Tuesday, April 19, 2011

ശ്വാനരൻ

അസമയങ്ങളിൽ
വന്നു കയറി
ഉച്ചയുറക്കമോ ഊണോ
രതിലാളനകളോ കളിതമാശകളോ
ദേശകാലങ്ങൾ മറന്നുള്ള
കൂട്ടുകൂടലോ
അലങ്കോലമാക്കും
ചില
തെമ്മാടിക്കവിതകൾ!

അതിനാൽ
ഞാൻ വളർത്തുന്നുണ്ട്
ചില നായ്ക്കളെ

യുക്തിയെ കൊഞ്ഞനംകുത്തി
പ്രാന്തിപ്പൂച്ച മാതിരി
വീട്ടിനുള്ളിലങ്ങുമിങ്ങുമോടി,
എലിയുടേയോ പാറ്റയുടേയോ
ഒരു ബിംബം പോലുമില്ലാത്ത
മുക്കിലും മൂലയിലുമിരുന്ന്
പരിഹാസപൂർവം
എന്നെ നോക്കി ചിരിക്കുന്ന
ചികിൽസയില്ലാത്ത കവിതകളെ
നേരിടാൻ
അരയാൾ പൊക്കത്തിലൊരു
അൾസേഷ്യനെ

ചാരുകസേരയിൽ മയങ്ങുമ്പോൾ
ആൾമാറാട്ടക്കാരിയായി വന്ന്
നെഞ്ചിലൊരു പന്തംകുത്തി
ഫെമിനിസം പറഞ്ഞ്
പുരയെരിക്കുന്ന കവിതകളെ
നേരിടാൻ
ചതഞ്ഞമുഖമുള്ള
ലാബ്രഡോറിനെ

ക്രുദ്ധമായി മുഖം ചോപ്പിച്ച്
വല്ലപ്പോഴും വന്നു കയറി
മുഖത്തേയ്ക്ക് മുറുക്കിത്തുപ്പുന്ന
വിപ്ലവ കവിതകളെ നേരിടാൻ
കൂർമ്മബുദ്ധിയായ
ഡോബർമാനെ,
ഹൊറേഷ്യസ്!

വല്ലാതെ തളർന്നെന്ന
നാട്യത്തിലെത്തി
കണ്ണീരുവീഴ്ത്തി
കൊലയും കവർച്ചയും നടത്തി
ഒന്നുമറിയാത്ത മട്ടിൽ
മടങ്ങിപ്പോകുന്ന ദുരന്തകവിതകളെ
നേരിടാൻ
നിർദ്ദയം
ജർമ്മൻ ഷെപ്പേർഡിനെ

ഇനി
അസമയങ്ങളിൽ വന്നു കയറുന്ന
കവിതകളേ സൂക്ഷിക്കുക,
നായ
അകത്തുണ്ട്

19 comments:

 1. Ha ha ha..
  paavam kavitha.
  pakshe, chilappol chura maanthi varum bheekaranmar. pinne patiyude podi kaanillato.

  ReplyDelete
 2. കവിത കടന്നുകളയതെ നോക്കാന്‍ കാവല്‍ തിരയുന്നവര്‍ക്കിടയില്‍
  മുന്‍പനായ എനിക്ക് സാറിന്റെ കവിത വളരെ ഇഷ്ട്മായി,അകത്തേക്ക് അധൈര്യത്തോടെ ഒരു കമന്റെറിയുന്നു...

  ReplyDelete
 3. കവിത പെരുത്ത്‌ ഇഷ്ട്ടമായി.കമന്റാന്‍ ധൈര്യം ഇല്ല.എനിക്ക് പേടിയാണ്.ഏതു സൈസ്‌ നായയെ ആണ് അഴിച്ചു വിടുക എന്ന് അറിയില്ലാല്ലോ.ആശംസകള്‍.

  ReplyDelete
 4. കവിത ചിലപ്പോൾ സ്വാസ്ഥ്യം കെടുത്തിക്കളയും. അനിഷ്ടങ്ങളുടെ പ്രളയമാകാം . പ്രിയങ്കരങ്ങളായ സഹനങ്ങളാകാം.. ചിലർ അതിനെതിരേ മുഖം തിരിയ്ക്കുന്നു, ഉള്ളിലൊരു നായയെ അഴിച്ചു വിടുന്നു... കാണക്കാണെ അവൻ നായ തന്നെയായി മാറുന്നു...
  നന്ദി- മുകിൽ,വഴിമരങ്ങൾ,ഷാനവാസ്

  ReplyDelete
 5. നന്നായിരിക്കുന്നു ഈ കാവല്‍...അസമയത് കയറി വരുന്ന ഈ കമെന്റ് നെ നേരിടാന്‍ ഇതു ഇനമാണ്...:)

  ReplyDelete
 6. ബസ്സു പിടിക്കാൻ ഓടുമ്പോൾ, ക്ഷീണിച്ചു തളർന്നു ഒന്നുറങ്ങാൻ കിടയ്ക്കയിൽ വീഴുമ്പോൾ, വലതു കൈ കൊണ്ടു ആന്വൽ റിപ്പോർട്ടെഴുതുമ്പോൾ ഇടതുകയ്യിൽ, ഒക്കെ കവിത വരും. പിന്നെ അതു ചിലപ്പോൾ നഷ്ടപ്പെടുമ്പോഴുള്ള ഇച്ഛാഭംഗം.. അടികൊടുക്കാൻ തോന്നും.. എന്നാലും പട്ടിയെ വിട്ടു കടിപ്പിക്കല്ലേ.

  ReplyDelete
 7. ഇത്ര ഉപകാരപ്രദമായ ഒരു കവിത വായിച്ചിട്ടില്ല. ഞാനും ചില മനശ്ശല്യക്കവിതകളാൽ പൊറുതിമുട്ടിയിരിക്കയായിരുന്നു. സുഖകരമായ ജീവിതം അസാദ്ധ്യമാക്കുന്നവ. എങ്കിലും നാം പട്ടിയെ വളർത്തില്ല അനിൽ, നമുക്കൊന്നും അതിനു കഴിയില്ല. എന്തൊക്കെയോ ഓർമിപ്പിക്കാൻ, ഇടക്ക് വേദനിപ്പിക്കാൻ, ആത്മനിന്ദ നിറക്കാൻ, തലോടി ഉറക്കാൻ, കുരിശിലേറാനും ഉയിർക്കാനും നമുക്ക് കവിത വേണം. ഗംഭീരമായി അനിൽ വരികൾ!

  ReplyDelete
 8. ഇത്ര ഉപകാരപ്രദമായ ഒരു കവിത വായിച്ചിട്ടില്ല... ഇങ്ങനെ പോയാൽ യൂസേർസ് ഫീ ഈടാക്കേണ്ടി വരുമല്ലോ ശ്രീനാഥൻ മാഷേ?
  ശരിയ്ക്കും പ്രചോദനാത്മകം...

  ReplyDelete
 9. മാഷൊരു നാടൻ പട്ടിയെ വളർത്താത്തിടത്തോളം ഞാൻ പേടിക്കില്ല..
  കവിത ഇഷ്ടപെട്ടു..

  ReplyDelete
 10. ഇവക്കൊക്കെ തീറ്റ കൊടുക്കുന്നതിലും ഭേദം കവിതയെ സഹിക്കുന്നതല്ലെ.......?

  കവിത ഇഷ്റ്റായി .........

  ReplyDelete
 11. സാരമില്ല !! കൂടില്‍നിന്നിറങ്ങാതെ കുരയ്ക്കുന്ന ഈ ശ്വാനരന്മാരെ പേടിക്കേണ്ട കാര്യമില്ല!
  പിന്നെ ഈ ജെര്‍മ്മന്‍ ഷെപ്പേര്‍ഡ്, അല്‍സേഷന്‍ എന്നിവ രണ്ടു വര്‍ഗ്ഗമല്ല, രണ്ടും ഒന്നാണെന്നാണ് എന്റെ അറിവ് ( ഞാന്‍ ഒരു ശ്വാനര വിദഗ്ധന്‍ അല്ല!!!)

  ReplyDelete
 12. കവിത ഇഷ്ടായി..ശ്രീനാഥന്‍ മാഷിന്റെ കമന്റും..

  ReplyDelete
 13. പേടിയാവുന്നുണ്ട്.....പലതവണ പട്ടി കടിച്ച അനുഭവം കൊണ്ടാണേയ്..
  എന്നാലും കവിത ഇഷ്ടമായി..വളരെ. നോക്കട്ടെ ഒരു നാടൻ പട്ടിയെ വളർത്താനാവുമോന്ന്...

  ഗേറ്റിന്റപ്പുറത്ത് നിന്ന് വലിയ ശബ്ദത്തിൽ... അഭിനന്ദനങ്ങൾ

  ReplyDelete
 14. @Echmu ചേച്ച്യേ.... പേടിച്ചു...

  ReplyDelete
 15. ഒരു പട്ടിക്കും കടിക്കാന്‍ കഴിയാത്ത കവിത വരും

  ReplyDelete
 16. ആരു പറഞ്ഞു എനിക്ക് പട്ടിയെ പേടിയാണെന്ന്? പേടിയില്ലാത്തതു കൊണ്ടല്ലേ ഞാന്‍ പിന്നേയും പിന്നേയും കേറി വരുന്നത്.

  --കവിത

  ReplyDelete