Thursday, September 15, 2011

'ഒരോട്ടോ'ബയോഗ്രഫി

അച്ഛന്റെ
പഴയ 'ലാമ്പട്ര' വിറ്റിട്ടാണ്
ഒരു വഴിത്തിരിവിൽ നിന്ന് ശങ്കരേട്ടൻ
പുതിയ ഒരോട്ടോ വാങ്ങിയത്

അന്നുമുതൽ
ട ട്ട് ട്ട് ട്ട് ട്ട്രാന്ന് ഓടാത്ത ഓട്ടമില്ല
കയറാത്ത കയറ്റമില്ല
ഇറങ്ങാത്ത ഇറക്കമോ
വളയാത്ത വളവുകളോ
കാണാത്ത 'പോം വഴികളോ'
കേൾക്കാത്ത പരിഭവങ്ങളോ
കുണ്ടുകുഴികളിൽ രം നരം നരമെന്നു
ഉരഞ്ഞുപോകാത്ത
രാപ്പകലുകളോ
ഭൂമിമയാളത്തിലില്ല

പണ്ടൊക്കെ ഇതിൽക്കേറുന്നത്
റവന്യൂ ഇൻസ്പെക്ടർ രാഘവൻ നായരോ
വട്ടിപ്പണക്കാരൻ വർക്കിച്ചൻ മുതലാളിയോ
മാത്രമായിരുന്നു
ഉൽസവത്തിനോ ഓണത്തിനോ
കൂലിപ്പണിക്കാരാരെങ്കിലും
ഇപ്പുറത്തു നിന്നു കേറി
അപ്പുറത്തിറങ്ങിയെങ്കിലായി

അപ്പോളൊക്കെക്കാണണം
കുട്ടികളുടെ ഒരുൽസാഹം
ചെവിയിലും കവിളിലും നുള്ളി വേദനിപ്പിയ്ക്കും.
പോകുന്ന പോക്കിൽ,
റബർ പന്തുപോലുള്ള
ഹോണിൽ ഞെക്കിപ്പിടിച്ച് കരയിച്ചിട്ടേ പോകൂ
അശ്രീകരങ്ങൾ.

കുംഭാരന്മാരടവിടത്തെ സജിമോൻ
കല്യാണം കഴിച്ച്
പുതുപ്പെണ്ണിനേം കൊണ്ട് പോന്നത്
ഇതിൽത്തന്നെയായിരുന്നു...
സെന്റടിച്ച് പൂമാലയൊക്കെ
വെച്ചലങ്കരിച്ചങ്ങനെ
കുതിരവണ്ടിയായെന്നൊരാലങ്കാരികമായ ഓർമ്മയിൽ...

പിന്നെപ്പിന്നെ
റോഡടക്കിപ്പിടിച്ച് ശ്വാസം മുറുക്കിപ്പിടിച്ച്
രാധാമണിയേയും കൊണ്ട് ആശുപത്രിയിലേക്ക്...
അവളു പെറ്റതും കേശവേട്ടൻ മരിച്ചതും
ഒക്കെ ഇതിനകത്തുതന്നെയായിരുന്നു

അത്യാസന്ന നേരങ്ങളിൽ
പിടഞ്ഞുപിടഞ്ഞു കിടക്കുന്ന ജീവന്റെ
പലമാംസക്കഷണങ്ങൾ വാരിയെടുത്ത്
കാഷ്വാൽറ്റിയിലേയ്ക്ക്...

വയസായപ്പോൾ
കയറ്റാത്ത ചരക്കുകളില്ലെന്നായി
പച്ചക്കറി പലചരക്ക് പലവ്യഞ്ജനക്കടയാകെ
ആട്ട മുട്ട കോഴി താറാവുകളൊക്കെ
ജൈവവളം,കോഴിക്കാട്ടം, കാലിത്തീറ്റ

മോൾടെ മംഗലത്തിനു
ശങ്കരേട്ടൻ ഓട്ടോവിറ്റതോടെയാണ്
ഉറക്കവും മാനവും ഒരു പോലെ കെട്ടത്

രാത്രിയിൽ എവിടെല്ലാം പോയിക്കിടക്കണം
അകത്തിരുന്ന് കുടിച്ചിട്ട് ഓരോരുത്തന്മാർ
അകത്തേയ്ക്കു തന്നെ
ഛർദ്ദിച്ചിടും
കെട്ടമണമുള്ള കള്ളൂം അഴുകിയ കോഴിറച്ചിയും

രാവുകത്തുന്ന തെരുവിൽ നിന്നു
വന്നുകേറുന്നവർ
പെണ്ണുങ്ങളെ സീറ്റിൽ മലർത്തിക്കിടത്തി
കാണിച്ചുകൂട്ടുന്നതൊക്കെക്കണ്ട്
അറപ്പില്ലാതെ കിടക്കണം

ഇപ്പോളിതാ
മനുഷ്യജന്മങ്ങൾ നാറുന്ന റെയിൽപ്പാളത്തിനരുകിൽ
ആളുകൾ തിരക്കുപിടിച്ച് പോകുന്ന,
അനിശ്ചിതത്വങ്ങൾ പെരുകിപ്പെരികി വിങ്ങിപ്പൊട്ടുന്ന
വഴിയരുകിൽ
മൂക്കുപൊത്തി
കാത്തുകിടക്കുകയണ്

വലിയൊരു കടലാസുപെട്ടി
ഉള്ളിലിട്ടിട്ട്
ഇപ്പോ വരാമെന്നു പറഞ്ഞുപോയ
ചെറുപ്പക്കാരൻ
മൊബൈലിലൂടെ എല്ലാം ശരിയാക്കിയിട്ടുണ്ടെന്ന്
പറഞ്ഞതിന്റെ അർത്ഥമെന്താണ്?

അയാൾ പോയിട്ട് വളരെ നേരമായല്ലോ
പെട്ടിക്കുള്ളിൽ മിടിയ്ക്കുന്നതെന്താണ്?
വടക്കോട്ട് പരശുറാം എക്സ്പ്രസു വരുന്നുണ്ടല്ലോ
തെക്കോട്ട് ഐലന്റ് എക്സ്പ്രസ് പോകുന്നുണ്ടല്ലോ
യാത്രക്കാർ
പലതരം വിചാരങ്ങൾ ചുമന്നുകൊണ്ട്
തിക്കിത്തിരക്കി വരുന്നുണ്ടല്ലോ!
വരാമെന്നു പറഞ്ഞുപോയവനെവിടെ?

ദൈവമേ വല്ലാതെ ശ്വാസം മുട്ടുന്നു
വല്ലാതെ വിയർക്കുന്നു
വല്ലാതെ ദാഹിയ്ക്കുന്നു
വല്ലാതെ ഭയം തോന്നുന്നു

(മലയാളനാട് വെബ് പോർട്ടലിൽ പ്രസിദ്ധീകരിച്ചത്)

5 comments:

 1. ഒരു വല്ലാത്ത അനുഭവം സമ്മാനിച്ച കവിത..എല്ലാമുണ്ട് ഇതില്‍..ആശംസകള്‍..

  ReplyDelete
 2. ഇഷ്ടപ്പെട്ടു ..ആശംസകള്‍

  ReplyDelete
 3. കവിത വായിക്കുന്നവനെ കഴുത്തിൽ‌പ്പീടിച്ചു ലോകത്തിന്റെ മുഖത്തേക്കു തള്ളുന്നുണ്ട്..

  ReplyDelete
 4. ഗംഭീരമായിട്ടുണ്ട്!

  ReplyDelete
 5. ഉള്ളിൽക്കിടന്നു മിടിക്കുന്നതെന്താണ്, ആകുലമായ ലോകത്തിന്റെ ആശങ്കകൾ പേറേണ്ടിവരുന്ന ഓട്ടോബയോഗ്രഫി എഴുത്തിന് ആശംസകൾ!

  ReplyDelete