറുന്നു ...
മാറിടങ്ങളിൽ ചുവന്ന മുന്തിരിപ്പഴങ്ങളും
മണക്കുന്ന മാമ്പഴങ്ങളും വഹിക്കുന്നു ..

നിൻ്റെ വിരക്തമായ ചുണ്ടുകളിൽ ഞാനുമ്മ വെക്കുന്നു ...
പെട്ടെന്നവ കരയ്ക്കു പിടിച്ചിട്ട മത്സ്യങ്ങളാകുന്നു..
അവ പിടയ്ക്കുന്നു ...
ത്രസിക്കുന്ന രക്തം കൊണ്ട് അതിൻ്റെ കലകൾ സ്പന്ദിക്കുന്നു ...
നിൻ്റെ മുടിക്കെട്ടിൽ
രാത്രിയെ ഊതിക്കെടുത്തുന്നു ...
നിൻ്റെ നാഭിയിൽ നിന്നു തിര വളയങ്ങളിട്ട  വെളിച്ചം കുടിക്കുന്നു ..
നിൻ്റെ വിരലുകളുടെ അറ്റത്ത്
ഉമ്മ വെക്കുന്നു ...
നിൻ്റെ നഖങ്ങളെ തൊടുന്നു ...
നിന്നെത്തന്നെ തൊടുന്നു ...
ഒരു പകലിൻ്റെ ഇളം ചൂടിനെ ശരീരത്തിലേക്ക് ഒഴുകി വിടുന്നു ...
നിന്നിലേക്ക് കയറി വരുവാൻ ഒരു വാതിൽ കണ്ടെത്തുന്നു ..
ഒടുവിൽ
ഏറ്റവും പ്രേമാർദ്രയായി
നീ എന്നെ ഉള്ളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു ...
ജാലകങ്ങളുടെ തിരശ്ശീല മാറ്റി നമുക്കിടയിലേക്ക് നിലാവ് ഒഴുകി വരുവാനുള്ള പാളികൾ തുറക്കുന്നു ...

നമ്മുടെ ശരീരങ്ങൾ
നിലാവു കൊണ്ട് നനയുന്നു ....