Sunday, March 14, 2010

എനിക്ക്‌ പരിചയമുള്ള സ്ത്രീകള്‍

ചില
മരങ്ങളെപ്പോലെയായിരുന്നു
അവര്‍

വളരെ ഉയരമുള്ള
ഓക്കുമരങ്ങളെപ്പോലെ
കാറ്റടിച്ചാല്‍
ബോബ്‌ ചെയ്ത മുടി
ഇടത്തോട്ടും വലത്തോട്ടുമാട്ടി
പച്ചപ്പട്ടുസാരിയുടുത്ത്‌
താഴേയ്ക്കൊന്നുമൊരിക്കലും നോക്കാതെ
മലകളിലേക്കും മേഘങ്ങളിലേക്കും
നോക്കുന്നവര്‍

ചിലരെ
മരമെന്നൊന്നും പറയാനാവില്ല,
ആപ്പിള്‍ച്ചെടിപോലെ
ചുവന്നുതുടുത്ത
ചുണ്ടുകളുണ്ടെങ്കിലും

ചിലരെല്ലാം
പാഴ്മരങ്ങള്‍ പോലെ,
അടുപ്പിക്കുകയേയില്ല.
എപ്പോഴാണ്‌
കൊമ്പൊടിഞ്ഞു വീഴുകയെന്ന്
ആര്‍ക്കും ഭയംതോന്നും.

ചിലര്‍
തമാശക്കാറ്റില്‍
ചിരിച്ചു ചിരിച്ചു തലതല്ലുന്ന
അരയാലുകള്‍
വളരെ വലുതായ്‌ പടര്‍ന്നവര്‍
ചുറ്റിലും
ജീവവായുവിന്റെ
പ്രദക്ഷിണവഴികളുള്ളവര്‍
തീരെ ചെറുപ്പംതോന്നാത്തവര്‍
സൂക്ഷിച്ചു നോക്കിയാല്‍
അമ്മയെക്കാണാവുന്ന കണ്ണാടികള്‍
ഒരവയവം പോലും
പുറത്തേക്ക്‌ തലനീട്ടില്ല
ഇലകളോടൊപ്പം
കളിയും ചിരിയും മാത്രമുള്ള വൃക്ഷങ്ങള്‍

ഒരെണ്ണം
കരിമ്പനപോലെ,
പുറമേക്ക്‌ കടഞ്ഞെടുത്തത്‌
ഉള്ളിലാകെ മധുരവും ലഹരിയും

മറ്റൊന്ന്
നാട്ടുമാവാണ്‌
പടര്‍ന്ന ശാഖകളെത്രയെന്നോ!
വേനല്‍ക്കൊടും ചൂടിലും
വിയര്‍പ്പിന്‌ മദിപ്പിക്കുന്ന മാമ്പൂമണമുണ്ട്‌
ഒരു നാണവുമില്ലാതെ
മാമ്പഴങ്ങള്‍കാട്ടി കൊതിപ്പിക്കും
കുയിലിനെപ്പോലെ പാടും
മഴയത്ത്‌
ഈറനുടുത്തു നില്‍ക്കുമ്പോള്‍
കയ്യിലൊതുങ്ങാത്ത
മാമ്പഴങ്ങള്‍ പൊഴിച്ച്‌
ചുമയും ജലദോഷവും പിടിപ്പിക്കും
എങ്കിലും
കൊമ്പില്‍ നിന്ന് കൊമ്പിലേക്ക്‌
ചവിട്ടിക്കയറിയാല്‍
ആകാശത്തേക്കും
പിന്നെ സ്വര്‍ഗ്ഗലോകത്തേക്കും
കൊണ്ടുപോകും

വേറെ ചിലര്‌
ചേര്‌ മരം പോലെ
മാറിനില്‍ക്കും
വെറുപ്പാണ്
എല്ലാറ്റിനേയും ഭയമാണ്‌
നിഴലൊന്നുമവശേഷിപ്പിക്കാതെ
ഒറ്റക്കൊരിടത്താണ്‌ നില്‍പ്‌.

ആണ്ടറുതികള്‍ക്കു ശേഷം
വേനലും മഴയും മഞ്ഞും വസന്തവും
വന്നുപോയ ശേഷം
എവിടെ വച്ചെങ്കിലും കാണുമ്പോള്‍
ചിലത്‌
തീപ്പെട്ടിക്കൊള്ളിയോ
ശവപ്പെട്ടിയോ ആയിട്ടുണ്ടാവും

ചിലത്‌
ഹോട്ടലിലെ
വലിയ ബില്ലിനോടൊപ്പം
പല്ലിടകുത്താനുള്ള
കൂര്‍ത്ത ഒരവയവമായിട്ടുണ്ടാവും

വീട്ടിലൊരു പീഞ്ഞപ്പെട്ടിയോ
അലമാരയോ
ഓഫീസിലൊരു മേശയോ
കസേരയോ ആയി...

അല്ലെങ്കില്‍
കിടപ്പറയില്‍
കട്ടിലായി മലര്‍ന്നോ
സ്വീകരണമുറിയില്‍
സോഫയായി ചെരിഞ്ഞോ

എവിടെയെങ്കിലും
വാതിലോ ജനലോ ആയി
അടഞ്ഞും തുറന്നുമങ്ങനെ
കഴിയുന്നുണ്ടാവും

വിറകായി
കത്തിയെരിയുന്നുണ്ടാവും

ചിലത്‌
മരമായിത്തന്നെ
കാട്ടിലോ കടലിനപ്പുറത്തോ
കഴിയുന്നുമുണ്ടാവണം

ഏതവസ്ഥയിലും
മരങ്ങളായിത്തന്നെ

11 comments:

  1. ചിലത്‌ എന്ന വാക്ക്‌ എനിക്ക്‌ ഒരു കല്ലുകടിയായി തോന്നി മാഷേ..in both poetic and political sense..ഇടയ്ക്ക്‌ ചിലര്‍ എന്ന്‌ ഉപയോഗിച്ച്‌ കണ്ടത്‌ കൊണ്ട്‌ പ്രത്യേകിച്ചും..ഇതൊഴിച്ചാല്‍ നല്ല വരികള്‍..

    ReplyDelete
  2. ജീവവായുവിന്റെ
    പ്രദക്ഷിണവഴികളുള്ളവര്‍
    തീരെ ചെറുപ്പംതോന്നാത്തവര്‍
    സൂക്ഷിച്ചു നോക്കിയാല്‍
    അമ്മയെക്കാണാവുന്ന കണ്ണാടികള്‍
    ഒരവയവം പോലും
    പുറത്തേക്ക്‌ തലനീട്ടില്ല

    ReplyDelete
  3. കവിത തീര്‍ന്നിട്ടും കണ്ടുതീരരുന്നില്ല മാഷെ ഈ മരങ്ങളെ.

    ReplyDelete
  4. കനിവും കാഴ്ചയും അനുഭവവുമാകുന്ന പെണ്‍മരങ്ങള്‍ ...!

    നല്ലത്‌.

    ReplyDelete
  5. പിന്നെയും പിന്നെയും വായിക്കാന്‍ ഉത്സാഹിപ്പിച്ച കവിത.
    ചില വരികളോക്കെ കൊതിപ്പിക്കുന്നു
    ചിലതൊക്കെ ആശ്ലേഷിക്കുന്നു.

    “ഫൈവ്സ്റ്റാര്‍ ഹോട്ടലിലെ
    മുന്തിയ ബില്ലിനോടൊപ്പം
    പല്ലിടകുത്താനുള്ള
    കൂര്‍ത്ത ഒരവയവമായിട്ടുണ്ടാവും “

    “ചുറ്റിലും
    ജീവവായുവിന്റെ
    പ്രദക്ഷിണവഴികളുള്ളവര്‍
    തീരെ ചെറുപ്പംതോന്നാത്തവര്‍
    സൂക്ഷിച്ചു നോക്കിയാല്‍
    അമ്മയെക്കാണാവുന്ന കണ്ണാടികള്‍
    ഒരവയവം പോലും
    പുറത്തേക്ക്‌ തലനീട്ടില്ല “


    പക്ഷേ,
    എത്ര വായിച്ചിട്ടും മനസിലാവുന്നില്ല
    ഇതിലേതാണു ഞാനെന്ന്?

    എനിക്കു പ്രിയപ്പെട്ടൊരു മരം..
    അതെവിടെയാണു?
    കണ്ടിട്ടു കുറേകാലമായി.

    ReplyDelete
  6. കാഴ്ച, നിരീക്ഷണം. നന്നായിട്ടുണ്ട്‌

    ReplyDelete
  7. കവിത നന്നായി, പക്ഷെ ഈ നിരീക്ഷണം...എനിക്കെന്തോ ഒരു സങ്കടം തോന്നി, മരങ്ങളാക്കിയതില്‍ പരിഭവവും..

    ReplyDelete
  8. പുതുമയുണ്ട്. ഇഷ്ടപ്പെട്ടു.

    ReplyDelete
  9. pode pode......marakkavita

    ReplyDelete
  10. നല്ല കവിത .........

    ReplyDelete