Saturday, November 20, 2010

പ്രണയ സ്വസ്തിക

ഞാൻ
മണ്ണിൽ പിറന്ന
ഖനിജം;
കറുത്തവൻ.

നീ
നിഗൂഢതകളുടെ
മൂടൽ മഞ്ഞുപോലെ
വെളുത്തവൾ

ഞാൻ:
വെറുക്കപ്പെടേണ്ടവയുടെ
പേര്‌ കൊത്തിയ കറുത്ത ശിലാപാളി,
ചെകുത്താന്റെ വിസ്മയ വേദപുസ്തകം
ശൂന്യതയുടെ പാനപാത്രം
നിലംപറ്റി മാത്രം വളരുന്ന വെള്ളരിവള്ളി
ശമനമില്ലാത്ത വികാരങ്ങളുടെ
കാട്ടുതീ
ആഘോഷങ്ങളുടെ കൊടിമരം

നീയോ:
സുന്ദരനിലാവ്‌
തലയുയർത്തിപ്പിടിച്ച
വെളുത്തചിറകുകളുള്ള കൊടുമുടി
സ്ഫടികചഷകത്തിലിട്ട മഞ്ഞുകട്ട
ശാന്തസമുദ്രം പോലെ
ആഴവും പരപ്പും കൊണ്ട്
അപാരതയായവൾ
നിന്റെ അടിത്തട്ടു നിറയെ
പവിഴപ്പുറ്റുകൾ

നമ്മളന്യോന്യ വൈരുദ്ധ്യങ്ങളുടെ
ഉടൽ കെട്ടുപിണഞ്ഞ
രാപ്പകലുകൾ

എങ്കിലും
പ്രണയിയ്ക്കുന്നു നാം
പലയുഗങ്ങളുടെ പാതയോരങ്ങളിൽ
ഒറ്റയൊറ്റയായ മഴമരങ്ങൾക്കു ചുവട്ടിൽ
അരിച്ചരിച്ചെത്തുന്ന തണുപ്പിൽ
നനുനനെയുള്ള മഴയിൽ
കൊഴിയും നിഴൽ മധുരങ്ങളിൽ
ഇരുളും വെളിച്ചവും
കെട്ടുപിണയുന്ന ദിനം പോലെ
അനശ്വരപ്രണയ മിഥുനങ്ങൾ
ഒരിയ്ക്കലും ഒന്നിച്ചുപാർക്കാത്തവർ

ഒരു
പ്രണയ
ദിനസ്വസ്തിക

7 comments:

  1. നന്നായിട്ടുണ്ട് മാഷേ..

    ReplyDelete
  2. കവിത മനോഹരം! പിന്നെയാരാണീ പാടുന്ന ശെയ്ത്താന്റെ മാലാഖയെന്നോർക്കുകയായിരുന്നു ഞാൻ, ഒരിക്കലും ഒന്നിച്ച് പാർക്കാതിരുന്നത് വളരെ നന്നായി!

    ReplyDelete
  3. I feel like adding a few line....

    You sting like a bee
    from the back
    in silent mode
    You are black
    Devils Mind

    And me nature
    beautiful like monsoon rain
    signature of a season

    ReplyDelete
  4. വായിച്ചു സന്തോഷിച്ചു പോകുന്നു..

    ReplyDelete
  5. നന്ദി മാഷേ , നല്ലൊരു വായനയ്ക്ക്.

    ReplyDelete