Saturday, April 3, 2010

സോഷ്യലിസ്റ്റ് കുഞ്ഞമ്മ

പഴയ
നാട്ടു വേശ്യകളെ
ശരീരം വില്‍ക്കുന്നവരെന്ന്
വിളിച്ചൊഴിയുന്നത്
തീര്‍ത്താലും തീരാത്ത
പാപമാണ്‌.

വാടകക്കു വിളിക്കുന്ന
ഓട്ടോറിക്ഷ പോലെയാണവര്‍
എത്തേണ്ടിടത്ത് എത്തിച്ച്
ചിലപ്പോള്‍
മടക്കയാത്രയ്ക്കു കൂടി
കാത്തു കിടക്കുന്നവര്‍
അല്ലെങ്കില്‍
ധൃതിയില്‍
മറ്റൊരോട്ടത്തിനായി
മടങ്ങിപ്പോകുന്നവര്‍

കുഞ്ഞമ്മച്ചേച്ചി
ഉള്ളിലൊന്നും മറച്ചു വെയ്ക്കാതെ
കണ്ണില്‍ കണ്ടവരെയെല്ലാം
ഉള്ളു തുറന്ന്
സ്നേഹിച്ചവളായിരുന്നു.

കല്യാണം കഴിക്കാത്ത
ചുമട്ടുകാരന്‍ നാരായണേട്ടനോട്
രാത്രിയില്‍ പിരിയുമ്പോള്‍
‘ഇന്നൊന്നും തരണ്ട
നാലു ലോഡൊക്കെ ശരിയാവുമ്പോ
കുഞ്ഞമ്മയെ ഓര്‍ത്താ മതി’
എന്നു പറയുമായിരുന്നു

പതിമൂന്നോ
പതിനാലോ
വയസ്സുള്ള ഞങ്ങള്‍ വികൃതികള്‍
ഇല്ലിക്കാടുകള്‍ക്ക് പിന്നില്‍ മറഞ്ഞ്
എടവഴിയിലൂടെ പോകുന്ന
കുഞ്ഞമ്മയുടെ പിന്നിലെ
മാംസളതയിന്മേല്‍
ചെറിയ ചരല്ക്കല്ലെറിഞ്ഞ്
രസിച്ചിരുന്നു.

അപ്പോള്‍
‘മുട്ടേന്ന് വിരിഞ്ഞില്ല
അതിനു മുന്നേ തൊടങ്ങിയോ മക്കളേ
കുഞ്ഞമ്മേടടുത്തുള്ള കളി’
എന്നൊരശ്ളീലം മുറുക്കിത്തുപ്പി,
വളകിലുക്കച്ചിരി ചിരിച്ച്,
അവരൊന്ന് തിരിഞ്ഞു നോക്കിയപ്പോള്‍
ഞങ്ങളുടെ രാത്രിയാകെ
ഉറക്കമില്ലാത്ത
പള്ളിപ്പെരുന്നാളായി

ഒരിക്കല്‍
ചുമ്മാ കൈയ്യും വീശി
എറങ്ങിപ്പോകാന്‍ തുടങ്ങിയ
വര്‍ക്കിച്ചന്‍ മുതലാളിയോട്
‘കാശു വെച്ചിട്ട്
പോയാമതി വര്‍ക്കിച്ചേട്ടാ.
ഇതേ
എസ്റ്റേറ്റിലെ
കൂലിയില്ലാപ്പണിയൊന്നുമല്ല
നല്ലോണം സുഖിപ്പിച്ചിട്ടല്ലേ’
എന്നും പറഞ്ഞിരുന്നു.

വര്‍ക്കിച്ചന്‍
മൊതലാളിയൊക്കെ
ഇടപെട്ട്
എഴുപതുകളില്‍
പള്ളീന്ന് പൊറത്താക്കിയപ്പോ
കുഞ്ഞമ്മച്ചേച്ചി
പാര്‍ട്ടീ ചേര്‍ന്നെന്ന്
പള്ളിക്കാര്‌ പറഞ്ഞൊണ്ടാക്കി

അങ്ങനെ
സോഷ്യലിസ്റ്റ് കുഞ്ഞമ്മയെന്ന്
രണ്ടാമതൊരു കുഞ്ഞിനെ
അവരെല്ലാം ചേര്‍ന്ന്
മാമ്മോദീസാ മുക്കിയെടുത്തു.


കല്യാണം,
ചാവടിയന്തിരം,
മാമോദീസാ;
മട്ടനും ചിക്കനും പോര്‍ക്കുമുള്ള
എല്ലാ തീറ്റക്കൂട്ടത്തിനും
കുഞ്ഞമ്മച്ചേച്ചി ഹാജരായിരുന്നു.

ഒളികണ്ണിട്ട് നോക്കുന്ന
പെണ്ണുങ്ങള്‍ക്കൊക്കെ
മുഖത്തു പുശ്ചം;
അകത്ത് ഭക്തി

അടിയന്തിരാവസ്ഥയില്‍
നക്സലൈറ്റുകള്‍
കട്ടുറുമ്പുകളായി
അവതരിച്ചപ്പോള്‍
അവര്‍ക്ക്‌
രാച്ചോറു വെച്ചുണ്ടാക്കി
കുഞ്ഞമ്മച്ചേച്ചി
നാട്ടുകാരെ വിറപ്പിച്ചു

പിന്നെ
ഇന്ദിരാഗാന്ധി
വെടിയേറ്റ് മരിച്ചപ്പോള്‍
കരഞ്ഞ് കരഞ്ഞ്
കൈപ്പത്തിക്കും കുത്തി

നിങ്ങള്‍ക്കീ പണിവിട്ട്
അന്തസുള്ള
എന്തേലും ജോലി ചെയ്തൂടേന്ന്
ഒരു പത്രക്കാരി വന്ന് ചോദിച്ചപ്പോ
'എനിക്കീ ആണുങ്ങളെ
വല്യ ഇഷ്ടായിട്ടാ
കുട്ടീന്ന്' കൂസലില്ലായ്മ
കൈയ്യും കെട്ടി നിന്നു

പൊതുമേഖലയിലെ
പുല്ലെല്ലാം
സ്വകാര്യമേഖലയിലെ പശുക്കള്‍
തിന്നു തീര്‍ത്ത കാലമായപ്പോഴേക്കും
സോഷ്യലിസ്റ്റ്‌ കുഞ്ഞമ്മക്ക്
നാല്പതിന്റെ വരള്‍ച്ചയും തുടങ്ങി

പുതിയ കാറുകളും
പുതിയകക്ഷികളും
മുന്തിയ തരം പെണ്ണുങ്ങളും
വന്നപ്പോള്‍
കുഞ്ഞമ്മച്ചേച്ചി ഒരരുകത്തേക്ക് മാറി

അവര്‍ക്ക്
മാറാവ്യാധിയാണെന്ന്
നാട്ടുപത്രങ്ങള്‍
മുഖപ്രസംഗമെഴുതിക്കൊണ്ടിരുന്നു.

പുറമ്പോക്കൊഴിപ്പിച്ചപ്പോള്‍
കുറേക്കാലം
അതിലേമിതിലേം
നടന്നു

പിന്നെ
പോട്ടേ പോയി
ഒരാഴ്ച
ധ്യാനമിരുന്നു.

ഒരു
ഡിസംബറിരുപത്തഞ്ചിന്‌
എന്നെച്ഛ് നാല്പത്തേഴിന്റെ
അരികത്തൊരു കൊന്നക്കൊമ്പില്‍
കെട്ടിത്തൂങ്ങി മരിച്ചു.

പഴയ നാട്ടു വേശ്യകളെ
ശരീരം വില്‍ക്കുന്നവരെന്ന്
കുരിശുവരച്ചൊഴിയുന്നത്
എത്ര കഠിനമായ
നുണയാണ്‌

11 comments:

  1. അനിലേ..
    എന്‍ എഛ് നാല്പത്തേഴിന്റെ അരികത്തെ കൊന്നക്കൊമ്പിന്റെ മഞ്ഞയും കുഞ്ഞമ്മച്ചേച്ചിയുടെ മുറുക്കിത്തുപ്പലിന്റെ ചുവപ്പും..
    നാട്ടുവേശ്യകള്‍ പുച്ഛിച്ചു തുപ്പുന്ന കപടസദാചാരത്തിന്റെ മുഖത്ത് നല്ല ഒരു അടി കൊടുത്ത പോലെയായി..
    കലക്കി..

    ReplyDelete
  2. പള്ളീന്ന് പൊറത്താക്കിയപ്പോ
    കുഞ്ഞമ്മച്ചേച്ചി
    പാർട്ടീ ചേർന്നെന്ന്
    പള്ളിക്കാര്‌ പറഞ്ഞൊണ്ടാക്കി
    അനിലേ,
    കലക്കി.....

    ReplyDelete
  3. നാട്ടുമ്പുറത്തെ ഒരു കറപ്പ്-വെളുപ്പ് ചിത്രത്തിന്റെ ആഖ്യാനം.

    ReplyDelete
  4. പഴയ നാട്ടു വേശ്യകളെ
    ശരീരം വില്‍ക്കുന്നവരെന്ന്
    കുരിശുവരച്ചൊഴിയുന്നത്
    എത്ര കഠിനമായ
    നുണയാണ്‌.....
    നല്ല വരികള്‍ ഭായ്..

    ReplyDelete
  5. മനസ്സില്‍ എവിടെയോ ഒരു നൊമ്പരം ...
    നന്ദി

    ReplyDelete
  6. അനിലാ.
    ഗംഭീരന്‍
    കവിത..
    ഒരോ വരിയും ഓരോ കവിതയാവുന്ന അനുഭവം..
    വാക്കുകള്‍
    കവിതയാവുന്നു..
    കണ്ടു
    പഠിക്കട്ടെ
    ഒണക്കക്കവികള്‍..

    ReplyDelete
  7. വായിച്ചു.....

    ReplyDelete
  8. കപടസദാചാരം, സ്വാതന്ത്ര്യബോധം, വിപ്ലവം, ആത്മഹത്യ എല്ലാം അനുവദനീയമായ അളവില്‍ ചേര്‍ന്നതിന്‍റെ ഒരു വായനാസുഖം തരുന്നു വരികള്‍. ഒരു ഒളിഞ്ഞുനോട്ടത്തിനുള്ള സ്കോപ്പ് വരികള്‍ക്കിടയിലുമുണ്ട്. മാഷേ അഭിവാദ്യങ്ങള്‍

    ReplyDelete
  9. വേദനിച്ചു. ഞാനും.

    ReplyDelete