Saturday, October 16, 2010

ലിപി ജീവിതങ്ങൾ

കവി എന്നൊക്കെ നാമെഴുതാറില്ലേ
അതിലെ 'ക' എന്ന ലിപി
ജീവിതം കാണുകയാണ്:

ഇടയ്ക്കിടയ്ക്ക് വിചാരിക്കുന്നുണ്ട്

ഒറ്റയാനാണെന്നും
സ്വതന്ത്രനാണെന്നും
ഒരു വിശുദ്ധവാഗ്ദാനങ്ങളുടേയും
കയറ് കെട്ടിത്തൂക്കി
നടക്കാത്തവനാണെന്നും ഒക്കെ

അപ്പോഴാവണം കാന്ത എന്നവാക്കിൽ നിന്ന്

'കാ' എന്നൊരു സുന്ദരലിപി വന്ന്
കഴുത്തിൽച്ചുറ്റുക.
ലിപി ജീവിതങ്ങളിൽ നിന്നു മുക്തനായ കവി
നിശാടനങ്ങളിലേക്ക്
വഴിതെറ്റിപ്പോയത് അങ്ങനെയാവണം

കവി
പുലർച്ചയ്ക്ക്
ഓർമ്മകളുടെ മഴക്കുളിരുള്ള
ജാലകത്തിലൂടെ നോക്കുമ്പോൾ
മഴയിലൂടെ കുടപിടിച്ച്
വെയിറ്റിങ്ങ് ഷെഡ്ഡിലേക്കു പോകുന്നു
'കി' എന്ന പഴയ കാമുകി.

വിളക്കുകാലിനു ചുവട്ടിൽ
നീണ്ട സൗഹൃദ സ്വരമുള്ള
'കീ' എന്ന എന്ന ചങ്ങാതി
എതോ ഒരു കാലം മറന്നുവെച്ചതുപോലെ ,
ഒരു പത്രം പോലും നിവർത്തിപ്പിടിക്കാതെ
ഒറ്റയ്ക്ക് നിൽക്കുന്നു.

കൂടെപ്പഠിച്ച 'ക്'എന്നൊരു കൂട്ടുകാരൻ
ഒരു കുട്ടമീനുമായി
പടിപ്പുര കടന്ന്
ഒരു കാർഡിയാക്ക് അറസ്റ്റ് പോലെ
മുറ്റത്തവതരിക്കുന്നു

ഊഷരഭൂമിയിൽ പഴയലിപിയിലെഴുതിയ
കു എന്നൊരു കൂട്ടുകാരി
ഒറ്റവൃഷണം മാത്രമുള്ള ഭർത്താവിനോടൊപ്പം
രജിസ്ട്രേഷനില്ലാത്ത ഡോക്ടറെക്കാണാൻ
പോകുന്നു...

'കൂ' എന്ന കൂത്തച്ചിപ്പെങ്ങൾ
വളവു തിരിഞ്ഞ്
കവലയിൽ വഴിപിഴച്ച്
ആജ്ഞാതഗന്ധർവനോടൊപ്പം
 എതിർദിശയിലേയ്ക്ക്...

കൃ എന്ന വഴികാട്ടി
തികച്ചും അലസനായി
പഴയ ഊഞ്ഞാൽക്കട്ടിലിൽത്തന്നെയിപ്പൊഴും...

ഓർമ്മയിൽ 'കെ' എന്നൊരു വൃദ്ധലിപി
ചെറുമകന്റെ പിന്നാലെ
വേച്ചു വേച്ച്
കടലുകാണാനും കാറ്റുകൊള്ളാനുമിറങ്ങുന്നു
വരും കൊല്ലമാരെന്നുമെന്തെന്നുമാർക്കറിയാമെന്ന്
കക്കാടിനെ കടന്ന് ഒട്ടുദൂരം പോയി
ആരുമില്ലാത്ത ഭൂതകാലത്തിലേയ്ക്ക്
ഭയത്തോടെ തിരിഞ്ഞ് നോക്കുന്നു...

'കേ' എന്നൊരമ്മ
പഴയ ലാന്റ് ഫോൺ പിടിച്ച്
ദൂരദേശങ്ങളിലേയ്ക്ക് ചെവിയോർത്ത് നിൽക്കുന്നു...

കൈ എന്നൊരു ദീർഘപാതയിൽ
പ്രകടനത്തിന് ഇപ്പോഴുമുണ്ട്  ആ കഷണ്ടിത്തല
മുന്നിലോ പിന്നിലോ..

നഗരത്തിരക്കിലൂടെ
'കൊ'എന്നൊരു പരിചയക്കാരൻ
മുന്നിൽ കുട്ടിയും പിന്നിൽ ഭാര്യയുമായി
പെട്ടെന്ന് ബൈക്കോടിച്ച്
ഒരു ലോറിയുടെ
ചക്രവളവിനുള്ളിലേക്ക്....

പണ്ട് പെൻസിലും പേനയും മാത്രം
മോഷ്ടിച്ചിരുന്ന, 'കോ' എന്ന
പിൻബഞ്ചുകാരന്റെ മങ്ങിയ ചിത്രം
ഇടത്തും വലത്തും പൊലീസുകാരുമായി,
പത്രത്തിന്റെ ഉൾപ്പേജിൽ ...
'കൗ'എന്നൊരു ഭ്രഷ്ടകാമുകൻ
തകർന്നപ്രണയത്തിന്റെ
കീറച്ചിഹ്നത്തിലേയ്ക്കുറ്റു നോക്കി
ഒരേയിരുപ്പിൽ
ഒരു ജന്മം കുടിച്ചു തീർക്കുന്നു...

ഇടയിൽ'ക്ത'പോലെ ചിലത്
കൂട്ടക്ഷരങ്ങളായി വർഗ്ഗവഞ്ചനയിലും ,
കൂട്ടുവ്യാപാരത്തിലും,
മുഴുക്കുടിക്കൂട്ടങ്ങളിലും പെട്ടുപോകുന്നു.
'ഷ്ക്ക'പോലെ ചിലത് സംഘരതിയിലും
'ക്ക'പോലെ ചിലത് സ്വവർഗ്ഗരതിയിലും
തളർന്നുപോകുന്നു

 'ക' എന്ന ലിപി
ഓരോന്നാലോചിച്ച്
ഒടുവിലെ തിരിവിലെത്തുമ്പോൾ
'കം' എന്നൊരപരിചിതൻ
ഹലോ എന്നു പറഞ്ഞ് പരിചയം നടിക്കുന്നു;
അയാൾക്കു മുന്നിൽ
'ഠ' വട്ടത്തേക്കാൾ ചെറിയൊരു കുഴി.

മനസിലായില്ലല്ലോയെന്ന് നെറ്റിചുളിയുമ്പോൾ
ലിപി മാലയിലെ
ഒടുവിലത്തെ കക്ഷിയാണെന്ന്
വിസിറ്റിംഗ് കാർഡ് ഉയർത്തിക്കാട്ടും.

അപ്പോൾ 'ക' എന്ന ലിപി
ഹാ എന്നൊരത്ഭുതം  കലർന്ന്
'കഃ' എന്ന് രണ്ട് കണ്ണും വിടർന്ന്
മലർന്നടിച്ച് വീഴും.

ലിപികൾ
ജീവിതത്തിനും മരണത്തിനുമിടയിലുള്ള
അതിർത്തിയിൽ നിന്ന്
അവസാനത്തെ  വരമായ്ചു കളയും

15 comments:

  1. ദാ പിന്നെയും മഹാകാവ്യം. ജ്ഞാനപീഠമൊക്കെ കിട്ടണമെങ്കിൽ ഇങ്ങനെ ചിലതൊക്കെ വേണ്ടി വരും. ഉള്ള വായനക്കാരേ കഞ്ഞികുടിമുട്ടിക്കാതെ മുഴുവൻ വായിച്ചിട്ടു പോണേ

    ReplyDelete
  2. കൈ എന്നൊരു ദീർഘപാതയിൽ
    പ്രകടനത്തിനുണ്ട് ഇപ്പോഴും ആ കഷണ്ടിത്തല
    മുന്നിലോ പിന്നിലോ..

    ReplyDelete
  3. അനിൽ, അക്ഷരങ്ങളുടെ ബൃഹദാഖ്യാനം ‘ക്ഷ’ പീടിച്ചു, അക്ഷരങ്ങളിലൂടെ പല ജീവിതങ്ങൾ, ഇതിലൂടെയൊക്കെ കയറിയിറങ്ങിയ എന്റെ ജീവിതം ഒക്കെ ഞാൻ കണ്ട്, അക്ഷരങ്ങളുടെ മഞ്ജീരശിഞ്ജിതങ്ങൾ നാണം കുണുങ്ങി തൂൺ മറയിലും നൃത്ത വേദിയിലും കണ്ട ചെങ്ങമ്പുഴയുടെ പഴയ ഒരു കവിത ഓർത്തു, അക്ഷരങ്ങൾ എങ്ങനെ മാറിയെന്നോർത്ത് ഞാൻ ഒരു നിമിഷമിരുന്നു.

    ReplyDelete
  4. അനിലേ..
    മലർന്നടിച്ചുവീണു..കമിഴ്ന്ന് നമസ്കരിക്കുന്നു..
    മഹാകാവ്യം തന്നെയെഴുതണം..ബാക്കിയേർപ്പാടുകൾ നമ്മളുണ്ടാക്കിക്കോളാം..ചിറ്റൂർ തുഞ്ചൻ മഠത്തിലെ ‘കാ’ര്യം ഞാനേറ്റു..തിരൂർ തുഞ്ചൻപറമ്പിലെ ‘കി’ളിയെയും നമുക്ക് ‘കൂ’ട്ടിലാക്കാം..ഗംഭീരമാവുന്നുണ്ട്

    ReplyDelete
  5. ഗംഭീരം അനില്‍ ജി. ജീവിതങ്ങളുടെ ഈ ലിപിപ്പടം

    ReplyDelete
  6. ഹാ എന്നൊരത്ഭുതം കലർന്ന്
    'കഃ' എന്ന് രണ്ട് കണ്ണും തുറിച്ച് !!

    ReplyDelete
  7. ചില വരികള്‍ഉള്ളില്‍ നില്‍ക്കുന്നില്ല..

    പക്ഷെ ചിലതാകട്ടെ പിന്നാലെ പോകാന്‍ കൊതിപ്പിക്കുന്നു

    ഇതു പോലെ

    'പുലർച്ചയ്ക്ക്
    ഓർമ്മകളുടെ മഴക്കുളിരുള്ള
    ജാലകത്തിലൂടെ നോക്കുമ്പോൾ
    മഴയിലൂടെ കുടപിടിച്ച്
    വെയിറ്റിങ്ങ് ഷെഡ്ഡിലേക്കു പോകുന്നു
    'കി' എന്ന പഴയ കാമുകി

    ReplyDelete
  8. മനസ്സൊരസ്വസ്ഥതയിലൂടെയാണു കടന്നുപോയത്.. കടന്നു പോകുന്ന വരികൾ.

    ReplyDelete
  9. 'പുലര്‍ച്ചയ്ക്ക്
    ഓർമ്മകളുടെ മഴക്കുളിരുള്ള
    ജാലകത്തിലൂടെ നോക്കും‌ പോല്‍..'
    ലിപികളില്‍ ജീവിതം കൊളുത്തിയിട്ട വിധം ഇഷ്ടമായി.

    ReplyDelete
  10. ഓരോ അക്ഷരത്തിനും ഒരോ ഭാഷയുണ്ട്.

    ReplyDelete
  11. താങ്കളുടെ ആദ്യ കമെന്റു തികച്ചും അനുചിതം.
    ഒരു തരം ഗോഷ്ടി അതിലുണ്ട്.കഷ്ടം എന്നും തോന്നി.
    കവിത വളരെ ഇഷ്ടമായി.

    ReplyDelete
  12. @ നിർഭാഗ്യവതി. ഗൗരവങ്ങൾ പൊളിഞ്ഞുപോകട്ടെ. കവിത ഇഷ്ടമായതിൽ സന്തോഷം. എന്റെ സുഹൃത്തുക്കൾ /വായനക്കാർ എന്റെ കവിതകൾക്ക് നീളം കൂടുതലാണെന്ന പരാതിക്കാരാണ്‌. ഇതിലെ കവിതകൾ പൊതുവിൽ സാമാന്യത്തിലധികം നീളമുള്ളവ തന്നെയാണ്‌. ചുരുക്കെഴുത്തിന്റെയും ധ്വനിയുടേയും സമയകല കൂടിയാണ്‌ കവിത എന്നതിനാൽ ആ വിമർശനങ്ങളെ അങ്ങനെ അവഗണിക്കാനുമാകില്ല. അതറിയാഞ്ഞിട്ടല്ല, എനിയ്ക്കു പക്ഷേ ഇങ്ങനെയേ വരൂ... അതുകൊണ്ട് കമന്റ് ഒരു ഗോഷ്ഠി മാത്രമല്ല ഒരു തരത്തിൽ ക്ഷമാപണവും കൂടിയാണ്‌. ജ്ഞാനപീഠമെന്നൊക്കെപ്പറഞ്ഞത് മുൻപുള്ള കവിതയ്ക്ക് (കേരളപ്പക്ഷികൾ) ശ്രീനാഥൻ മാഷിട്ട കമന്റിനോടുള്ള ഒരു പ്രതികരണവും കൂടിയാണ്‌. അതൊക്കെക്കഴിഞ്ഞാലും ഗോഷ്ഠി എന്ന കല്പന എത്ര സുന്ദരമായി അവശേഷിക്കുന്നു എന്ന് ഞാൻ കാണുന്നു...വായിച്ചവർക്കെല്ലാം നന്ദി!

    ReplyDelete
  13. ഹാ എന്നൊരത്ഭുതം കലർന്ന്
    :)

    ReplyDelete
  14. മറ്റുചില അക്ഷരങ്ങളെപ്പറ്റി വല്ലാതെ ഓര്‍മ്മിപ്പിച്ച്,

    ഇനിയും നീണ്ടു പോകുന്ന ചില ചിന്തകള്‍

    നന്നായി..

    ReplyDelete