Tuesday, January 19, 2010

രക്തസാക്ഷിക്ക്‌

പിതാവേ
ഇടത്തുനിന്നും
വലത്തുനിന്നും
ദിനപ്പത്രങ്ങളുടെ
കൂര്‍ത്തതൊപ്പിയിട്ട്‌
മുഖം മറച്ച കോമാളികള്‍
നിന്നെ വെട്ടിവീഴ്ത്തുമ്പോള്‍
അകത്തും പുറത്തും
നിന്റെ രക്തത്തിനും
മാംസത്തിനും വേണ്ടി
പന്ത്രണ്ട്‌ ശിഷ്യന്‍മാര്‍
കാത്തിരിപ്പുണ്ട്‌
നീ ചതവില്ലാത്ത
എല്ലുറപ്പിന്റെ ചരിത്രം,
വീരാപദാനങ്ങളുടെ പുരാണം,
സമര മരുഭൂമിയിലെ
തളരാത്ത ഒട്ടകം

പിതാവേ
ചരിത്രത്തിന്റെ
തിരശ്ശീലക്കു മുന്‍പില്‍
തെളിയുന്നത്‌
നീ വാങ്ങിത്തന്ന
പെന്‍ഷന്റെ കട്ടിക്കണ്ണട
കൂട്ടിക്കിട്ടിയ കൂലിയില്‍നിന്ന്‌
ഒരു വസന്തം പോലെ
കുഞ്ഞുടുപ്പും കളിചിരികളും
പഴയതെങ്കിലും
നന്നായോടുന്ന
ബൈസിക്കിള്‍
ഒരു തുണ്ട്‌ ഭൂമിയോളം പോന്ന
ആത്മാഭിമാനം
ഭൂതകാലത്തെ ചവിട്ടിമെതിച്ച
സ്വാതന്ത്ര്യത്തിന്റെ
ശക്തിപ്രകടനം
കോരനും നീലിയുമൊക്കെ
നിതിനും നീതുവുമായി മാറിയ
നാമമാന്ത്രികം
അങ്ങനെ
ചെറുതും വലുതുമായ
ആത്മാക്കളുടെ
നൂറുനൂറു കൊടിയേറ്റങ്ങള്‍

നീ തന്നതെല്ലാം
തിരിച്ചെടുക്കുകയാണവര്‍
അവശേഷിക്കുന്നത്‌
പഴയ നഗ്നത,
ചാട്ടവാറേറ്റ പാടുകള്‍
മുറ്റത്തു കുഴിച്ച കുഴിയില്‍
ഒരിലവട്ടത്തിലെ കുമ്പിളില്‍
കണ്ണീരിന്റെ വറ്റുകള്‍.

4 comments:

  1. കോരനും നീലിയുമൊക്കെ
    നിതിനും നീതുവുമായി മാറിയ
    നാമമാന്ത്രികം..

    അതിലെന്തോ ഉണ്ടെന്നു തോന്നുന്നു. ബാക്കിയൊന്നും മനസിലായില്ല.. ഏകദേശം ഞങ്ങളുടെ കവിതയലമ്പിണ്റ്റെയൊര്‌ സ്റ്റൈല്‍!

    ReplyDelete
  2. യാഥാസ്ഥിതികന്‍, മനസിലായതെല്ലാം താങ്കള്‍ക്ക്‌ തരുന്നു മനസിലാകാത്തതെല്ലാം ഞാനെടുക്കുന്നു

    ReplyDelete
  3. ഗ്രെയിറ്റ്‌ മാഷെ. പഴയതൊക്കെ വായിച്ചു. ഇനിയും വരുന്നുണ്ട്‌.

    ReplyDelete
  4. നല്ല ശക്തമായ വാക്കുകള്‍..!

    തൂലിക പടവാളിനെക്കാള്‍ ശക്തമാകുന്നതിപ്പോഴാണ്

    അഭിനന്ദനങ്ങള്‍

    ReplyDelete