Wednesday, March 10, 2010

പഴയ പുസ്തകങ്ങള്‍

ഗ്രന്ഥശാലയിലെ
പ്രായം ചെന്ന പുസ്തകങ്ങള്‍
എത്ര പേര്‍ വായിച്ചുപേക്ഷിച്ചവ.
ഇളകിയാടും പല്ലുകള്‍ പോലെ
കുത്തഴിഞ്ഞ മഞ്ഞച്ച താളുകള്‍...
ജരവീണ്‌
വരവരഞ്ഞ പുറം ചട്ടകള്‍,
തൊണ്ണകാട്ടിച്ചിരിക്കും
നേരമ്പോക്കുകള്‍,
വെള്ളെഴുത്തിന്റെ കട്ടിക്കണ്ണട വെച്ച
മാഞ്ഞുപോയ അക്ഷരങ്ങള്‍ ,
അറയ്ക്കുന്ന വിരലുകള്‍
ചര്‍മ്മം പൊടിഞ്ഞ
പൊടിമണം.

പുസ്തകശാല
വഴിയരുകിലെ വൃദ്ധസദനം

ആരുടെയോ
മുത്തശ്ശന്‍മാരെപ്പോലെ പുസ്തകങ്ങള്‍
റ്റോഫികളും
ചോക്കലേറ്റ്‌ പെട്ടികളുമായി വരുന്ന
കുഞ്ഞുമക്കളെ
കാത്തിരിപ്പുണ്ട്‌.

ഒരു പഴയ പുസ്തകം
എന്നെ ഈ അറയില്‍നിന്ന്
കാറ്റുകൊള്ളാനൊന്ന് മുറ്റത്തേക്കിറക്കൂ
എന്ന് ഞരങ്ങുന്നുണ്ട്‌

റ്റോള്‍ സ്റ്റോയിയുടെ പേരുള്ള
നടു വളഞ്ഞ വിറയ്ക്കുന്ന പുസ്തകം
എന്റെ കണ്ണടയെവിടെയെന്ന്
ആരോടെന്നില്ലാതെ ചോദിക്കുന്നുണ്ട്‌

വഴികാട്ടിയായ ഒരു പുസ്തകം
ഞാനിവിടെ ചാരിവെച്ചിരുന്ന
വടിയെവിടെയെന്ന് ദേഷ്യപ്പെടുന്നുണ്ട്‌.

മറ്റൊന്ന്
അറവാതിലിന്റെ വിടവിലൂടെ
ഓരോശബ്ദവും ശ്രദ്ധാപൂര്‍വം
ചെവിയോര്‍ത്തിരിക്കുകയും
ഇടയ്ക്കിടക്ക്‌
നെടുവീര്‍പ്പിടുകയും ചെയ്യുന്നുണ്ട്‌,

എല്ലാരും
തിരക്കുപിടിച്ച്‌ വായിച്ച ഒരു പുസ്തകം
പെന്‍ഷന്‍കാരുടെ ക്യൂവിലെന്നപോലെ
റാക്കിന്റെ ഒരരുകില്‍
ആരാലും തിരിച്ചറിയപ്പെടാതെ നില്‍പുണ്ട്‌.

വായനമുറിയിലിരുന്ന്
ഏതു പുസ്തകത്തിനും
ഒരവസാനമില്ലേയെന്ന് കരുതി
ചിലര്‍ വായന തുടരുന്നതിനിടയില്‍
ഒരാംബുലന്‍സ്‌ വന്ന് ചിലപുസ്തകങ്ങളെ
ഡിജിറ്റല്‍ ആര്‍ക്വൈസിന്റെ
ഓക്സിജന്‍ മാസ്കിട്ട്‌
പുറത്തേക്ക്‌ കൊണ്ടുപോയി.

അവശേഷിച്ചവ
ആരെയോ പ്രതീക്ഷിച്ച്‌
തലയിണയില്‍ മുഖം ചായ്ച്ച്‌
വെളിയിലേക്ക്‌
കണ്ണുനട്ടിരിക്കുകയായിരുന്നു

അപ്പോഴാണ്‌
തികച്ചും അപ്രതീക്ഷിതമായി
താങ്കള്‍ ഇവിടേക്ക്‌ വന്നത്‌:
പറയൂ
നാട്ടില്‍ എന്തൊക്കെയുണ്ട്‌ വിശേഷങ്ങള്‍?

8 comments:

  1. അവശേഷിച്ചവ
    ആരെയോ പ്രതീക്ഷിച്ച്‌
    തലയിണയില്‍ മുഖം ചായ്ച്ച്‌
    വെളിയിലേക്ക്‌
    കണ്ണുനട്ടിരിക്കുകയായിരുന്നു

    വിശേഷങ്ങളൊക്കെ നന്നായി പറഞ്ഞു മാഷെ.

    ReplyDelete
  2. അനിലാ,

    ഒരു പഴയ പുസ്തകം
    എന്നെ ഈ അറയില്‍നിന്ന്
    കാറ്റുകൊള്ളാനൊന്ന് മുറ്റത്തേക്കിറക്കൂ
    എന്ന് ഞരങ്ങുന്നുണ്ട്‌

    വായനാമുറിയിലിരുന്ന്
    ഏതു പുസ്തകത്തിനും
    ഒരവസാനമില്ലേയെന്ന് കരുതി
    ചിലര്‍ വായന തുടരുന്നതിനിടയില്‍
    ഒരാംബുലന്‍സ്‌ വന്ന് ചിലപുസ്തകങ്ങളെ
    ഡിജിറ്റല്‍ ആര്‍ക്വൈസിന്റെ
    ഓക്സിജന്‍ മാസ്കിട്ട്‌
    പുറത്തേക്ക്‌ കൊണ്ടുപോയി.

    ഈ വരികള്‍ എനിക്ക് ഒത്തിരി ഇഷ്ടായി

    ReplyDelete
  3. പിഞ്ഞിയ ചട്ടയ്ക്കുള്ളില്‍
    ഉള്ളറിയുന്ന പിടപ്പുണ്ട്‌
    നരച്ചുപോയ ചിത്രങ്ങളും

    നാളേയ്ക്കെന്ന്‌ എരിച്ചലുമുണ്ട്‌..

    തെളിച്ചമുണ്ടായിരുന്ന കാലമോര്‍ത്ത്‌
    അഴിഞ്ഞ തുന്നലുകളില്‍ പിണഞ്ഞു പിണഞ്ഞങ്ങിനെ..

    ReplyDelete
  4. വഴികാട്ടിയായ ഒരു പുസ്തകം
    ഞാനിവിടെ ചാരിവെച്ചിരുന്ന
    വടിയെവിടെയെന്ന് ദേഷ്യപ്പെടുന്നുണ്ട്‌!!!!

    വളരെയിഷ്ടമായി...

    ReplyDelete
  5. ഓക്സിജന്‍ മാസ്കിട്ട്‌
    പുറത്തേക്ക്‌ കൊണ്ടുപോയി...ഒരു നാള്‍ നമ്മളും!വളരെയിഷ്ടമായി

    ReplyDelete
  6. പുസ്തകങ്ങളെക്കുറിച്ച് എഴുതിയ സ്ഥിതിക്ക് ഇനി വാലന്‍പുഴുവിനെക്കുറിച്ചും എഴുതണം. വായനശാല മൊത്തം കവര്‍ ചെയ്ത് പുറത്തിറങ്ങിയാല്‍ മതി.

    ReplyDelete
  7. അടുത്തകാലത്ത് ബ്ലോഗുകളില്‍ വായിച്ച ഒന്നാന്തരം കവിത. വാര്‍ദ്ധക്യത്തിന്‍റെ വേദന നിറഞ്ഞു നില്‍ക്കുന്നു. കവിത എന്തോ പെട്ടെന്ന് സഡന്‍ ബ്രേക്കിട്ട് നിന്ന പോലെ തോന്നി. തിരക്കു പിടിച്ച് അവസാനിപ്പിച്ച പോലെ.

    ReplyDelete
  8. ആരുടെയോ
    മുത്തശ്ശന്‍മാരെപ്പോലെ പുസ്തകങ്ങള്‍
    റ്റോഫികളും
    ചോക്കലേറ്റ്‌ പെട്ടികളുമായി വരുന്ന
    കുഞ്ഞുമക്കളെ
    കാത്തിരിപ്പുണ്ട്‌

    പത്തര മാറ്റുള്ള, ഒന്നാന്തരം കവിത

    ReplyDelete