Friday, June 25, 2010

ഞാനെന്നൊരുത്തൻ

പോകുന്നവരേ
ഒന്നു ശ്രദ്ധിക്കണേ,
ഞാനെന്നൊരുത്തനെ
വഴിയിലെവിടെയെങ്കിലും
കണ്ടാൽ
അവനെയും കാത്ത്
ഒരുവനിവിടെയിരുന്ന്
വല്ലാതെ മുഷിയുന്നുണ്ടെന്ന്
ഒന്നു പറഞ്ഞറിയിക്കണേ

ചന്തയിലാണെങ്കിൽ
ഗുണ്ടകളോടൊപ്പം
വാതു വെയ്ക്കുകയോ
വാളെടുക്കുകയോ
ആവണം

നേതാക്കളോടൊപ്പമാണെങ്കിൽ
പുച്ഛത്തോടെ
കാലിന്മേൽ കാലേറ്റി
ഇരിക്കുന്നുണ്ടാവും.

ബുദ്ധിജീവികൾക്കിടയിലാണെങ്കിൽ
ഉച്ചത്തിലുച്ചത്തിൽ
സംസാരിക്കും

കവികളോടൊപ്പമാണെങ്കിലോ
മൗനം പൂണ്ട്
ഗൗരവത്തിന്റെ നിഴൽ കൊണ്ടൊരു
മറയിട്ട്
ഗൂഢത നടിച്ച്
നിൽക്കും

കൂട്ടുകാർക്കിടയിലാണെങ്കിൽ
ആരെയെങ്കിലും
പരിഹസിച്ച്
ചിരിക്കുകയാവും

ചിലപ്പോൾ
പ്രിയതമയോടൊപ്പം
ആണൊരുത്തനാണെന്ന മട്ടിൽ
ഞെളിഞ്ഞ് നിവർന്ന്
നടക്കുകയാവും

മറ്റൊരുത്തിയോടൊപ്പമാണെങ്കിൽ
പാലിലിട്ടപഞ്ചസാരയായി
അവളിൽ തന്നെ
അലിഞ്ഞുപോയിട്ടുണ്ടാവും

അതുകൊണ്ട്
പോകുന്നവരേ
ഒന്നു ശ്രദ്ധിക്കണേ

അവന്റെ ചെകിട്ടത്ത്
ഒന്നു കൊടുത്തിട്ട്
ഇവിടെയൊരാൾ
ഇപ്പോ വരാമെന്നു പറഞ്ഞുപോയ
അവനെയും കാത്തിരിക്കാൻ തുടങ്ങിയിട്ട്
മണിക്കൂറ്‌ കുറേയായെന്ന്
ഒന്നു പറഞ്ഞറിയിക്കണേ

11 comments:

  1. ഹ ഹ ഇത് എന്നത്തേയും മലയാളി...മനുഷ്യന്‍..
    രസമുണ്ട് വായിക്കാന്‍
    നന്ദി.

    ReplyDelete
  2. ഇങ്ങനെ എത്ര വഴികളിലേക്ക് ഒരാള്‍ക്ക് അവനവനില്‍ നിന്നു തന്നെ ഇറങ്ങിപ്പോരാം അല്ലേ.വരികള്‍ രസമുള്ള വായന തന്നെ സമ്മാനിച്ചു.:)

    ReplyDelete
  3. അനിലേട്ടാ,
    രസിച്ചു.
    ചിലപ്പോൾ
    പ്രിയതമയോടൊപ്പം
    ആണൊരുത്തനാണെന്ന മട്ടിൽ
    ഞെളിഞ്ഞ് നിവർന്ന്
    നടക്കുകയാവും

    ഒത്തിരി ബോധിച്ചു

    ReplyDelete
  4. രസമുള്ള വായന. ഒരു സംശയം മാത്രം... തിരിച്ചു വന്നു എന്ത് ചെയ്യാന്‍?
    എന്റെ ഉള്ളില്‍ കയറി ജഡമാകണോ ?

    ReplyDelete
  5. ഞാനല്ലാതാകുന്ന,
    ഞാനില്ലാതാകുന്ന നേരം...

    ReplyDelete
  6. ഇത്തിരി കുറവുമില്ല ഇത്തിരികൂടുതലുമില്ല.

    നമ്മളിൽ തന്നെ എത്രയോ പേർ.
    അടക്കിവച്ചിരിക്കയല്ലേ
    അവരെയെല്ലാം നമ്മൾ.
    എന്നിട്ട് അത്തറും പൂശി
    മണമുള്ള ഒരു ശവക്കല്ലറയായി,

    ക്രൂരനെയും കൊലപാതകിയെയും പീഡകനെയും
    വിടനെയും കാമുകനെയും പരിഹാസിയെയും
    ബുജിയേയും കവിയെയും അങ്ങനെയങ്ങനെ തമ്മിൽ പിണങ്ങുന്ന ഒരുപാട് ഐറ്റങ്ങളെ ഉള്ളിൽ പേറുന്ന ഒരു നോഹയുടെ പെട്ടകമാണല്ലോ ഒരുത്തന്റെ ഉള്ളകം.

    കവിതയിൽ ഞാൻ സം‌പ്രീതനായിരിക്കുന്നു, മാഷേ

    ReplyDelete
  7. നന്നായിരിക്കുന്നു,സുരേഷ്‌ജി പറഞ്ഞതുപോലെ ഞാനും സം‌പ്രീതനായിരിക്കുന്നു.

    ReplyDelete
  8. നഷ്ടമാകുന്ന എന്നിലെ ഞാന്‍
    ..ഇഷ്ടായി

    ReplyDelete
  9. കണ്ടുകിട്ടിയാലും അടുത്തനിമിഷം ഇനിയൊരു വഴിയിലേയ്ക്ക്‌ ഇറങ്ങുമവന്‍.
    :)

    ReplyDelete
  10. രസമുള്ള വായന....

    ReplyDelete