Friday, October 29, 2010

ഒരു മലയാളി വിദ്യാർത്ഥിയുടെ മരണം

സീൻ-
മംഗലാപുരത്തെ ഒരു വാടകവീട്
പുലർച്ച



ദുരൂഹസാഹചര്യം
പ്രേതസിനിമകളിലെ ഇടനാഴി
മരണത്തിനു മീതെ
ഭയത്തിന്റെ ഒരു തരം മുറുകിയ നിശ്ശബ്ദത
വലിച്ചു കെട്ടിയിരിക്കുന്നു.

കുളിമുറിയിൽ നിന്ന് പുറത്തേയ്ക്ക്
ഗർഭപാത്രത്തിൽ നിന്നെന്ന പോലെ
നിലയ്ക്കാത്ത രക്തപ്രവാഹം....
വാതിൽകടന്ന് പടികളിറങ്ങി തെരുവിലേയ്ക്ക്
രക്തത്തിലലിഞ്ഞലിഞ്ഞില്ലാതാകുന്നു
രണ്ട് കുഞ്ഞുകാലുകൾ

ചുമരിലെല്ലാം കവിതകൾ
മുറിയിലാകെച്ചിതറിക്കിടക്കുന്നു
പുസ്തകങ്ങൾ
സർജിക്കൽ ഇൻസ്ട്രുമെന്റുകൾ

സഹപാഠികൾ
സമയത്തിലേയ്ക്ക് നോക്കി
അസ്വസ്ഥരായി മടങ്ങി

സമയവിലയറിയാവുന്ന
ബിസിനസ് എക്സുക്യുട്ടീവിനെപ്പോലെ
ഒരുവളുടെ ഹൃദയം
വേഗത്തിൽ മിടിച്ചു കൊണ്ടിരുന്നു

ഡയറിയെഴുതാൻ
തിടുക്കത്തിൽ നടന്നു പോകുമ്പോൾ
അവളുടെ കണ്ണുകൾ അവസാനമായി
എന്റെ വസന്തമേ വിട എന്ന്
കൈവീശിക്കൊണ്ടിരുന്നു

ഡയറിയിലെ ഇന്നലത്തെത്താളിൽ
ഒരു കടൽ
തിരകളുടെ താളുകൾ മറിച്ചുനോക്കിക്കൊണ്ടിരുന്നു...
ചക്രവാളത്തിന്റെ ചെരുവിലേയ്ക്ക്
പ്രണയത്തിന്റെ ചുവന്ന ചായപ്പാത്രം
മറിഞ്ഞുവീണ ആ നേരത്ത്
കാലിൽ കരിന്തേള്‌ കടിച്ചവളപ്പോലെ
ഒരു നിഴൽ ഏതോ ഗുഹയിലേയ്ക്ക് മടങ്ങി...
പ്രണയം കൊണ്ട് മുറിവേറ്റ കവിത
ഇരുട്ടിലലഞ്ഞഞ്ഞ്
ആടിയാടി
മുറിയിലേയ്ക്ക് ....

സൂര്യൻ എല്ലാവരോടും ചൂടായിക്കൊണ്ടിരുന്ന
പത്തരമണിനേരത്ത്
ഇന്റർവ്യൂവിനെന്ന പോലെ
പപ്പയും മമ്മിയും വന്നു.
വടിവൊത്ത മദ്ധ്യവയസ്കൻ
പട്ടുസാരിയും കല്ലുകമ്മലുമിട്ട്
തടിപിടിക്കുന്നൊരമ്മബിംബം.

കുളിമുറിയിൽ നിന്നും അപ്പോഴും
ഗർഭപാത്രത്തിൽ നിന്നെന്ന പോലെ
രക്തം ഒഴുകിക്കൊണ്ടിരുന്നു...

പൊലീസുകാർ
ആമ്പുലൻസ് വരുന്നതും കാത്ത്
ജനലിലൂടെ പുറത്തേയ്ക്ക് ...

മരിച്ചവന്റെ കവിളിലെ
രണ്ടുവരിക്കവിതയും
വറ്റിക്കഴിഞ്ഞിരുന്നു.

3 comments:

  1. അസ്വസ്ഥമാക്കുന്ന ബിംബങ്ങളാണു കവിതയിലുടനീളം. ചൂളിവിറച്ച് തല കുമ്പിട്ടു പോകുന്നു മനസ്സ്.

    ReplyDelete
  2. മുകിൽ പറഞ്ഞതിന് ഞാൻ ഒപ്പു ചാർത്തുന്നു.

    ReplyDelete
  3. പറ്റിക്കഴിഞ്ഞിരിക്കുന്നു;
    മനസ്സിലെ ശാന്തി

    ReplyDelete