Tuesday, April 19, 2011

ശ്വാനരൻ

അസമയങ്ങളിൽ
വന്നു കയറി
ഉച്ചയുറക്കമോ ഊണോ
രതിലാളനകളോ കളിതമാശകളോ
ദേശകാലങ്ങൾ മറന്നുള്ള
കൂട്ടുകൂടലോ
അലങ്കോലമാക്കും
ചില
തെമ്മാടിക്കവിതകൾ!

അതിനാൽ
ഞാൻ വളർത്തുന്നുണ്ട്
ചില നായ്ക്കളെ

യുക്തിയെ കൊഞ്ഞനംകുത്തി
പ്രാന്തിപ്പൂച്ച മാതിരി
വീട്ടിനുള്ളിലങ്ങുമിങ്ങുമോടി,
എലിയുടേയോ പാറ്റയുടേയോ
ഒരു ബിംബം പോലുമില്ലാത്ത
മുക്കിലും മൂലയിലുമിരുന്ന്
പരിഹാസപൂർവം
എന്നെ നോക്കി ചിരിക്കുന്ന
ചികിൽസയില്ലാത്ത കവിതകളെ
നേരിടാൻ
അരയാൾ പൊക്കത്തിലൊരു
അൾസേഷ്യനെ

ചാരുകസേരയിൽ മയങ്ങുമ്പോൾ
ആൾമാറാട്ടക്കാരിയായി വന്ന്
നെഞ്ചിലൊരു പന്തംകുത്തി
ഫെമിനിസം പറഞ്ഞ്
പുരയെരിക്കുന്ന കവിതകളെ
നേരിടാൻ
ചതഞ്ഞമുഖമുള്ള
ലാബ്രഡോറിനെ

ക്രുദ്ധമായി മുഖം ചോപ്പിച്ച്
വല്ലപ്പോഴും വന്നു കയറി
മുഖത്തേയ്ക്ക് മുറുക്കിത്തുപ്പുന്ന
വിപ്ലവ കവിതകളെ നേരിടാൻ
കൂർമ്മബുദ്ധിയായ
ഡോബർമാനെ,
ഹൊറേഷ്യസ്!

വല്ലാതെ തളർന്നെന്ന
നാട്യത്തിലെത്തി
കണ്ണീരുവീഴ്ത്തി
കൊലയും കവർച്ചയും നടത്തി
ഒന്നുമറിയാത്ത മട്ടിൽ
മടങ്ങിപ്പോകുന്ന ദുരന്തകവിതകളെ
നേരിടാൻ
നിർദ്ദയം
ജർമ്മൻ ഷെപ്പേർഡിനെ

ഇനി
അസമയങ്ങളിൽ വന്നു കയറുന്ന
കവിതകളേ സൂക്ഷിക്കുക,
നായ
അകത്തുണ്ട്

Wednesday, April 6, 2011

ചെന്നായയോടു്‌ പറഞ്ഞ സുവിശേഷം

കാണാതെപോയ
ഒരാട്ടിൻകുട്ടിയെ
തിരഞ്ഞുപോയ
ഇടയന്റെ പ്രേതം
വാതിൽതള്ളിത്തുറന്നു വരുമ്പോൾ
നമ്മൾ
ആട്ടിറച്ചിയുടെ മണമുള്ള പാത്രം
ധൃതിയിൽ
മൂടിവെച്ചിട്ട്
അവനെ
'ഹലോ' എന്നു
വിരുന്നു മേശയിലേയ്ക്ക്
ക്ഷണിയ്ക്കും

അവൻ
വിളറിയനോട്ടം കൊണ്ടെഴുതിയ
ഒരു കുറ്റപത്രം
നമ്മുടെ മുഖത്തു വെയ്ക്കും

പിന്നെ
സൗമ്യഭാഷണങ്ങളുടെ
പുളിപ്പില്ലാത്ത അപ്പത്തിന്റെ ഭാഷയിൽ
അവൻ പറയും
കാണാതെ പോയ
എന്റെ ആട്ടിൻകുട്ടി
നീയാണെന്ന്

തട്ടുമ്പുറത്തപ്പൻ

പണ്ട്
ഭഗവതിയൊഴിഞ്ഞുപോയ
തട്ടിൻപുറത്തായിരുന്നു
വിപ്ളവകാരികൾ കുടിയിരുത്തപ്പെട്ടത്.

ഉണ്ടുമുറങ്ങിയും
പുകച്ചു മുറുക്കിയും
ഓർമ്മകളയവിറക്കി അയവിറക്കി
അവരൊളിവുദിനങ്ങളോരോന്നും
കരണ്ടുതിന്നിരുന്നു..

അവിടെത്തന്നെയായിരുന്നു
കുറിഞ്ഞിപ്പൂച്ച കുഞ്ഞുങ്ങളെ
പെറ്റുകൂട്ടിയിരുന്നതും;
പൊലീസുകാരെപ്പോലെ
ഇരതേടി
പതുങ്ങിപ്പതുങ്ങി
നടന്നിരുന്നതും...

അബോധത്തിൽ
അങ്ങനെയൊരു
തട്ടിൻപുറമുണ്ടായിരുന്നു

ഒളിച്ചു വെയ്ക്കപ്പെട്ട വിപ്ളവങ്ങളെല്ലാം
അവിടുത്തെ
ഇരുൾത്തുരങ്കത്തിലേയ്ക്ക്
ശ്വാസമടക്കിപ്പിടിച്ച്
നൂഴ്ന്നുകയറി;

പൊലീസുകാരോ
ഒറ്റുകാരോ
മറ്റു ചെരിപ്പനക്കങ്ങളോ
കാലടിച്ചെത്തങ്ങളോ,
(കൊലുസിന്റേയോ ഞൊറിപ്പാവാടയുടേയോ)
മൃദുകവിതകളോ,
എതാണേതാണെന്ന്
മിടിച്ചുകൊണ്ടിരുന്നു കാതുകൾ!

പിന്നെ
സ്വപ്നജീവികളുടെ വംശവൃക്ഷങ്ങളെയെല്ലാം
കടപുഴക്കി
ചോരക്കനൽക്കാലമൊഴുകി വന്നു...

തട്ടുമ്പുറം
കൊച്ചുപുസ്തകങ്ങൾ
വായിക്കാനുള്ള ഒരൊളിയിടമായി.
അവിടെയുണ്ടായിരുന്നു,
'സ്റ്റണ്ട്', 'മേള', 'പൗരദ്ധ്വനി' എന്നിങ്ങനെ
പലതരം രതിമദ്ധ്യാഹ്നങ്ങൾ,
കൈപ്പടങ്ങളിലമർന്ന്
തടിച്ച ചുണ്ടുള്ള സീമയോ
ഉള്ളിലേയ്ക്ക് തുളുമ്പി വീഴുന്ന
ജയഭാരതിയോ...

പുതിയ വീടുവെച്ചപ്പോൾ
തട്ടിൻപുറമാകെ
ഓർമ്മയിലേയ്ക്ക് പൊളിച്ചിട്ടു
കഴിഞ്ഞ ജന്മത്തിൽ നിന്നൊളിച്ചെത്തിയ
ശത്രുക്കൾ!

പുതിയ ബാൽക്കണിയിലിരുന്നു
കാണാം
താഴെ അയൽക്കാരന്റെ വീട്ടിലെ
കറുത്ത സ്കോഡ
നാക്കു നീട്ടിപ്പിടിച്ച ജർമ്മൻ ഷെപ്പേർഡ്
തടിച്ച കഴുത്തുള്ള വൈഫ്...
റാമ്പിലെന്ന വണ്ണം
ചെടിച്ചട്ടിയിലാടുന്ന,
വാടാത്ത ഓർക്കിഡുകൾ

വെട്ടിപ്പൊളിച്ചിട്ട തട്ടിൻപുറം
തലയിലേറ്റി
വയസ്സെണ്ണി വയസ്സെണ്ണി
ഒരേയിരിപ്പാണിപ്പോഴും
ഊഞ്ഞാൽക്കസേരയിൽ
തട്ടുമ്പുറത്തപ്പൻ

Sunday, April 3, 2011

വാൻഗോഖിന്റെ വിരലുകൾ

മുറ്റത്തേയ്ക്കു നോക്കി
പൂക്കളെ വരയ്ക്കുവാനുള്ള
ഒരു സൂക്ഷ്മജാഗ്രതയിലായിരുന്നു
ഞാൻ

ഇതളുകളുടെ
അതിസൂക്ഷ്മമായ അരികുകൾ
അവളുടെ
നനുത്ത കവിൾരോമങ്ങൾ പോലെ

വാൻഗോഖിന്റെ പൂക്കളിൽ നിന്ന്
ഓർമ്മകളിൽ നിന്ന്
അവന്റെ മുറിച്ചെവിയിൽ നിന്ന്
രക്തം പഴുത്ത
അനന്തമായ മഞ്ഞ വർണ്ണങ്ങളിൽ നിന്ന്
എന്റെ ബോധത്തിലേക്ക്
മടങ്ങി വരുമ്പോഴേയ്ക്കും
ഒരു പറവ
എന്റെ ബ്രഷും
ജലച്ചായങ്ങളും
കൊത്തിയെടുത്ത്
പറന്നു പോയിരുന്നു..

പടിഞ്ഞാറൊരു
ക്യാൻവാസ് വിടർത്തിക്കെട്ടി
ഇതൾ വിരിച്ചിട്ട സൂര്യകാന്തിപ്പൂക്കൾ കൊണ്ട്
അതിലൊരു ചിത്രം വരച്ചിട്ടു.

പടിഞ്ഞാറെപ്പാടത്ത്
സൂര്യകാന്തിപ്പൂക്കൾക്കു മീതെ
ഞാനെന്റെ സൂര്യന്റെ ചോരച്ചെവി
കടല്പ്പാത്രത്തിലേയ്ക്കു
മുറിച്ചിട്ടു

നിനക്കറിയാമോ
നിന്നെ ഞാൻ അത്രമേലനുരാഗിയായി
പ്രണയിച്ച പോലെ
മറ്റൊരാളും പ്രണയിച്ചിട്ടുണ്ടാവില്ല
മുറിച്ചിട്ടത് ചെവികളല്ല,
നിന്റെ നൂറുനൂറു ചിത്രങ്ങൾ വരച്ചിട്ടും
മതിവരാത്ത
ഹൃദയത്തിന്റെ വിരലുകളാണ്‌

ഇറ്റുവീണ രക്തം കൊണ്ട്
ഞാൻ നിനക്ക്
ഒരു വിശുദ്ധപ്രണയവും
മറവികളില്ലാത്ത കാലത്തിലേയ്ക്കുള്ള
വഴിയടയാളങ്ങളുമിടുന്നു