Thursday, October 28, 2010

രക്ഷകൻ

കാത്തു നിൽക്കുകയാണവൾ
അക്ഷമയുടെ തള്ള വിരൽ
നിലത്തുരച്ചുരച്ച്
പുലർച്ചയ്ക്ക്

ഏഴുമണിക്ക് വരാമെന്നു പറഞ്ഞവനെ
കാണുന്നതേയില്ല.
സമയം 7.30
...... 8.30
...... 11.30
...... 2.30

നിന്നു നിന്ന്
ഉടൽ ജലവാഹിനിയാകുന്നു
കാലിനു ചുവട്ടിലെ മണ്ണ്
ജലമാകുന്നു

ചുറ്റിലും
വായുവിന്റെ മലിനമായ കരയിൽക്കിടന്ന്
ശ്വാസംമുട്ടിപ്പിടയുകയാണ്‌
മനുഷ്യമത്സ്യങ്ങളുടെ ചാകര...
മണ്ണിനുള്ളിലേയ്ക്കൂളിയിട്ട് പോകുവാൻ വെമ്പുന്നു
പിടച്ചിലൊടുങ്ങാറായ
വെള്ളിപ്പരലുകൾ

കാത്തുനിൽക്കുകയാണവൾ
വൈകുന്നേരവും

വരാമെന്നു പറഞ്ഞവനെ
ഇത്രനേരമായിട്ടും
കാണുന്നതേയില്ല

സമയം 6.30
......7.30
......8.30

ഒടുവിൽ
ഒൻപതരയ്ക്കു വന്നുകൂട്ടിക്കൊണ്ടു പോയി
ഒരോട്ടോ റിക്ഷയിൽ

ഒരുമണിക്കൂറ് കഴിഞ്ഞ്
രണ്ട് പൊറോട്ടയും ഒരൗൺസ് വോഡ്കയും
നൂറ് രൂപയും കൊടുത്ത്
കേറ്റിയേടത്തുതന്നെ
എറക്കിയും വിട്ടു

അവൾ ഉപകാരസ്മരണയിൽ മതിമറന്ന്
ഒരു മെഴുകുതിരിയായി
ആ പാതിരാനേരത്ത് നിന്നു കത്തി:
ദൈവമേ
ഇന്നത്തേയ്ക്ക് രക്ഷപെട്ടു
എന്നെന്നുമിങ്ങനെ
നീ തന്നെ രക്ഷിക്കണേ

4 comments:

  1. നന്നായി. മാഷേ, ലൈംഗികത്തൊഴിലാളിയുടെ അന്നത്തെ അപ്പം, നെറ്റിയിലെ വിയർപ്പു കൊണ്ടാണോ (കർത്താവിനു നിരക്കുന്നതാണോ) എന്നതിനെ കുറിച്ചൊരു ചർച്ചയാകാം എന്നു തോന്നുന്നു!

    ReplyDelete
  2. രക്ഷകന്മാർക്കൊക്കെ ഇപ്പൊ കൂട്ടിക്കൊടുപ്പുകാരുടെ മട്ടാണ്..ആ ഒരു പരുങ്ങിനില്പും ഇളിഞ്ഞ ചിരിയും കവിയെ ചുറ്റിപ്പറ്റി തലചൊറിഞ്ഞ് നിൽക്കുന്നുണ്ട്..ഗൌനിക്കാതെ എഴുത്ത് തുടരൂ..

    ReplyDelete
  3. മെഴുകുതിരികള്‍ ഉണ്ടാകുന്നത് ...

    ReplyDelete