Monday, August 23, 2010

മത്സ്യബന്ധനം

അസൂയ തോന്നുംവിധം
എത്ര സ്വതന്ത്രമായാണ്‌
ഈ ജലജീവികൾ
നീന്തുന്നത്,
ചാഞ്ഞും ചെരിഞ്ഞും

മുന്നോട്ട് മിന്നലായും
പിന്നോട്ട്
വെട്ടിത്തിരിയുന്ന കാളക്കുട്ടിയായും
മുകളിലേയ്ക്കൊരു
ജലദേവതയായും
താഴേയ്ക്കൊരു
നീലപ്പൊന്മാനായും.

ജലം
അവയുടെ മീതെ
നിയമങ്ങളുടെ
ഒരു ചിറയും
കെട്ടിവരിയുന്നില്ല

അവ
മത്സ്യച്ചിറകുകളിൽ
ഒരു ഗൃഹപാഠങ്ങളുടേയും
എഴുത്തുപുസ്തകങ്ങൾ
തുറന്നു പിടിച്ചിട്ടില്ല.

ജയിലുകളോ
തടവറകളോ
വാർത്തകളോ
അവയെ ഭയപ്പെടുത്തുന്നില്ല

അണിയണിയായി പോകുമ്പോഴും
മുദ്രാവാക്യമോ
കൊടിയടയാളമോ
ഒരല്പംപോലും ധൃതിയോ
ഉടലിലെങ്ങും
തിരയടിയ്ക്കാറില്ല

നേരം വൈകിയെന്ന്
അലാറങ്ങൾ
ഉറക്കത്തിലേക്ക്
കുരങ്ങിൻ കൂട്ടങ്ങളായി
ചാടിവീഴുന്നില്ല

ഒരു മെഴുകുതിരിയുടേയും
നിലവിളക്കിന്റേയും തിരിനാളം
അവയുടെ പ്രാർത്ഥനകൾ കേട്ട്
ഭാഗ്യനിർഭാഗ്യങ്ങളിലേയ്ക്ക്
ചാഞ്ഞും ചെരിഞ്ഞും
സ്വർണ്ണമത്സ്യങ്ങളായി
നീന്തിയിട്ടില്ല.

എന്റെയീ
കൊടികെട്ടിയ
ചൂണ്ടക്കൊളുത്തും
ഇണയെപ്പോലെ
ആകർഷകമായ ഇരയുമല്ലാതെ
അതിനെ മറ്റൊന്നും തന്നെ
പ്രലോഭിപ്പിക്കുന്നില്ല.

മുയലിനുമീതെ
കടുവയുടെ കൈപ്പത്തിയായി
നീ വീശിയെറിയുന്ന
വലയ്ക്കുള്ളിൽ പെടുമ്പോളല്ലാതെ
അവ ഒരിക്കലും
കാരണമില്ലാതെ
പിടയുന്നുമില്ല.

Friday, August 20, 2010

ഇണ- ഒരു പുസ്തകം

ഒറ്റയ്ക്കു പാർക്കുന്ന
ചെറുപ്പക്കാരാ
നല്ല സുഖം തോന്നുന്നുവല്ലേ
ഇങ്ങനെ
കട്ടിലിലോ
ചാരുകസേരയിലോ
ഈസി ചെയറിലോ കിടന്ന്
വായിക്കുമ്പോൾ

ഒരു പക്ഷേ
കിടപ്പുമുറിയിൽ
രാത്രിയെ രമിപ്പിക്കുന്ന
ഒരുറക്കത്തിനു മുൻപുള്ള
പതിവു ശീലമായി
പുസ്തകമെടുത്ത്
പേജുകളിലങ്ങിങ്ങായി
തൊട്ടുതലോടുകയാവണം നീ

ഇണയോ തുണയോ
ഉറക്കമോ
ഇല്ലാതിരുന്ന
ചെറുപ്പരാത്രികളിൽ
എത്രവട്ടമങ്ങനെ
താളുകൾക്കു മേലെ
വിരലോടിച്ച് പോയിട്ടുണ്ട് ഞാനും

അപ്പോഴൊക്കെ
അരണ്ട വെളിച്ചത്തിലും
പങ്കക്കാറ്റിലും
ലജ്ജാഭരിതരായി
തിരിഞ്ഞും മറിഞ്ഞും
കിടക്കുമായിരുന്നു
താളുകൾ,
ഖസാക്കിലെ
മൈമൂനയെ മാതിരിയോ
അന്ത്യപ്രലോഭനത്തിലെ
മറിയത്തെമാതിരിയോ.

വിവാഹിതനാകുന്നതു വരെ
രാത്രിയിൽ
പുസ്തകങ്ങളാണ്
എന്നോടൊപ്പം
നെഞ്ചിൽ തളർന്നു കിടന്ന്
മയങ്ങിയിരുന്നത്

ഇണയും തുണയുമായിക്കഴിഞ്ഞാൽ
തുറന്നുവെച്ച പുസ്തകം
അതുതാനല്ലയോ ഇതെന്ന്
ഒരു രൂപകമായി
സ്വന്തം രൂപം
അഴിച്ചു വെയ്ക്കുകയാണെന്നു
തോന്നും.

വായനയ്ക്കു ശേഷം
പുസ്തകം മടക്കുമ്പോൾ
തുടകൾ ചേർത്തു
വെയ്ക്കുന്നുവെന്നൊരുപമയും
തോന്നാം.

അപ്പോൾ ഇണയുടെ മീതെ
പുതപ്പ്
ഒരു പുറം ചട്ടയായി മാറും.

ഉള്ളിൽ
ഒരു കഥയോ നോവലോ
കവിത തന്നെയോ
ആലസ്യത്തോടെ
ഉറക്കം പിടിച്ചിട്ടുണ്ടായിരിക്കും

Saturday, August 14, 2010

തവള ഒരു വലിയ പുൽച്ചാടിയെ സ്വപ്നം കാണുന്നു

സൂപ്പർമാർക്കറ്റിലേയ്ക്ക്
പോകാൻ
ഒരോട്ടോ വേണം

ചെന്നിറങ്ങിയപ്പോഴാണ്‌
കാക്കപ്പുറത്തേറി വന്നവനെപ്പോലെ
നാണംകെട്ട വികാരങ്ങൾ
കൂട്ടത്തോടെ ചുറ്റിലും
പൊതിഞ്ഞത്

ഓരോരോ വണ്ടികൾ
മുന്നിലൊതുക്കിയിട്ടുണ്ട്

അലക്സാണ്ടറുടെയോ
ദേവേന്ദ്രന്റെയോ
വെള്ളക്കുതിരയായി ഫിയറ്റ്
ഗരുഡനെപ്പോലെ സ്വിഫ്റ്റ്
മരുഭൂമിയിലെ ഒട്ടകമായി
ഉയർന്നു നിൽക്കുന്ന റിറ്റ്സ്
നെറ്റിപ്പട്ടംകെട്ടി
ഗജവീരനായി
കറുകറുത്ത വാഗ്നർ.

പുരാതന രാജാക്കന്മാരുടെ
മൂന്നു കുതിരയെക്കെട്ടിയ
രഥം പോലെയുണ്ട്
വെളുത്ത ഇന്നോവ

വിളക്കു കാലിനു ചുവട്ടിൽ
അണിഞ്ഞൊരുങ്ങിയ
ഒരരയന്നമായി
ഐ-ടെൻ

ഇടയിലൊരിടത്തുണ്ട്
മുടന്തുള്ള ഒരാട്ടിൻകുട്ടിയായി
പഴയ മാരുതി എണ്ണൂറ്

ദൈവമേ
പലതരം പ്രൗഢികളിൽ
പക്ഷികളും മൃഗങ്ങളുമായി
കാറുകളുടെ ഒരു പ്രദർശനശാല തന്നെ.

തിരിച്ചു പോരാൻ
ബസ്റ്റോപ്പിൽ നിൽക്കുമ്പോൾ
ഒരോട്ടോ പാഞ്ഞുവന്നു

പിണ്ഡം കൊത്തിയ
കാക്കയെപ്പോലെ
അതെന്നെയുമെടുത്ത്
തിരികെ പറന്നു

പോരുന്നപോക്കിൽ
പാമ്പിൻ വായിലകപ്പെട്ട തവള
പുൽച്ചാടിയെ സ്വപ്നം കാണുന്ന
ഒരു ഭാവനയിലകപ്പെട്ട്
ഞാൻ വിയർത്തുപോയി
പിന്നെ വിചാരബാധിതനായി
എന്നോടു തന്നെ പറഞ്ഞു :
'സൂപ്പർമാർക്കറ്റിലേയ്ക്ക് പോകാൻ
ഒരു കാറ് വേണം'

ലജ്ജയില്ലാത്ത വികാരങ്ങൾ
ചുറ്റിലുമിരുന്ന്
അതേയതേയെന്ന്
തലകുലുക്കിക്കൊണ്ടിരുന്നു

Saturday, August 7, 2010

നാനാർത്ഥങ്ങൾ മാത്രമുള്ള പദങ്ങൾ

ആട്ടക്കാരിപ്പുല്ലിന്റെ
മൂർച്ചകളെ ഒഴിഞ്ഞൊഴിഞ്ഞ്,
എങ്കിലും ചിലന്തിവലപോലെ
തലങ്ങും വിലങ്ങും
മുറിവേറ്റ് നീറിനീറി,
വയനാടൻ കാറ്റിനോടൊപ്പം
കുന്നിറങ്ങുകയായിരുന്നു
ഞങ്ങൾ.

പുല്ലിനിടയിൽക്കിടന്ന്
കാറ്റ് ഇക്കിളിപ്പെടുകയും
പുളയുകയും
ചിരിയ്ക്കുകയും
ചെയ്തു കൊണ്ടിരുന്ന
ഒരു വാടിയ
പശ്ചാത്തലത്തലത്തിലാണ്‌
അവൾ
നിഗൂഢതകളൊന്നുമില്ലാതെ
പറഞ്ഞത്

ഞാൻ
പലരേയാണ്‌ സ്നേഹിക്കുന്നത്,
ആരെല്ലാം
എന്നെ സ്നേഹിക്കുന്നുണ്ടോ
അവരെയെല്ലാം,
സത്യം പറയാമല്ലോ
എന്റെ സ്നേഹം നിനക്കോ
നിന്നെപ്പോലെ
മറ്റൊരാൾക്കോ വേണ്ടി മാത്രം
കരുതിവെയ്ക്കാനുള്ള
പുളിപ്പില്ലാത്ത അപ്പമോ
വാട്ടമേൽക്കാത്ത റോസാപ്പുഷ്പമോ
മരണംവരെ സൂക്ഷിക്കേണ്ട
ഒരേയൊരു പ്രാണനോ
ലംഘിക്കപ്പെടരുതാത്ത
വാഗ്ദാനമോ ഒന്നുമല്ല

വളരെ
സുനിശ്ചിതമായ
ഒരു കാര്യം പറയാം:
നിന്നോടൊപ്പം നിൽക്കുമ്പോൾ
നിന്നെമാത്രം,
നിന്നോടൊപ്പം ശയിക്കുമ്പോഴും
കൈകൾ കോർത്തുപിടിച്ചിങ്ങനെ
കുന്നിറങ്ങുമ്പോഴും
ഞാൻ നിന്നെമാത്രം
സ്നേഹിക്കുന്നു.

എനിയ്ക്കു നിശ്ചയമില്ലാത്ത
മറ്റ് നേരങ്ങളിൽ
നീ ആരെയാണ്‌
സ്നേഹിക്കുന്നതെന്ന്
നിനക്കു മാത്രമല്ലേ അറിയൂ

ആ നേരങ്ങളിൽ
ഞാൻ ആരെയാണ്‌
സ്നേഹിക്കുന്നതെന്നും
ആരോടൊപ്പമാണ്‌ നിമിഷങ്ങളെ
അലിയിച്ചു കൊണ്ടിരിക്കുന്നതെന്നും
നിനക്കുമറിയില്ലല്ലോ

അതുകൊണ്ട്
ഒരു നിശ്ചയമില്ലാത്ത
ഒരു നേരത്ത്
ഒരാൾക്ക്
മറ്റൊരാളെ
സ്നേഹിയ്ക്കുവാനാവില്ലെന്ന്
സന്ധ്യ കണ്ണടച്ചപ്പോൾ
ഞങ്ങൾ കുന്നിറങ്ങി
കൈയ്യിതളുകൾ
വിടർത്തി യാത്ര പറഞ്ഞു.

ഞാൻ
കൈ വീശിക്കാണിച്ചപ്പോൾ
അവളും
കൈവീശിക്കാണിച്ചു.

പിന്നെ
ഒരു നിശ്ചയവുമില്ലാത്ത
സമയത്തിനുള്ളിലേയ്ക്ക്
രണ്ടു പേരും
അപ്രത്യക്ഷമാകുകയും ചെയ്തു,
പുസ്തകം മടക്കി വെയ്ക്കുമ്പോൾ
മുഴുവൻ വാക്കുകളും
അർത്ഥങ്ങളും
പെട്ടെന്നില്ലാതാകുന്നതു പോലെ

Sunday, August 1, 2010

തേങ്ങ: ചില പൗരാവകാശ പ്രശ്നങ്ങൾ

കൊല്ലുകയാണെങ്കിൽ
ഒറ്റവെട്ടിനുതന്നെ
കൊല്ലണം

ഇതിപ്പോ
എന്തിനാണിങ്ങനെ
വേദനിപ്പിച്ച് വേദനിപ്പിച്ച്
മുള്ളിൽ കോർത്ത്
ചിരകുന്നത്,
പിഴിഞ്ഞ് പിഴിഞ്ഞ്
വെന്തപച്ചക്കറിയുടെ
ചൂടിലേക്കൊഴിക്കുന്നത്?

എന്തിനാണ്‌
മുനയുള്ള കത്തികൊണ്ട്
കൊത്തുകളാക്കുന്നതും
ഉപ്പും മുളകും ചേർത്തിങ്ങനെ
ചതച്ചരയ്ക്കുന്നതും

എന്തിനാണ്‌
ചൂടെണ്ണയിലിട്ട്
വറുത്തുകോരുന്നതും
മിക്സിയിലിട്ട് അരച്ചെടുക്കുന്നതും
രാവിലെ,ഉച്ചയ്ക്ക്,വൈകിട്ട്

അതൊക്കെപ്പോട്ടെ
പാത്രത്തിൽ നിന്ന് കൈയ്യിട്ടുവാരി
ഒരു ദയവുമില്ലാതെ
എന്നെയിങ്ങനെ
ഓരോന്നു പറഞ്ഞ്
ചവച്ചരയ്ക്കാൻ
എന്തു ദ്രോഹമാണുണ്ണീ
ഞാൻ നിന്നോട് ചെയ്തത്

കഴിച്ചു പോകുന്നതല്ലാതെ
ഒരുത്തരവും
ആരും പറയുന്നില്ലല്ലോ

ശരി ശരി
ഇനിയും വരുമല്ലോ
ഓരോന്നും പറഞ്ഞ് നുണയാൻ
അച്ഛനും മക്കളും
കൈകഴുകി
രാവിലെ ,ഉച്ചയ്ക്ക് ,വൈകിട്ട്