Sunday, December 19, 2010

ഏതൊരാളുടേയും...

മരിച്ചുകഴിഞ്ഞപ്പോൾ
അയാൾ ഒന്നുരണ്ടുദിവസം
അസ്വസ്ഥനായി
പെട്ടിയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു.
പരിചയമില്ലല്ലോ
ഇങ്ങനെയൊരു ജഡത്വം

പെട്ടിയിൽ
ഉഷ്ണമാപിനി ഉരുകിയൊലിയ്ക്കും രാപ്പകലുകൾ
വാതിലോ ജനലോ ഇല്ലാത്ത അവിദഗ്ദ്ധവാസ്തു ,
വൈദ്യുതിനിലച്ച ഉഷ്ണിതനഗരം
കുറച്ചു വെള്ളം തരൂ...
സോഡ...
കഴിക്കാനെന്തെങ്കിലും...
എന്നിങ്ങനെ ഉള്ളിലുണ്ട്
ഇനിയും പിരിഞ്ഞു പോകാത്ത ഉന്മാദങ്ങൾ

ശവക്കല്ലറകൾ
ഭൂനിരപ്പിനു മുകളിൽ
ഫ്ളാറ്റിലേയ്ക്കോ
മൂന്നാം നിലയിലേയ്ക്കോ മാറ്റണം
സഹിക്കാനാവുന്നില്ല മണ്ണിനടിയിലെ മുഴക്കങ്ങളെ
എന്തെങ്കിലുമൊന്നുരിയാടാൻ ഒരാളുമില്ലല്ലോ..
ഫോൺനമ്പറുകൾ,
മെയിലുകൾ,
ഫെയ്സ്ബുക്കിലെ സ്റ്റാറ്റസ്ബാറിൽ നിന്ന്
ഹൃദയം വഴിഞ്ഞൊഴുകും
പ്രണയപദങ്ങൾ..

കുറച്ചുകൂടിക്കഴിഞ്ഞാൽ
പെട്ടിയിൽ വന്നു മുട്ടും
രാത്രികളിൽ അനാഥ പ്രേതങ്ങൾ,
പണ്ടെന്നോ മരിച്ചവർ.

വഴിതടഞ്ഞ്
വിശന്നിട്ടോ ദാഹിച്ചിട്ടോ
ഒന്നുമ്മ വെച്ചോട്ടേയെന്ന്
കാമത്തിലാളിപ്പടർന്നിട്ടോ
ഒരുവൾ

മൂന്നാം ദിനം
ശവപ്പെട്ടിയിലെ പൂക്കളിൽ നിന്ന്
അവസാനത്തെ ബന്ധുവും
മറവിരോഗത്തിലേയ്ക്ക് വഴുതി രക്ഷപെടും

നാലാം ദിനം
മണ്ണിൽ നിന്ന്
മരിച്ചവരുടെ അച്ചടക്കമില്ലാത്ത പ്രജകൾ
മുഖത്തേയ്ക്ക് പുളഞ്ഞുകേറും
ശത്രുവിന്റെ പെണ്ണുങ്ങളിലേയ്ക്കിരച്ചെത്തും
സൈനികരെപ്പോലെ പുഴുക്കാലടികൾ

വിരലുകൾ പൂവുകൾപോലെ ചീയും
കണ്ണുകൾ ഏറെപ്പഴകിയ മത്സ്യങ്ങളെപോലെയും
പണ്ട് ഉള്ളിലേയ്ക്ക് കയറിപ്പോയ നല്ല ഗന്ധങ്ങൾ
മൂക്ക് ചീയുമ്പോൾ
മുഷിഞ്ഞുമുഷിഞ്ഞ് പുറത്തേയ്ക്കു വരും.
കുടലും മസിലുമഴുകും
മുടിയിഴകളുടെ കടയഴുകും
ജനനേന്ദ്രിയം ജീവൻ വരുന്ന വഴികളെല്ലാമടഞ്ഞ്
ദുസ്സഹഗന്ധമുദ്രിതമാകും.
ഉടലിന്റെ എല്ലാ ദിക്കുകളിൽ നിന്നും
അഴുകിയമണങ്ങൾ മാത്രം
വിരുന്നു മുറിയിലേയ്ക്കൊഴുകിയെത്തും
ഉടൽ അഴുകിയഴുകി ഒരു കടലാകും

കണ്ണിൽ നിന്നൊരു പുഴ പുറപ്പെടും
നാവിൽ നിന്ന്
തൊലിയിൽ നിന്ന്
ചെവിയിൽനിന്ന്
മൂക്കിൽ നിന്ന്
അഴുകിയഴുകിയൊഴുകുന്ന
ഓരോരോ പുഴകൾ പുറപ്പെട്ടുതുടങ്ങും

ദൈവമേ
മരിച്ചവരെ അടക്കേണ്ടത്
എല്ലാ സുഗന്ധദ്രവ്യങ്ങളും കിട്ടുന്ന
സൂപ്പർമാർക്കറ്റിലാകണം
നിന്റെ സൈനികരെക്കൊണ്ട്
ഇങ്ങനെ പീഡിപ്പിക്കുകയുമരുത്
ജീവിതത്തെ മാറ്റിത്തീർത്ത
ദയാപരനേ
മരണത്തേയും.....

13 comments:

  1. ഇതു വല്ലാതെ ഭയപ്പെടുത്തുന്നുവല്ലോ..അതുമല്ല, ഇന്നുരാവിലെ മുതല്‍ അറിയാതെ തന്നെ “ ആത്മവിദ്യാലയമേ ..” എന്ന ഗാനം ചുണ്ടില്‍ കയറിക്കൂടിയിരുന്നു, ഇപ്പോള്‍ ഇതുകൂടിയായപ്പോള്‍ ഒരു പേടി, പെട്ടിയില്‍ അല്ലെങ്കിലും തനിച്ചിരിക്കാന്‍ തോന്നാത്ത ഒരു അവസ്ഥ.

    ReplyDelete
  2. ഈ വരികളെക്കുറിച്ചു എന്തെങ്കിലും എഴുതാന്‍ തുടങ്ങുമ്പോഴേക്കും മനസ്സില്‍ നിന്ന് വിരലുകളിലേക്കോരു വിറ പടരുന്നു..അതുതന്നെയാണല്ലോ ഒരു കവിതയുടെ ഗുണമൂല്യവും..ആശസകള്‍..

    ReplyDelete
  3. അഹങ്കാരത്തോടെ മണ്ണില്‍ ചവിട്ടി നടക്കുമ്പോ മനുഷ്യരുണ്ടോ ഇത് വല്ലതും ഓര്‍ക്കുന്നു.
    നന്നായിട്ടുണ്ട്.ഭാവുകങ്ങള്‍

    ReplyDelete
  4. മരണത്തെയും പിടിച്ച് കവിതയുടെ പേടകത്തിലാക്കി അല്ലേ. കൊള്ളാം മാഷേ

    ReplyDelete
  5. enne kathichaal mathi. kazhinjallo pettennu!

    pedippichulle ellavareyum.
    aarkkum ithonnum orkaan ishtamalla ennathaanu sathyam.

    ReplyDelete
  6. ഇനിയും പിരിഞ്ഞു പോകാത്ത ഉന്മാദങ്ങൾ....
    ഇനിയും പിരിഞ്ഞു പോകാത്ത ഉന്മാദങ്ങൾ....
    ഇനിയും പിരിഞ്ഞു പോകാത്ത ഉന്മാദങ്ങൾ...

    athi manoharam

    ReplyDelete
  7. നന്നായി എഴുതി. അതാണല്ലോ ഇപ്പോഴും മനസ്സ് വിറയ്ക്കുന്നത്...

    ReplyDelete
  8. മരണം ദുര്‍ബലം.........

    സൌന്ദര്യമുള്ള ഒരു ഭീതി......... കൊതിയോടെ കാത്തിരിക്കുന്നു ആ നിമിഷങ്ങള്‍ക്കായി...എങ്കിലും സ്നേഹത്തിന്‍റെ അമൃതാവോളം പാനം ചെയ്യ്തു ഞാന്‍ അമരനായിരിക്കുന്നു.

    മരണം ദുര്‍ബലം...

    നന്നായിരിക്കുന്നു മാഷേ...എന്‍റെ ബ്ലോഗിലേക്ക് സ്വാഗതം.

    ReplyDelete
  9. ഒരു യുദ്ധകാഹളത്തോടെ ഓരോ വരികളും
    എല്ലുകൾക്കുള്ളിലേയ്ക്ക് തുളഞ്ഞു കയറുന്നു...

    ദൈവമേ, നിന്റെ സൈനികർ....!

    ReplyDelete