Thursday, October 7, 2010

കാർണിവോറസ്

മാംസത്തോട്
പൂർവജന്മത്തിലെ പുലിയെപ്പോലെ
അടങ്ങാത്ത
കൊതിയാണെനിക്ക്

കടിച്ചുകീറി
ചവച്ചരയ്ക്കണമെന്നുണ്ട്
ഒരാടിനെ
പന്നിയെ
പശുവിനെ
ഒരാനയെത്തന്നെ
മുഴുവനായി
പൊരിച്ചോ പച്ചയ്ക്കോ

-അതൊന്നുമില്ലെങ്കിൽ
ഒരു മുയലിനെയെങ്കിലും.

ഒരു പഴം പോലെ
തൊലിയുരിഞ്ഞ്
കഷണങ്ങളാക്കി മുറിച്ച്
നീ മുരിങ്ങക്കോലിൽ നിന്ന്
മുരിങ്ങ രസം കാർന്നെടുക്കുന്നതുപോലെ
എനിയ്ക്ക്
എല്ലിൽനിന്ന്
ഇറച്ചിയുടെ മൃദുല സുഖം
കാർന്ന് കാർന്നു തിന്നണം.

കുടിയ്ക്കണം ചുടുചോര
അണ്ഡകടാഹ വലുപ്പത്തിലൊരു
ചെമ്പുപാത്രം നിറയെ,
കത്തുന്നു
ദാഹമത്രയ്ക്കനുസരണയില്ലാത്ത
കാട്ടുതീപ്പടർച്ച.

അച്ഛന്‌ ദംഷ്ട്രകളും
മുത്തശ്ശന്‌ വളഞ്ഞുകൂർത്ത
നഖങ്ങളുമുണ്ടായിരുന്നു;
മുതുമുത്തശ്ശന്‌ നായാട്ടിനുള്ള അമ്പും വില്ലും.

നരഭോജിയോ
രാക്ഷസനോ
രക്തരക്ഷസ്സോ
ജന്മംതെറ്റി പിറന്നവനാണ്‌
ഞാനെന്ന്
ആരോ എന്റെ ജാതകം
രണ്ടായ് പകുത്ത് വായിയ്ക്കുന്നു

മാംസത്തിന്റെ രുചിയോർത്ത്
വിശന്നു വിശന്നു നടക്കുമ്പോൾ
എന്റെ വലയിൽ വീണത്
പൗരാണിക കഥയിൽനിന്നിറങ്ങി വന്ന
നീണ്ടകണ്ണുകളുള്ള
ഒരു പേടമാൻ

മൂക്കും മുലകളും
ചുണ്ടും കരൾപ്പൂക്കളും
തുടിതുടിച്ച തുടകളും

ദൈവമേ
മാംസത്തിന്റെ
മഹാത്ഭുത ദ്രവ പരിമളം!

ബാക്കിയിട്ടേച്ച് പോകുന്നു
കുറുനരികൾക്കുള്ള മുത്താഴം:

വെട്ടിച്ചെറുതാക്കിയ മുടി,
ഷാംപൂ മണം,
നട്ടെല്ലിന്റെ ചെറുമുള,
സ്വപ്നങ്ങളെല്ലാം ചുരന്നെടുക്കപ്പെട്ട തലയോട്ടി,
ക്യൂട്ടക്സിട്ട ചെറുനഖങ്ങൾ,
മനോഹരം മെഹന്തിയിട്ട ചിത്രവിരലുകൾ,
മുടിയിൽ ഞാന്നുകിടക്കുന്ന
പറന്നുപോകാനാവാത്ത
ചിത്രശലഭ ശില്പം കൊരുത്തിട്ട
ഒരു ഹെയർബാൻഡ്.

10 comments:

 1. മൃഗവേട്ടയും പെൺ വേട്ടയും പുരുഷന്റെ മാംസദാഹ വനപാരമ്പര്യമാണ്‌. അറിഞ്ഞും അറിയാതെയും അത് ഇന്നും ഉള്ളിൽ വഹിക്കുന്ന നിസ്സഹായരായ മനുഷ്യർക്ക്... ഇരകൾക്ക്...മാധ്യമ കുറുനരികൾക്ക്...

  ReplyDelete
 2. വായിച്ചപ്പോള്‍ സത്യമായും പേടിച്ചു.

  ReplyDelete
 3. മനുഷ്യനിലെ കാട്ടാളനൊരു തോറ്റം! ഉപാസനാമൂർത്തിയാക്കേണ്ട കെട്ടോ! കവിത കാണേണ്ട ഒരിടം. കടമ്മനിട്ടയുടെ കാളീ, കാളിമയാർന്നോളേ.. ഒക്കെ മനസ്സിന്റെ ഈ ഇരുൾകയങ്ങളിൽ നിന്നു വന്നതാണോ? കവിത നന്നായി.

  ReplyDelete
 4. മാന്തിക്കീറിക്കളഞ്ഞു..!ഹൂശ്...
  ഗംഭീരം..!

  ReplyDelete
 5. മൃഗ രൂപിയുടെ ഇര പിടുത്തം
  കൃത്യമായി കവിതയില്‍ കാണാം.
  കവിയുടെ കണ്ണാടിയില്‍ ത്രികാലം.
  കാമ്പുള്ള കവിത.
  അഭിനന്ദനങ്ങള്‍.

  ReplyDelete
 6. eee vadhathinu enthu siksha nalkum?
  ------Sreevalsan

  ReplyDelete