Sunday, August 1, 2010

തേങ്ങ: ചില പൗരാവകാശ പ്രശ്നങ്ങൾ

കൊല്ലുകയാണെങ്കിൽ
ഒറ്റവെട്ടിനുതന്നെ
കൊല്ലണം

ഇതിപ്പോ
എന്തിനാണിങ്ങനെ
വേദനിപ്പിച്ച് വേദനിപ്പിച്ച്
മുള്ളിൽ കോർത്ത്
ചിരകുന്നത്,
പിഴിഞ്ഞ് പിഴിഞ്ഞ്
വെന്തപച്ചക്കറിയുടെ
ചൂടിലേക്കൊഴിക്കുന്നത്?

എന്തിനാണ്‌
മുനയുള്ള കത്തികൊണ്ട്
കൊത്തുകളാക്കുന്നതും
ഉപ്പും മുളകും ചേർത്തിങ്ങനെ
ചതച്ചരയ്ക്കുന്നതും

എന്തിനാണ്‌
ചൂടെണ്ണയിലിട്ട്
വറുത്തുകോരുന്നതും
മിക്സിയിലിട്ട് അരച്ചെടുക്കുന്നതും
രാവിലെ,ഉച്ചയ്ക്ക്,വൈകിട്ട്

അതൊക്കെപ്പോട്ടെ
പാത്രത്തിൽ നിന്ന് കൈയ്യിട്ടുവാരി
ഒരു ദയവുമില്ലാതെ
എന്നെയിങ്ങനെ
ഓരോന്നു പറഞ്ഞ്
ചവച്ചരയ്ക്കാൻ
എന്തു ദ്രോഹമാണുണ്ണീ
ഞാൻ നിന്നോട് ചെയ്തത്

കഴിച്ചു പോകുന്നതല്ലാതെ
ഒരുത്തരവും
ആരും പറയുന്നില്ലല്ലോ

ശരി ശരി
ഇനിയും വരുമല്ലോ
ഓരോന്നും പറഞ്ഞ് നുണയാൻ
അച്ഛനും മക്കളും
കൈകഴുകി
രാവിലെ ,ഉച്ചയ്ക്ക് ,വൈകിട്ട്

13 comments:

  1. പതുക്കെ കൊന്നു തിന്നുന്നതിന്‍റെ രുചിയൊന്നു വേറെ..

    --
    ഈ റ്റെമ്പ്ളേറ്റില്‍ വായന ദുസ്സഹം

    ReplyDelete
  2. സംഭവം കൊള്ളാം......ഈ ഡിസൈന്‍ മാറ്റാമോ....വായിക്കാന്‍ പ്രയാസമാണ് ...

    ReplyDelete
  3. സ്ത്രിയും നാളികേരവും ഒരു പോലെ പൂജിക്കപ്പെടുന്നുവെന്നാണ്‌ നാട്ടിലെ വെയ്പ്പ്. എന്നാൽ അനുഭവത്തിൽ അത് തികച്ചും വ്യത്യസ്തമാണ്‌ . ഒരു നാളികേരത്തിന്റെ ജീവിതവും സ്ത്രീയുടെ ജീവിതവും കടന്നു പോകുന്നത് ഏറെക്കുറെ ഒരേ ട്രാക്കിലൂടെത്തന്നെ

    ReplyDelete
  4. ആരവിടെ..
    മേല്‍ പറഞ്ഞ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നത് വരെ ആരും മേലില്‍ തേങ്ങ ചിരകാനോ, ചതക്കാനോ, വറക്കാനോ, ചവക്കാനോ പാടില്ലെന്ന് നാം കല്‍പ്പിക്കുന്നു...

    ReplyDelete
  5. ഒരു ദയവുമില്ലാതെ

    ഓരോന്നു പറഞ്ഞ് ....

    എന്നെയിങ്ങനെ ....:)

    ReplyDelete
  6. ശ്ശോ...!!!!! ഒരുപാടൊരുപാടിഷ്ടമായതു കൊണ്ടും കൂടിയല്ലേ....! ഇല്ലാതെ പറ്റില്ലാന്നുള്ളതു കൊണ്ടല്ലേ...?
    :-)

    നന്നായിട്ടുണ്ട്‌.

    ReplyDelete
  7. കവിത നന്നായി. ഊണു കാലാവുന്ന വരെ സ്ത്രീപക്ഷരചനയിലേർപ്പെടുന്നത് നന്നെന്നു തോന്നിയിട്ടുണ്ട്, തേങ്ങയൊന്നു ചിരവിക്കൊടുക്കുന്നതു പോലും സർഗ്ഗക്രിയാഭംഗമുണ്ടാക്കുമല്ലോ (താങ്കളെക്കുറിച്ചല്ല, എന്നെക്കുറിച്ച്).

    ReplyDelete
  8. മുള്ളില്‍ കോര്‍ത്തും പിഴിഞ്ഞും വേദനിപ്പിച്ചും... സത്യമാണു അനിലന്‍ മാഷെ, നന്നായി ഈ വീണ്ടുവിചാരം. പക്ഷെ ശ്രീനാഥന്‍ മാഷ് പറഞ്ഞതു വേരൊരു സത്യം, ഊണു കാലാകുന്നിടത്തൊളമേ വരൂ ഈ ചിന്ത.
    പിന്നെ, ഈ മാഷിനിപ്പൊ എന്താപറ്റിയതു? നല്ലൊരു ഡിസൈന്‍ ആയിരുന്നില്ലെ ഇവിടെ? ശ്ശൊ, ഇതിപ്പൊ, ഒന്നു വായിക്കണമെങ്കില്‍
    പെടുന്ന പാടേ...

    ReplyDelete
  9. മാഷേ

    ഒരു മാസമായി അലച്ചിലായിരുന്നു...ഒരു വീടുമാറ്റം

    ഇപ്പോഴാണ് കവിതകള്‍ കണ്ടത്...

    അരച്ച്,വറത്ത്‌,പൊരിച്ചു തിന്നാനുള്ള കൊതി തോന്നി കവിതകള്‍ക്ക് പക്ഷെ (ടേം)പ്ലേറ്റ് മാറ്റി വിളമ്പി തരണേ..

    ReplyDelete
  10. കൊല്ലുകയാണെങ്കിൽ
    ഒറ്റവെട്ടിനുതന്നെ
    കൊല്ലണം

    ഇതിപ്പോ
    എന്തിനാണിങ്ങനെ
    വേദനിപ്പിച്ച് വേദനിപ്പിച്ച്
    മുള്ളിൽ കോർത്ത്
    ചിരകുന്നത്,
    പിഴിഞ്ഞ് പിഴിഞ്ഞ്
    വെന്തപച്ചക്കറിയുടെ
    ചൂടിലേക്കൊഴിക്കുന്നത്?

    നന്നായിട്ടുണ്ട്‌....

    ReplyDelete
  11. "ശരി ശരി
    ഇനിയും വരുമല്ലോ
    ഓരോന്നും പറഞ്ഞ് നുണയാൻ
    അച്ഛനും മക്കളും
    കൈകഴുകി
    രാവിലെ ,ഉച്ചയ്ക്ക് ,വൈകിട്ട് "

    അതു തന്നെ ഇങ്ങോട്ട് വരട്ടെ..

    ReplyDelete
  12. ഇടക്കൊരു വീണ്ടുവിചാരം നല്ലതാണ്.(പെരു വെളിപ്പെടുത്താനിഷ്ടമില്ലാത്ത ബീന,നരിമറ്റം)

    ReplyDelete
  13. തേങ്ങ പോലെ ചിരവിയും പിഴിഞ്ഞും ജീവിതം...

    ReplyDelete