Sunday, August 5, 2012

രണ്ടുപേർ

1 വേശ്യ

ശരീരത്തെ
കെട്ടഴിച്ചുവിട്ടിട്ട്
അലസമായിക്കിടക്കും

ശരീരം
പുല്ലുതിന്നുതടിച്ച്
തടാകത്തിൽ പോയി വെള്ളം കുടിച്ച്
മടങ്ങിവന്ന്
മരച്ചുവട്ടിൽക്കിടന്ന്
തിന്നപുല്ലിനെ
തളിരുപോലുള്ള വള്ളിച്ചെടികളെ
അവയിൽ പെയ്ത മഴകളെ
മഴയിലൂടെ പറന്നുപോയകിളികളെ
കിളികൾ പാടിയ പാട്ടിനെ
പാട്ട് ചിറകൊതുക്കിക്കടന്നുപോയ
തണുത്ത ചില്ലകളെ
ചില്ലകളെ ഉരുമ്മാതെ കടന്നു പോയ മിന്നലുകളെ
മിന്നലിൽ തെളിഞ്ഞ വഴികളെ
വഴികളിൽക്കണ്ട കാഴ്ചകളെ
കാഴ്ചയിൽ മയങ്ങി വഴിതെറ്റിപ്പോയ ശരീരങ്ങളെ
ശരീരങ്ങളിൽക്കുരുങ്ങിയാടും മനസുകളെ
ഒന്നൊന്നായോർത്തെടുക്കും
അയവിറക്കും.

2 പ്രണയിനി

മനസിനെ
കൂട്ടിൽ നിന്നിറക്കിവിടും

മനസ്
മരങ്ങൾ കടന്ന്
ചില്ലകൾക്കുമിലകൾക്കും പൂക്കൾക്കുമിടയിലൂടെ
രഹസ്യങ്ങളെഴുതിയിട്ട
ഇടവഴികൾ പറന്ന് പിന്നിട്ട്
പല ഋതുക്കളിൽ ദിശതെറ്റി മേഞ്ഞ്
പലതരം കനികളിൽ കൊത്തി മതിമറന്ന്
കുറെയേറെ വിത്തുകൾ വിഴുങ്ങി
മടങ്ങിവരും

വിചാരങ്ങളിൽ
തന്നിൽ പിറക്കാനിരിക്കുന്ന
കാലദേശങ്ങളുടെ ചിത്രം വരയ്ക്കും.

തന്നിൽ നിന്ന് കുതിരകളും
ഗജാശ്വരഥങ്ങളുമുള്ള രാജപരമ്പരകൾ വരുമെന്ന
സന്ദേശം  ഓർത്തെടുക്കും

അതോർത്തോർത്ത്
പറന്നു നടന്ന വഴിയകിലെവിടെയോ
കണ്ട പരിചിതമണങ്ങളുള്ള
മരക്കൊമ്പുകളിലൊന്നിലേക്ക്
കൂടു വെയ്ക്കാൻ
മടങ്ങും
വൈകിയല്ലോ എന്ന്
ഉള്ളിലൊരു പരിഭ്രമം പിടയും


കുഞ്ഞുകിളികൾക്കുള്ള ചൂടുകൊണ്ട്
ഏതു പകലിനേയും കൊത്തിപ്പിളർക്കും
സ്വപ്നങ്ങളവൾക്ക് 
വാഴനാരുകൊണ്ടുള്ള ഒരു കൂടാകും
നിദ്രയിലവൾ ശരീരങ്ങളെ പെറ്റുകൂട്ടും
പിന്നെ മനസുകളെ ഓർത്തെടുക്കാനേ കഴിയാത്ത
കാലങ്ങളിലേക്ക്
എല്ലാ ശരീരങ്ങളേയും
 ഉപേക്ഷിച്ചു കളയും

ഒടുവിൽ
മാംസനിബദ്ധമല്ല രാഗമെന്ന്
അവളും
(പഴയൊരു കവിയായ്)
രാത്രികാലങ്ങളിൽ മാത്രം
സന്ന്യസിക്കാൻ തുടങ്ങും

6 comments:

  1. അന്തിമവിശകലനത്തില്‍ എന്താണ് സാമ്യവും വ്യത്യാസവും?

    ReplyDelete
  2. മനസ്സും ശരീരവും...മനോഹരമായ രണ്ടു കാഴ്ച്ചകള്‍

    ReplyDelete
  3. വഴി തെറി പറക്കുന്നൊരു മനസ്സ് കൂട്ടിനുണ്ടെന്ന പോലെ

    ReplyDelete
  4. മുഹമ്മദ് സാബ്, വിനീത് സന്തോഷം :-)

    ReplyDelete
  5. വേശ്യ - ഗംഭീരം

    ReplyDelete