Wednesday, September 7, 2011

സ്വപ്നശിശു

എന്റെ സ്വപ്നങ്ങൾ
ഇപ്പോഴും
വിരലീമ്പുന്ന പ്രായം കടന്നിട്ടില്ല

കിടക്കയിൽക്കിടന്ന്
മൂത്രമൊഴിച്ചും
അപ്പിയിട്ടും
അതിപ്പോഴും പരിസരമാകെ നാറ്റിയ്ക്കും

കട്ടിലിൽ നിന്ന്
ഏതോ
ഒരദൃശ്യ ചിത്രശലഭത്തെപ്പിടിക്കാനാഞ്ഞ്
നിരങ്ങിനിരങ്ങിപ്പോയി
തലയടിച്ച് താഴെ വീഴും.
പിന്നെ നിർത്താതെ
കരഞ്ഞുകൊണ്ടിരിയ്ക്കും
ചന്നം പിന്നമെന്നൊരു
പിഞ്ചുമഴ.

പണ്ടാരടങ്ങാൻ
ഒരു സ്വൈര്യവും തരില്ലെന്ന്
വായിലേയ്ക്ക് തിരുകുന്ന മുലക്കണ്ണീമ്പി
കണ്ണുപാതിയടച്ചങ്ങനെ
നിദ്രയുടെ കളിത്തൊട്ടിലിലേയ്ക്ക്
കൈവിട്ടുകളയും
അതിന്റമ്മ.

ഏതുപ്രളയത്തിനും മീതെ
ഒരരയാലിലയിൽ
വിരലീമ്പിക്കൊണ്ടങ്ങനെ കിടക്കും

4 comments:

  1. എല്ലാ പ്രളയങ്ങള്‍ക്കും മുകളില്‍ സ്വപനങ്ങള്‍ വിരല്‍ നുകര്‍ന്ന് ... മനസ്സിന്‍റെ അതിജീവന തന്ത്രം. തലയിടിച്ചു വീഴാതിരിക്കാന്‍ ഒരു തട വെച്ചു കൊടുക്കുക. അത്ര മതി. നല്ല കവിത

    ReplyDelete
  2. എങ്ങനെ പറയണമെന്നറിയില്ല. ഇടിച്ചുവീണു നിലവിളിച്ചും വിരലുണ്ടു മയങ്ങിയും...സ്വപ്നങ്ങള്‍. എങ്ങനെ പറഞ്ഞാലും നല്ലതെന്നു മാത്രം പറയാം..
    സ്നേഹപൂര്‍വ്വം തിരുവോണമാശംസിക്കുന്നു.

    ReplyDelete
  3. ശ്രീനാഥൻ മാഷിനും മുകിലിനും നന്ദി! ഹൃദയം നിറഞ്ഞ ഓണാശംസകളും!

    ReplyDelete
  4. സ്വപ്‌നങ്ങള്‍ കാണുന്നുണ്ടല്ലോ. അത് മതി.

    ReplyDelete