Saturday, November 6, 2010

എഴുതാൻ മറന്ന വാക്ക്...

അവളുടെ ചുണ്ടുകളിൽ
ഞാൻ പതിച്ച
പ്രണയമധുമുദ്രകൾ
മറ്റൊരാളുടെ ഉമിനീരുകൊണ്ട്
കഴുകിക്കളയുകയാണവൾ,
മറവുകളിലെവിടെയോ ഇരുന്ന്
കാറ്റ് ഇതളുകൾ അടർത്തിമാറ്റുന്ന മാതിരി
ചെറുഭയംകൊണ്ട് ഒട്ടൊക്കെ വിറയാർന്ന്...

അവളുടെ ഉടലിന്റെ
വെൺപുറങ്ങളിൽ
ഞാൻ രചിച്ച അരൂപലിപികളിലുള്ള
ഗ്രീഷ്മകവിതകൾ
ഒന്നൊന്നായ് ജലംതൊട്ട് മായ്ച്
അവളെനിയ്ക്ക്
വിശുദ്ധയാക്കപ്പെട്ടവളുടെ
ഒരു വെളുത്ത വസ്ത്രം അയച്ചുതരാൻ മറന്നില്ല,
ഇനിയുള്ള
അവിരാമ ശീതരാത്രികളുടെ
ഏകാന്തതയിൽ
പുതച്ചുറങ്ങുവാൻ.

അതിലവൾ
മറവിയെന്നോ
വെറുപ്പെന്നോ
ഏതോ ഒരു വാക്ക്
എഴുതാൻ മറന്നപോലെ...

4 comments:

  1. അവള്‍ മറന്നതാവില്ല.
    ബോധപൂര്‍വ്വം വിട്ടു കളഞ്ഞതാണ്.

    ReplyDelete
  2. അവൾ മറന്നതോ അതോ? ഈ കവിതയിലെ ഭാഷയുടെ ഒരു പ്രൌഢ ചാരുത എടുത്തു പറയേണ്ടതാണ്.

    ReplyDelete
  3. അവളുടെ ഉടലിന്റെ
    വെൺപുറങ്ങളിൽ
    ഞാൻ രചിച്ച.............

    കൊള്ളാം അനിലാ...നന്നായിട്ടുണ്ട്.

    ReplyDelete
  4. ഇനി ഏതു വാക്കായാലെന്ത്??

    ReplyDelete