Friday, May 13, 2011

ചിത്തരോഗികളുടെ ദൈവം

ഞാനായിരുന്നു അവനെങ്കിൽ
പറക്കുന്ന പക്ഷികളെയല്ല
ആകാശത്തിൽ തൂങ്ങി
ചരടിലാടിക്കളിക്കുന്ന
കിളികളേയാവും
സൃഷ്ടിച്ചിട്ടുണ്ടാവുക

എല്ലാവരുടേയും
ഉടലും തലകളൂം മാത്രമല്ല
അവയവങ്ങൾ തന്നെയും
നിമിഷങ്ങൾ തോറും
മാറ്റിവെച്ചുകൊണ്ടിരുന്നേനെ,
(ഞാനത്രമേൽ നീതിമാനാണെന്ന്
നിനക്കറിയാമല്ലോ)

മനുഷ്യന്റെ
കൈയ്യെത്താവുന്ന ദൂരത്തിനും
മുകളിലൂടെ സഞ്ചരിക്കുന്ന
വൃക്ഷങ്ങളേയും
ആകാശത്തേയ്ക്ക്
ലംബരേഖയിൽ നടന്നു പോകുന്ന
മൃഗങ്ങളേയും
നിർമ്മിച്ചേനെ

ദാ ഈ മലയുടെ
ചെരുവിൽക്കോർത്ത്
ഭൂകമ്പം,യുദ്ധം, മരണം, പ്രളയം
മഹാമാരിയെന്നൊക്കെയുള്ള ചിത്തഭ്രമങ്ങളെ
ചങ്ങലക്കിട്ടേനെ

എല്ലാം ഉത്സവങ്ങളും മടുത്തവർക്കായി
ഒരിക്കലും മടങ്ങിവരാൻ കഴിയാത്ത
ഒരിടത്തേയ്ക്കുള്ള
അവസാനമില്ലാത്ത
ഒരിടനാഴി പണിയുമായിരുന്നേനെ

മടുപ്പിൽ നിന്ന്
ഉത്സാഹപൂവം നടന്നുപോകുന്നവരുടെ
നിഴലുകളെ
വട്ടമിട്ടുപിടിച്ചേനെ

ഞാനായിരുന്നു അവനെങ്കിൽ
ചുമരുകളും മതിലുകളും പണിയുന്നവനെ
ആരോരുമില്ലാത്ത
ഒരു തുറസ്സിൽകൊണ്ടു ചെന്നു
തള്ളിയേനെ...
(അവനുമറിയട്ടേ ചുമരുകൾ
ഇണകളാണെന്ന്,
ഉയർന്നുയർന്നു പോകുന്ന
നിശ്ചലമായ പ്രതീക്ഷകളാണെന്ന്)

ഞാനായിരുന്നു അവനെങ്കിൽ
മേഘങ്ങളെ
മധുരമുള്ള പലഹാരങ്ങളായി
താഴേയ്ക്കു പൊഴിച്ചിട്ടേനെ,
ഒരു കുഞ്ഞുങ്ങളും
വിശന്നുകരയാതിരുന്നേനെ

ഞാനായിരുന്നു അവനെങ്കിൽ
ജീവിതത്തേക്കാൾ മനോഹരമായ
ഒരു മരണത്തെ
ആവിഷ്കരിച്ചേനെ
പുഷ്പങ്ങൾക്കു പകരം
ചുണ്ടുകൾക്ക് സുഗന്ധം കൊടുത്തേനെ,
നോട്ടങ്ങളിൽ
ആയിരം വർഷത്തെ പഴക്കമുള്ള
വീഞ്ഞിന്റെ ലഹരികൾ
നിറച്ചേനെ,
ഭൂമിയെ
ഇതിലും ചെറുതാക്കി ചെറുതാക്കി
ഒരു മൺതരിയോളം ചെറുതാക്കി
നാവിൻ തുമ്പിൽ വെച്ചേനെ.

ഞാനായിരുന്നു അവനെങ്കിൽ
ഈവിധം
എന്നെത്തന്നെ
ഉന്മാദലിപികളിൽ
ആവിഷ്കരിക്കാതിരുന്നേനെ