Saturday, October 29, 2011

ട്രാഫിക്

നമ്മൾ
രണ്ടു വാഹനങ്ങളാണ്.
കുത്തിയൊലിയ്ക്കുന്ന തിരക്കുകൾക്കിടയിൽ
നാമിനിയും
പലവട്ടം കണ്ടുമുട്ടേണ്ടി വരും

എന്നെ ഞാനോ
നിന്നെ നീയോ അല്ല
നയിക്കുന്നതെങ്കിലും
കണ്ടുമുട്ടുകയോ
ഒഴിഞ്ഞുമാറുകയോ
പിന്തുടരുകയോ ചെയ്യുന്നത്
എപ്പോഴും
നമ്മൾ തന്നെയാണെന്നോർക്കുക

നിന്റെ ഒരു ചൂളമടിയിൽ
എനിയ്ക്കു കാതോർക്കാതെ വയ്യ

ഏതു തിരക്കിലും
നിന്റെ ശബ്ദം,
നിന്റെ പുകമണം,
നിന്റെ കിതപ്പ്
എന്റെ മുന്നിലോ പിന്നിലോ
അരികിലോ വന്നു നിൽക്കും

നിയമത്തിന്റെ കനത്ത പെൻസിലു കൊണ്ട്
അമർത്തിയമർത്തിക്കറുപ്പിച്ച
ഒരു പാതയിലൂടെയാണ്
നാം വഴിതെറ്റാതെ,വരിതെറ്റാതെ
സിഗ്നലുകൾക്കൊത്ത്
ഓടിക്കൊണ്ടേയിരിക്കുന്നത്

വളവുതിരിവുകളിൽ
നാം മുന്നിലും പിന്നിലുമായി
പലവട്ടം
അറിയാതെ കടന്നു പോയിട്ടുണ്ട്

നിന്റെ ഭ്രാന്തമായ ഹൃദയവേഗങ്ങളോട്
ഭയന്ന ശബ്ദത്തിൽ ഞാൻ
അരുതെന്നു ചിലനേരങ്ങളിൽ
വിലക്കിയിട്ടുമുണ്ട്

ഒരിക്കൽ നാം
അശ്രദ്ധമായ
ഒരു നിയമലംഘനത്തിൽ പെട്ട്
കൂട്ടിയിടിയ്ക്കും.
അതുവരെ നമ്മൾ രണ്ടു വാഹനങ്ങളാണ്;
തിരക്കുകൾക്കിടയിൽ
ഒഴിഞ്ഞൊഴുഞ്ഞുപോകുന്ന
രണ്ടപകടങ്ങൾ.

Tuesday, October 25, 2011

എന്റെ ഒരു പ്രത്യേകത

പച്ചമാങ്ങയെന്നു കേൾക്കുമ്പോൾ
എന്റെ വായിൽ
പുളിരസമുള്ള ഉമിനീരൂറിവരും

പച്ചമാങ്ങ എന്ന വാക്കിനും
പച്ചമാങ്ങയെപ്പോലെ തന്നെ പുളിയുണ്ടോ
എന്നാലോചിച്ചിരിക്കും ഒരു വേള

മാങ്ങയെന്നു കേൾക്കുമ്പോൾ
പുളിയ്ക്കുന്നത് എന്റെ പല്ലിലും
എന്റെ നാവിലും
എന്റെ വായിലുമാണല്ലോ

അപ്പോൾ ഞാനെങ്ങാനുമില്ലാതായാൽ
പച്ചമാങ്ങയെന്ന വാക്കിന്റെ
പുളിയും എന്നോടൊപ്പമില്ലാതാകുമല്ലോ

നോക്കണേ കൂട്ടുകാരാ
എന്റെയൊരു പ്രത്യേകത!