Saturday, August 13, 2011

അകം പുറങ്ങളുള്ള മഴ, മഞ്ഞ്, വെയിൽ...

കുട്ടിയായിരുന്നപ്പോൾ
എനിയ്ക്കിഷ്ടമായിരുന്നു
കാറ്റിനെ കുളിരിനെ മഴയെ മഞ്ഞിനെ
കാ കാ എന്നു കാക്ക കൊത്തി
താഴേയ്ക്കിടുന്ന വെയിലിനെ

അന്നു കാറ്റിനോ കുളിരിനോ
മഴയ്ക്കോ മഞ്ഞിനോ
അകം പുറങ്ങളുണ്ടായിരുന്നില്ല
അകത്തൊന്നും പുറത്തൊന്നുമെന്ന്
അവ യാതൊന്നുംതന്നെ
ഒളിപ്പിച്ചുവെച്ചിരുന്നില്ല

ഇങ്ങനെ പ്രദർശിപ്പിച്ചു നടക്കുന്നതുകൊണ്ട്
എനിയ്ക്കിഷ്ടമായിരുന്നു
സുതാര്യമായ
കാറ്റിനെ കുളിരിനെ മഴയെ മഞ്ഞിനെ.

ഞാനവരെ
അമ്മേ,ഏട്ടത്തീ,അയൽക്കാരീ, കൂട്ടുകാരീ
എന്നൊക്കെ
പല ഈണങ്ങളിൽ
അർത്ഥഭേദങ്ങളിൽ വിളിച്ചിരുന്നു.

വളർന്നപ്പോളാണ്
മരങ്ങളുടെ മറവിലൂടെ
ഇഴഞ്ഞിഴഞ്ഞു വന്ന ഒരു കാറ്റ്
ആദ്യമായി
മാറിടം വിവൃതമാക്കി
ഒരു നിശബ്ദതയെ കാണിച്ചു തന്നത്

മഞ്ഞു മൂടിയ അചലശൈലങ്ങൾ പോലെ
ഘനീഭവിച്ചതടവറയിൽ അടക്കിപ്പിടിച്ച
കൊടുങ്കാറ്റിനെ അന്നാണു ഞാൻ
നേരിട്ടുകണ്ടത്

പിന്നൊരിക്കൽ പാതിരാക്കുളിര്
ഉള്ളംകൈ വിടർത്തിക്കാണിച്ചപ്പോൾ
ഇളം ചൂടുള്ള ഒരു കമ്പിളിവീടുണ്ടതിനുള്ളിൽ
ഉടുത്തൊരുങ്ങി നിൽക്കുന്നു.

മഴ മറ്റൊരു ഋതുവിലേയ്ക്ക്
പുറം ചെരിഞ്ഞു കിടന്നപ്പോൾ കണ്ടു ഞാൻ
വേനൽ വിയർപ്പു പൊടിഞ്ഞ
പിൻ കഴുത്തിന്റെ നഗ്നത

വെയിലിന്റെ കണ്ണിലുമ്മ വെയ്ക്കുമ്പോൾ
കണ്ടു,
രാത്രിയുടെ ശിരോ വസ്ത്രത്തിനു താഴെ
തണുത്തുറഞ്ഞു പോകുന്നു
പേടിയുടെ ഒരു പുഴ

ശീതഭൂതത്തിന്റെ മഞ്ഞിലൂടെ
വിരലോടിക്കുമ്പോൾ
ഒരു നീരുറവയുടെ ചൂടേറ്റ്
വിരലുകൾ പൊള്ളിപ്പനിക്കുന്നതും കണ്ടു

മരണം തുറന്നു നോക്കുമ്പോൾ
പലലോകങ്ങളെന്ന പോലെ
മഞ്ഞിനും മഴയ്ക്കും
വെയിലിനുമുണ്ട്
അകം പുറങ്ങളുള്ള പലതരം
ജീവിതങ്ങൾ

കാറ്റിലൂടെ വരും പനിച്ചു പനിച്ച് മഴകൾ
കുളിരിലൂടെത്തന്നെ വരും
തുളച്ചുതുളച്ചു കേറുന്ന വെയിൽവിശപ്പുകൾ

കൂട്ടുകാരീ നീയെന്നാണ്
അകം പുറങ്ങൾ മടക്കിവെച്ച്
എന്റെ കുട്ടിക്കാലത്തേയ്ക്കു
മടങ്ങിവരിക?


13 comments:

  1. വാക്കുകളുടെ അകം പുറങ്ങള്‍ തിരയുമ്പോള്‍ അര്‍ത്ഥവത്തായ ചില സൂചകങ്ങള്‍ ..കണ്ടെത്തലുകള്‍ ..

    ReplyDelete
  2. കൂട്ടുകാരീ നീയെന്നാണ്
    അകം പുറങ്ങൾ മടക്കിവെച്ച്
    എന്റെ കുട്ടിക്കാലത്തേയ്ക്കു
    മടങ്ങിവരിക?

    kaathirikkam..............

    ReplyDelete
  3. നോവലെഴുത്തുകാരണം കവിതയില്ലാതായോ എന്നു ചോദിക്കനിരിക്കുകയായിരുന്നു. ഋതുഭേദങ്ങളുടെ അകവും പുറവും കാട്ടിത്തരുന്നു കവിത. കവിത ഒരുപാടു പറയുന്നു..

    ReplyDelete
  4. ഒളിച്ചു വെച്ച നിശ്ശബ്ദതകൾ, കൊടുങ്കാറ്റുകൾ, പനി യും വിശപ്പും .. തിരിച്ചൊരു പോക്കില്ലല്ലോ. പല വരികളും കവിതയും ജീവിതവും കിനിഞ്ഞു വരുന്ന ചിടുനീരുറവകളായി.

    ReplyDelete
  5. കൂട്ടുകാരീ നീയെന്നാണ്
    അകം പുറങ്ങൾ മടക്കിവെച്ച്
    എന്റെ കുട്ടിക്കാലത്തേയ്ക്കു
    മടങ്ങിവരിക?

    ReplyDelete
  6. കൂട്ടുകാരീ നീയെന്നാണ്
    അകം പുറങ്ങൾ മടക്കിവെച്ച്
    എന്റെ കുട്ടിക്കാലത്തേയ്ക്കു
    മടങ്ങിവരിക?

    ReplyDelete
  7. ഒരുപാട് ജീവിതസത്യങ്ങള്‍ കാണിച്ചുതന്നു കവിത.

    ReplyDelete
  8. മഴ മറ്റൊരു ഋതുവിലേയ്ക്ക്
    പുറം ചെരിഞ്ഞു കിടന്നപ്പോൾ കണ്ടു ഞാൻ
    വേനൽ വിയർപ്പു പൊടിഞ്ഞ
    പിൻ കഴുത്തിന്റെ നഗ്നത
    :)

    ReplyDelete
  9. ആറങ്ങോട്ടുകര സാബ്,ശ്രീനാഥൻ മാഷ്, മഹേന്ദർ,ഇലഞ്ഞിപ്പൂക്കൾ, അനാമിക,അനീഷ്,സംഗീത എല്ലാവർക്കും നന്ദി! മുകിൽ :-)

    ReplyDelete
  10. മഞ്ഞു മൂടിയ അചലശൈലങ്ങൾ പോലെ
    ഘനീഭവിച്ചതടവറയിൽ അടക്കിപ്പിടിച്ച
    കൊടുങ്കാറ്റിനെ അന്നാണു ഞാൻ
    നേരിട്ടുകണ്ടത്

    colourful diction ... great style

    keep it up

    ReplyDelete
  11. കൂട്ടുകാരീ നീയെന്നാണ്
    അകം പുറങ്ങൾ മടക്കിവെച്ച്
    എന്റെ കുട്ടിക്കാലത്തേയ്ക്കു
    മടങ്ങിവരിക?

    ReplyDelete
  12. അകം പുറങ്ങൾ മടക്കി വെച്ച്....

    ReplyDelete