Friday, June 25, 2010

ഞാനെന്നൊരുത്തൻ

പോകുന്നവരേ
ഒന്നു ശ്രദ്ധിക്കണേ,
ഞാനെന്നൊരുത്തനെ
വഴിയിലെവിടെയെങ്കിലും
കണ്ടാൽ
അവനെയും കാത്ത്
ഒരുവനിവിടെയിരുന്ന്
വല്ലാതെ മുഷിയുന്നുണ്ടെന്ന്
ഒന്നു പറഞ്ഞറിയിക്കണേ

ചന്തയിലാണെങ്കിൽ
ഗുണ്ടകളോടൊപ്പം
വാതു വെയ്ക്കുകയോ
വാളെടുക്കുകയോ
ആവണം

നേതാക്കളോടൊപ്പമാണെങ്കിൽ
പുച്ഛത്തോടെ
കാലിന്മേൽ കാലേറ്റി
ഇരിക്കുന്നുണ്ടാവും.

ബുദ്ധിജീവികൾക്കിടയിലാണെങ്കിൽ
ഉച്ചത്തിലുച്ചത്തിൽ
സംസാരിക്കും

കവികളോടൊപ്പമാണെങ്കിലോ
മൗനം പൂണ്ട്
ഗൗരവത്തിന്റെ നിഴൽ കൊണ്ടൊരു
മറയിട്ട്
ഗൂഢത നടിച്ച്
നിൽക്കും

കൂട്ടുകാർക്കിടയിലാണെങ്കിൽ
ആരെയെങ്കിലും
പരിഹസിച്ച്
ചിരിക്കുകയാവും

ചിലപ്പോൾ
പ്രിയതമയോടൊപ്പം
ആണൊരുത്തനാണെന്ന മട്ടിൽ
ഞെളിഞ്ഞ് നിവർന്ന്
നടക്കുകയാവും

മറ്റൊരുത്തിയോടൊപ്പമാണെങ്കിൽ
പാലിലിട്ടപഞ്ചസാരയായി
അവളിൽ തന്നെ
അലിഞ്ഞുപോയിട്ടുണ്ടാവും

അതുകൊണ്ട്
പോകുന്നവരേ
ഒന്നു ശ്രദ്ധിക്കണേ

അവന്റെ ചെകിട്ടത്ത്
ഒന്നു കൊടുത്തിട്ട്
ഇവിടെയൊരാൾ
ഇപ്പോ വരാമെന്നു പറഞ്ഞുപോയ
അവനെയും കാത്തിരിക്കാൻ തുടങ്ങിയിട്ട്
മണിക്കൂറ്‌ കുറേയായെന്ന്
ഒന്നു പറഞ്ഞറിയിക്കണേ

Saturday, June 19, 2010

ചായമിടാത്ത മനസ്

ഒരു മുന്നറിയിപ്പുമില്ലാതെ
പെട്ടെന്നു തകർന്നടിയുന്ന
പുരാതന
നഗരം
പോലെയാണ്‌
ഭ്രാന്ത്

സമയം നഷ്ടപ്പെട്ട
തകർന്ന ഘടികാരമായും
ചിലപ്പോളത്
ഇളകി
ഉള്ളിലേക്കു മറിഞ്ഞു വീഴും

കനത്ത
മഴച്ചുരുളുകൾക്കപ്പുറത്തുനിന്ന്
മരങ്ങൾക്കിടയിലൂടെ
ദ്രുതം ദ്രുതമെന്ന്
കാലിട്ടടിക്കുന്ന കാറ്റുപോലെ
അത്
നെറ്റിയിലെ
അദൃശ്യമായ സുഷിരത്തിലൂടെ
തണുപ്പിന്റെ
കൂർത്ത സൂചികളൂമായി
ഉള്ളിലേക്കടിച്ചു കയറും

ശിരസിന്റെ പിൻമടക്കുകളിൽ
കനത്ത ബൂട്ടിട്ട് ചവിട്ടും,
ആത്മനിന്ദയുടെ
പൊലീസുകാർ.

നിലവിളിക്കുമ്പോൾ
ഇരുമ്പുപാളികളിട്ടടച്ച മുറി
നടുങ്ങുന്നതും
ചുമരുകൾ ശ്വാസം കിട്ടാതെ
സ്തംഭിക്കുന്നതും
തറയോടുകളുടെ ശിരസ്സുകൾ
പൊളിയുന്നതും
അറിയാമെനിയ്ക്ക്.

പിന്നെ
ഭ്രാന്ത് പുഴുക്കളെപ്പോലെയാകും
ചില നേരങ്ങളിൽ;
എത്ര ഇഴഞ്ഞാലും
അതൊരിടത്തും
എത്തിച്ചേരുകയില്ല.

അകംപുറം മറിച്ചിട്ട
ഒരറവുമാടിന്റെ
ഉരിഞ്ഞെടുത്ത തൊലി പോലെ
ചോരയിറ്റുന്നഭ്രാന്ത്
എന്നെ മുറിയുടെ
ഒരു മൂലയിലെവിടെയെങ്കിലും
ചുരുട്ടിക്കൂട്ടിയിടും

അപ്പോഴൊക്കെ വിചാരിച്ചിട്ടുണ്ട്:

ഞാൻ എന്നെത്തന്നെ
വിചാരണചെയ്യുന്ന
കണ്ണാടിയുടെ
കോടതിക്കുള്ളിൽ കടന്ന്
പൊട്ടിത്തെറിക്കുന്ന
ഒരു ചാവേറാവണമെന്ന്

എന്നെത്തന്നെ
രണ്ടോ നാലോ ആയി
ഛേദിച്ചിട്ടൊരു
വിരുന്നുമേശ ഒരുക്കണമെന്ന്

എങ്ങനെയെങ്കിലും
അവളുടെ ഹൃദയത്തിനുള്ളിൽ കടന്ന്
സ്നേഹത്തിന്റെ
എല്ലാ രഹസ്യരേഖകളും
മോഷ്ടിക്കണമെന്ന്

വഞ്ചനയുടെ
എല്ലാമുറിവുകളും തുറന്നു വെച്ച്
ഈച്ചകൾക്കുള്ള ആഹാരമാകണമെന്ന്

Sunday, June 6, 2010

മുപ്പത്തഞ്ചിൽ ഒരു ചന്ദ്രിക

മുപ്പത്തഞ്ചിന്റെ സമ്മർദ്ദം
അണപൊട്ടിയപ്പോൾ
ചന്ദ്രിക വാങ്ങീ
പുത്തനാമൊരു മൊബൈൽ ഫോൺ
ചുവന്നതുദ്ധൃതം.

( എന്തുവന്നാലും
എനിയ്ക്കാസ്വദിക്കണം
മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതം
എന്നൊരു റിങ്ങ് ടോൺ)

ഇടയ്ക്കിടക്കവൾ
ചുണ്ടോടു ചേർത്തുപകർന്നൂ
വികാരവിവശം
വാക്കുകൾ ,
ഉമിനീർ,
നിശ്വാസങ്ങൾ,
അടക്കം പറച്ചിലുകൾ :
മൊബൈൽ സംഭോഗ-
രതിസുഖ സീൽ ക്കാരങ്ങൾ.

മാറിമാറി
ചെവിയിൽ വെച്ചവൾ കേട്ടൂ
സ്നേഹത്തിന്റെ ബീജങ്ങൾ
നീന്തിത്തുടിക്കുന്ന
കടലിന്റെ ആരവങ്ങൾ.

ത്രസിച്ചു വിവശമായുടൽ
അണിയിച്ചൊരുക്കീ പുരികങ്ങൾ
ചായമിട്ടണിയിച്ചു ചുണ്ടുകൾ
ശരീര മാളികയാകെയും
കസ്തൂരി ജലധാരയിൽ
കഴുകിത്തുടച്ചിട്ടു.

തന്നോടൊപ്പം
കൂടെക്കൊണ്ടുപോയ്ക്കാണിച്ചു
നഗരം,തുണിക്കട
സിനിമാ-ഭക്ഷണശാലകൾ,
അടുക്കള ,ബാല്ക്കണി ഒക്കെയും

ഉറങ്ങുമ്പോൾ
നെഞ്ചിലോ തലയോടു ചേർത്തോ
വിശ്വസ്തതയോടെ
കൂടെക്കിടത്തി.


അപ്പോഴും
മുറിയിലൊരു മൂലയിലുണ്ട്
പഴയ ലാന്റ്ഫോൺ,
കൂടെക്കൊണ്ടുനടക്കാൻ കൊള്ളാത്ത
മദ്ധ്യവയസ്കനെപ്പോലെ,
ആരുകണ്ടാലും
ആരാണച്ഛനാണോ
എന്നു ചോദിപ്പിക്കും വിധം
നരച്ച് ചാരനിറമാണ്ട്.

വല്ലപ്പോഴും മാത്രം
ഞെട്ടിയുണർന്ന്
വിഫലരതിപോലെ ഗർജ്ജിച്ചും
പിന്നെ വാടിത്തളർന്ന്
ഭൂതകാലത്തിന്റെ
മണികിലുക്കങ്ങൾ മാത്രം ശ്രവിച്ചും
പഴയതെല്ലാം പിന്നെയും സ്രവിപ്പിച്ചും
ഒട്ടും റൊമാന്റിക്കല്ലാത്ത
ഒരു യന്ത്രമായി.

റെയ്ഞ്ചില്ലാത്തപ്പോൾ മാത്രം
മടിച്ചു മടിച്ചു
കൈയ്യിലെടുത്ത്
പലതും പറഞ്ഞ്
കളിപ്പിക്കാനൊരെണ്ണമായി