Monday, September 27, 2010

ഒറ്റപ്പെടൽ

ഭ്രാന്തന്മാർക്ക്
ചേർന്നതല്ല
എന്റെ ചേഷ്ടകളെന്നാരോപിച്ച്
അവരെന്നെ
ഭ്രാന്താശുപത്രിയിൽ നിന്ന്
പുറത്താക്കി.

തിരിച്ച് കയറാതിരിക്കാൻ
തിരിയുന്ന വാളുകളുമായി
ഒരു കെരൂബിനെ
കാവലിനും വെച്ചു.

കുറ്റവാളിയാകാൻ
യോഗ്യനല്ലെന്ന്
പറഞ്ഞ്
നിങ്ങളുമെന്നെ പുറത്താക്കരുത്
പ്ലീസ്!

എന്റെ ഒരു കാര്യം!

എന്റെ കാര്യങ്ങളുടെ
ജനലിലൂടെയാണ്‌
പെണ്ണേ
ഞാൻ
നിന്റെ കാര്യങ്ങളുടെ
മുറിയിലേയ്ക്കെത്തിനോക്കുന്നത്

ജാരഗുളിക

ഉം?
എന്താ
പനിയുണ്ടെന്നോ

ഞാൻ
നിനക്ക്
കവിതയുടെ
ഒരു ഗുളിക തരാം

നാലാഴ്ച
പിന്നെ
അവളെ കണ്ടതേയില്ല.

വീണ്ടും
കണ്ടപ്പോൾ
അവൾ പറഞ്ഞു

എന്റെ മാഷേ
അബോർഷനായിപ്പോയി
വല്ലാത്ത ചതിതന്നെ!

Saturday, September 18, 2010

ഒരു ഭയകവിത

നാല്പതുകടന്നാൽ
കണ്ണാടിയിൽ നോക്കാൻ
ഭയമാണ്‌.

ഋതുക്കൾ
വെൺ ചായം കൊണ്ടെഴുതിത്തുടങ്ങും
ശിരസിൽ
പുരാതനലിപികളിൽ
ഒരു ഭയ കവിത.

ആരോ
നെറ്റിയിൽ വരച്ചിടും
അഞ്ചുവരകൾ കൊണ്ടൊരു
തടവറ .

കണ്ണാടിയിലിരുന്ന്
ഇരപിടിക്കുന്ന വേട്ടക്കാരനപ്പോൾ
ഒരസ്ത്രം തൊടുക്കും;
ഹൃദയത്തിനുള്ളിൽ
ഒരു മുയൽ
മുറിവേറ്റ് പിടയും.

ആധിപൂണ്ട മനസ്സ്
കണ്ണാടിക്കണ്ണുകൾക്ക് നേരെ
കൈപ്പടങ്ങൾ ഉയർത്തിപ്പിടിച്ച്
അരുതരുതേയെന്ന്
തേങ്ങും.

രക്തം
എല്ലാ പരിധികളും ലംഘിച്ച്
തിളനിലയിലേയ്ക്ക് വെന്തുയരും.

തൊണ്ടയിൽ മുഴയായോ
നെഞ്ചിൽ വേദനയായോ
മൂത്രനാളത്തിൽ കടച്ചിലായോ
വേഷം കെട്ടിവരുന്ന അസ്വസ്ഥതകളാൽ
പ്രേതബാധിതമായിത്തീരും
വിചാരങ്ങളുടെ
കൊട്ടാരക്കെട്ടുകൾ.

ഉൽക്കണ്ഠകളുടെ
ഒരു വിക്ഷുബ്ധസമുദ്രം
ഉള്ളിലെ ഭൂപടങ്ങളുടെ അതിരുകൾ കവിഞ്ഞ്
പുറത്തേയ്ക്കൊഴുകിപ്പരക്കും.

സ്വപ്നങ്ങൾക്കെല്ലാം
ഒരേസമയംതന്നെ
ഭ്രാന്ത് പിടിയ്ക്കും.

ഒരപ്രതീക്ഷിത സ്ഫോടനത്തിൽ
ചിതറിത്തെറിയ്ക്കും
വിശ്വാസങ്ങളുടെ
ഏഴുനിലമാളികകൾ

ഉള്ളിന്റെയുള്ളിലെ
കൊടുങ്കാട്ടിൽ നിന്ന്
അപ്പോളിറങ്ങിവരും
സിംഹാസനത്തിലേയ്ക്ക് കണ്ണയച്ച്
മുൻപ് കണ്ടിട്ടേയില്ലാത്ത
ഒരു കുറുക്കൻ-
ദിക്കറിയാതെ കരഞ്ഞുഴറുന്ന
കാമത്തിന്റെ കഴുത-
മയക്ക് വെടിയേറ്റ്,
മദപ്പാട് മാഞ്ഞ്,
ക്ഷീണരൂപിയായി,
സമാധാനത്തിന്റെ പ്രാവിനെത്തിടമ്പേറ്റിയൊരു
കൊമ്പനാന.

അപ്പോഴും ഉള്ളിലിഴയും
മടിയോ വിരസതയോ ഇല്ലാതെ
എങ്ങെങ്ങുമെത്താത്ത
വഴുവഴുപ്പാർന്ന
ആർത്തികളുടെ ഒരൊച്ച്.

നാല്പതുകഴിഞ്ഞാൽ
കണ്ണാടി നോക്കാൻ ഭയമാണ്‌,
വിഹ്വലമാകും
പ്രാണഞരമ്പുകളപ്പോൾ.

ശിരസിൽ തെളിയും
പുരാതന വെൺ ലിപികളിൽ
കറുത്ത കിരീടവും
ദംഷ്ട്രകളുമണിഞ്ഞ്
ഒരു ഭയകവിത.

Sunday, September 5, 2010

ചരിത്രബോധം

ഒരു യുദ്ധത്തിനും
സാക്ഷിയായിട്ടില്ല.
ഒരു സൈനികൻ പോലും
വെടിയേറ്റു മരിക്കുന്നത് കണ്ടിട്ടില്ല.
ബോംബ് പൊട്ടുന്നതിന്റെ
ഭീകരശബ്ദവും കേട്ടിട്ടില്ല.
ഒരു വെടിയുണ്ടയേയും
വഴിതെറ്റിപ്പോലും
അഭിമുഖീകരിച്ചിട്ടില്ല.

എന്നിട്ടും
യുദ്ധമെന്നു കേൾക്കുമ്പോൾ
അരയാൽച്ചെടിയായി
പേടിച്ചു വിറയ്ക്കും ഞാൻ.

തീരെ കോൺസെൻട്രേഷനില്ലാത്ത
മണ്ടന്മാരേയും തെമ്മാടികളേയും
അകത്തിട്ടടച്ച
കോൺസെൻട്രേഷൻ ക്യാമ്പിന്റെ
വാതിലിനു മുൻപിൽ
ചൂരൽവടിയുമായി
ദമോദരൻ മാഷിന്റെ രൂപത്തിൽ
ഹിറ്റ്ലർ പ്രത്യക്ഷപ്പെടും

രണ്ടാം ലോകമഹായുദ്ധത്തിന്റെ
പ്രത്യക്ഷകാരണങ്ങളും
പരോക്ഷകാരണങ്ങളും
എന്തെല്ലാമെന്ന്
ശ്വാസം മുട്ടിക്കുന്ന വിഷവാതകം
മുറിയിലേയ്ക്ക് തുറന്നുവിടും.

ഉത്തരമില്ല
ആർക്കും ഉത്തരമില്ല

കരയ്ക്ക് പിടിച്ചിട്ട
മീനുകളെപ്പോലെ
ശ്വാസംകിട്ടാതെ പിടയും
മണ്ടന്മാർ.

മീൻ കുട്ടയുടേയോ
വിയർപ്പിന്റെയോ
വർക്ക്ഷോപ്പിലെ ഗ്രീസിന്റെയോ
മണമുള്ള
ജൂതന്മാരും ക്രിസ്ത്യാനികളും
കമ്യൂണിസ്റ്റുകളും
അവിടെ അടിയും വെടിയുമേറ്റ്
പിടഞ്ഞുവീഴും

പക്ഷേ
ഒരാളും മരിച്ചതായി അറിവില്ല.

എന്നിട്ടും
യുദ്ധമെന്നു കേൾക്കുമ്പോൾ
ഒരരയാൽച്ചെടിയായി
പേടിച്ചു വിറയ്ക്കും ഞാൻ

ഇനിയുമൊരു യുദ്ധമുണ്ടാകരുതേയെന്ന്
മനമുരുകിപ്രാർത്ഥിയ്ക്കും
ഞങ്ങൾ X-E ലെ മണ്ടന്മാർ

മൂന്നാമതൊരു
ലോകമഹായുദ്ധമുണ്ടായാലും
ഞങ്ങൾക്കൊരു പ്രശ്നവുമില്ലെന്ന്
നല്ല കൂളായിരിക്കും
തൊട്ടപ്പുറത്തെ ഡിവിഷനിലെ
ബുദ്ധിമാന്മാർ