Friday, December 10, 2010

ലിപികൾ പുഴകളാണ്‌

ലിപികൾ
പുഴകളാണ്‌,
വളഞ്ഞും പുളഞ്ഞും
മുറിഞ്ഞുമൊഴുകുന്നവ

ചിലനേരങ്ങളിൽ
നിറഞ്ഞൊഴുകും
അർത്ഥഗർഭമായി

അടിയൊഴുക്കിലൊളിപ്പിയ്ക്കും
ഗൂഢപ്രണയങ്ങൾ

നാമതിൽ
അണകെട്ടിനിർത്തും
വികാരപ്രവാഹങ്ങളെ

മുങ്ങിനിവർന്ന്
മടിയും മടുപ്പും
മുഷിവുകളുമലക്കിയുണക്കും

കുളിച്ചുകയറിവരും
ഈറനായി
ഒരു പുതുജീവിതം

ചിലപ്പോൾ
അവയിലൂടെ ഒഴുകിവരും
പണ്ട്
പ്രതീക്ഷയുടെ
സ്നാനഘട്ടങ്ങളിലെവിടെയോ വെച്ച്
മുങ്ങിമരിച്ച കുഞ്ഞുങ്ങളുടെ ജഡം

വനപർവ്വതങ്ങളിൽ തലതല്ലിമരിച്ച
ആർക്കും മനസ്സിലാകാതെപോയ
ഒരു ഭ്രാന്തൻ മഴയുടെ
ശവഘോഷയാത്ര

ഒരുപാടു പേരുടെ
അഴിഞ്ഞുവീണ
നഗ്നതകൾ

ലിപികൾ
പുഴകളാണ്‌,
അതിലൂടെ
ആരെങ്കിലും ഒഴുക്കി വിട്ടേക്കാം
പേരെഴുതിയ ഒരു കളിയോടം

വേരുപറിഞ്ഞൊഴുകിവരാം
ചില വന്മരങ്ങൾ

സ്നേഹിതേ,
പ്രണയിനീ...
എന്റെ ലിപിമാലയാണു നീ
വളഞ്ഞും പുളഞ്ഞും
ചിലപ്പോൾ
മുറിഞ്ഞുമൊഴുകുന്ന പുഴ

ആവതില്ലെനിയ്ക്ക്
നിന്നിലൂടല്ലാതെ മറുകരയെത്തുവാൻ

വരളാതിരിക്കട്ടെ
നിൻ ചുണ്ടുകൾ,
അതിഗ്രീഷ്മവേദനകളിൽ
വറ്റിവറ്റി
ഒഴുകാൻ മറന്ന്.

17 comments:

  1. നന്നായിട്ടുണ്ട്. ആദ്യത്തെ കമന്റ് എന്റെ വക

    ReplyDelete
  2. സ്നേഹിതേ,
    പ്രണയിനീ...
    എന്റെ ലിപിമാലയാണു നീ
    വളഞ്ഞും പുളഞ്ഞും
    ചിലപ്പോൾ
    മുറിഞ്ഞുമൊഴുകുന്ന പുഴ

    നല്ല കവിത

    ReplyDelete
  3. ആവതില്ലെനിയ്ക്ക്
    നിന്നിലൂടല്ലാതെ മറുകരയെത്തുവാൻ

    nannaayi

    ReplyDelete
  4. വരളാതിരിക്കട്ടെ
    നിൻ ചുണ്ടുകൾ,

    ReplyDelete
  5. വേരുപറിഞ്ഞൊഴുകിവരാം ചില വന്മരങ്ങള്‍..
    ഇതുപോലെ..

    ReplyDelete
  6. ലിപിയുടെ തീരാത്ത പൊരുൾ കവിതയുടെ പുഴയിലുണ്ട്‌!

    ReplyDelete
  7. ലിപിയുടെ മുഖം,വത്യസ്തം..
    മനോഹരമായിരിക്കുന്നു..

    ReplyDelete
  8. വനപർവ്വതങ്ങളിൽ തലതല്ലിമരിച്ച
    ആർക്കും മനസ്സിലാകാതെപോയ
    ഒരു ഭ്രാന്തൻ മഴയുടെ
    ശവഘോഷയാത്ര

    ReplyDelete
  9. "അടിയൊഴുക്കിലൊളിപ്പിയ്ക്കും
    ഗൂഢപ്രണയങ്ങൾ"

    എത്രകാലം മാഷേ? :( എത്രയൊളിപ്പിച്ചാലും വിടര്‍ന്നു നിവര്‍ന്നു
    കരയിലേയ്ക്ക് പടര്‍ന്ന് കയറില്ലേ.

    “ ആവതില്ലെനിയ്ക്ക്
    നിന്നിലൂടല്ലാതെ മറുകരയെത്തുവാൻ“ ഈ വരിയാണു സത്യം.
    ആശംസകള്‍ !

    ReplyDelete
  10. @ മഴ. വളരെ സന്തോഷം ഏറെക്കാലത്തിനു ശേഷം ഇവിടെ ഒരു കമന്റിട്ടതിൽ.സംഗതി നൂറ് ശതമാനം ശരി വെയ്ക്കുന്നു. അഞ്ജു, റൊണാൾഡ്, മഹേന്ദർ, അനിൽ, മുഹമ്മദ് സാബ്, ജുനൈത്, രഞ്ജിത് എല്ലാവർക്കും നന്ദി. എന്നെ വിടാതെ പിടികൂടിയിരിക്കുന്ന ശ്രീനാഥൻ മാഷിന്‌ :-)

    ReplyDelete
  11. അതു ശരിയാണല്ലോ...!

    ReplyDelete
  12. ആവതില്ലെനിയ്ക്ക്
    നിന്നിലൂടല്ലാതെ മറുകരയെത്തുവാൻ
    എത്ര ഒളിപ്പിക്കുമ്പോളും,മനസ്സ് ഈ സത്യം അംഗീകരിക്കുന്നു അല്ലെ.ജീവിതത്തില്‍ യഥാര്‍ത്ഥ പ്രണയം കണ്ടെത്തിയവന്റെ വാക്കുകള്‍ അല്ലെ ഇത്

    ReplyDelete
  13. ആവതില്ലെനിയ്ക്ക്
    നിന്നിലൂടല്ലാതെ മറുകരയെത്തുവാൻ
    --------------------------
    ആദ്യമായാണ് ഞാനി ബ്ലോഗില്‍ സന്ദര്‍ശിച്ചത് , ഇഷ്ടപ്പെട്ടു -ഈ കവിതയും ബ്ലോഗും പിന്നെ ഈ കവിയും

    ReplyDelete
  14. മുകിൽ [ :-) ], ഡി പി കെ, തൊമ്മി വളരെ നന്ദി. ശ്രീദേവി, മനസ്സിന്റെ ഭാഷ നന്നായി മനസിലാവുന്നുണ്ട് അല്ലേ, സന്തോഷം!

    ReplyDelete
  15. “വരളാതിരിക്കട്ടെ
    നിൻ ചുണ്ടുകൾ,
    അതിഗ്രീഷ്മവേദനകളിൽ
    വറ്റിവറ്റി
    ഒഴുകാൻ മറന്ന്.“

    - വരളാതിരിക്കട്ടെ.

    ReplyDelete