Saturday, February 27, 2010

വിപ്ളവം: ഒരോര്‍മ്മക്കുറിപ്പ്‌

മാര്‍ക്കോപോളോവിനേയും
ഹ്യുയാങ്ങ്‌ സാങ്ങിനേയുംപോലെ
വലിയൊരു ലോകസഞ്ചാരിയായിരുന്നു.

റഷ്യയില്‍ നിന്ന് ചൈനയിലേക്കും
ബൊളീവിയ വഴി ക്യൂബയിലേക്കും
തിരിച്ച്‌ ക്രെംലിനിലേക്കും
കിഴക്കന്‍ യൂറോപ്പിലാകെയും
തിരക്കുപിടിച്ച പലമാതിരി യാത്രകള്‍.

ഒടുവില്‍
ഇന്ത്യയിലേക്കുള്ള യാത്രയ്ക്കായി
ലെനിന്‍ ഗ്രാഡില്‍ നിന്ന്
മോസ്ക്കോയിലേക്ക്‌
ചോളവയലുകള്‍ക്കിടയിലൂടെ
തീവണ്ടിയില്‍ സഞ്ചരിക്കുമ്പോള്‍
ദാരുണമാം വിധം
പോക്കറ്റടിക്കപ്പെട്ടു.

ഐഡന്റിറ്റി കാര്‍ഡ്‌
വിസ
പാസ്പോര്‍ട്ട്‌
ഫ്ളൈറ്റ്‌ ടിക്കറ്റ്‌
യാത്രച്ചെലവിനുള്ള കാശ്‌
എല്ലാം നഷ്ടപ്പെട്ടു

കള്ളവണ്ടി കയറിയെന്ന് പറഞ്ഞ്‌
മോസ്കോയിലെ പൊലീസുകാര്‍
പഴയ സൈബീരിയയിലേക്ക്‌
നാടുകടത്തി

(സമര്‍പ്പണം:
എല്ലാലോകസഞ്ചാരികള്‍ക്കും)

Thursday, February 25, 2010

ആണ്‍ ഭയം

രാവിലെ
കണ്ണാടിയുടെ മുന്നില്‍ നിന്ന്
തുണി മാറ്റുമ്പോള്‍
പുരുഷന്റെ കണ്ണുള്ള കണ്ണാടി
അവളെ ഒന്നുഴിഞ്ഞു നോക്കി.

ചുമരിലിരുന്ന് ഒരാണ്‍പല്ലി
വെറുതെ കമന്റടിച്ചു

പണിശാലയിലേക്കു
പോകുമ്പോള്‍
ടാറിട്ട പാത
കറുകറുത്ത ഒരാണായി
അടിയില്‍ നിന്ന് കണങ്കാല്‍ വഴി
മുകളിലേക്കരിച്ചു കയറി.

രാത്രിയില്‍
വിളക്കണച്ചപ്പോള്‍
ഇരുള്‍
തണുത്ത കരങ്ങളുള്ള
ഒരു പുരുഷനായി
ദേഹത്തേക്കിഴഞ്ഞിഴഞ്ഞു കയറി.

പാതിരാവില്‍
അവളുടെ ഉടല്‍
പനിച്ചു വിറച്ച്‌
ഒരു പഴുത്ത സൂര്യനായി

Wednesday, February 17, 2010

വേലക്കാര്‍

സ്നേഹിക്കുന്നുവെന്നോ!
വേല കയ്യിലിരിക്കട്ടെ
മാഷേ,
പണ്ട്‌
വടക്കേചെറയിലെ
ഗോപിസാറും
ഫൈവ്സ്റ്റാര്‍ ബസ്സിലെ
കണ്ടക്ടറും
ട്യൂഷന്‍ ക്ളാസ്സിലെ
ഹരിയേട്ടനും
ഇതുതന്നെയാ പറഞ്ഞത്‌.

എന്നിട്ടെന്താ!
മൂന്നബദ്ധം
ഏത്‌ പോലീസുകാരനും പറ്റും

മാഷ്‌ പോയാട്ടെ
എനിക്ക്‌
ധാരാളം തുണിയലക്കാനും
വെള്ളം കോരാനും
മുറ്റമടിക്കാനുമുണ്ട്‌.

അതിനെടേലാ
മാഷിന്റെ ഒരു വേല!

Thursday, February 11, 2010

ഇംഗ്ളീഷ്‌ പൂച്ച

മക്കളെല്ലാം
ഇംഗ്ളീഷ്‌ മീഡിയം സ്കൂളിലാണ്‌
പഠിക്കുന്നത്‌
പണ്ടേ
എനിക്കിഷ്ടമല്ല
ആത്മാഭിമാനമില്ലാത്ത
ഈ പുരാതന ലിപികളെ;
ഉരുണ്ടുരുണ്ട മാറിടമുള്ള
മാറുമറയ്ക്കാത്ത മലയാള ലിപികളെ


അങ്ങനെയിരിക്കെ
ഒരു വൈകുന്നേരപ്പാതയിലൂടെ
എന്റെ മൂത്തമകനോടൊപ്പമാണ്‌
ഇംഗ്ളീഷ്‌ പൂച്ച
വീട്ടിനകത്തേക്ക്‌ കയറിവന്നത്‌;
സോഫമേല്‍ കാലിന്‍മേല്‍ കാലേറ്റി
രാജ്യം തിരിച്ചു കിട്ടിയ
അഹങ്കാരിയായ
രാജാവിനെപ്പോലെ
അവന്‍
എന്റെ ചാരുകസാരയിലേക്ക്‌
പഴഞ്ചനെന്നൊരു
പച്ചപ്പുളിച്ചിരിയോടെ
നോക്കിയിരുന്നത്‌.

ആദ്യമാദ്യം
അവന്റെ മുന്നില്‍
വീട്ടിലെ നാട്ടുവാക്കുകള്‍
എലികളെപ്പോലെ
പേടിച്ചു വിറച്ചു നിന്നു.
പിന്നെപ്പിന്നെ
അവ പുറത്തു വരാതെ
മാളത്തിനുള്ളിലേക്കുള്ളിലേക്ക്‌
ഉള്‍വലിഞ്ഞു...

അടുത്ത ദിവസം
വേലക്കാരി വന്നു നോക്കുമ്പോള്‍
വറുത്തു വെച്ച ചില വാക്കുകളെ
ആരോ കട്ടു തിന്നിരിക്കുന്നു!

പിന്നെപ്പിന്നെ
ദിവസവും
വേവിച്ചു വെച്ചവ ...
ഉപ്പിലിട്ടവ...
മസാല പുരട്ടി വെച്ചവ...
അരിഞ്ഞരിഞ്ഞ്‌ ഉണക്കാന്‍ വെച്ചവ...
പലതരത്തില്‍ നുറുക്കിയിട്ടവ...
വാക്കുകളൊന്നൊന്നായി
അങ്ങനെ
അപ്രത്യക്ഷമായിക്കൊണ്ടിരുന്നു.

എന്റെ വയസ്സായ അമ്മ
പൂച്ചയെ പ്രാകുന്നുണ്ടായിരുന്നു
'നോക്കൂ മോനേ
ഒരൊറ്റ വാക്കും
അടച്ചോ തുറന്നോ വെയ്ക്കാനാവുന്നില്ല
ഉറിയിലിരുന്ന
പപ്പടം പോലെ
പൊള്ളിച്ചൊരു വാക്കിനെ
ഉറിയോടൊപ്പം മുറിച്ചോണ്ടു പോയിരിക്കുന്നു
വെറ്റില ചവയ്ക്കാന്‍
ഇടിച്ചു വെച്ച ഒരു വാക്കിനെ
മുറ്റത്ത്‌ തൂവിയിട്ടിരിക്കുന്നു.'

പക്ഷേ
പൂച്ച ഒരു കള്ളനാണെന്ന്
എനിക്ക്‌ തോന്നിയതേയില്ല


പിന്നീടാണ്‌ കണ്ടത്‌
മൂന്നു നാലു ജന്‍മം മുഴുവന്‍
സ്വന്തമായുള്ള കിടപ്പറയെന്ന് മുദ്ര വെച്ച്‌
ഭാര്യയുടെ മടിയില്‍
അവന്‍
വിനോദ സഞ്ചാരിയുടെ മയക്കം പൂണ്ട്‌
കിടക്കുന്നത്‌

കണ്‍കോണിലുറക്കത്തില്‍
പരമ പുച്ഛത്തിന്റെ വാലാട്ടി
അവന്‍ കൂനിച്ചുയര്‍ന്ന് നോക്കിയപ്പോള്‍
എന്റെ രോമ കൂപങ്ങളെല്ലാം വിയര്‍ത്ത്‌
രോമങ്ങളെല്ലാം പിളര്‍ന്നു

എനിക്ക്‌ ഭയമാണിപ്പോള്‍
മകളുടെ മുറിയിലേക്ക്‌ കണ്ണുനട്ടിരിക്കുന്ന
ഈ ഇംഗ്ളീഷുപൂച്ചയെ

Wednesday, February 10, 2010

ചോരയാണൊക്കെ

മകള്‍
തൂങ്ങിമരിച്ചു കിടക്കുന്നതിന്റെ
ചോട്ടില്‍
താടിക്ക്‌ കൈയ്യും കൊടുത്ത്‌
അപ്പനിരിപ്പുണ്ട്‌.

നോട്ടുബുക്കിലൊളിച്ചു കിടന്ന
ഒരാത്മഹത്യക്കുറിപ്പ്‌
പൊലീസുകാരന്‍ നിവര്‍ത്തിപ്പിടിച്ചു

മുകളിലേക്കും താഴേക്കും
ക്രമം തെറ്റിപ്പിടയുന്ന
അക്ഷരങ്ങള്‍ ശ്വാസംമുട്ടി കരഞ്ഞു:
"അപ്പാ അപ്പനെ
അപ്പാന്ന് വിളിച്ച നാവുകൊണ്ട്‌
വേറൊന്നും വിളിപ്പിക്കരുത്‌
അമ്മയില്ലാതെ വളര്‍ത്തി
ഇത്രേമാക്കിയിട്ട്‌ ...

ഒന്നുമില്ലെങ്കി
അപ്പന്റെ ഒറ്റമോളല്ലേ ഞാന്‍
അപ്പന്റെ ചോര,
അപ്പനതോര്‍ക്കാരുന്നില്ലേ?"