മുറ്റത്തേയ്ക്കു നോക്കി
പൂക്കളെ വരയ്ക്കുവാനുള്ള
ഒരു സൂക്ഷ്മജാഗ്രതയിലായിരുന്നു
ഞാൻ
ഇതളുകളുടെ
അതിസൂക്ഷ്മമായ അരികുകൾ
അവളുടെ
നനുത്ത കവിൾരോമങ്ങൾ പോലെ
വാൻഗോഖിന്റെ പൂക്കളിൽ നിന്ന്
ഓർമ്മകളിൽ നിന്ന്
അവന്റെ മുറിച്ചെവിയിൽ നിന്ന്
രക്തം പഴുത്ത
അനന്തമായ മഞ്ഞ വർണ്ണങ്ങളിൽ നിന്ന്
എന്റെ ബോധത്തിലേക്ക്
മടങ്ങി വരുമ്പോഴേയ്ക്കും
ഒരു പറവ
എന്റെ ബ്രഷും
ജലച്ചായങ്ങളും
കൊത്തിയെടുത്ത്
പറന്നു പോയിരുന്നു..
പടിഞ്ഞാറൊരു
ക്യാൻവാസ് വിടർത്തിക്കെട്ടി
ഇതൾ വിരിച്ചിട്ട സൂര്യകാന്തിപ്പൂക്കൾ കൊണ്ട്
അതിലൊരു ചിത്രം വരച്ചിട്ടു.
പടിഞ്ഞാറെപ്പാടത്ത്
സൂര്യകാന്തിപ്പൂക്കൾക്കു മീതെ
ഞാനെന്റെ സൂര്യന്റെ ചോരച്ചെവി
കടല്പ്പാത്രത്തിലേയ്ക്കു
മുറിച്ചിട്ടു
നിനക്കറിയാമോ
നിന്നെ ഞാൻ അത്രമേലനുരാഗിയായി
പ്രണയിച്ച പോലെ
മറ്റൊരാളും പ്രണയിച്ചിട്ടുണ്ടാവില്ല
മുറിച്ചിട്ടത് ചെവികളല്ല,
നിന്റെ നൂറുനൂറു ചിത്രങ്ങൾ വരച്ചിട്ടും
മതിവരാത്ത
ഹൃദയത്തിന്റെ വിരലുകളാണ്
ഇറ്റുവീണ രക്തം കൊണ്ട്
ഞാൻ നിനക്ക്
ഒരു വിശുദ്ധപ്രണയവും
മറവികളില്ലാത്ത കാലത്തിലേയ്ക്കുള്ള
വഴിയടയാളങ്ങളുമിടുന്നു
"ഇറ്റുവീണ രക്തം കൊണ്ട്
ReplyDeleteഞാൻ നിനക്ക്
ഒരു വിശുദ്ധപ്രണയവും
മറവികളില്ലാത്ത കാലത്തിലേയ്ക്കുള്ള
വഴിയടയാളങ്ങളുമിടുന്നു"
നല്ല വരികള്‍...........
തുടക്കത്തെക്കാള്‍ മനോഹരമായി ഒടുക്കം.ഭാവുകങ്ങള്‍.
ReplyDeleteഅനിലന്‍മാഷേ നല്ല കവിത..
ReplyDeleteപ്രണയത്തിന്റെ ചുവപ്പിറ്റു വീഴുന്ന കവിത.
ReplyDeleteഇന്നലെ നമ്മൾ പിരിഞ്ഞ ശേഷം എഴുതിയതാണോ..!അങ്ങനെയെങ്കിൽ ഞാനെന്റെ മൂക്കിവിടെ മുറിച്ചിടുന്നു..രക്തഗന്ധമുള്ള പ്രണയത്തിന്റെ ലഹരിയിൽ..വാൻഗോഗിനു ചിയേഴ്സ്..!
ReplyDeleteഒരു പ്രണയത്തെ ഇതാ എന്നെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു ..................:)
ReplyDeleteകാലത്തിന്റെ കുത്തൊഴുക്കില്‍ കൈമോശം വന്നുപോയ തീവ്ര പ്രണയത്തിന്റെ അടയാളപ്പെടുത്തല്‍.ഭംഗിയായി.ഭാവുകങ്ങള്‍.
ReplyDeleteനന്ദി, സുഹൃത്തുക്കളേ... നിരഞ്ജൻ സാബ്, കവിത കുറച്ചുനാൾ മുൻപെഴുതിയതാണ്... വെറുതേ മൂക്കുമുറിച്ച് മുറിമൂക്കനെന്ന് പേരു ദോഷം വരുത്തല്ലേ!
ReplyDeleteഇതളുകളുടെ
ReplyDeleteഅതിസൂക്ഷ്മമായ അരികുകൾ
അവളുടെ
നനുത്ത കവിൾരോമങ്ങൾ പോലെ
സൂക്ഷ്മം. മനോഹരകവിത.
വാൻഗോഗിന്റെ പ്രണയത്തിനു മുകളിൽ ഉദിച്ച ചെവിയില്ലാത്ത ചുവന്ന സൂര്യൻ.
ReplyDeleteആശംസകൾ.
പറവ കൊത്തിയെടുത്തോ, കഷ്ടം. പ്രണയത്തിന് ഹൃദയത്തിന്റെ വിരലുകൾ നൽകിയവനേ, നന്ദി.
ReplyDelete