Tuesday, May 25, 2010

ചില എപ്പിസോഡുകൾ

1
ലളിതമായതെല്ലാം
ഹാസ്യമാകുന്നതുകൊണ്ടാവാം
നീ എന്റെ ജീവിതത്തിനു
മുന്‍പിലിരുന്ന്‌
ഇങ്ങനെ
അറഞ്ഞു ചിരിക്കുന്നത്‌.

(നമ്മുടേത്‌ തീര്‍ച്ചയായും
ഡെന്റിസ്റ്റുകള്‍ ശുപാര്‍ശ ചെയ്യുന്ന
ജീവിതം തന്നെ! )

2
സങ്കീര്‍ണ്ണമായതെല്ലാം
ഭയാനകമായതുകൊണ്ടുമാവാം
ഞാനിങ്ങനെ
നിന്റെ രൂപാന്തരങ്ങള്‍ ക്കു മുന്‍പില്‍
ശ്വാസമടക്കിപ്പിടിച്ചിരിക്കുന്നത്‌?

3
ടോയ്‌ലറ്റിലെ
ഭീകരജീവികള്‍
അപ്രത്യക്ഷമാകുകയും
അതിനൊരു സുഗന്ധമുണ്ടാകുകയും
ചെയ്യുന്നത്‌
പുതിയൊരു കാര്യം തന്നെ

4
വെളിക്കിരുന്നു ശീലിച്ചവര്‍ക്ക്‌
അകത്തിരുന്ന്‌ ശീലിക്കാന്‍
പറ്റിയ പ്രതാപത്തില്‍
സ്പോണ്‍സേര്‍ഡ്‌
പ്രോഗ്രാമുകളായി
ജീവിതം ചിത്രീകരിച്ച പ്രതിഭയെ
നാമെന്നാണവോ
സ്റ്റേജ് ഷോയില്‍ കണ്ടുമുട്ടുക?

5
നമുക്കു നമ്മള്‍തന്നെ
പൂച്ചെണ്ടുകള്‍
കൊടുക്കുന്ന ചടങ്ങില്‍
ആരാവും
കൈയ്യടിക്കാന്‍ ബാക്കിയുണ്ടാവുക ?

6
ആരുടെ
ഇവെന്റ് മാനേജ്മെന്റാണ്‌
ഈ ജീവിതമെല്ലാം!

7
എപ്പിസോഡുകളുടെ
ഇടവേളകള്‍ക്കിടയില്‍
ഏതു കമ്പനിയുടെ പാഡിലേക്കാണ്‌
പാഴായ ജീവിതങ്ങളുടെ രക്തം
വലിച്ചെടുക്കപ്പെടുന്നത്

Monday, May 24, 2010

ക്ഷമാപണം

എന്റെ
ജീവന്റെ കൂട്ടിലാണ്‌
നിന്നെ അടച്ചിട്ടത്
എന്നതിനാല്‍
ക്ഷമാപണം

ഇതിന്റെ
ഇരുമ്പഴികള്‍ തകര്‍ക്കാതെ
നിനക്കൊരാകാശത്തേക്കും
പറക്കാനാവില്ല

നിന്റെ കൊക്കു കൊണ്ട്
എന്റെ ഹൃദയം,
നിനക്കായ് ദഹിച്ച കരള്‍,
നിന്നെപ്പുണര്‍ന്നു തളര്‍ന്ന കൈകള്‍,
ഓരോ ഇരുമ്പഴികളുമങ്ങനെ
കൊത്തിക്കൊത്തി
വേര്‍പെടുത്തുക

മുറിഞ്ഞുപോകട്ടെ
എന്റെയീ
ജീവന്റെ കൂട്

കറിവേപ്പ്

ഇഷ്ടമാണെന്ന് പറഞ്ഞ്
ദിവസവും
രാവിലെ നുള്ളും

അപ്പോഴൊക്കെ
കോരിത്തരിക്കാതിരുന്നിട്ടില്ല!

പക്ഷേ
സന്ധ്യക്ക്
പാത്രമെല്ലാം കഴുകാന്‍
ഓവുചാലിലേക്ക് കുടയുമ്പോള്‍
ഇഷ്ടമെന്ന വാക്ക്
എച്ചിലിനോടൊപ്പം വീഴുന്നതു കണ്ട്
ഒരിക്കലും സങ്കടപ്പെട്ടിട്ടില്ല

എന്തിനാണ്‌ ?

ഇഷ്ടമാണെന്ന്
ഒരിക്കലെങ്കിലും പറഞ്ഞല്ലോ,
അതുമതി

Tuesday, May 11, 2010

കിടക്ക കത്തിക്കുന്ന കിളികൾ*

മരവും കൂടും
മറ്റാരോ ഏറ്റെടുത്തപ്പോള്‍
കിളി മക്കളെ തന്നോട്‌ ചേര്‍ത്ത്‌
തന്നോട്‌ ചേര്‍ത്ത്‌
വിഷാദചിന്തകളുടെ
മറ്റൊരാകാശത്തിലേക്ക്‌
ചിറകടിച്ചു

`ആരാണീ
മഴമരങ്ങളുടെ വേരുകള്‍
മണ്ണില്‍ നിന്ന്‌ പിഴുതെടുത്തത്‌?`

`ആരാണീ
മുടിക്കൊമ്പുകള്‍
ചീകിച്ചീകി ശൂന്യമാക്കിയത്‌?`

`ആരാണീ വിരല്‍ച്ചില്ലകള്‍
മുറിച്ച്‌ മുറിച്ച്‌
ചോര വീഴ്ത്തിയത്‌?`

`മരത്തോല്‍ ചീന്തിയെടുത്ത്‌
ഉടലിനെ ഇങ്ങനെ
തലകീഴായി
കെട്ടിത്തൂക്കിയിരിക്കുന്നതാരാണ്‌?`

കിളിയുടെ വിചാരങ്ങള്‍
വിറയാര്‍ന്ന ചോദ്യങ്ങളില്‍
കറ്റാടി മരങ്ങളായി

അതിന്റെ ആകുലതകള്‍
നിയന്ത്രണം വിട്ട കാറ്റും
കണ്ണുകാണാത്ത തിരമാലകളുമായി.

ഞാനുറങ്ങാന്‍ തുടങ്ങുമ്പോള്‍
പോരാട്ടങ്ങളുടെ ചൂട്‌
അന്തരീക്ഷത്തില്‍
വിയര്‍ക്കുന്നുണ്ടായിരുന്നെങ്കിലും
അവിചാരിതമായിട്ടാണ്‌
`ഇനി ഞങ്ങളോടൊപ്പം
നീയുമുണര്‍ന്നിരിക്കുക എന്ന്‌`
കിളികള്‍ എന്റെ കിടക്ക കത്തിച്ചു കൊണ്ട്‌
വീട്ടിലേക്ക്‌ പറന്നു വന്നത്.

ഇതാണിനി കൂടെന്ന്‌
അവയെല്ലാം
ചെവിയിലേക്കു ചേക്കേറി.

ഉള്ളിലെവിടെയോ ഒരമര്‍ഷം
കണ്ണുതിരുമ്മി
ഇനി ഉണരാതെവയ്യെന്ന്‌
പിറുപിറുത്തു കൊണ്ടിരുന്നു





*ഭൂമിക്കും പരിസ്ഥിതിക്കും വേണ്ടി പോരാടുന്നവര്‍ക്ക്

Sunday, May 9, 2010

മ(ര)ണം

ഓർമ്മയിലുണ്ട്‌
പലതരം മണങ്ങൾ

കണ്ടും കേട്ടും
രുചിച്ചും
തൊട്ടുമറിഞ്ഞ
പലതരം മണങ്ങൾ

കഥപറയുമ്പോൾ
മുത്തശ്ശന്റെ വായിലുണ്ടായിരുന്നു
കേൾക്കാൻ കഴിയുന്ന
ഒരു തരം മണം

ഈമ്പിയീമ്പിക്കുടിച്ചിട്ടും
തീർന്നിരുന്നില്ല
ചെറുബാല്യത്തിലെ
മധുമാമ്പഴ മണങ്ങൾ

കണ്ടുകണ്ട്
മതിമറന്നിട്ടുണ്ട്
കളിമുറ്റത്തും
അയൽത്തൊടിയിലും
അപരിചിതയിടങ്ങളിലും വിടർന്ന
പൂമണങ്ങൾ

എത്രവട്ടം
കെട്ടിപ്പിടിച്ചെന്നിലേക്കൊതുക്കിയുട്ടുണ്ട്
ഞാനവളിലെ
പുളയുന്ന മണങ്ങളെ

എങ്കിലും
ഒരു മണം മാത്രം
മണമായിത്തന്നെ
പ്രസരിക്കുന്നുണ്ട് ചുറ്റിലും

മറ്റൊന്നിലും കലരാതെ

Saturday, May 8, 2010

വർഗസമരം

പൂച്ചക്ക്‌
പട്ടിയെ വെറുപ്പാണ്‌.
മുറ്റത്തും തൊടിയിലും
യജമാനന്റെ പൃഷ്ഠത്തിനുപിന്നിലും
സദാ വാലാട്ടി
ഒരു വ്യക്തിത്വവുമില്ലാതെ
നാണം കെട്ട
ഒരേ നടപ്പു തന്നെ
വല്ലപ്പോഴും ഓർമ്മതെറ്റി
ബൗ ബൗ എന്ന്‌
വർഗ്ഗബോധത്തോടെ
കുരച്ചെങ്കിലായി

പട്ടിക്ക്‌
പൂച്ചയെ പുച്ഛമാണ്‌ .
അടുപ്പിൻ ചോട്ടിലും
മീൻ വെട്ടുന്നിടത്തും
യജമാനത്തിയുടെ അരക്കെട്ടിലും
അതേ മണം പിടിച്ചുള്ള
കാത്തിരിപ്പുതന്നെ.
വല്ലപ്പോഴും
നാവുപിഴച്ച്‌
മ്യാവൂ മ്യാവൂ എന്ന്‌
സ്വത്വബോധത്തോടെ
വംശസ്മൃതിയുണർന്ന്‌
കരഞ്ഞെങ്കിലായി
­