Wednesday, November 17, 2010

ചില പതിവ്രതകൾ ഭർത്താക്കന്മാരെ വരയ്ക്കുന്നു

ഒന്ന്

സെക്ഷൻ ബി-ടുവിലെ സരസ്വതി
കുറിപ്പെഴുതുന്നതിനിടയിൽ
ബി-ത്രീയിലെ ശാരദയോട് പറഞ്ഞു:
'അദ്ദേഹം ആകെ നരച്ചിട്ടാ
നാല്പത്തിമൂന്നേയുള്ളെങ്കിലും
നാലഞ്ച് വയസെങ്കിലും അധികം തോന്നിപ്പിയ്ക്കും
ഞാനെപ്പോഴും പറയും
ഡൈ ചെയ്യൂന്ന്
കേക്കണ്ടേ മൂപ്പര്‌'

നാലഞ്ചു കസേരകൾക്കപ്പുറം
കരിങ്കാപ്പി പോലെ
കറുകറുത്ത മുടിയുള്ള
നാല്പത്തഞ്ചുകാരൻ
സുകുമാരേട്ടന്റെ ഹൃദയത്തിലേയ്ക്കാണ്‌
സരസ്വതി ഫയലുകൾക്കിടയിലൂടെയിട്ട
ചുവന്ന വര
ഒരു കോരിത്തരിപ്പോടെ
ചെന്നു നിന്നത്

രണ്ട്

അസ്സൈന്മെന്റ് പരിശോധിക്കുന്ന
അലസഗമനങ്ങൾക്കിടയിലാണ്‌
ഒരൊഴിഞ്ഞ കടലാസിൽ
സ്വയംപ്രഭ ടീച്ചറ്
സത്യഭാമ ടീച്ചറെക്കാണിക്കാൻ
ഒരു ചിത്രം വരച്ചത്

'വിശ്വേട്ടന്റെ കഷണ്ടിയിൽ
നെടുകേയും കുറുകേയും ഇടവിട്ടിടവിട്ട്
കറുത്ത വരയിട്ടാൽ
സത്യഭാമയ്ക്ക് ഭൂമിശാസ്ത്രം പഠിപ്പിക്കാൻ
ഒരർദ്ധഗോളമായി...
മുടിഫിക്സ് ചെയ്യാൻ
പതിനായിരം രൂപതരാമെന്ന്
എന്റെ ഡാഡി പറഞ്ഞതാ...
കേൾക്കണ്ടേ വിശ്വട്ടൻ.
ദുരഭിമാനം, അല്ലാണ്ടെന്താ'

ജനലിനപ്പുറത്തുകൂടി ഓടിനടന്ന്
അച്ചടക്കച്ചെടിയ്ക്ക് വെള്ളമൊഴിച്ചും വളമിട്ടും
പരിപാലിയ്ക്കുന്ന
പി.ടി മാഷിന്റെ
തഴച്ച മുടിക്കാടിനുള്ളിൽ
ഒരു നിമിഷം
സ്വയംപ്രഭ ടീച്ചർ
വെറുതേ സ്വപ്നാടകയായി

മൂന്ന്

സ്കൂൾബസ്സിനിയുമെത്തിയിട്ടില്ലല്ലോ
എന്നൊരാധി ചിന്തയിൽ തന്നെ
തറഞ്ഞു കിടക്കുമ്പോഴും
മയൂരയോട് എന്തേലും പറയേണ്ടേന്ന് വിചാരിച്ച്
പലവട്ടം പറഞ്ഞ കാര്യം തന്നെ
മുക്ത പിന്നെയും പറഞ്ഞു:
'കുട്ടിയെ ബസ്സിൽ കേറ്റി വിട്ടിട്ട് വേണം...
ഏട്ടന്‌ ഓഫീസിൽ പോകാൻ വൈകി...
മയൂരകണ്ടിട്ടില്ലേ
അദ്ദേഹം മെലിഞ്ഞൊട്ടി വല്ലാതിരിക്കുന്നത്.
അരസുഖോല്ലാ
പിന്നെന്താ
ഹോർലിക്സും ഡേറ്റ് സിറപ്പും ബദാം പാലും എല്ലാം
ഡൈനിങ്ങ് ടേബിളിൽ തന്നെയിരിയ്ക്കും.
ഒരു സാധനോം തൊട്ടുനോക്കില്ല
അച്ഛനും മക്കളും
ചെന്നിട്ടുവേണം കഴിപ്പിക്കാൻ...

മുക്തയുടെ കള്ളച്ചിരിയ്ക്ക്
മയൂരവെറുതേ മറുചിരി ചിരിക്കുന്നതിനിടയിൽ
ബസ്സെന്താണാവോ
ഇത്രേം വൈകുന്നതെന്നു കൂടിവെളിപ്പെടുന്നതിനിടയിൽ
ഒരുച്ചപ്പടത്തിലെന്നപോലെ
മിന്നിക്കടന്നു പോയ ഫ്ളാറ്റ് വാച്ച് മാൻ
പീതാംബരക്കുറുപ്പിന്റെ
എല്ലുറപ്പുള്ള ബോക്സർ ബോഡി
മുക്തയുടെ മനസ്സിലാകെ
ഒരവ്യക്ത മേഘ വിഷാദം പടർത്തി...
അന്നുമുഴുവൻ ആ ചിത്രം തന്നെ
പലവട്ടം വരച്ച് വരച്ച്
മുക്ത തളർന്നു പോയി

നാല്‌

രാജേട്ടന്റെ വെള്ളമടിയെപ്പറ്റി
സരസ്വതിയോട് പറയുന്നത് കുറച്ചിലല്ലേ
എന്നൊരു ചിത്രം
ശാരദ വരച്ചു മായ്ച്ചതും
പണിയൊന്നുമില്ലാത്ത ഭർത്താവിനെക്കുറിച്ച്
ഇന്നലെ വന്ന സ്വയംപ്രഭ ടീച്ചറോട് പറഞ്ഞ്
സ്വന്തം വിലകളയേണ്ടെന്ന്
സത്യഭാമ ടീച്ചർ
ഒരു പെയിന്റിങ്ങ് ഒളിപ്പിച്ചു വെച്ചതും
സുഭാഷിന്റെ അവിഹിതബന്ധത്തെപ്പറ്റി
മുക്തയോട് പറഞ്ഞാൽപ്പിന്നെ
ഫ്ളാറ്റിലാകെ
സായാഹ്നപത്രമടിച്ചപോലാവുമെന്ന്
കുടുംബചിത്രത്തിൽ നിന്നൊരു കഷ്ണം
മയൂര സെൻസർ ചെയ്തുകളഞ്ഞതും
നമ്മളും
അറിഞ്ഞമട്ട് നടിയ്ക്കണ്ട

എന്നാൽ എതാണ്ടെല്ലാ ചിത്രങ്ങളും തൂക്കിയിട്ട
ഒരാർട്ട് ഗാലറിപോലുള്ള മനസ്സുമായി
ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലേയ്ക്കുള്ള
കമ്പനി വണ്ടി കാത്ത്
വിയർത്തുകുളിച്ചു നിൽക്കുന്ന
മറിയ ജെൻസിനെ
ഏത് തിരക്കിനിടയിലും
കണ്ടില്ലെന്ന് നടിയ്ക്കാനാവില്ല.
ധൃതിപിടിച്ചോടുന്നതിനിടയിൽ
അങ്ങിങ്ങു വീണുപോകുന്ന
അവളുടെ ചായപ്പെൻസിലുകൾ
നമ്മുടെ കാലുകലിൽ വന്നുരുമ്മി നിൽക്കുന്നതും
കാണാതിരിക്കാനാവില്ല...
കൂട്ടുകാരികളില്ലാത്ത അവളും
വണ്ടി കാത്തുനിൽക്കുന്ന
അവളുടെ ഏകാന്തതയും...

9 comments:

  1. അനിലേ. ആ ചായപ്പെൻസിലുകൾ മറിയ എന്ന സർവ്വം സഹയ്ക്ക് എടുത്തു കൊടുക്കുക, അവരും വരയ്ക്കട്ടേ, ഏകാന്തതയിലുപകരിക്കും. എന്തരെങ്കിലും ഒക്കെ തമാശകൾ വേണ്ടെ സാർ വയീട്ടത്തെ ബെല്ലു മൊഴങ്ങാൻ? ഉദ്യോഗസ്ഥകളെ കളിയാക്കാതെ, അസംതൃപ്തകളെന്ന് കാണാതെ. കവിത നന്നായി.

    ReplyDelete
  2. ചിലപ്പോഴൊക്കെ എനിക്ക് തോന്നും ഓരോ മേശക്കപ്പുറത്തും ഏറ്റവും നല്ല ഭര്‍ത്താവിന്റെ മെഡലും തൂക്കി പിടിച്ചാണ് ഓരോ ടീച്ചറും ഇരിക്കുന്നതെന്ന്. സത്യമാണ് താങ്കള്‍ പാഞ്ഞത്, ഒരു പക്ഷെ സ്വയം ആശ്വസിക്കാനാകും സ്ത്രീകള്‍ ഇത്രയും തത്രപ്പാട് പെടുന്നത്.

    ReplyDelete
  3. വലിയൊരു ചിത്രം തന്നെ, എന്നിട്ടും ബാക്കിയാണല്ലോ മാഷെ പാതിയിലധികം.

    ReplyDelete
  4. ഇത്രക്ക് ഹരാമ്പെറപ്പുകളാണോ ഈ സ്ത്രീകൾ

    ReplyDelete
  5. @ സ്മിത - പാതിയല്ല,പരപ്പ് പരപ്പായി പാരാവാരം പോലെ കിടക്കുന്നു 'നല്ല' പതികളും പതിവ്രതകളും. ആർക്കും വരച്ചു തീർക്കാനാവില്ല ആ ഗൂഢചിത്രങ്ങൾ! ഒരു കഥ പറയാൻ വേണ്ട ഏകാഗ്രത പോരാത്തതിനാൽ കവിതയുടെ അയഞ്ഞ വഴിയ്ക്ക് വിട്ടുവെന്ന് മാത്രം. ശ്രീനാഥൻ മാഷേ നന്ദി! പരസ്പരം പറ്റിച്ച് പറ്റിച്ച് നാമൊക്കെ ഇങ്ങനെ രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കുകയാണല്ലോ..... അഭിപ്രായം പറഞ്ഞ അച്ചായൻ, കല്യാണി മുതല്പേർക്കും നല്ല നമസ്ക്കാരം.

    ReplyDelete
  6. പലചിത്രങ്ങള്‍ തൂക്കിയിട്ട ഈ ഗ്യാലറി,
    ഒരു പുത്തന്‍/പഴയ കാഴചകള്‍ .

    ReplyDelete
  7. സ്മിത പറഞ്ഞതുപോലെ ഗ്യാലറിയിൽ ഒന്നുമായില്ല. എന്നാലും കിട്ടിയ നേരം കൊണ്ടു ഇത്രയും കണ്ടു തൃപ്തിപ്പെടാം.
    കവിത കൊള്ളാം കേട്ടോ.
    കുറച്ചുകൂടെ കാൽനീട്ടിവച്ചുനടന്നാലുണ്ടല്ലോ ഒരുപാടുദൂരം എത്തും.. അത്രയ്ക്കു നീണ്ട വഴിയാണത്…
    സ്നേഹത്തോടെ.

    ReplyDelete
  8. കഥ പറച്ചിലി ന്‍റെ ഏകാഗ്രത ഇല്ലാത്തതിനാല്‍ കവിതയുടെ അയഞ്ഞ വഴി...

    എനിക്കും തോന്നിയിട്ടുള്ള കാര്യമാണ്..

    അയഞ്ഞ ഈ കവിതയ്ക്കും മുറുക്കം ഉണ്ടല്ലോ മാഷേ!!

    ReplyDelete