Tuesday, November 30, 2010

അകം പുറം മറിഞ്ഞ ഒരാകാശം

പുറത്ത്
എല്ലാം അടുക്കടുക്കായി
വൃത്തിയായി വെടിപ്പായി
വെച്ചിട്ടുണ്ട്.

കുളിമുറിയിൽ
സോപ്പ്,ഷാമ്പൂ, ഒഡോണിൽ സുഗന്ധം
എല്ലാം ശരിയ്ക്കും
അച്ചടക്കത്തോടെ തന്നെ

അടുക്കളയിൽ ഭാര്യയുണ്ട്
കുളിച്ചും കുറിതൊട്ടും വിയർപ്പിൽ പോലും
സിന്ധൂരരേഖ മാഞ്ഞു പോവാതെയും

അവളുണ്ടെങ്കിൽ
അടുക്കള
സ്കൂൾകുട്ടികളെപ്പോലെ അറ്റൻഷനിലാവും

കിടപ്പറയിലുണ്ട്
രാത്രിമണം വറ്റിത്തീരാത്ത
മടക്കിവെച്ച പുതപ്പുകൾ,
അവസാനിക്കാത്ത രതിസുഖത്തിലെന്നപോലെ
കാറ്റിലിളകിയാടുന്നുണ്ട്
ഹാംഗറിൽ തൂക്കിയിട്ട നൈറ്റി,
പൊടിപോലും കടന്നുവരാൻ പേടിയ്ക്കുന്ന
നിശ്ശബ്ദത.
ഒരു നിമിഷം നിന്നാൽ കേൾക്കാം
ഹൃദയമിടിപ്പ് ഒരു നിമിഷത്തീവണ്ടിയായി
കാതടപ്പിച്ച് കടന്നുപോകുന്നത്...
അല്ലെങ്കിൽ കാണാം
വികാരങ്ങൾ വേലിയേറുന്ന
കടലിരമ്പും പാതിരാ...

പഠനമുറിയിലെ ഷെൽഫിലുണ്ട്
പട്ടാളച്ചിട്ടയിൽത്തന്നെ
പഴയതും പുതിയതുമായ പുസ്തകക്കോമ്രേഡുകൾ

സ്വീകരണമുറിയിലുണ്ട്
എന്തുവേണമെന്നൊരു വിനയത്തിൽ
നടുവളച്ചു നിൽക്കുന്ന ഫ്രഞ്ച് സോഫ ,
ചുമരിനോടുമ്മി നിൽക്കുന്ന
പ്ളാസ്മാ സ്ക്രീനുള്ള ലോകസുന്ദരി
അലങ്കാര പുഷ്പങ്ങൾ
ചുമർച്ചിത്രങ്ങൾ
നീലമത്സ്യങ്ങൾ
എല്ലാറ്റിലുമുണ്ട് മൊസാർട്ടിന്റെ ഒരു സിംഫണി.

മുറ്റത്തെ
വെട്ടിനിർത്തിയ വർണ്ണച്ചെടികൾക്കു പോലുമുണ്ട്
യൂണിഫോമിട്ട
ഒരു ഒരുദ്യാനപാലകന്റെ പ്രൗഢി

പക്ഷേ
ഉള്ളിൽ ഒന്നും അടങ്ങിക്കിടക്കില്ല
ജീവനുള്ളതുപോലെ
ചിതറിക്കിടക്കും ചില ഓർമ്മകൾ

എത്ര അടുക്കിയാലും പെറുക്കിയാലും
വേദപുസ്തകത്തിലേയ്ക്ക് കയറിവരും
ഒഡോണിൽ സുഗന്ധം

മാർക്സിന്റെ മൂലധനം
വേലക്കാരി വിറകുകടലാസാക്കി
വെള്ളം തിളപ്പിച്ചിട്ട്
പുറംചട്ടമാത്രം ഷെൽഫിലേയ്ക്ക് മടക്കിവെയ്ക്കും

ഉണരുമ്പോൾ
മുറ്റത്താകെക്കൊഴിഞ്ഞുവീണ്‌ കിടക്കുന്നുണ്ടാകും
ഒരാകാശം മുഴുവൻ ഇലപൊഴിച്ച്...
പഴയ അടുക്കളഭരണിയിൽ നിന്നും
പുറത്തേയ്ക്ക് ചാടി കടുമാങ്ങയുടെ മണം
തൊടിയിലാകെ പരക്കും...
അടിച്ചുമരിൽ നിന്നിളകിവരും
കരിക്കട്ടച്ചിത്രങ്ങൾ,
കിണറ്റുകരയിലുപേക്ഷിച്ച
കരിക്കലത്തുണിയുടെ
ഒറ്റബട്ടണുള്ള കുഞ്ഞുടുപ്പിൽ നിന്നുയരും
ഒരുണ്ണിക്കരച്ചിൽ...
പുറപ്പെട്ടുപോയ വാക്കിൽ നിന്ന്
മടങ്ങി വരും
അർത്ഥങ്ങളെല്ലാം നഷ്ടപ്പെട്ട് ഒരച്ഛൻ...
അന്യന്റെ മണ്ണിൽ
വിയർക്കുന്നൊരമ്മ

എത്ര വൃത്തിയാക്കിയാലും
അണിഞ്ഞുമൊരുങ്ങിയും മെരുങ്ങുകില്ലെന്ന്
കടുമ്പിടുത്തമിട്ടുണ്ട്
ഒരു പഴയവീട് നനഞ്ഞൊലിയ്ക്കുന്നു...

ഇലചൂടിനില്പുണ്ട്
എവിടെയൊക്കെയോ അലഞ്ഞു തിരിഞ്ഞു നടന്ന
ഒരു നാണമില്ലാക്കാറ്റ്
വിശക്കുന്നൂന്ന് ചൂളം വിളിച്ച്...
പനിച്ചു വിറച്ച് വഴിതെറ്റി വരും
ഒരനുജന്റെ ഗതികിട്ടാ സ്വപ്നങ്ങളുടെ
ഉടൽകീറിമുറിച്ച്
ഒരു നിലവിളി

എനിയ്ക്കു വയ്യിനി
ഒന്നുമടുക്കിപ്പെറുക്കി വെയ്ക്കുവാൻ

9 comments:

  1. മാർക്സിന്റെ മൂലധനം
    വേലക്കാരി വിറകുകടലാസാക്കി
    വെള്ളം തിളപ്പിച്ചിട്ട്
    പുറംചട്ടമാത്രം ഷെൽഫിലേയ്ക്ക് മടക്കിവെയ്ക്കും

    ReplyDelete
  2. കവിത അത്ര നന്നാവണമെന്നില്ല... എന്നാൽ എന്റെ ജീവിതത്തിന്റെ ഒരു പുറം ഇവിടെ വരച്ചിട്ടിട്ടുണ്ട്. അത്രേ ഉദ്ദേശിച്ചിട്ടുള്ളു....

    ReplyDelete
  3. വല്ലാതെ സ്പർശിച്ചു ഇതെന്നെ, എല്ലാ അടുക്കും ചിട്ടക്കും പുറകിൽ മുഷിഞ്ഞ കരുവാളിച്ച ചില ചിത്രങ്ങളിലേക്ക് കവിത പാളി വീഴുന്നു!

    ReplyDelete
  4. There is life in your poems; and that makes them really different...!

    ReplyDelete
  5. അടുക്കി വെച്ചതെല്ലാം തട്ടി തെറിപ്പിക്കാന്‍ കൊതിയാകുന്നു.

    ReplyDelete
  6. പുറപ്പെട്ടുപോയ വാക്കില്‍ നിന്ന് മടങ്ങിവരും അര്‍ത്ഥങ്ങളെല്ലാം നഷ്ടപ്പെട്ട്
    ഒരച്ഛന്‍..
    വരികള്‍ വളരെ ആഴത്തില്‍ തന്നെ സ്പര്‍ശിക്കുന്നുണ്ട്‌..

    ReplyDelete
  7. touching..liked some lines in particular..

    ReplyDelete
  8. മനസ്സില്‍ അടുക്കും ചിട്ടയുമില്ലാതെ ഇതു നേരെയങ്ങു കയറി ചിതറുന്നു. അടുത്തയിടെ വായിച്ച മാഷിന്റെ കവിതകളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത്.
    വളരെ നന്ദി ഇങ്ങനെ വാരി വിതറിയതിനു.

    ReplyDelete
  9. വളരെ നല്ല കവിത. അഭിനന്ദനങ്ങള്‍ മാഷേ.

    ReplyDelete