Thursday, October 13, 2016

കൊതി (അഞ്ച് ഭാഗങ്ങളിൽ മുന്നാമത്തേത്)



3  രുചിക്കുവാൻ
=================
കൊതിയാവുന്നുണ്ട്
നിന്നെ രുചിക്കുവാൻ
നിന്റെ രുചിയെന്താണെന്ന്
ഞാനതിശയിക്കാറുണ്ട്!
മധുരമോ കയ്പോ?
 
എന്തിന്റെ രുചിയാണ് നിനക്ക്?
ജലത്തിന്റെ?
കടൽക്കാറ്റിന്റെ,
പേരയ്ക്കയുടെ,
ചെറിപ്പഴങ്ങളുടെ, ഞാവൽപ്പഴങ്ങളുടെ
പഴുത്ത തക്കാളിയുടെ
പാകം ചെയ്ത മത്സ്യത്തിന്റെ,
മസാലനിറച്ച് വേവിച്ച മാംസത്തിന്റെ?
തണുപ്പും ചൂടും നിറഞ്ഞ
വാനില മണക്കുന്ന ഐസ് ക്രീമിന്റെ?
അറിയാനായി ഞാൻ നിന്നെ രുചിച്ചു നോക്കുന്നു.
ചുണ്ടുകൾ,
ശരീരത്തിന്റെ ഓരോരോ ഇലകളും
ദളങ്ങളും
ഓരോ താമരവളയങ്ങളും.
അലയുന്നു
നിന്റെ രുചിയുടെ രഹസ്യങ്ങൾ നിറഞ്ഞ
പഴത്തോട്ടങ്ങളിൽ.

അപ്പോൾ
നാവിൽ
അവിചാരിതമായി
വന്നു തറച്ചതാണ്
സങ്കടങ്ങൾ ഹൃദയത്തിൽ തുളച്ചുകയറ്റിയ
ഇരുമ്പാണികളുടെ രുചി
ശരിക്കും അതായിരുന്നോ നിന്റെ രുചി?

ഇപ്പോൾ എനിക്കറിയാം നിന്റെ രുചിയെന്തെന്ന്
നാവുകൊണ്ടറിയാവുന്നതല്ല.
എവിടെ നിന്നോ
ഹൃദയത്തിലേക്ക് ഇറ്റിറ്റുവീണതാണ്.
അസാധാരണം
ഭ്രാന്തം
ഉന്മത്തം.
ശരീരത്തെ തന്നെ
നാവാക്കി മാറ്റുന്ന ഭ്രാന്തമായ രുചി,
ആളുകൾ പ്രണയമെന്നു വിളിക്കുമ്പോൾ
ഞാനതിനെ രുചിയെന്നു  കേൾക്കുന്നു

കൊതിതോന്നുന്നു
നിന്നെയങ്ങനെ
പലവട്ടം രുചിച്ചു നോക്കുവാൻ

Wednesday, October 12, 2016

തിളനൃത്തം

അവളോടുള്ള പ്രണയം
പ്രത്യേകതകൾ നിറഞ്ഞതായിരുന്നു ..
ഉണർന്നെഴുന്നേൽക്കുന്നതു പോലെ രസകരമായിരുന്നു ..
ആവി പറക്കുന്ന ചായയിലേക്ക് നോക്കിയിരുന്ന്
മണം മാത്രം നുണഞ്ഞിറക്കുന്നതു പോലെ ...
ചൂടു മാത്രം ഊതിക്കുടിക്കുന്നതു പോലെ ...

എങ്കിലും
അവൾ അത് മനസ്സിലാകുന്നില്ലെന്ന് നടിച്ചു.
തിളയ്ക്കുവാൻ വേണ്ടി അടുപ്പിനു മുകളിൽ വെച്ച കെറ്റിലു പോലെ
ഉള്ളിൽ പാലും മധുരവുമടക്കി വെച്ച്
ഇലകളരിഞ്ഞിട്ട സുഗന്ധം
ജല വസ്ത്രങ്ങളിൽ പുരട്ടി
അവൾ തിളനിലയിലേക്ക്
ചുവടു വെച്ചു...

എനിക്കവളെ മനസ്സിലാക്കാൻ കഴിഞ്ഞില്ല...
തിളച്ചു തൂവാതിരിക്കാൻ
ഇടക്കിടക്ക്
മൂടി തുറന്ന് നോക്കി...
ഞാൻ നോക്കുന്നുണ്ടോ എന്നവൾ
നീരാവിയായി
മാന്ത്രിക വേഷമിട്ടു.

തിളയ്ക്കാതെ
എത്ര നേരമിരിക്കും നീയെന്ന്
എൻ്റെ പ്രണയം അവളിൽ കത്തിക്കൊണ്ടിരുന്നു.

അവൾ
നിശബ്ദതയുടെ ഒരു ദേവാലയം പണിതു.

വികാരരഹിതയായ ഒരുവളെ തിളനിലയിലേക്കുയർത്തുന്നത് മരിച്ചവരെ ഉയിർപ്പിക്കുന്നതു പോലെ
ഒരു സാധാരണ കാര്യമല്ല

പക്ഷേ,
ആകസ്മികതയുടെ വെളിച്ചം തട്ടി
പെട്ടെന്നൊരു ദിവസം
അവളൊരു പൂമ്പാറ്റയായി...
ഉള്ളിൽ

പാലും മധുരവുമടക്കി വെച്ച്
ഇലകളരിഞ്ഞിട്ട സുഗന്ധം
ജല വസ്ത്രങ്ങളിൽ പുരട്ടി
തിളനിലയിലേക്ക്
ചുവടു വെച്ചു...
തൂവി നിലം പറ്റി വീണു.

അവളോടുള്ള പ്രണയം പ്രത്യേകതകൾ നിറഞ്ഞതായിരുന്നു.
ഒളിച്ചു കളിക്കുന്ന
കുട്ടികളെ പോലെ
മനോഹരമായിരുന്നു.

Tuesday, October 11, 2016

കൊതി (അഞ്ചു കവിതകളിൽ രണ്ടാമത്തേത്)



2 തൊടാൻ
===========
കൊതിയാവുന്നു
തൊട്ടുനോക്കുവാൻ
മൃദുത്വം

ഏതു പൂവിന്റെ മാർദ്ദവമാണ് നിനക്ക്?
താമരയുടെയോ അതോ  റോസിന്റെയോ?
എനിക്കറിയില്ല
തൊട്ടു നോക്കാൻ തോന്നുന്നു.
അതങ്ങനെയാണ്
ഒരു ചിത്രശലഭം പൂവിലെന്ന പോലെയാണ്
ഞാൻ നിന്നെ തൊട്ടു നോക്കുക.
ആദ്യം ചുറ്റിലും പാറിപ്പറക്കും,
പിന്നെ ഒരൊറ്റ ഇരുത്തമാണ് നിന്റെ ഇതളുകൾക്കുള്ളിൽ.
നിന്റെ കൈപ്പത്തിക്ക് പിന്നിലോ വിരലിലോ
ആദ്യമായി തൊട്ടു നോക്കും.
നിനക്ക് സ്പർശം പേടിയുടെ രൂപത്തിലാണറിയുവാൻ കഴിയുക.
നീ ഇഷ്ടമായില്ലെന്ന് നടിക്കും
പക്ഷേ, നിനക്കിഷ്ടമായിട്ടുണ്ടാവും
എനിക്കറിയാം
സ്നേഹിക്കുന്നവനാൽ
തൊട്ടു നോക്കപ്പെടാൻ ഇഷ്ടപ്പെടാത്തവരില്ല.
മെല്ലെ മതിയെന്നാണ് നീ പറയുന്നത്
സ്നേഹിക്കുന്നവളെ തൊടാതിരിക്കാൻ
ആർക്കാണു കഴിയുക.
വിരലുകളിൽ നിന്ന് മെല്ലെ ഞാൻ സ്വന്ത്രനാകുന്നു
എന്റെ തോളുകൾ കൊണ്ട് നിന്റെ തോളുകളിൽ തൊടുന്നു.
ഞാനെന്റെ ചുമലുകളെ വിരലുകൾ പോലെ സങ്കല്പിച്ച്
നിന്നെ തൊട്ടു നോക്കുന്നു.
ഒടുവിൽ നിന്റെ തോളുകൾക്കു മീതെ കൈകളിടുന്നു.
സ്നേഹം അതിന്റെ സുരക്ഷിതമായ
ഒരു തുറമുഖത്തിലേക്കെത്തുമ്പോഴാണ് കൈകൾ പായ്മരം പോലെ
ഒരുവളെ  പേടിയുടെ കൊടുങ്കാറ്റിൽ നിന്ന് രക്ഷിച്ച് 
തോളോടു  ചേർക്കുന്നത്.
ഇനിയൊരിക്കൽ സന്ധ്യകഴിയുന്ന നേരത്ത് നാം
കടൽത്തീരത്തിലൂടെ നടക്കും
ഞാനപ്പോൾ നിന്റെ അരയിൽ  കൈചുറ്റിയിട്ടുണ്ടാവും
നാം അത്രമേൽ അടുപ്പത്തിലായെന്നേ അർത്ഥമുള്ളു.
നീ സ്നേഹിക്കപ്പെടുന്നുവെന്ന അനുഭവത്തിൽ
എന്നോടും ചേർന്നു നടക്കും
ഇനിയും കൂടുതൽ ചേരാൻ പറ്റില്ലല്ലോ എന്ന വ്യാകുലയിൽ.
ഞാൻ പുരുഷനാണല്ലോ,
നിന്റെ മാർദ്ദവത്തെക്കൂടി എന്നോടു ചേർത്തുപിടിക്കും.
എപ്പോഴെങ്കിലും ഒരു മറവിലോ തിരിവിലോ
ഏകാന്തയുടെ തുരുത്തിലോ വെച്ച്
നാം ആദ്യമായി ചുംബിക്കും. നീ വഴുതിപ്പോകും.
നിനക്കതിന്റെ പാപഭാരവും ഭയവും വൈകാരികഭാരവും
അധിക നേരം താങ്ങാനാവില്ല.
ചിത്രശലഭം വന്നിരിക്കുന്ന  പൂവു പോലെ നീ ഉലഞ്ഞു പോകും.
നിന്റെ ചുണ്ടുകൾ ഏതോ  പുഷ്പത്തിന്റെ ഇതളുകളെ ഓർമ്മിപ്പിക്കും.
ചുണ്ടുകൾ കൊണ്ട്
പരസ്പരം തൊട്ടു നോക്കുകയാണ് നമ്മൾ.
അതുവരെയുള്ളതു പോലെയല്ല,
ഇപ്പോൾ നമ്മൾ  മറ്റാരോ ആണ്.
വൈദ്യുതാഘാതമേറ്റവർ.
ആദ്യത്തെ ചുംബനം കഴിയുമ്പോഴാണ്
നാം
ശരിക്കും തൊട്ടുനോക്കിയെന്ന് അറിയുന്നത്.
വിരലുകൾ  കൊണ്ടല്ലാതെ
സ്പർശിക്കാൻ കഴിയുമെന്നു പഠിക്കുന്നത്.
പതിനൊന്നാമത്തെ വിരൽ ചുണ്ടിലുണ്ടെന്ന് അറിയുന്നത്.
നാവിൽ പന്ത്രണ്ടാമത്തെ വിരൽ.

നിലാവുള്ള രാത്രിയിൽ
കടലിലോ പാറക്കെട്ടിനു മുകളിലോ കിടന്ന്  നാം
രാത്രി കാണുന്നു.
ഒരു സ്വപ്നം പോലെ നാം അന്തരീക്ഷത്തെ നീർത്തി  വിരിക്കുന്നു.
ഞാൻ നിന്നെ വിസ്തരിച്ച് അഴിച്ചു നോക്കുന്നു
ഒരു ശില്പി അവന്റെ പൂർണ്ണമായ ശില്പത്തെയെന്ന പോലെ
ഞാൻ നിന്നെ തൊട്ടുതലോടുന്നു.
എന്റെ സൃഷ്ടിയാണിത് എന്ന മട്ടിൽ
ഇനിയും ആകൃതിപ്പെടുത്തുവാൻ കഴിയുമോയെന്ന്
തിരിച്ചും മറിച്ചും  തൊട്ടു നോക്കുന്നു.
ലോകത്ത് മറ്റൊരു ലോകവുമില്ലെന്ന മട്ടിൽ നാം
പരസ്പരം തൊട്ട് തൊട്ട് തലോടും.
അതിന്റെ ആനന്ദത്തിൽ 
രാത്രിയെ  മുഴുവൻ ആർദ്രമാക്കും.

എല്ലാ ഞരമ്പുകളും കോർത്തുകെട്ടിയ  സ്പർശമണിയിൽ
തൊട്ട്  
മാന്ത്രികരെ പോലെ നമ്മൾ പരസ്പരം
ഒരാളെ മറ്റൊരാളാക്കും.    
കടലോ കാനനമോ അപ്പോൾ ഞരങ്ങുവാൻ തുടങ്ങും.
ജലകന്യകകളും വനദേവതമാരും  കയറിവരും
നാം പരസ്പരം പുണരും
കടലിനുമീതെ കുളിർ കാറ്റും കൊടുങ്കാറ്റുമെന്ന പോലെ
ഞാൻ രൂപാന്തരപ്പെടും..നീയും
പതിമൂന്നാമത്തെ വിരലുകൊണ്ട് നിന്നെ
ആനന്ദത്തിന്റെ
വിരാമമില്ലാത്ത തിരമാലകൾക്കു മീതെ തുഴഞ്ഞ്
അജ്ഞാതമായ ദ്വീപുകളിലേക്ക് വഹിച്ചുകൊണ്ടുപോകും. 

പക്ഷേ, ഞാനിതൊന്നുമായിരിക്കില്ല
ശരിക്കും ചെയ്യുക.
എന്റെ ഹൃദയത്തെ ഒരു വിരലാക്കിമാറ്റും
എന്നിട്ട് നിന്റെ ഹൃദയത്തെ തൊടും.
അതിന്റെ ചൂടും മിടിപ്പും തൊട്ടു നോക്കും
ആർക്കുമതിനു കഴിഞ്ഞിട്ടില്ലല്ലോ.
അപ്പോഴാണ് നീ 
ലോകത്തിലെ ഏറ്റവും ആഹ്ലാദവതിയായ പെണ്ണാകുന്നത്
അതറിയുമ്പോൾ ഞാനെന്റെ മനസ്സിന്റെ  പതിനാലാം വിരലുകൊണ്ട്
നിന്റെ മനസ്സിനെ

കൊതി (അഞ്ചു കവിതകളിൽ ഒന്നാമത്തേത്)

കാണാൻ
==========
കാണാൻ  കൊതിയാവുന്നു
ഒരു സിനിമയിലെന്ന പോലെ.
ലോങ്ങ് ഷോട്ടിൽ. മീഡിയം ഷോട്ടിൽ. ക്ലോസപ്പിൽ.
ഒരു ദൂരദർശിനിയിലൂടെന്ന വണ്ണം
അനേകം സുന്ദര നക്ഷത്രങ്ങൾക്കിടയിൽ
വേറിട്ടു തിളങ്ങുന്നതും
ആൾക്കൂട്ടങ്ങൾക്കിടയിലൂടെ
മാന്ത്രികമായി ചലിക്കുന്നതുമായ മറ്റൊരു നക്ഷത്രമായി.
നിന്നെ കാണണം
ഒരു ജനൽപ്പഴുതിലൂടെന്ന വണ്ണം. വിഷാദ മുഖച്ഛായകളിൽ.
നിന്നെ കാണണം ഒരു താക്കോൽ പഴുതിലൂടെന്ന വണ്ണം രഹസ്യാത്കമമായി.
ഉത്കടമായി.
ഒരു കനകാംബരവസ്ത്രങ്ങളിലല്ല ദിഗംബരയായി.
കണ്ണുകകൾ കൊണ്ട് ഊഞ്ഞാലാടണം എല്ലാ നിമ്നോനോന്നതങ്ങളിലും..
കാണണം എല്ലാ രഹസ്യമയമായ കോണുകളിലും നിന്ന്,
ഒരു സൂക്ഷ്മദർശിനിലൂടെന്ന വണ്ണം
അതിസൂക്ഷ്മമായയി,
ഓരോ കോശങ്ങളും കലകളും രോമരാജികളും,
ചർമ്മത്തിന്റെ നിറഭേദങ്ങളും.
ഒളിച്ചിരിക്കാൻ തോന്നിപ്പിക്കുന്ന നിന്റെ മുടിക്കെട്ട്.
ജിന്നുകളിൽ നിന്ന് മറച്ചു വെച്ച കാതുകൾ.
നിന്റെ വിടർന്ന കണ്ണുകൾ.
കവിളിലെ ചുവന്ന വീഞ്ഞ് ചഷകങ്ങൾ.
വരാനിരിക്കുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി
കരുതിവെച്ചിട്ടുള്ള ഞാവൽപ്പഴ മൊട്ടുകൾ,
നാഭിയിൽ നിന്നുമൊഴുകും
സൗവർണ്ണ സൗന്ദര്യ വെളിച്ചം.
പിന്നിൽനിന്നു നോക്കിയാൽ കാഴ്ച തുളുമ്പിപ്പോകുന്ന നിറകുടങ്ങൾ.
എനിക്ക് കാണാം നിന്നെ,
ദംശിക്കാം,
പുരുഷ പപത്തിന്റെ വിഷം നീലിച്ച കണ്ണുകൾകൊണ്ട്.

എന്നാൽ എനിക്ക് കാണാം നിന്നെ
വ്യത്യസ്തയായി,
സ്നേഹത്തിന്റെ അപ്രാപ്യമായ ഏഴായിരം വർണ്ണങ്ങളിൽ.
ആരും കാണാത്ത സങ്കടങ്ങളിൽ കുളിച്ചു നിൽക്കുന്ന
ഒരുവളെ,
പാപമില്ലാത്ത കണ്ണുകളിൽ.
ഒരു മഞ്ഞുതുള്ളി പോലെ.
ചൂടുവറ്റാത്ത ഒരു കണ്ണീർക്കണം പോലെ.
നിനക്കു മാത്രം കാണാൻ കഴിയുന്ന നിന്നെ.

Sunday, March 27, 2016

നാം നിലാവിൽ മുങ്ങി മരിക്കുന്നു ..

ചിലപ്പോൾ നിലയില്ലാത്ത കയത്തിലേക്കുള്ള
ഒരുടന്തടിച്ചാട്ടമാണത്..
മരണത്തിനുള്ളിലൂടെ
ഉന്മാദത്തിനുള്ളിലൂടെ
നേർത്ത വരകൾക്കുള്ളിലൂടെ
ഉള്ള
ഒരൊഴുകലാണ്..
പറയാതെ തൊണ്ടയിൽ കുരുങ്ങിപ്പോയ പ്രണയം നാവിനെ ലാവ പോലെ ദ്രവിപ്പിക്കുന്ന തീഷ്ണവേദനയാണ്...
നിരാംലംബയുടെ  രാത്രി നൃത്തമാണ് ...
പക്ഷേ, ഒരാളും അവളുടെ ആത്മാവിലേക്ക് നോക്കുന്നില്ല.

ഞാൻ മടലേറി മരിക്കുന്ന
ഒരു സംഘകാലകാമുകനാണ്...
എൻ്റെ വ്യഥകൾ ചുറ്റിലും
തീ പടരുന്ന കാടാണ്...
എൻ്റെ ദു:ഖം
കപ്പലുകൾ മുങ്ങിത്താഴുന്ന ഒരു സമുദ്ര ഗർത്തമാണ് ...
പക്ഷേ, ഞാനെന്നിട്ടും
ഗർവിഷ്ടനാണ്.
നിൻ്റെ പ്രണയത്തിനു വേണ്ടി കാത്തിരുന്ന് കാത്തിരുന്ന് ഉരുകിത്തീരുന്ന സൂര്യൻ...

കണ്ണീർ വീണ് എൻ്റെ പാനപാത്രം
ലവണ ജലധിയായിരിക്കുന്നു ...
നീ എന്നെ സ്നേഹിക്കാതെ സ്നേഹിക്കുന്നു.
നിൻ്റെ നോട്ടം
ഒരു തുന്നൽ സൂചി പോലെ എന്നെ ഹൃദയത്തോട് ചേർത്ത് തയ്ച്ചു വെച്ചിരിക്കുന്നു ...

രാത്രിയുടെ രഹസ്യമയമായ കീർത്തനങ്ങളോടൊപ്പം
നീ വരുന്നു ..
എനിക്ക് വേണ്ടി നക്ഷത്രങ്ങളെ ചൂടുന്നു ..
പഴയതിനേക്കാളേറെ നിലാവ് പൊഴിക്കുന്നു ...
അതിലേറെ ചന്ദനവാഹിയായ കാറ്റായി മാറുന്നു ...
മാറിടങ്ങളിൽ ചുവന്ന മുന്തിരിപ്പഴങ്ങളും
മണക്കുന്ന മാമ്പഴങ്ങളും വഹിക്കുന്നു ..

നിൻ്റെ വിരക്തമായ ചുണ്ടുകളിൽ ഞാനുമ്മ വെക്കുന്നു ...
പെട്ടെന്നവ കരയ്ക്കു പിടിച്ചിട്ട മത്സ്യങ്ങളാകുന്നു..
അവ പിടയ്ക്കുന്നു ...
ത്രസിക്കുന്ന രക്തം കൊണ്ട് അതിൻ്റെ കലകൾ സ്പന്ദിക്കുന്നു ...
നിൻ്റെ മുടിക്കെട്ടിൽ
രാത്രിയെ ഊതിക്കെടുത്തുന്നു ...
നിൻ്റെ നാഭിയിൽ നിന്നു തിര വളയങ്ങളിട്ട  വെളിച്ചം കുടിക്കുന്നു ..
നിൻ്റെ വിരലുകളുടെ അറ്റത്ത്
ഉമ്മ വെക്കുന്നു ...
നിൻ്റെ നഖങ്ങളെ തൊടുന്നു ...
നിന്നെത്തന്നെ തൊടുന്നു ...
ഒരു പകലിൻ്റെ ഇളം ചൂടിനെ ശരീരത്തിലേക്ക് ഒഴുകി വിടുന്നു ...
നിന്നിലേക്ക് കയറി വരുവാൻ ഒരു വാതിൽ കണ്ടെത്തുന്നു ..
ഒടുവിൽ
ഏറ്റവും പ്രേമാർദ്രയായി
നീ എന്നെ ഉള്ളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു ...
ജാലകങ്ങളുടെ തിരശ്ശീല മാറ്റി നമുക്കിടയിലേക്ക് നിലാവ് ഒഴുകി വരുവാനുള്ള പാളികൾ തുറക്കുന്നു ...

നമ്മുടെ ശരീരങ്ങൾ
നിലാവു കൊണ്ട് നനയുന്നു ....

Sunday, May 10, 2015

കാലങ്ങളായി പെയ്യുന്ന മഴ, അതേ ദേശം അതേ പൗരന്മാർ...

ആദ്യം നമ്മൾ
കുറേക്കാലത്തേക്ക് ഒന്നും മിണ്ടുകയില്ല.
അതങ്ങനെയാണ്
മൗനത്തിന്റെ മഴയത്ത് നിൽക്കും.

ഓരോ തുള്ളിയും നമ്മുടെ മീതേയ്ക്ക് പറന്നു വരും
നെഞ്ചിൽ  തൂവൽ കൊണ്ടു  തൊടും
നമ്മൾ  ആസ്വദിച്ച് നനയും
അതിന്റെ സംഗീതം കേട്ടു നിൽക്കും
ഒന്നിച്ചിരുന്ന്
ഐസ്ക്രീം പോലെ മാധുര്യമുള്ള
അതിന്റെ തണുപ്പ്  നുണയും

ഞാനപ്പോൾ
മോണിങ്ങ് കോഫിയുടെ മണമുള്ള വിരലുകൾ കൊണ്ട്
നിന്റെ മുടിയിൽ അദൃശ്യമായി തൊടും
നിനക്കുമാത്രമറിയുന്ന
പ്രത്യേക ലിപിയുള്ള ഒരു ഭാഷയിൽ
നിന്നെ തലോടും

കാറ്റിൽ നിന്റെ മുടിച്ചുരുളിൽ
ഞാൻ മാത്രം ഒരു നീലക്കടൽ കാണും
വിദൂരതയിലെ തിളങ്ങുന്ന നക്ഷത്രങ്ങൾ  പോലെ കണ്ണുകളും
എനിക്കറിയാം
എല്ലാം അനേകായിരം പേർ പറഞ്ഞുകഴിഞ്ഞ രൂപകങ്ങളും ഉപമകളും തന്നെ
പക്ഷേ എനിക്കും അതാവർത്തിക്കാതിരിക്കാനാവില്ല

എത്രയോ കാലമായി
ആളുകൾ കൊള്ളുന്ന അതേ മഴതന്നെയാണല്ലോ
നമ്മളും
ഇപ്പോൾ കൊള്ളുന്നത്.
പിന്നെന്താണ്!

 നാമിപ്പോൾ കടൽക്കരയിലാണ്
നിന്റെ മങ്ങിയ ചർമ്മത്തിൽ
ഞാൻ  വെയിലിന്റെ നടനവും നോക്കി ഇരിക്കും
നമ്മുടെ ഹൃദയത്തിനുള്ളിലൂടെ മുന്തിരിവള്ളികൾ വളരും
 ആരും കാണാതെ അവ പരസ്പരം കെട്ടുപിണയും
രക്തത്തിനിപ്പോൾ പഴുത്ത മുന്തിരിയുടെ രുചി കാണും,
ഒരു പക്ഷേ ചുണ്ടുകൾക്കും.

വാക്കുകളുടെ ആ കിളികൾ ഇപ്പോളുണർന്നിട്ടുണ്ടാവും
നാമവയെ കൂട്ടിലിട്ടിരിക്കുകയായിരുന്നല്ലോ
അവ മൗനത്തിന്റെ കൂടു പൊളിക്കാൻ ശ്രമിക്കുന്നുണ്ട്
നാമവയെ
പെട്ടെന്ന് സ്വതന്ത്രമാകാൻ  അനുവദിക്കില്ല.

ഇപ്പോൾ  നാം ഒരു  പാതയിലൂടെ നടക്കുകയാണ്.
ചുവന്ന മൺ പാതയിലൂടെ.
അതാണു രസം.
അപ്പോൾ പതിറ്റാണ്ടുകൾക്ക് പിന്നിലേക്ക് പോകകയാണെന്നു തോന്നും
നമ്മൾ കൈകൾ കോർത്തുപിടിക്കും..
ആരോ  കൈവീശിക്കാണിക്കുന്നുണ്ട് നമ്മളെ
കാറ്റാണ് മരങ്ങളും ചെടികളുമാണ്.
അവയ്ക്കപരിതമല്ല
ആ വിരൽ പിടിച്ചുള്ള പോക്കുകകൾ,
അവർക്കപരിചിതമല്ല അത്തരം  തൊട്ടുരുമ്മലുകൾ,
നീണ്ട മൗനങ്ങളും.

ഒടുവിൽ നാം അവിടെ എത്തിച്ചേരും
അധികമാരുമില്ലാത്ത  ദേശത്ത്.
തെരുവിലിരുന്ന് കോഫി കുടിച്ചു കൊണ്ടിരിക്കുന്ന
അനേർകർക്കിടയിലേക്ക്
നമ്മൾ കയറിച്ചെല്ലും.

അപ്പോൾ അവർ   നമ്മളെ  തിരിച്ചറിയും, 
എഴുന്നേറ്റ് നിന്നു കൈയ്യടിക്കും.
അവിടെയുള്ളവർ
നമുക്കായി നൽകും  പൗരത്വത്തിന്റെ പുതിയ രേഖകൾ
നമ്മൾ  സന്തോഷം കൊണ്ട് പൊട്ടിച്ചിരിക്കും
അടച്ചിട്ട കൂടുവിട്ട്   
നമ്മുടെ വാക്കുകൾ ആകാശത്തേക്ക് പറക്കും

നോക്കൂ, അവ എത്രയധികം സന്തോഷത്തോടെയാണ്
ചിറകടിക്കുന്നതെന്ന്
നാം കണ്ടുപിടിച്ച് പുതിയ ദേശത്തിനു മീതെ
എത്ര ഉയരത്തിലാണ് അവ പറക്കുന്നതെന്ന്...

Saturday, May 2, 2015

ഭാഗ്യവാൻ



വളരെ സ്വസ്ഥനാണ്
ഭാഗ്യവാനും
ഗാസയെപറ്റിയുള്ള ചില വാർത്തകളിൽ
കുഞ്ഞുങ്ങൾ കശാപ്പുചെയ്യപ്പെടുന്നുണ്ട്
ബാഗ്ദാദിലും
ബസ്രയിലും
നിഷ്കളങ്കതയുടെ കഴുത്ത്
ചലച്ചിത്രത്തിലെന്ന മട്ടിൽ
അറത്തുമാറ്റപ്പെടുന്നുണ്ട്
സിറിയയിൽ
മൃത്യുവിന്റെ നാടകം,
തുർക്കികൾക്ക്
കിഴക്കെന്നും പടിഞ്ഞാറെന്നുമുള്ള പേടികൊണ്ട്
പരിഭ്രമിക്കാനേ നേരമുള്ളു
ഈജിപ്തിൽ ചത്വരങ്ങളെ ഇളക്കി മറിക്കുന്ന
മനുഷ്യഭൂകമ്പങ്ങളുണ്ട്
ഒരൊറ്റ ബോംബ് കൊണ്ട്
ആയിരങ്ങളെ
മരണത്തിന്റെ വിശുദ്ധ പാർലമെന്റിലേക്ക്
തെരഞ്ഞെടുക്കുന്ന ജനാധിപത്യവാദികളുണ്ട്
എന്നിട്ടും സ്വസ്ഥനാണ്
ഭാഗ്യവാനും.

എല്ലാം ശ്രദ്ധിക്കും
ചർച്ചയിൽ പങ്കെടുക്കും
പുതിയ വാർത്തകൾ വല്ലതുമുണ്ടോ?
അതറിഞ്ഞിട്ടുവേണം
മരിച്ച അബൂബക്കറെ കാണാൻ പോകാൻ
സുഹൃത്തായിരുന്നു
നല്ലവനായിരുന്നു
ക്യാൻസറായിരുന്നു
മയ്യത്തെടുത്തിട്ട് വേണം
സേവ്യറച്ചായനെ ഒന്നു പോയിക്കാണാൻ
അത്യാസന്ന നിലയിലാണ്
കിടപ്പിലാണ്
കണ്ടിട്ട്  കാലമേറെയായി
ഡയാലിസിസൊന്നും
ഫലിക്കാതെയായി
ഇനി കാണാനൊന്നും ഒത്തെന്നു വരില്ല
ഇന്നലേയും
മിനിഞ്ഞാന്നും
അങ്ങനെ ഓരോരോ തിരക്കിലായിരുന്നു
പള്ളിമുറ്റം
സെമിത്തേരി
ആശുപത്രി
ആംബുലൻസ്
തിരക്കില്ലാത്ത ഒരു ദിവസം പോലും ജീവിതത്തിലില്ല

എങ്കിലും ഭാഗ്യവാനാണ്
കണ്ണടച്ച് കിടന്നാൽ
നേരം വെളുക്കുന്നതറിയില്ല
അലാറം തേങ്ങിയാലും
ഹൃദയം ഞെട്ടിപ്പിടഞ്ഞെഴുന്നേൽക്കില്ല
തലച്ചോറിൽ ഒരു കോഴിയും പുലർച്ചക്കെണീറ്റ്
കൂകി ശല്യമുണ്ടാക്കില്ല.
          സ്വസ്ഥനാണ്
          ഭാഗ്യവാനും.