Friday, December 24, 2010

സോർട്ടക്സ് റൈസ്

പണ്ട്,
അമ്മ
മുറത്തിനുമുൻപിൽ
ഏറെനേരമിരുന്ന്
ഓരോ അരിമണികൾക്കിടയിലും
ശ്രദ്ധയോടെ പരതി
ചെറുചെറു കല്ലുകൾ
പെറുക്കിക്കളഞ്ഞിരുന്നു;
അച്ഛനും മക്കളും
സ്നേഹത്തിന്റെ
നീണ്ട ദിനരാത്രങ്ങളുണ്ടുതീർക്കുമ്പോൾ
ഒരിക്കൽ പോലും
കല്ലുകടിക്കാതിരിയ്ക്കാൻ.

സ്നേഹത്തിന്റെ രണ്ടാം വരവായി
അവളെത്തുമ്പോഴേയ്ക്കും
നിറപറയുടെ സോർട്ടക്സ് റൈസ്
പത്തുകിലോ പായ്ക്കറ്റിൽ
വീട്ടിലെത്തിത്തുടങ്ങിയിരുന്നു

രുചിയും
മണവുമില്ലാതായിപ്പോയ
സ്നേഹത്തിന്റെ കാവൽക്കാരാ,
നീയായിരുന്നോ
ചെറുചെറു കൽമണികളായി
പണ്ട്
അരിമണികൾക്കിടയിൽ
ഒളിച്ചിരുന്നത്?

11 comments:

  1. കവിത മനസ്സിനെ പില്‍ക്കാലത്തേക്ക് കൈപ്പിടിച്ചു നടത്തി..ഒരു മുറത്തിനു ചുറ്റും ചിമ്മിനിവെട്ടത്തില്‍ ഒരുമ്മയും മക്കളും..
    നന്ദി..

    ReplyDelete
  2. കല്ലുകടിക്കാത്ത ജീവിതമുണ്ടായിരുന്നു ദുരിതത്തിലും അച്ഛനുമമ്മക്കും എന്ന് അനിലെന്നെ ഓർമിപ്പിച്ചു, ക്ലേ ശങ്ങളൊഴിഞ്ഞപ്പോൾ, സ്നേഹാഹ്ലാദങ്ങളും പടി ഇറങ്ങിപ്പോയോ, ഈ കവിതയുടെ ഒരു മൌലിക ബിംബത്തിൽ പ്രതിഭ!

    ReplyDelete
  3. അനിലന്‍ മാഷെ നന്നായി
    ഈ അരിക്കവിത.

    ReplyDelete
  4. രുചിയും
    മണവുമില്ലാതായിപ്പോയ
    സ്നേഹത്തിന്റെ കാവൽക്കാരാ,
    നീയായിരുന്നോ
    ചെറുചെറു കൽമണികളായി
    പണ്ട്
    അരിമണികൾക്കിടയിൽ
    ഒളിച്ചിരുന്നത്?

    നാളുകൾക്കു ശേഷം ഒരുനല്ല കവിത വായിച്ച അനുഭൂതി.

    ReplyDelete
  5. നീയായിരുന്നോചെറുചെറു കൽമണികളായി
    പണ്ട്
    അരിമണികൾക്കിടയിൽ
    ഒളിച്ചിരുന്നത്?
    ആനന്ദകരമായ ക്രിസ്മസും ഐശ്വര്യപൂർണ്ണമായ പുതുവർഷവും ആശംസിക്കുന്നു

    ReplyDelete
  6. കല്ലുകടിക്കാത്തൊരു കാലത്തിന്റെ
    സ്നേഹം നിറച്ച കവിത !

    നന്നായി മാഷേ ....

    ReplyDelete
  7. സ്നേഹത്തെ വാരിപ്പുണര്‍ന്ന വരികള്‍

    ReplyDelete
  8. ചെറു ചെറു കല്‍മണികളായി സ്നേഹം.. എന്തു ഭംഗി..

    ReplyDelete
  9. kallu perukki thanne snehikkanamennano..? :)

    ReplyDelete
  10. @ Ramozhi.സ്നേഹിക്കാത്തവർ എന്നെ കല്ലെറിയട്ടെ! അഭിപ്രായം പറഞ്ഞ എല്ലാ സുഹൃത്തുക്കൾക്കും നന്ദി!

    ReplyDelete
  11. Anile,
    evideyum kallu kadikkaatha kavitha..gambheeram..!

    ReplyDelete