Sunday, July 18, 2010

ആത്മാവിന്റെ ലക്ഷണങ്ങൾ

രാവിലെച്ചായ കുടിച്ച്
പത്രവായനയും കഴിഞ്ഞ്
കണ്ണാടിയുടെ മുൻപിൽ
മീശകറുപ്പിക്കുമ്പോഴും
ദേഹം എണ്ണയിട്ടുഴിയുമ്പോഴും
തീൻ മേശക്കരുകിലെത്തി
വിശക്കുന്നെന്നു
പറയുമ്പോഴും
തീർത്താലും തീരാത്ത
പരാതിയാണവൾക്ക്

'ശരീരം ശരീരം
എന്നൊരു വിചാരമേയുള്ളു
ആത്മാവിനെപ്പറ്റി ഒരു ചിന്തയുമില്ല'

പളുങ്ക് പാത്രത്തിൽ
ഉടൽ പോലെ വടിവൊത്ത
രണ്ടിഡ്ഡലികൾ വെച്ച്
സാമ്പാറും ചട്ട്ണിയുമൊഴിക്കുമ്പോൾ
അവൾ
പച്ചമുളകൊരിത്തിരി
കൊത്തിയരിഞ്ഞിട്ടപോലെ
പറഞ്ഞു.

'എണ്ണതേച്ചും രോമം കറുപ്പിച്ചും
ഉണ്ണികളെപ്പോലെ
പരിപാലിക്കുന്ന ശരീരം
കണ്ണിലും കണ്ണാടിയിലുമേയുള്ളു.
മരിച്ചാൽ
ഇതൊക്കെ അഴുകി
മണ്ണും പൊടിയുമാകും
ആത്മാവ് മാത്രമാണ്‌ സത്യം ,
അതോർത്തോളൂ'

എവിടുന്നു പഠിച്ചു
നീയീ തത്വശാസ്ത്രമെന്ന്
ഞാൻ സ്വാദിന്റെ ഓരോ വിരലും
മാറിമാറിയീമ്പി
ഏമ്പക്കം വിട്ടെഴുന്നേറ്റു

കൈകഴുകി വരുമ്പോൾ
കുടിക്കാനുള്ള പാലും
തുടയ്ക്കാനുള്ള തോർത്തും നീട്ടി
അവൾ
ഒട്ടൊരു ശൃംഗാരം വരുത്തിച്ചോദിച്ചു

എന്നാലുമെന്റെ പൊന്നേ
ഒരു കാര്യം ചോദിച്ചാൽ
സത്യം പറയുമോ?
നിങ്ങളെന്നെങ്കിലും
ആത്മാവിനെപ്പറ്റി
ശരിക്കും ആലോചിച്ചിട്ടുണ്ടോ?
കരിയിലും പുകയിലും മൂടി
മുറ്റമായമുറ്റത്തൊക്കെ ഓടി
അടുക്കളയിലും കുളിമുറിയിലും
കിടപ്പറയിലുമെല്ലാം പരന്ന
സർവ്വവ്യാപിയായ
ആത്മാവിനെപ്പറ്റി

നീയെന്താ
വായിച്ചാൽ മനസ്സിലാകാത്ത
കവിത പോലെ
ഇങ്ങനെ പുലമ്പുന്നതെന്ന്
ഞാനൊരു പുരുഷ വേഷമാടിയപ്പോൾ
അവൾ ധൃതിപിടിച്ച്
അടുക്കളയിലേയ്ക്കു തന്നെ
മറഞ്ഞ്
അരൂപിയായി

അല്ലെങ്കിലും
ഈ വേദാന്തമൊക്കെ
നമ്മൾ ഗൃഹസ്ഥന്മാർക്ക്
പറഞ്ഞിട്ടുള്ളതാണോ.

7 comments:

  1. ഇതുകൊള്ളാം. നല്ല കവിത.

    ReplyDelete
  2. ഈ ആത്മാവ് ആത്മാവ് (.....) എന്ന് പറയുന്ന സാധനത്തിന്റെ ഉള്ളിലെന്തെന്ന് ഇനി എന്ന് ആര് കണ്ടു പിടിക്കും ? കവിത നന്നായി .

    ReplyDelete
  3. അതെ, വല്ലപ്പോഴുമൊക്കെ ഒന്നാലൊചിച്ചുകൂടെ “ഈ കരിയിലും പുകയിലും മൂടി
    മുറ്റമായമുറ്റത്തൊക്കെ ഓടി
    അടുക്കളയിലും കുളിമുറിയിലും
    കിടപ്പറയിലുമെല്ലാം പരന്ന
    സർവ്വവ്യാപിയായ
    ആത്മാവിനെപ്പറ്റി “
    നല്ല കവിത.

    ReplyDelete
  4. “ എന്നാലുമെന്റെ പൊന്നേ
    ഒരു കാര്യം ചോദിച്ചാൽ
    സത്യം പറയുമോ?
    നിങ്ങളെന്നെങ്കിലും
    ആത്മാവിനെപ്പറ്റി
    ശരിക്കും ആലോചിച്ചിട്ടുണ്ടോ? “

    ഇതു ചോദിച്ച പെണ്ണിന്റെയുള്ളില്‍ ലക്ഷണമൊത്തയൊരു ആത്മാവുണ്ട്.
    ആശംസകള്‍.

    ReplyDelete
  5. ഇത്തരം ആത്മീയ ചിന്തകള്‍ പുരുഷന്മാര്‍ക്ക് നല്ലതല്ല. വളരെ നല്ല കവിത.

    ReplyDelete