Monday, July 5, 2010

ഹൃദയത്തെപ്പറ്റിയുള്ള പരാതികൾ

ഒളിപ്പിച്ചു
വെയ്ക്കുന്നതൊന്നും
പിന്നെനോക്കിയാൽ കാണില്ല,
ഏതോ ഒരു കള്ളൻ
ഹൃദയത്തിനുള്ളിലുമുണ്ട്‌

അടങ്ങടങ്ങെന്ന്
എത്രവട്ടം പറഞ്ഞിട്ടും
വിജയങ്ങളിൽ
അനുസരണയില്ലാതെ
രക്തത്തിന്റെ തിരമാലകളിലേറി
നീ തുള്ളിയിട്ടും
തുളുമ്പിയിട്ടുമുണ്ട്

അപജയങ്ങളിൽ
ചില അറകളടച്ച്
മൗനത്തിന്റെ
ദീർഘപാതാളങ്ങളിലേക്ക്
വഴുതി വീണിട്ടുമുണ്ട്

എങ്കിലും
ഒളിപ്പിച്ചു വെച്ചതൊന്നും
കാണാതാകുമ്പോൾ
ഞാൻ ശരിക്കും
നിന്നെത്തന്നെ സംശയിക്കുന്നു

ചിലതെല്ലാം
നിനക്ക്
അറകളിലങ്ങുമിങ്ങും
ചിതറിയിടാമായിരുന്നു:

സ്നേഹത്തിന്റെ
അരിഭക്ഷണശകലങ്ങൾ,
ശൂന്യതയുടെ ആഴങ്ങളിൽ നിന്ന്
ജീവിതത്തിന്റെ കരയിലേക്ക്
വലിച്ചു കയറ്റിയ
ബലിഷ്ഠമായ
കൈപ്പത്തികളിയിലെ
സൗഹൃദരേഖകൾ,

കണ്ണുനിറഞ്ഞ് വാങ്ങിയ
നിത്യമായ വീടാക്കടങ്ങൾ,

കുഞ്ഞുകൂട്ടുകാരിയുടെ
ചുവന്ന റിബ്ബണും
പൊട്ടിയ
പച്ചനിറമുള്ള കുപ്പിവളകളും,

പിറക്കാതെ പോയ
പെങ്ങൾക്കു വേണ്ടി
മനസ്സിൽ തുന്നിത്തുന്നിയിട്ട
നിറം മങ്ങാത്ത കുഞ്ഞുടുപ്പുകൾ,

അമ്മയുടെ
വിയർപ്പും കരിമണവുമുള്ള
ഒരുമ്മ,

അച്ഛന്റെ
നിശ്ശബ്ദശാസനകൾ,

അനുജന്റെ ഹൃദയത്തിൽ
പച്ചകുത്തിക്കൊടുത്ത
മരിക്കരുതാത്ത സ്വപ്നങ്ങൾ,

അവളുടെ ചുണ്ടിൽനിന്ന്
ആരുമറിയാതെ കവർന്നെടുത്ത
പ്രണയമധുരങ്ങൾ,

ഒടുവിൽ
വിശപ്പിലും ദാഹത്തിലും
ദഹിപ്പിക്കുന്ന അപകർഷതയിലും
ഉള്ളുപൊള്ളിക്കലങ്ങിയ
തിങ്കൾ മുതൽ തിങ്കൾ വരെയുള്ള
ദിനരാത്രങ്ങൾ

ഒരു തെളിവും ബാക്കി വെയ്ക്കാതെ
എവിടെയാണവയെല്ലാം
നീ കുഴിച്ചു മൂടിയത്?

ഒളിപ്പിച്ചു വെച്ചതെല്ലാമിങ്ങനെ
കാണാതാകുമ്പോൾ
ഹൃദയമേ
ഞാൻ ശരിക്കും
നിന്നെത്തന്നെ സംശയിക്കുന്നു

ആരാണ്‌ നിന്നെ
എനിക്കെതിരെ തിരിച്ചുവിട്ടിരിക്കുന്നത്?

4 comments: