Saturday, July 31, 2010

പൊടിഞ്ഞ താളുകൾ

പണ്ട്
പാതകളിലൂടെ
നടക്കാനനുവാദമില്ലായിരുന്നു
എന്റെ പൂർവികർക്ക്

ശപിക്കപ്പെട്ട
പാമ്പുകളെപ്പോലെ
അവർ ചെടികൾക്കും
മരങ്ങൾക്കുമിടയിലൂടെ
കരിയിലപ്പഴുതിലൂടെ
പതുമ്മിപ്പതുമ്മി
പുഴയിലേയ്ക്കോ
തൊടിയിലേയ്ക്കോ
ഇഴഞ്ഞിഴഞ്ഞ് പോയിരുന്നു.

പണ്ട്
മഴയും വെയിലും
വരുന്നതുപോലെ
അവർക്ക്
കുളങ്ങളിലേയ്ക്ക്
വന്നിറങ്ങാൻ പാടില്ലായിരുന്നു.
നീർക്കോലിയോ
തവളയോ പരൽമീനോ ആയി
വേറൊരു ജന്മത്തിലാണ്‌
അവർ കുളങ്ങളിൽ മുങ്ങി
നഷ്ടബോധം
കഴുകിക്കളഞ്ഞിരുന്നത്.

കാറ്റും വെളിച്ചവും
പടികടന്നുചെല്ലുന്നതു പോലെ
അവർക്ക് ക്ഷേത്രപ്പടവുകൾ
ചവിട്ടിക്കയറാനാവില്ലായിരുന്നു.
പാറ്റയോ പഴുതാരയോ
പെരുച്ചാഴിയോ എണ്ണപ്പുഴുവോ ആയി
വേറെവേറെ ജന്മങ്ങളിൽ
അവർ
ശ്രീകോവിലിനുള്ളിൽ കടന്നാണ്‌
ദേവനെത്തീണ്ടിയിട്ട്
മടങ്ങിപ്പോയിരുന്നത്

ദാ ഇപ്പോഴില്ലാത്ത
ആ വയൽച്ചാലിലാണ്‌
എന്റെ മുത്തച്ഛന്റെ അച്ഛനെ
തമ്പുരാക്കന്മാർ
പച്ചിലവളമായി
ചവിട്ടിത്താഴ്ത്തിയത്

മരംകൊത്തി തുളച്ച
ആ മണ്ടചീഞ്ഞ
തെങ്ങിൻ ചോട്ടിലാണ്‌
മുത്തച്ഛന്റെ ഒരു മരുമകനെ
ചോദ്യച്ചിഹ്നം പോലെ
കൊളുത്തിയിട്ട്
എളയതമ്പുരാൻ
എണ്ണപാർന്ന്
കത്തിച്ചത്

ദാ
ആ ഇടവഴിയിൽ വെച്ചാണ്‌
കാറ്റത്തിളകുന്ന
പെരുംപന്തൽ പോലെ
അന്തരീക്ഷത്തെ വിറപ്പിച്ചുകൊണ്ട്
കുനുകുനെയുള്ള
കറുത്ത ലിപികളായി
തൊഴിലാളികളുടെ
ആദ്യത്തെ സമരപുസ്തകം
വെട്ടിത്തുറക്കപ്പെട്ടത്

ഇപ്പോൾ
ഓർമ്മ മാത്രമായിക്കഴിഞ്ഞെന്ന്
തോന്നുന്ന
ആ പണ്ടുകാലത്താണ്‌
ഒന്നു പിറക്കാൻ
കഴിഞ്ഞിരുന്നെങ്കിലെന്നാശിച്ച്
മുത്തശ്ശന്റെ തോളിലെ
ശീമക്കൊമ്പിന്റെ തുമ്പത്ത്
ഒരു പ്രതിഷേധചിഹ്നമായി
ഞാനുമുണ്ടായിരുന്നത്

മറ്റൊന്നുമല്ല
ഓർമ്മകളുടെ
ഈ പൊടിഞ്ഞ താളുകൾ
ഇങ്ങനെ പാറിയും പറന്നും
ശ്വാസം
മുട്ടിച്ചു കൊണ്ടിരിക്കുന്നതാണ്‌
ഇപ്പോഴത്തെ
ആസ്മയ്ക്കു കാരണം

8 comments:

 1. ..
  ഇപ്പോഴീ ആസ്ത്മ ആ ഓര്‍മ്മകളായിരിക്കില്ല. അവയെ കൊല്ലാനുള്ള അതിനു മീതെയുള്ള ഓര്‍മ്മകള്‍ ഉണ്ടല്ലൊ,

  ഇപ്പൊഴത്തെ ആസ്ത്മ സത്യസന്ധമായ് പറയാമായിരുന്നു. എന്തിനാ പഴമയില്‍ ചാരുന്നു എല്ലാം?

  കവിത നന്നായിട്ടുണ്ടേ, ആശയം, ..
  ..

  ReplyDelete
 2. ഒന്നും പൊടിഞ്ഞു തീരാറായിട്ടില്ല..ശ്രദ്ധിച്ചിരുന്നാല്‍ കാണാം ചരിത്രം ആവര്‍ത്തിക്കുന്നത് പുതിയ രൂപങ്ങളില്‍..തുടക്കം നന്നായി..ഇടക്ക് വലിഞ്ഞു പോയതായും തോന്നി..ചരിത്രത്തെ ഓര്‍മ്മിപ്പിക്കുന്നു കവിത..

  ReplyDelete
 3. ഇതുകൊള്ളാം. നല്ല കവിത

  ReplyDelete
 4. ഭൂതകാലം അക്ഷയ ഖനിയാണ്.

  ഓര്‍മകളുടെ ഒരത്തിരുന്നു

  എത്ര എഴുതിയാലും തികയില്ല.

  അത്രയ്ക്കുണ്ട് ആ ഖനിയില്‍.

  കവിത സമ്പുഷ്ടം.നന്നായി

  ReplyDelete
 5. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്നു ഈ കവിത ഓര്‍മപ്പെടുത്തുന്നു. കാവ്യ ബിംബങ്ങള്‍ കരുത്താര്‍ന്നു നമ്മെ ഭൂതകാലത്തിലേക്കു കൊണ്ടു പോകുന്നു.

  ReplyDelete
 6. മനസ്സു തൊടുന്ന വരികൾ...നന്നായി.കവിത ആസ്ത്മയിൽ അവസാനിപ്പിക്കണ്ടായിരുന്നു എന്നു തോന്നി..

  ReplyDelete
 7. നല്ലൊരു ചരിത്രക്കുറിപ്പ്.

  ReplyDelete