ഓരോന്നു
സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ
പെട്ടെന്ന്
ഒരൊളിച്ചുകളിയാണ്
പിന്നെ,
നീയെവിടെ?
നീയെവിടെ?
എന്നൊരാന്തലാധിയായി..
മുക്കിലും മൂലയിലും
തെരച്ചിലോടു തെരച്ചിലായി
മൂടുപോയ കുട്ടയ്ക്കടിയിലും
ദ്രവിച്ച ഓലമറകൾക്കിടയിലും
പഴയ, വരണ്ടുണങ്ങി മഞ്ഞച്ച
പുല്ലിൻ കെട്ടിനിടയിലും
പുല്ലാനിപ്പടർപ്പിലും,
മഞ്ഞക്കിളി
മാമ്പഴച്ചാറുകൊണ്ടടയാളമിട്ട
മാവിൻ കൊമ്പിലും
മുളകൊണ്ടു കെട്ടിയുണ്ടാക്കിയ
തട്ടുമ്പുറത്തും
തിരച്ചിലോട് തിരച്ചിലാണ് .
കാണാതായി ഞാൻ കരച്ചിലോളമെത്തും
ആങ്ഹാ!
ഇവിടെയുണ്ടായിരുന്നോ നീയെന്ന്
സോഫയിൽ ചാരിക്കിടന്നുകൊണ്ടു്
നീ പെട്ടെന്ന് പ്രത്യക്ഷമാവും
പിന്നെ നമ്മൾ
ഒന്നും സംഭവിക്കാത്ത പോലെ
പഴയപടി സംഭാഷണം തുടരും
വാങ്ങുവാൻ പോകുന്നപുതിയ കാറിനെപറ്റി,
പെട്രോളിന്റെ വിലക്കയറ്റത്തെപ്പറ്റി നീ;
കൊച്ചിയിലെ ഗതാഗതക്കുരുക്കിലൂടെ
റോഡു മുറിച്ചു കടക്കുന്നതിന്റെ
സാഹസത്തെ പറ്റി ഞാൻ
പണ്ടും
നാമങ്ങനെ
വിശേഷങ്ങൾ പറഞ്ഞിരുന്നല്ലോ,
ഒളിച്ചുകളിയ്ക്കു ശേഷം
വീട്ടിലേയ്ക്കു മടങ്ങുമ്പോൾ
പട്ടാളക്കാരൻ മാമൻ കൊണ്ടുവന്ന
ഹൽവയെപറ്റി നീയും
നനഞ്ഞ പുസ്തകത്തിൽ നിന്നൊലിച്ചുപോയ
ഉള്ളടക്കത്തെപ്പറ്റി
ഞാനും
കള്ളനും പോലീസും പോലെയാണെങ്കില്‍ സാരമില്ല. വെറും കളിയല്ലേ
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteഒളിച്ചുകളി നന്നായിരിക്കുന്നു.
ReplyDeleteഅജിത്, നിധീഷ്, മുകിൽ... സന്തോഷം!
ReplyDeleteഈ കളിയാണ് സൗഹൃദം...
ഓരോ തിരച്ചിലിനൊടുവിലും ഇങ്ങനെ പ്രത്യക്ഷപ്പെട്ടെങ്കില്‍... ഈ ഒളിച്ചുകളി വെറും കളിയല്ലെന്നറിയുന്നു, ഞാന്‍.
ReplyDelete:-)
ReplyDelete