Friday, August 3, 2012

ആഗോളഭീമൻ

ഉച്ചമയക്കം കഴിഞ്ഞ്
കുട്ടി കണ്ണുതുറക്കുമ്പോഴുണ്ട്
അത്ഭുതം
വിചിത്രമൊരു സസ്യം പോൽ
മുളച്ചുപൊന്തി നിൽക്കുന്നു

വളപ്പിലെ കളിക്കളം
അപ്രത്യക്ഷമായിരിക്കുന്നു

കുട്ടി
കണ്ണുചിമ്മി കണ്ണുചിമ്മി
അത്ഭുതമെന്ന വിചിത്ര സസ്യത്തെ
നോക്കിനോക്കി നിന്നു

അപ്പോൾ കണ്ടു
മുറ്റത്തെ മൂവാണ്ടൻ മാവുകൾ മുറിച്ചിട്ട്
അതിന്മേലിരുന്ന
മസിൽപ്പവറുള്ള ഒരാഗോളഭീമൻ
ബീഡി പുകയ്ക്കുന്നു
ആകാശത്തേയ്ക്ക്
പുക ഊതിയൂതി നിറയ്ക്കുന്നു

പോസ്റ്റ് മോർട്ടം ടേബിളിലെന്ന പോലെ
ഒടിഞ്ഞുമടങ്ങി
ലോറിയിൽക്കിടക്കുന്നു
ഒരു മൈതാനവും കുന്നിൻ പുറവും

ആരോ വരച്ചിട്ട പുതിയ ഭൂപടത്തിൽ
അംബര ചുംബികൾക്ക് മുകളിൽ
മഞ്ഞപ്പന്തു പോലൊരു
സുര്യനുണ്ട്.

മേഘങ്ങളോടൊപ്പം
ദൈവം കളിക്കാൻ വരുന്നതും നോക്കി
കുട്ടി ബാൽക്കണിയിൽ
ഏകാകിയായി നിന്നു

8 comments:

  1. അത്ഭുതം..!!!
    ആശംസകള്‍..
    നല്ല കവിതയ്ക്ക്..

    ReplyDelete
  2. ആഗോള ഭീമന് തുമ്പിക്കൈ ഉണ്ടായിരുന്നോ ?എല്ലാം തുരക്കാന്‍ കഴിയുന്ന എന്തും മറിച്ചിടാന്‍ കഴിയുന്ന ഒരു തുമ്പിക്കൈ ???

    ReplyDelete
  3. സന്തോഷം, ശ്രീജിത്ത്, സിയാഫ്...:-)

    ReplyDelete
  4. എന്തിനാ വെറുതെ ആഗോളഭീമന്മാരെ കുറ്റം പറയുന്നത്. ഈഗോളഭീമന്മാരെന്താ മോശമാണോ

    ReplyDelete
  5. :-) സാക്ഷാൽ ഒടേതമ്പുരാനല്ലാതെ ആരാ ഈ ആഗോളഭീമൻ?

    ReplyDelete
  6. ഉങ്ങും,കൂവളവും തഴച്ച്നിന്ന കുളക്കരയിലെ ഒരു കാവും,അതിനകത്തെ കരിയിലത്തണുപ്പില്‍ പുറ്റുമൂടിക്കിടന്ന ഒരുപാട് കഥകളും ഈ അഗോളഭീമന്‍ കോരിയെടുത്ത് കൊണ്ടുപോകുന്നത് ഒരുറക്കച്ചടവില്‍നോക്കിക്കണ്ടിട്ടുണ്ട് മാഷെ ഞാനും..
    കവിത വളരെ ഇഷ്ട്മായി

    ReplyDelete
    Replies
    1. ശരിയാണ്... എത്രയെത്ര കഥകളെ അത് പഴയ പുസ്തകത്താളുകൾ പോലെ ചീന്തിക്കളഞ്ഞിരിക്കുന്നു.... :-(

      Delete
  7. ഇതിപ്പോള്‍ ഒരു ഗോളമാല്ലല്ലോ അരുകും മൂലയും അടര്‍ന്നുപോയ ഒരു തുണ്ട് പാരയല്ലേ

    ReplyDelete