Saturday, March 19, 2011

പേരറുക്കൽ

അപ്പന്റെ പേര്‌
എഴുതുകയോ പറയുകയോ
ചെയ്യേണ്ടി വരുമ്പോഴെല്ലാം
സതീശൻ
അപ്പനപ്പൂപ്പന്മാരെപ്പറ്റിയോർത്ത്
ചുട്ടുപഴുത്തിരുന്നു.

അപ്പന്റെ പേരുകേൾക്കുമ്പോൾ
ക്ളാസ് മുറിയിൽ
ഹോസ്റ്റലിൽ ഇന്റർവ്യൂ ബോർഡിൽ
ഓഫീസ് മുറിയിൽ
അങ്ങനെ പലയിടങ്ങളിൽ വെച്ച്
ആളുകളുടെ പുരികത്തിനുമീതെ
പുഴുവരിച്ചുപോകുന്നത്
പലവട്ടം കണ്ടതാണ്‌.

അത്തരം ഘട്ടത്തിൽ
നല്ലൊരു പേരുപോലുമില്ലാതിരുന്ന
അപ്പനപ്പൂപ്പന്മാരെപ്പറ്റി
ആർക്കായാലും
അറപ്പുതോന്നുമായിരുന്നു.

അലോഷ്യസെന്നോ
വിജയകുമാരൻ നായരെന്നോ,
നീലകണ്ഠൻ നമ്പൂതിരിയെന്നോ
അസ്ഗാർ അലിയെന്നോ,
പിതൃനാമങ്ങൾ
പലതു കേൾക്കുമ്പോൾ
സ്വന്തമപ്പന്റെ പേര്‌
ഒരു കരിക്കലത്തുണികൊണ്ടെടുത്ത്
മുറ്റത്തിനപ്പുറത്ത്,
തൊടിയിലേയ്ക്ക്
അല്ലെങ്കിൽ മതിലിനപ്പുറത്തേയ്ക്ക്
വലിച്ചെറിയാനാണ്‌ തോന്നുക.

അവിടെക്കിടന്ന്
ചത്തോ ചീഞ്ഞോ വളമായിപ്പോകട്ടെ!
ചിലപേരുകൾ
ചിലനേരങ്ങളിൽ
വൃത്തികെട്ട പൂച്ചകളാണ്‌

ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ
ഗസറ്റിൽക്കൊടുത്ത്
പലതരത്തിലുള്ള അലങ്കാരങ്ങളിട്ട്
അണിയിച്ചൊരുക്കാമായിരുന്നു

മരിച്ചവന്റെ പേരുമാറ്റാൻ
ജീവിച്ചിരിക്കുന്നവർക്ക്
അവകാശമില്ലെന്നു പറയുന്ന
വിചിത്രവാദമാണ്‌
സതീശന്‌ തീരെ മനസ്സിലാവാത്തത്‌.

കുഞ്ഞിന്റെ പേരിടാൻ
അപ്പനവകാശമുണ്ടെങ്കിൽ
മരിച്ചവന്റെ പേര്‌ മാറ്റാൻ
മക്കൾക്കും കുഞ്ഞുമക്കൾക്കുമുണ്ടാകണ്ടേ
എന്തെങ്കിലുമവകാശം?

നല്ലൊരു പേരുപോലും
ബാക്കിവെയ്ക്കാതെ പോയ എന്റെ അപ്പനേ
നിന്നെ ഞാൻ
ഏതുദൈവത്തിൽ മുക്കിയാണ്‌
ഇനി
സംസ്കരിച്ചെടുക്കുക?