Friday, December 25, 2009

ആണത്തം

പണ്ട്‌
അതുകൊണ്ടാണ്‌
ഞാന്‍ നിനക്ക്‌ നിത്യമായ ഒരാഴി പണിതത്‌,
രക്ഷയില്ലാക്കയം തീര്‍ത്തത്‌,
പട്ടുപോല്‍ സുഖം പറ്റിച്ചുവെച്ച
അഴിച്ചു മാറ്റാനാവാത്ത ഒരുള്ളുടുപ്പ്‌
തുന്നിത്തന്നത്‌.
എനിക്കറിയാം
നീ എന്താഗ്രഹിക്കുന്നുവെന്ന്,
സുഖങ്ങളുടെ ഏതരുവിച്ചാലിലും
നീ എന്തു കാണുന്നുവെന്ന്.


ആണത്തം:
അതുകൊണ്ടാണ്‌
നിന്റെ വിയര്‍പ്പിന്‌ താമരപ്പൂവിനോടും
കണ്ണുകള്‍ക്ക്‌ നീലോല്‍പലങ്ങളോടും
നിന്റെ കനത്ത അരക്കെട്ടിന്‌
ചെമ്പകദളങ്ങളോടും
ഉപമകള്‍ വേണ്ടിവന്നത്‌



അതുകൊണ്ടാണ്‌
നിന്റെ കൈകള്‍ തേച്ചിട്ടും തേച്ചിട്ടും
തേഞ്ഞു തീരാതിരുന്നത്‌,
നിന്റെ
കുറുക്കിയ പാല്‍ക്കിനാവുകള്‍കൊണ്ട്‌
തേച്ചുമെഴുക്കിയ ചീനപ്പാത്രങ്ങള്‍
ഒന്നുപോലും
ഉടഞ്ഞുപോവാതിരുന്നത്‌,
നീ അലക്കിയിട്ടുമലക്കിയിട്ടും
ഒരു പുത്തനുടുപ്പു പോലും
നിറം മങ്ങാതിരുന്നത്‌



അതുകൊണ്ടാണ്‌
നീ ഉറക്കമില്ലാത്ത പാതിരാച്ചന്ദ്രനെപ്പോല്‍
തെങ്ങിന്‍ തോപ്പിലെ സ്വപ്നാടനങ്ങളില്‍
വീണു പോകാതെ
എന്റെ കിടക്കമേല്‍ മാത്രം
കുഴഞ്ഞു വീണത്‌.
എന്റെ മാത്രം സുഖങ്ങളില്‍
തളര്‍ന്ന്
മയങ്ങിപ്പോയത്‌.


അതു കൊണ്ടാണ്‌
അതു കൊണ്ടുമാത്രമാണ്‌
ഞാന്‍ ഇന്നും കൊതിച്ചു പോകുന്നത്‌
നിന്റെ സുഖങ്ങളുടെ ആഴിയാവാന്‍
മറ്റൊന്നിനും പകരമാകാത്ത
നിന്റെ ചെറു മൂക്കും
നെയ്‌ മൃദുലമാം മുലകളും
മുകില്‍ നിറം പൂണ്ട മുടിക്കെട്ടും \
പഞ്ചഗന്ധം പൊഴിക്കും നാഭിയും
സര്‍പ്പസദൃശം പുളയും ചന്ദനഗാത്രവും
വിയര്‍ക്കുന്ന
ചന്ദ്രിക പോലുള്ള നെറ്റിയും
ഹൃദയത്തിന്റെ  കല്ലില്‍   
കോലെഴുത്തിന്റെ പുരാതന ലിപികളില്‍
കൊത്തിവെച്ചിരിക്കുന്നത്‌



കാലം മാറിയെന്ന്‌
പുത്തനടുപ്പും അരകല്ലും പുകയില്ലാക്കുഴലും
ഇടിച്ചിടിച്ച്‌ തേഞ്ഞു പോയ
പഴയ ഉരലുമുലക്കയും
പുലഭ്യം പറയുമ്പോള്‍
നിഗൂഢമായ്‌ നിറഞ്ഞ ചിരിയോടെ
നീ എന്റെ പിന്നിലുണ്ട്‌.
അടുക്കളയിലിട്ട്‌
പുകച്ചും പുളിപ്പിച്ചും തിളപ്പിച്ചും
പാകപ്പെടുത്തിയ ഭക്ഷണത്തിന്‌
ഇപ്പോഴും നിന്റെ 
ഓരോ അവയവങ്ങളുടേയും മണമുണ്ട്‌.
പറക്കുന്ന ആവിയില്‍
വാടിയ രക്തത്തിന്റെ
നേര്‍ത്ത ഗന്ധമുണ്ട്‌.
ഉപ്പിന്‌   നിന്റെ
കണ്ണുകളുടെ പുളിമണവുണ്ട്‌.


ആജ്ഞാപിക്കുന്ന കണ്ണുകളുമായ്‌
കസേരക്കും കലിശ്ശീലക്കും പിന്നില്‍
മറ്റൊരു മുഖവുമായ്‌
നീ നില്‍പുണ്ട്‌ .
കേള്‍ക്കുന്നു ഞാന്‍
കല്‍പനകള്‍ പത്തും
മുഴുവന്‍ കഴിച്ചോളണം
ഒരു വറ്റുപോലും കളയരുത്‌
ഒരു തുള്ളിപോലും തൂവരുത്‌,
ഇതെന്റെരക്തമാണ്‌
ഇതെന്റെ മാംസമാണ്‌.
മുഴുവന്‍ കഴിച്ചോളണം

7 comments:

  1. thankalude anathathe ere ishtappedunnu,tharathamyangalillathe...

    ReplyDelete
  2. അതിങ്ങനെ ആയിരുന്നോ .. അപ്പോള്‍ മെയില്‍ ഡൊമിനേഷന്‍ അല്ല ... ഫീ മെയില്‍ തന്നെ .. നാം പാവം ആണുങ്ങള്‍ .. ഇവരിങ്ങനെ നമ്മെ ഗന്ധങ്ങളാല്‍ തളചിട്ടിരിക്കയല്ലേ...

    ReplyDelete
  3. അതേ പെണ്ണിനെ മനസ്സിലാക്കുന്നതാണ് ആണത്വം
    പുതുവല്‍‍സരാശംസകള്‍

    ReplyDelete
  4. അതുകൊണ്ടുമാത്രം പൂര്ന്നമാകുന്നില്ലല്ലോ മാഷേ...കവിത നന്നായി.പുതുവത്സരസംസകള്‍....

    ReplyDelete
  5. ആണത്തം നീണാൾ വാഴ(വെക്ക)ട്ടെ.

    ReplyDelete
  6. nannayirikkunnu ee kavitha.
    pazhayathokke onnu nokkukayaanu.

    ReplyDelete