Wednesday, December 29, 2010

എന്റെ തന്നെ ശ്മശാനങ്ങൾ

ഒരോരോ കാലത്ത്
ഞങ്ങളുടേതോ
ഞങ്ങളുടേതല്ലാത്തതോ ആയ ഭൂമിയിൽ,
പുഴയുടെ കരയിലും,
വനത്തിനോടും വാനത്തിനോടും ഇണപ്പൊരുത്തമുള്ള
പെരുമലയുടെ മുലച്ചെരുവിലും,
കുന്നിന്റെ അടിവയർച്ചെരുവിലും
എനിയ്ക്ക്
ഓലയോ പുല്ലോ മേഞ്ഞ
വീടുകളുണ്ടായിരുന്നു.

ദേശാടനപ്പക്ഷികളായി
ഞങ്ങൾ നാലുകുട്ടികൾ
അച്ഛനമ്മമാരോടൊപ്പം
ഓരോ ജീവിത ഋതുവിലും
ഒരിടത്തുനിന്ന് മറ്റൊരിടത്തേയ്ക്ക്
പറന്നുകൊണ്ടിരുന്നു...
വെള്ളം, വെളിച്ചം, അന്നം, തൊഴിൽ
അങ്ങനെയെന്തെങ്കിലും തേടി...

പൂത്തുമ്പികളും കുഴിയാനകളും
മേലാകെ കന്മഷിപ്പൊട്ടുകുത്തിയ
ചുവന്ന പ്രാണികളും
വെട്ടിയെടുത്ത വർണ്ണയിലച്ചെടികളും
ചെറുവാഴത്തൈകളും
കൊക്കരക്കോഴികളും
വീടുമാറി
ഞങ്ങളോടൊപ്പം
പുതിയ മുറ്റത്തും
വന്നുകയറിയിരുന്നു.
തൊടിയിലെല്ലാമവറ്റകൾ
മക്കളേ ഞങ്ങളും വന്നിരിക്കുന്നുവെന്ന്
ഒരു ചിറകടിയോ ചൂളം വിളിയോ
ഇലയാട്ടിച്ചിരിയോ കൊണ്ട്
ഞങ്ങളെ കെട്ടിപ്പുണർന്നിരുന്നു

പുഴയുടെ കരയിലോ
പെരുമലയുടെ ചുവട്ടിലോ
കുന്നിന്റെ പള്ളയിലോ
എനിയ്ക്കുണ്ടായിരുന്ന വീട്ടിനുള്ളിൽ
മഴക്കാലത്ത് കണ്ണീരിനോടും വിശപ്പിനോടുമൊപ്പം
മഴവെള്ളവും ഒരുടപ്പിറന്നവളെപ്പോലെ
തളംകെട്ടിക്കിടന്നിരുന്നു

മഞ്ഞുകാലത്ത്
കൂർത്ത മുള്ളകളുള്ള റോസാച്ചെടിത്തണുപ്പ്
തീയും മോഹവും
ഒരുപോലെ കുത്തിക്കെടുത്തിയിരുന്നു.

അന്നൊക്കെ
മരുന്നോ മന്ത്രമോ ഇല്ലാതെ
പനിച്ചു വിറച്ച ഏഴുരാപ്പകലുകളിൽ
മരണം ഒരു മുത്തശ്ശനെപ്പോലെ അടുത്തിരുന്ന്
സന്ത്വനിപ്പിച്ചതും
ഇടിയും മയിൽപ്പീലിമിന്നലും വന്ന്
ദേഹത്ത് തൊട്ടുരുമ്മി
വാനത്തേയ്ക്ക് തന്നെ തിരിച്ചുപോയതും
ഓർമ്മയുണ്ടെനിയ്ക്ക്:
തലയിണയ്ക്കടിയിൽ
ഒരു വെള്ളിക്കട്ടൻ പാമ്പ്
എന്നോടൊപ്പം ഒരു രാത്രി ഉറങ്ങിയെണീറ്റത്...
അനുജനുറങ്ങിക്കിടന്ന തൊട്ടിലിനരുകിൽ
ഒരു ഒരു വിഷപ്പാമ്പ്
അമ്മയില്ലാത്ത നേരത്ത്
കാവലിരുന്നതും ഒക്കെ

അന്ന്
ശത്രുവായൊരാൾ
ഉള്ളിലുണ്ടായിരുന്നു
ഒരു നീണ്ടകുഴലിലൂടെ ഊതിയൂതി
വിശപ്പിനെ ആളിക്കത്തിയ്ക്കുവാൻ

അന്നൊക്കെ
അരികടം വാങ്ങാൻ
അടുത്ത വീടിന്റെ പര്യാമ്പുറത്ത്
അമ്മ ചെന്നു നിൽക്കുമ്പോൾ
എന്റെയുള്ളിൽ ലജ്ജയുടെ കയറിൽത്തൂങ്ങി
ഞാൻ പലവട്ടം മരിച്ചിരുന്നു

എന്റെ പഴയവീടുകൾ
എന്റെ തന്നെ ശ്മശാനങ്ങളാണ്‌

13 comments:

  1. PUTHIYA VEETTIL SUGHAMAANO????????????

    ReplyDelete
  2. ആത്മാഭിമാനിയുടെ ആത്മകഥ!

    ReplyDelete
  3. ആ ശ്മശാനങ്ങളാവണം ഈ ഭാവനയില്‍ തുളസീഗന്ധമായി വിടരുന്നത്..

    ReplyDelete
  4. ഈ കവിത ഒരുനിമിഷം എന്നെ ആപഴയ വീട്ടിലെത്തിച്ചു.

    ReplyDelete
  5. എന്തു പറയാനാ അനിലേ, പഴയ എന്റെ ഗ്രാമത്തിലെ കരുകരാപട്ടീണിയിലേക്ക് ഓർമ പോയി. കവിതയിൽ ഇങ്ങനെ എപ്പോഴാണ് പോയ ജീവിതം കയറിയിരുന്ന് വിതുമ്പുന്നത് എന്ന് പറയാനാവില്ലല്ലോ അല്ലേ?

    ReplyDelete
  6. വേദനയുടെ ഒരു സൂചിക്കൂത്തു തരുന്നു കവിത...

    പുതുവത്സരാശംസകൾ.

    ReplyDelete
  7. പഴയ ശ്മശാനങ്ങളില്‍ നിന്ന്, ഓര്‍മ്മകളുടെയും, എഴുത്തിന്റെയും ആത്മാവുകളെ ആവാഹിച്ച് തിരിച്ചെടുക്കാന്‍ കഴിയുന്നുണ്ടല്ലോ. അത് മതി..

    അഭിവാദ്യങ്ങളോടെ

    ReplyDelete
  8. എഴുത്തിനു ദാരിദ്ര്യം ഇല്ലല്ലൊ.. :)

    ReplyDelete
  9. എല്ലാവർക്കും നന്ദി. എന്റെ ജീവിതവുമായി നേർ ബന്ധമുള്ള ഒരു കവിതയാണ്‌. വീടുകൾ മാറി മാറിപ്പോകുക എന്നത് എന്റെ ഒരു വിധിയണ്‌. ഇപ്പോൾ ഇരുപതാമത്തെയോ ഇരുപത്തൊന്നാമത്തെയോ വീട്ടിലാണ്‌. ലേഖ പറഞ്ഞതുപോലെ എഴുത്തിനു മാത്രമല്ല ഇന്ന് കാര്യമായി ഒന്നിനും ദാരിദ്ര്യമില്ല. പക്ഷേ കടന്നു വന്ന വഴികളിലെ വേതാളങ്ങളെ എത്ര തള്ളിയോടിച്ചാലും പിന്നാലെ വന്നുകൊണ്ടിരിക്കും. ഓർമ്മകളായി. ദാരിദ്ര്യവും പട്ടിണിയുമറിഞ്ഞുകൂടാത്തവരുടെ ഈ പുതു ലോകത്തിൽ ഓർമ്മകൾക്കു പോലും രാഷ്ട്രീയമുണ്ട് എന്നു മാത്രമാണ്‌ പറയാനുള്ളത്.

    ReplyDelete
  10. വല്ലാത്തൊരു കവിത..

    ReplyDelete
  11. Anile,
    Novel thanneyezhuthanam..Athraykkundu ithile noval..

    ReplyDelete