Friday, January 8, 2010

പതിവ്രത

വെള്ളമില്ലാത്ത
കരിങ്കല്‍ നെഞ്ചില്‍
ഒരു മകര മത്സ്യം പോലെ
ശ്വാസം കിട്ടാതെ
പിടയുകയായിരുന്നു ഞാന്‍

അതു കൊണ്ടാണ്‌
കീചകനെങ്കില്‍ കീചകനെന്നു
കരുതിയത്‌


പണ്ട്‌
സ്കൂളിന്റെ
ഉയരമുള്ള പടവുകള്‍ കയറുമ്പോള്‍
ചോട്ടില്‍ നിന്ന്
കീചകാ
നീ എന്റെ കൊച്ചുപാവാടയുടെ
അടിയിലൂടെ മേലോട്ട്‌ നോക്കിയത്‌
ഓര്‍മ്മയുണ്ടെനിക്ക്‌ ,
തെമ്മാടി
വൃത്തികെട്ടവന്‍
അമ്മയും പെങ്ങളുമില്ലാത്തവനെന്ന്
പല തെറികള്‍
നിന്റെ കണ്ണ്  പൊട്ടിച്ചതും.

കോളേജിലേക്കുള്ള യാത്രയില്‍
അരികു സീറ്റിലിരിക്കുമ്പോള്‍
ബസിന്റെ കമ്പിയില്‍
എന്റെ ദാവണിക്കുള്ളിലേക്ക്‌ നീ
വാവലിനെപ്പോലെ
ദാഹത്തോടെ
തൂങ്ങിക്കിടന്നതും
എനിക്കോര്‍മ്മയുണ്ട്‌.


അന്നു നിന്റെ
ദുശ്ശാസനവേഷം കണ്ട്‌
എന്റെ ഹൃദയത്തില്‍
എന്തൊരു മനം പുരട്ടലും
നാവിന്‍മേല്‍ എന്തൊരു
ചൊറിയുന്ന
പുലയാട്ടുമായിരുന്നു

ഓര്‍മ്മകളോര്‍ക്കുമ്പോള്‍
നാണവും മാനവും കെട്ടുപോകുന്നു


കീചകാ
നീ വിളിച്ചതുകൊണ്ടല്ല
ഈ പാതിരാപ്പന്തലിനു ചോട്ടിലെ
കളിയരങ്ങില്‍
വീഞ്ഞും മുന്തിരിക്കുലകളുമായി
ഗാത്രവും പാത്രവും വിറയ്ക്കാത്ത
സൈരന്ധ്രിയായ്‌,
വിയര്‍ക്കാതെ
വ്രീളയായ്‌   
ഞാന്‍ വന്നു നില്‍ക്കുന്നത്‌.
എന്നെക്കാക്കുവാന്‍
പതികളഞ്ചില്ല കീചകാ


ഇന്നിതാ
മൂന്നുകുട്ടികളുടെ അമ്മ
നാല്‍പതിന്റെ വറ്റിയ കണ്‍ തടങ്ങള്‍
എത്ര പെട്ടന്നാണ്‌
സ്ത്രീകള്‍ നരച്ച പാവകളാകുന്നത്‌
എത്ര വട്ടം കണ്ണാടിയുടെ മുന്‍പില്‍
ഭാവം വരുത്തിയും
മാറ്റിയും നിന്നിട്ടുണ്ട്‌
രാവിലെ
ഉച്ചക്ക്‌
സന്ധ്യക്ക്‌
ആരും കാണാ പാതിരാമുറികളില്‍.

അദ്ദേഹം സദാ ചെറുപ്പമാണ്‌,
യയാതി !
എന്നോടു മാത്രം
വിരക്തിയുടെ ശീതശൈലം പോലെ
ഒരേ ഉറമഞ്ഞുപോലെ
ഒരൊറ്റ കൃഷ്ണശിലപോലെ
മടുപ്പിക്കുന്ന ഒരേ  നിദ്രതന്നെ

കിടന്നാല്‍ പുലര്‍ച്ചക്കേ ഉണരൂ
അതിനുമുന്‍പേ
തിരിച്ചെത്തണം
രാവിലെച്ചായ കിട്ടാതെ വന്നാല്‍
ദേഷ്യമാണ്‌
ഒരു കുട്ടത്തെറിയുമായ്‌
ഉറക്കം ചവിട്ടിക്കെടുത്തി
അദ്ദേഹം കടന്നു പോകും
പിന്നെ
എന്റെ കുട്ടികള്‍ക്കാരാണ്‌?

അതു കൊണ്ടാണ്‌
കീചകനെങ്കില്‍ കീചകനെന്നു
കരുതി
ഈ പാതിരാപ്പന്തലിനു ചോട്ടിലെ
കളിയരങ്ങില്‍
വീഞ്ഞും മുന്തിരിക്കുലകളുമായി
ഗാത്രവും പാത്രവും വിറയ്ക്കാത്ത
സൈരന്ധ്രിയായ്‌,
വിയര്‍ക്കാതെ
വ്രീളയായ്‌
ഞാന്‍ വന്നു നില്‍ക്കുന്നത്‌.

2 comments:

  1. ഇപ്പോഴെങ്കിലും കീചകനെ വിളിക്കാന് തോന്നിയല്ലോ.. കീചകൻ എപ്പൊ എത്തീ എന്നു ചോദിച്ചാൽ മതി

    ReplyDelete
  2. ശരീരമാണ് എല്ലാമെന്ന്
    ശരീരമാണ് ജീവിതമെന്ന് ഇവിടെയും നിശബ്ദമായ ഒരു പ്രഖ്യാപനം നടക്കുന്നു.
    എന്നാണു നാമീ ഉടല്‍ രൂപങ്ങളില്‍ നിന്നും മുക്തമായി ചിന്തിക്കാന്‍ തുടങ്ങുന്നത്.?!!

    ReplyDelete